ന്യൂസ് ഡെസ്ക്, മലയാളം യുകെ
ദയാ വധം അനുവദിക്കുന്ന നിയമ നിർമ്മാണം പാസാക്കാൻ അധികസമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബില്ലിനെ അനുകൂലിക്കുന്നവർ രംഗത്ത് എത്തി . നിശ്ചയിച്ച ദിവസങ്ങൾക്കുള്ളിൽ ബിൽ എല്ലാ പാർലമെന്ററി ഘട്ടങ്ങളും പൂർത്തിയാക്കില്ലെന്ന ആശങ്ക ശക്തമാകുന്നതിനിടെയാണ് പുതിയ നീക്കം. ബിൽ വിശദമായി പരിശോധിക്കാൻ കൂടുതൽ സമയം അനുവദിക്കണം എന്ന പ്രമേയം ലോർഡ്സിൽ സമർപ്പിച്ചു. വെള്ളിയാഴ്ചകളിലെ ചർച്ചാ സമയം നീട്ടുക എന്നതടക്കമുള്ള വഴികളാണ് പരിഗണനയിൽ. എന്നാൽ ശബ്ബത്ത് ആചരണ സമയവുമായതിനാൽ ചില ജൂത അംഗങ്ങൾ എതിർപ്പുയർത്തിയിട്ടുണ്ട്. വൈകിയ സമയങ്ങളിൽ സഭ ചേർന്നാൽ യാത്രാ ബുദ്ധിമുട്ടുകൾ മൂലം തനിക്ക് വിവേചനം നേരിടേണ്ടി വരുമെന്നും ഭിന്നശേഷിയുള്ള ലോർഡ് ഷിങ്ക്വിൻ ആശങ്ക അറിയിച്ചു.

പ്രമേയം അംഗീകരിച്ചാൽ, അധികസമയം എപ്പോൾ, എത്ര നൽകണം എന്നതിൽ ലോർഡ്സിലെ വിവിധ പക്ഷങ്ങൾ തമ്മിൽ സ്വകാര്യ ചർച്ചകൾ ആരംഭിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . എന്നാൽ ബില്ലിനെ എതിർക്കുന്നവരിൽ ചിലർ അധികസമയം അനുവദിക്കാൻ തയ്യാറല്ലെന്ന സൂചനകളും പുറത്തുവന്നു. ബില്ലിനായി ലോർഡ്സിൽ ആയിരത്തിലധികം ഭേദഗതികൾ സമർപ്പിക്കപ്പെട്ടിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ബില്ലിനെ പിന്തുണക്കുന്നവർ ഇത് മനഃപൂർവ്വമുള്ള വൈകിപ്പിക്കൽ തന്ത്രം’ എന്നാണ് വിമർശിക്കുന്നത്. കോമൺസ് സഭ കഴിഞ്ഞ വർഷം ബിൽ പാസാക്കിയ സാഹചര്യത്തിൽ, തിരഞ്ഞെടുക്കപ്പെടാത്ത ലോർഡ്സ് സഭ ജനവിധിയെ മാനിക്കണമെന്നും അവർ ആവശ്യപ്പെടുന്നു. എന്നാൽ എതിരാളികൾ, ദുര്‍ബല വിഭാഗങ്ങൾക്ക് മതിയായ സംരക്ഷണം ഉറപ്പാക്കുന്നില്ലെന്നും ഗൗരവമായ ഭേദഗതികൾ അനിവാര്യമാണെന്നും വാദിക്കുന്നു.

അടുത്ത കിംഗ്സ് സ്പീച്ചിന് മുൻപ് ബിൽ എല്ലാ ഘട്ടങ്ങളും പൂർത്തിയാക്കണം. എന്നാൽ അപൂർവമായി ഉപയോഗിക്കുന്ന പാർലമെന്റ് ആക്ട് അധികാരങ്ങൾ പ്രയോഗിച്ച് ലോർഡ്സിന്റെ തടസ്സം മറികടന്ന് ബിൽ വീണ്ടും കൊണ്ടുവരാനാവുമെന്ന പ്രതീക്ഷയും പിന്തുണക്കാർക്കുണ്ട്. അങ്ങനെ സംഭവിച്ചാൽ നിയമമായി മാറുന്നത് 2027ലേക്കു നീളും. ബില്ലിന്റെ മുഖ്യ പിന്തുണക്കാരനായ ലോർഡ് ചാർലി ഫാൽക്കണർ സമർപ്പിച്ച പ്രമേയം, നിലവിലെ പാർലമെന്ററി സെഷൻ അവസാനിക്കുന്നതിന് മുമ്പ് ബിൽ കോമൺസിലേക്ക് തിരികെയെത്തിക്കാൻ അധികസമയം അനിവാര്യമാണെന്ന് വ്യക്തമാക്കുന്നു. എന്നാൽ പുതിയ കാൻറർബറി ആർച്ച്‌ബിഷപ്പ് അടക്കമുള്ളവർക്ക് ബില്ലിനോടുള്ള ശക്തമായ എതിർപ്പ് തുടരുകയാണ്.











Leave a Reply