ന്യൂസ് ഡെസ്ക്, മലയാളം യുകെ
ദയാവധം നിയമവിധേയമാക്കാനുള്ള ബിൽ പാർലമെൻറിൽ അവതരിപ്പിച്ചത് മുതൽ ഈ വിഷയത്തിൽ ചൂടുപിടിച്ച ചർച്ചകളാണ് യുകെയിൽ നടക്കുന്നത്. ഏറ്റവും പുതിയതായി ദയാവധം നിയമ വിധേയമാക്കുന്നത് അപകടകരമായ സാഹചര്യം സൃഷ്ടിക്കുമെന്ന് കാൻ്റർബറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബി പറഞ്ഞു. ബില്‍ അവതരിപ്പിച്ചതിനോട് അനുബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർച്ച് ബിഷപ്പിന്റെ അഭിപ്രായം ഭാഗികമായി ശരിയാണെന്നും എന്നാൽ മാരക രോഗബാധിതരും ജീവിതാവസാനത്തിൽ കഷ്ടപ്പെടുന്നവർക്കുമായാണ് ബിൽ താൻ അവതരിപ്പിച്ചതെന്ന്
എംപി കിം ലീഡ്‌ബീറ്റർ പറഞ്ഞു.
ബ്രിട്ടീഷ് ജനതയുടെ 60 മുതൽ 75 ശതമാനം ആളുകളും ദയാവധത്തെ പിന്തുണയ്ക്കുന്നവരാണെന്നാണ് അഭിപ്രായ സർവേയിൽ വെളിപ്പെട്ടിരിക്കുന്നത്. ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിലും ദയാവധം നിയമവിധേയമാണ്. എന്നാൽ ദയാവധം നിയമവിധേയമായ രാജ്യങ്ങളിൽ അതിന് അർഹരല്ലാത്തവർ പോലും ഈ രീതിയിൽ ജീവിതം അവസാനിപ്പിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നതിന് ഇത് കാരണമാകുമെന്ന് ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബി പറഞ്ഞത് വൻ ചർച്ചാ വിഷയമാകാൻ സാധ്യതയുണ്ട്. ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബിയും മറ്റ് 25 ആർച്ച് ബിഷപ്പുമാർക്കും ഹൗസ് ഓഫ് ലോർഡ്സില്‍ ഇരിപ്പിടമുണ്ട്. ഇതുകൂടാതെ ഇവർക്ക് നിയമനിർമ്മാണത്തിന് വോട്ട് രേഖപ്പെടുത്താനും സാധിക്കും.
അസിസ്റ്റഡ് ഡൈയിംഗ് നിയമത്തിനെതിരെ കത്തോലിക്കാ ബിഷപ്പായ കർദ്ദിനാൾ വിൻസെൻ്റ് നിക്കോൾസും എതിർപ്പ് അറിയിച്ചിരുന്നു . ഇംഗ്ലണ്ടിലെയും വെയിൽസിലെയും അസിസ്റ്റഡ് ഡൈയിംഗ് നിയമത്തിനെതിരെ പ്രതികരിക്കാൻ സഭാംഗങ്ങളോട് ആഹ്വാനം ചെയ്ത കർദ്ദിനാൾ നിക്കോൾസ് യുകെയിലെ ഏറ്റവും മുതിർന്ന കത്തോലിക്കാ ബിഷപ്പാണ് . തൻെറ സഭാംഗങ്ങൾക്കായി കർദ്ദിനാൾ എഴുതിയ ഇടയ ലേഖനത്തിൽ പുതിയ നിയമം ആരോഗ്യ പ്രവർത്തകരെ “പരിചരിക്കാനുള്ള കടമ” എന്നതിൽ നിന്ന് “ജീവനെടുക്കുന്ന തൊഴിലിലേയ്ക്ക്” മാറ്റുമെന്ന് അഭിപ്രായപ്പെട്ടിരുന്നു .
മാരകരോഗമുള്ള വ്യക്തികൾക്കും കഠിനമായ വേദന അനുഭവിക്കുന്നവർക്കും മാന്യമായ മരണം തിരഞ്ഞെടുക്കാനുള്ള അവകാശം ഉണ്ടായിരിക്കണം എന്നാണ് അസിസ്റ്റഡ് ഡൈയിംഗ് നിയമവിധേയമാക്കുന്നതിനെ അനുകൂലിച്ചുള്ള അഭിഭാഷകർ വാദിക്കുന്നത്. നിലവിൽ, ആരെയെങ്കിലും അവരുടെ ജീവിതം അവസാനിപ്പിക്കാൻ സഹായിക്കുന്നത് ഇംഗ്ലണ്ടിലും വെയിൽസിലും നിയമവിരുദ്ധമാണ്. ഇതിനു പുറമേ ഇത് 4 വർഷം വരെ തടവ് ശിക്ഷ ലഭിക്കാൻ സാധ്യതയുള്ള കുറ്റകൃത്യം കൂടിയാണ്. 2015-ൽ സമാനമായ ബിൽ പാസാക്കുന്നത് പരാജയപ്പെട്ടതിന് ശേഷമുള്ള അസിസ്റ്റഡ് ഡൈയിംഗ് സംബന്ധിച്ച ആദ്യത്തെ പാർലമെൻ്ററി ചർച്ചയാണ് ഇനി നടക്കാൻ പോകുന്നത്.
Leave a Reply