ആദ്യത്തെ ഷൈനി മെമ്മോറിയല്‍ ഓള്‍ യുകെ വടംവലി കിരീടം ആതിഥേയരായ ബര്‍മ്മിംഗ്ഹാം സിറ്റി മലയാളി കമ്യൂണിറ്റിക്ക്

ആദ്യത്തെ ഷൈനി മെമ്മോറിയല്‍ ഓള്‍ യുകെ വടംവലി കിരീടം ആതിഥേയരായ ബര്‍മ്മിംഗ്ഹാം സിറ്റി മലയാളി കമ്യൂണിറ്റിക്ക്
June 13 06:41 2018 Print This Article

ബര്‍മ്മിംഗ്ഹാം സിറ്റി മലയാളി കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ആദ്യത്തെ ഷൈനി മെമ്മോറിയല്‍ ഓള്‍ യുകെ വടംവലി ടൂര്‍ണമെന്റ് വാശിയേറിയ മത്സരങ്ങള്‍ക്കൊടുവില്‍ കരുത്തരായ ആതിഥേയര്‍ തന്നെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ബര്‍മ്മിംഗ്ഹാം ഹോഡ്ജ് ഹില്‍ കോളേജ് ഗ്രൗണ്ടില്‍ വെച്ച് നടത്തപ്പെട്ട മത്സരം റിഥം വാരിംഗ്ടന്റെ ചെണ്ടമേളത്തോടെ തുടങ്ങി. ഈശ്വര പ്രാര്‍ത്ഥനയ്ക്ക് ശേഷം തന്റെ വേര്‍പിരിഞ്ഞ പ്രിയ പത്‌നി ഷൈനിയുടെ പേരിലുള്ള മത്സരത്തിലേക്ക് ബിനോയ് മാത്യൂ സ്വാഗതം ആശംസിച്ചു. ബിസിഎംസി പ്രസിഡന്റ് അഭിലാഷ് ജോസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്ഘാടന യോഗത്തില്‍ യുക്മ നാഷണല്‍ പ്രസിഡന്റ് ശ്രീ. മാമ്മന്‍ ഫിലിപ്പ് ഷൈനി മെമ്മോറിയല്‍ ഓള്‍ യുകെ വടംവലി മത്സരം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് യുക്മ റീജണല്‍ പ്രസിഡന്റ് ഡിക്‌സ് ജോര്‍ജ്, ഫാ. ബിജു, ഫാ. വിപിന്‍ എന്നിവര്‍ ആശംസകളും നേര്‍ന്നു. യോഗത്തിന് ശേഷം മത്സരത്തിനെത്തിയ പന്ത്രണ്ട് ടീമുകളും അണിനിരന്ന മാര്‍ച്ച് പാസ്റ്റ് വളരെ വര്‍ണശബളമായി. ബിസിഎംസി കുട്ടികള്‍ അവതരിപ്പിച്ച ഭരതനാട്യം ഒരു പുതുമയായി മാറി.

ഉച്ചയ്ക്ക് ശേഷം രണ്ട് ലീഗിലായി ആറ് ടീമുകള്‍ വെച്ച് അരങ്ങേറിയ മത്സരത്തില്‍ എല്ലാ ടീമുകളും തങ്ങളുടെ കരുത്തും കഴിവും പുറത്തെടുത്താണഅ പൊരുതിയത്. അല്പം പോലും ആക്ഷേപത്തിന് ഇടനല്‍കാതെ നടത്തപ്പെട്ട മത്സരത്തില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ആതിഥേയരായ ബര്‍മ്മിംഗ്ഹാം സിറ്റി മലയാളി കമ്യൂണിറ്റി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഇത് ബിസിഎംസിയുടെ ഒരു മത്സരം പോലും നഷ്ടപ്പെടാതെയുള്ള അടുപ്പിച്ച് രണ്ടാമത്തെ ഓല്‍ യുകെ ടൂര്‍ണമെന്റ് വിജയമാണ്. ടീമംഗങ്ങളുടെ ഒരുമയും കഠിനാദ്ധ്യാനവുമുണ്ട് ഈ വിജയത്തിന് പിന്നിലെന്ന് ടീം ക്യാപ്റ്റന്‍ സാജന്‍ കരുണാകരന്‍ പറഞ്ഞു.

മത്സരത്തില്‍ രണ്ടാം സ്ഥാനം ടര്‍സ്‌ക്കേര്‍സ് ടോണ്‍ബ്രിഡ്ജ് വെല്‍സും മൂന്നാം സ്ഥാനം വൂസ്റ്റര്‍ തെമ്മാടീസും നാലാം സ്ഥാനം സെവന്‍ സ്റ്റാര്‍സ് കവന്‍ട്രിയും കരസ്ഥമാക്കിയപ്പോള്‍ അഞ്ചാം സ്ഥാനം എവര്‍ഷൈന്‍ ബ്രദേഴ്‌സ് കാന്റര്‍വെറിയും ആറാം സ്ഥാനം ആഹാ നോട്ടിംഗ്ഹാമിനും ലഭിച്ചു. ഏഴും എട്ടും സ്ഥാനങ്ങള്‍ അച്ചായന്‍സും ഹേര്‍ഫോസും, കോബ്രാസ് വാരിംഗ്ടണ്‍ എന്നിവര്‍ കരസ്ഥമാക്കി. ബെസ്റ്റ് എമേര്‍ജിംഗ് ടീമിനുള്ള സമ്മാനം സൗത്താള്‍ ടൈഗേര്‍സിനും ലഭിച്ചു. ലൈസ്റ്റര്‍ ബോയ്‌സ് മാസ് ടോണ്‍ടണ്‍, ബര്‍മ്മിംഗ്ഹാം ബോയിസ് എന്നിവരാണ് ടൂര്‍ണമെന്റില്‍ അംഗകുറിച്ച മറ്റു ടീമുകള്‍.

മത്സരങ്ങള്‍ക്കിടയില്‍ ബിസിഎംസിയിലെ വനിതകള്‍ നടത്തിയ ഫ്‌ളാഷ് മോബ് മത്സരങ്ങളുടെ മാറ്റ് കൂട്ടി. സമാപന ചടങ്ങില്‍ വെച്ച് പങ്കെടുത്ത എല്ലാ ടീമുകള്‍ക്കും മെഡലുകളും വിജയികള്‍ക്കുള്ള ഷൈനി മൊമ്മോറിയല്‍ ട്രോഫികളും ക്യാഷ് പ്രൈസും നല്‍കി. ടൂര്‍ണമെന്റിനോടനുബന്ധിച്ച് നടന്ന റാഫിള്‍ ടിക്കറ്റിന്റെ വിജയികളെ തെരെഞ്ഞെടുത്ത് അവര്‍ക്കുള്ള സമ്മാനങ്ങളും നല്‍കി.

സംഘാടക മികവുകൊണ്ട് യാതൊരു പരാതികള്‍ക്കും ഇടം നല്‍കാതെ നടത്തപ്പെട്ട ഈ ടൂര്‍ണമെന്റ് മത്സരത്തിനെത്തിയ ടീമുകള്‍ക്കെന്നപോലെ കാണാനെത്തിയ നൂറുകണക്കിന് വളരെ നല്ല അനുഭവമായി മാറി. ബിസിഎംസി സെക്രട്ടറി ബോബന്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞ് സമ്മാനച്ചടങ്ങുകള്‍ അവസാനിച്ചു. മത്സരത്തില്‍ പങ്കെടുക്കുകയും ബര്‍മ്മിംഗ്ഹാം സിറ്റി മലയാളി കമ്യൂണിറ്റിയുടെ ഈ ഉദ്യമത്തെ വിജയകരമായി തീര്‍ക്കുകയും ചെയ്ത എല്ലാ ടീമുകളോടും അതുപോലെ കാണികളായി വരികയും മത്സരാര്‍ത്ഥികളെ എല്ലാ രീതിയിലും പ്രോത്സാഹിപ്പിക്കുകയും ചെയ്തവരോടും ടൂര്‍ണമെന്റിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാ അംഗങ്ങളോടും വളണ്ടിയേര്‍സിനോടും പ്രത്യേകിച്ച് ബിസിഎംസി കുടുംബാഗങ്ങളോടും തങ്ങളുടെ സ്‌നേഹവും നന്ദിയും സംഘാടകര്‍ അറിയിക്കുന്നു.

  Categories:
UK


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles