അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഒരു വർഷത്തോളമായി ചിലവഴിച്ചുകൊണ്ടിരിക്കുന്ന നാസയുടെ ബഹിരാകാശയാത്രികർ ഭൂമിയിലേക്ക് തിരിച്ചു വരികയാണ്. അവര്‍ പോകുമ്പോള്‍ ഉള്ള ലോകമല്ല ഇപ്പോള്‍. കൊറോണ ഭീതിയില്‍ ഭൂമിയാകെ മൂകമായിരിക്കുകയാണ്.
ഏഴ് മാസത്തിന് ശേഷം കുടുംബത്തെയും സുഹൃത്തുക്കളെയും കാണുമ്പോള്‍ അവരെയൊന്നു ആലിംഗനം ചെയ്യാന്‍ പോലും കഴിയില്ലെന്നത്, അവിടെ എത്തിയാല്‍ ബഹിരാകാശത്തേക്കാൾ കൂടുതൽ ഒറ്റപ്പെട്ട അവസ്ഥയായിരിക്കും എന്നത്, എല്ലാം എങ്ങിനെ അട്ജസ്റ്റ് ചെയ്യുമെന്ന ആശങ്കയിലാണ് ജെസീക്ക മെയർ. എങ്കില്‍പോലും എല്ലാവരേയും നേരില്‍ കാണാനെങ്കിലും കഴിയുമല്ലോ എന്ന ആശ്വാസമാണ് ഭൂമിയിലേക്കുള്ള മടക്കയാത്രയെ ആകാംക്ഷാ ഭരിതമാക്കുന്നത് എന്നും അവര്‍ പറഞ്ഞുവയ്ക്കുന്നു.
കൊറോണ വൈറസ് പാൻഡെമിക്കിനെക്കുറിച്ചുള്ള വാർത്തകൾ അറിയാൻ അവര്‍ നിരന്തരം ശ്രമിച്ചിരുന്നു. ‘അങ്ങ് താഴെ ഭൂമിയില്‍ എന്തൊക്കെയാണ് സംഭവിക്കുന്നത് എന്നറിയാന്‍ അതിയായ ആകാംക്ഷയുണ്ട്. പലതും കേള്‍ക്കുമ്പോള്‍ വിചിത്രമായി തോന്നുന്നു’ എന്ന് ബഹിരാകാശയാത്രികയായ ജെസീക്ക മെയർ പറയുന്നു. ‘പക്ഷെ, ഇവിടെന്ന് നോക്കുമ്പോള്‍ ഭൂമി എല്ലായ്പോഴും എന്നപോലെ അതിശയകരമാംവിധം മനോഹരമാണ്. അതിനാല്‍, ഞങ്ങള്‍ ഇവിടെ എത്തിയതിനുശേഷം അവിടെ സംഭവിച്ച മാറ്റങ്ങള്‍ വിശ്വസിക്കാൻ പ്രയാസമാണ്’ – അവര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ജൂലൈ മാസത്തിലാണ് മോർഗൻ ബഹിരാകാശ നിലയത്തിലേക്ക് പോകുന്നത്. മെയര്‍ സെപ്റ്റംബറിലും. റഷ്യൻ ഒലെഗ് സ്‌ക്രിപോച്ച്കയ്‌ക്കൊപ്പം സോയൂസ് കാപ്‌സ്യൂളിൽ അവർ കസാക്കിസ്ഥാനിൽ വന്നിറങ്ങും. പസഫിക് സമുദ്രത്തിൽ അപ്പോളോ 13 സംഘം പറന്നിറങ്ങിയതിന്റെ കൃത്യം 50-ാം വാര്‍ഷിക ദിനത്തിലാണ് മൂന്ന് ബഹിരാകാശയാത്രികരും ഭൂമിയിലേക്ക് മടങ്ങുന്നത് എന്നതും പ്രത്യേകതയാണ്. ‘ഇപ്പോള്‍ വലിയ പ്രതിസന്ധിയുണ്ട്, ആ പ്രതിസന്ധി ഭൂമിയിലാണ്’ മോർഗൻ പറഞ്ഞു.
Leave a Reply