ന്യൂസ് ഡെസ്ക് മലയാളം യുകെ

ദിനംപ്രതിയുള്ള ലാറ്ററൽ ഫ്ലോ ടെസ്റ്റ് നടത്തി ക്വാറന്റീനിൽ നിന്ന് ഒഴിവാകാനുള്ള പ്രധാനമന്ത്രി ബോറിസ് ജോൺസൻെറയും ചാൻസലർ റിഷി സുനക്കിൻെറയും നീക്കം അവസാനനിമിഷം പിൻവലിച്ചു. ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് ഇരുവരും സമ്പർക്ക പട്ടികയിൽ വന്നിരുന്നു. വിഐപി ലെയ്നിലൂടെ ഒറ്റപ്പെടലിന് വിധേയരാകാതിരിക്കാനുള്ള ഇരുവരുടെയും നീക്കമാണ് കടുത്ത വിമർശനങ്ങൾക്ക് കാരണമായത്. ഒറ്റപ്പെടലിന് വിധേയമാകാതിരിക്കാനുള്ള ഇരുവരുടെയും തീരുമാനത്തിനെതിരെ രാഷ്ട്രീയ-സാമൂഹിക മേഖലയിലുള്ളവരിൽനിന്ന് രൂക്ഷ പ്രതികരണങ്ങളാണ് വിളിച്ച് വരുത്തിയത്.

ഫ്രീഡം ഡേയ്ക്ക് ഏതാനും മണിക്കൂറുകൾ മാത്രം അവശേഷിച്ചിരിക്കെയാണ് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് കോവിഡ് പോസിറ്റീവ് ആയത്. രണ്ട് ഡോസ് പ്രതിരോധ കുത്തിവെയ് പ്പെടുത്ത ആരോഗ്യ സെക്രട്ടറി കോവിഡ് പോസിറ്റീവ് ആയതോടെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചാൽ രാജ്യത്ത് കോവിഡ് വ്യാപനം കുതിച്ചുയരും എന്ന നേരത്തെയുള്ള വിമർശനങ്ങൾക്ക് വൻ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ ആഴ്ച അവസാനത്തോടെ ക്യാബിനറ്റിൻെറ പകുതിപേരും ഒറ്റപ്പെടലിനെ വിധേയമാകേണ്ടതായി വരും എന്നുള്ള സൂചനകളാണ് പുറത്ത് വരുന്നത്.