തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പണപ്പിരിവ് നടത്തിയെന്നാരോപിച്ച് കേസെടുത്ത നടപടിക്കെതിരെ പ്രതികരണവുമായി സാമൂഹിക പ്രവര്‍ത്തക അശ്വതി ജ്വാല. സ്വന്തം പോക്കറ്റില്‍ നിന്നും പണം ചിലവഴിച്ചാണ് അന്വേഷണം നടത്തിയതെന്ന് അശ്വതി ജ്വാല പറഞ്ഞു. യാതൊരുവിധ പണപ്പിരിവും നടത്തിയിട്ടില്ല. പരാതിക്കാരനെ അറിയില്ലെന്നും അശ്വതി പ്രതികരിച്ചു. ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന പരാതി തെറ്റാണെന്നും അനാവശ്യ വിവാദങ്ങള്‍ ഇതിന്റെ പേരില്‍ ഉണ്ടാക്കരുതെന്നും ലിഗയുടെ സഹോദരി ഇലിസും വ്യക്തമാക്കി.
ലിഗയുടെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അന്വേഷണം നടത്താനെന്ന പേരില്‍ ജ്വാലയുടെ നേതൃത്വത്തില്‍ വ്യാപകമായി പണപ്പിരിവ് നടത്തിയെന്ന് കോവളം സ്വദേശിയാണ് ഡിജിപിക്ക് പരാതി നല്‍കിയിരിക്കുന്നത്. ഇയാളുടെ പരാതി സ്വീകരിച്ച പോലീസ് അശ്വതിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട നോട്ടീസ് ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല. ലഭിച്ചാല്‍ അതിനെ നിയമപരമായി തന്നെ നേരിടുമെന്നും അശ്വതി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ലിഗയുടെ ബന്ധുക്കള്‍ ഇവിടെ നിന്ന് തിരിച്ചുപോകുന്നതുവരെ അവര്‍ക്ക് എല്ലാ പിന്തുണയും നല്‍കി കൂടെ തന്നെ നില്‍ക്കും. ലിഗയുടെ സഹോദരിയുടെ ഭര്‍ത്താവിന്റെ ആവശ്യപ്രകാരമാണ് വിഷയത്തില്‍ അന്വേഷണം നടത്തിയതെന്നും അശ്വതി ജാല പറഞ്ഞു. തെരുവില്‍ കഴിയുന്നവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ജ്വാല. തെരുവില്‍ ഇനിയും ആളുകള്‍ പെരുകട്ടെയെന്നും ഇനിയും കൂടുതല്‍ പേര്‍ കൊല്ലപ്പെടട്ടെയെന്നുമായിരിക്കും ഇത്തരം കേസുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ കരുതുന്നതെന്നും അശ്വതി ജ്വാല പറഞ്ഞു.
Leave a Reply