അപകടത്തില്‍ പൂര്‍ണ്ണമായി തകര്‍ന്ന ലംബോര്‍ഗിനിയില്‍ നിന്ന് നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ട് ഡ്രൈവര്‍. എം62വില്‍ മാഞ്ചസ്റ്റര്‍ ഭാഗത്തേക്കുള്ള പ്രദേശത്ത് നടന്ന അപകടത്തില്‍ 2 ലക്ഷം പൗണ്ട് വിലയുള്ള സൂപ്പര്‍കാര്‍ വീണ്ടെടുക്കാനാകാത്ത വിധം തകര്‍ന്നു തരിപ്പണമായി. ഉച്ചയ്ക്ക് ഒരു മണിക്ക് ജംഗ്ഷന്‍ 5നും 6നുമിടയിലായാണ് അപകടമുണ്ടായത്. അപകടത്തെത്തുടര്‍ന്ന് മോട്ടോര്‍വേയില്‍ മാഞ്ചസ്റ്ററിലേക്കുള്ള ദിശയില്‍ ഒരു ലെയിന്‍ അടച്ചിട്ടു. ഗതാഗത തടസമുണ്ടായതോടെ പോലീസ് ഓഫീസര്‍മാര്‍ക്കെതിരെ രംഗത്തെത്തിയ ഡ്രൈവര്‍മാരെ പോലീസ് ശകാരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ഒടുവില്‍ യാത്രക്കാരുടെ രോഷമടക്കാന്‍ മെഴ്‌സിസൈഡ് പോലീസിന് ട്വീറ്റ് ചെയ്യേണ്ടി വന്നു. നിങ്ങള്‍ വാഹനമോടിക്കുമ്പോള്‍ ഞങ്ങള്‍ക്ക് അല്‍പം സൗകര്യം തരൂ, ഞങ്ങളോട് കയര്‍ത്തതുകൊണ്ടോ, എന്‍ജിന്‍ ഇരപ്പിച്ചതുകൊണ്ടോ റോഡ് വീണ്ടും തുറക്കുന്നത് വേഗത്തിലാക്കാന്‍ കഴിയില്ലെന്ന് പോലീസ് ട്വീറ്റ് ചെയ്തു. ഒരു കാര്‍ മാത്രമാണ് അപകടത്തില്‍ പെട്ടതെന്നും പോലീസ് വ്യക്തമാക്കി. രണ്ടു ഫയര്‍ എന്‍ജിനുകള്‍ സംഭവസ്ഥലത്ത് എത്തിയിരുന്നു.

എന്നാല്‍ കാറിലുണ്ടായിരുന്ന ആളെ വാഹനം പൊളിച്ചാണോ പുറത്തെടുത്തത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. നേരത്തേ ഈ വാഹനം ജംഗ്ഷന്‍ 8ല്‍ വെച്ച് ഓഫീസര്‍മാര്‍ തടഞ്ഞിരുന്നു. റോഡിന്റെ നടുവിലൂടെ അനാവശ്യമായി പോയതിനും മൂടല്‍മഞ്ഞില്‍ ലൈറ്റുകള്‍ ഉപയോഗിക്കാതിരുന്നതിനുമായിരുന്നു ഇത്. ഡ്രൈവറെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.