ന്യൂസ് ഡെസ്ക്, മലയാളം യുകെ
റേച്ചൽ റീവ്സ് അവതരിപ്പിക്കാൻ പോകുന്ന ബജറ്റ് പ്രഖ്യാപനത്തെ ചൊല്ലിയുള്ള അനിശ്ചിതത്വം യുകെയിലെ പ്രോപ്പർട്ടി വിപണിയെ ബാധിച്ചതായി റൈറ്റ്മൂവ് പുറത്തിറക്കിയ പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. നവംബറിൽ പുതിയ വിൽപ്പനക്കാർ ശരാശരി ചോദിക്കുന്ന വില 1.8% (ഏകദേശം £6,500) കുറഞ്ഞു. ഇതോടെ യുകെയിലെ ഒരു വീട് വിൽപ്പനയ്ക്കു വെക്കുമ്പോൾ ശരാശരി വില £364,833 ആയി. പ്രോപ്പർട്ടി നികുതികളിൽ മാറ്റങ്ങൾ വരാമെന്ന് കരുതുന്ന ജനങ്ങൾ ഇടപാടുകൾ മാറ്റിവെക്കുന്നത് വിപണി മന്ദഗതിയിലാക്കാനുള്ള കാരണമായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

കഴിഞ്ഞ പത്ത് വർഷമായി നവംബറിൽ സാധാരണയായി വിലയിൽ ചെറിയ കുറവ് ഉണ്ടാകുമെങ്കിലും ഇത്തവണത്തെ ഇടിവ് 2012-ന് ശേഷമുള്ള ഏറ്റവും വലിയതാണെന്ന് റൈറ്റ്മൂവ് പറയുന്നു. വിപണിയിൽ ഉള്ള വീടുകളിൽ 34% എണ്ണം വില കുറയ്ക്കേണ്ടി വന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . ഉയർന്ന വിലയുള്ള വീടുകൾക്ക് ബജറ്റിൽ പുതിയ നികുതി മാറ്റങ്ങൾ വരുമെന്ന അഭ്യൂഹം കൂടുതൽ തിരിച്ചടിയായി. “ഈ വർഷം ക്രിസ്മസിന് മുമ്പേ തന്നെ ഇടപാടുകളിൽ വലിയ ഇടിവ് വന്നിരിക്കുകയാണെന്നും വാങ്ങുന്നവർ പലരും ബജറ്റിനായി കാത്തിരിക്കുകയാണെന്നും റൈറ്റ്മൂവ് വിദഗ്ധ കോളിൻ ബാബ്കോക്ക് വ്യക്തമാക്കി.

ഹൗസിംഗ് മാർക്കറ്റിന്റെ ഭാവി കനത്ത വെല്ലുവിളികളോടെയാണ് മുൻപോട്ടു പോകുന്നത് എന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത് . ഇ വൈ ഐറ്റം ക്ലബ് പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം, യുകെയിലെ മോർട്ട്ഗേജ് ലെൻഡിങ് വളർച്ച അടുത്ത വർഷം 3.2%-ൽ നിന്ന് 2.8%-ലേക്ക് കുറഞ്ഞേക്കും. വരുമാനത്തിൽ സമ്മർദ്ദവും ആഗോള സാമ്പത്തിക അനിശ്ചിതത്വവും ഈ മേഖലയെ ബാധിക്കുമെന്ന് പഠനം വ്യക്തമാക്കുന്നു. എന്നാൽ 2026-ലെ ഈ മന്ദഗതി താൽക്കാലികമായിരിക്കാമെന്നും പിന്നീട് വളർച്ച പുനരാരംഭിക്കാനിടെയുണ്ടെന്ന അഭിപ്രായവും ചിലർക്കുണ്ട് .











Leave a Reply