സ്വന്തം നാടായ പാകിസ്ഥാനിലേക്ക് തിരികെ അയച്ചാല്‍ കൊല്ലപ്പെടുമെന്ന് ഭീഷണിയുള്ള പാക് അഭയാര്‍ത്ഥി കുടുംബത്തിന് അഭയം നല്‍കണമെന്ന് ആവശ്യം. മഖ്‌സൂദ് ബക്ഷ്, ഭാര്യ പര്‍വീണ്‍, മക്കളായ സോമര്‍, അരീബ് എന്നിവരാണ് നാട്ടിലേക്ക് തിരികെ അയച്ചാല്‍ ഇസ്ലാമിക് തീവ്രവാദികളാല്‍ കൊല്ലപ്പെടുമെന്ന ആശങ്ക പങ്കുവെക്കുന്നത്. ക്രിസ്തുമത വിശ്വാസികളായ ഇവരെ തീവ്രവാദികള്‍ വിശ്വാസത്തിന്റെ പേരില്‍ ഭീഷണിപ്പെടുത്തിയിരുന്നു. 2012ല്‍ യുകെയിലെത്തിയ ഇവര്‍ അഭയത്തിനായി അപേക്ഷിച്ചെങ്കിലും ഹോം ഓഫീസ് ഇതുവരെ അനുവാദം നല്‍കിയിട്ടില്ല. വിഷയം ഗ്ലാസ്‌ഗോ നോര്‍ത്ത് ഈസ്റ്റ് ലേബര്‍ എംപി പോള്‍ സ്വീനി പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ഈ കുടുംബവുമായി അദ്ദേഹം ചര്‍ച്ചകളിലാണ്.

പ്രധാനമന്ത്രിക്ക് ഉള്‍പ്പെടെ നിവേദനങ്ങള്‍ അയച്ച് കാത്തിരിക്കുകയാണ് ബക്ഷ് കുടുംബം. പക്ഷേ, പാകിസ്ഥാനില്‍ ഇവരുടെ ജീവന് ഭീഷണിയുണ്ടോ എന്ന കാര്യത്തില്‍ സംശയുമുണ്ടെന്ന കാരണമുന്നയിച്ച് ഇവരുടെ അപേക്ഷകള്‍ ഹോം ഓഫീസ് നിരസിച്ചുകൊണ്ടിരിക്കുകയാണ്. എന്തുകൊണ്ടാണ് ഹോം ഓഫീസ് തന്റെ അപേക്ഷ നിരസിക്കുന്നതെന്ന് അറിയില്ലെന്നും സഹായിക്കണമെന്നും പ്രധാനമന്ത്രിയോട് ബക്ഷ് ആവശ്യപ്പെടുന്നു. പാകിസ്ഥാനിലെ ചില പ്രദേശങ്ങള്‍ ക്രിസ്ത്യാനികള്‍ക്ക് സുരക്ഷിതമാണെന്നാണ് ഹോം ഓഫീസ് തങ്ങളോട് പറയുന്നത്. അപ്പീല്‍ നല്‍കാനുള്ള  അവസരങ്ങള്‍ കഴിഞ്ഞുവെന്നും ഇനി അപേക്ഷിക്കാന്‍ കഴിയില്ലെന്നുമാണ് നോര്‍ത്ത് ഗ്ലാസ്‌ഗോയില്‍ താമസിക്കുന്ന ബക്ഷിനും കുടുംബത്തിനും ഹോം ഓപീസ് അറിയിപ്പ് നല്‍കിയിരിക്കുന്നത്. അടുത്ത നടപടിയായി ഇവരെ സ്വന്തം നാട്ടിലേക്ക് തിരികെ അയക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പാകിസ്ഥാനില്‍ ക്രിസ്ത്യാനികള്‍ ജീവിക്കുന്നുണ്ടെന്നത് ശരിയാണ്. എന്നാല്‍ തീവ്രവാദികള്‍ ഒരിക്കല്‍ നോട്ടമിട്ടു കഴിഞ്ഞാല്‍, നിങ്ങളുടെ പേരും മുഖവും അവര്‍ക്ക് വ്യക്തമായിക്കഴിഞ്ഞാല്‍ അവിടെ ജീവിക്കുക എന്നത് അസാധ്യമാണ്. തന്റെ നാല് സുഹൃത്തുക്കളെ തീവ്രവാദികള്‍ വധിച്ചു കഴിഞ്ഞു. ഭാര്യാ സഹോദരിയുടെ ഭര്‍ത്താവ് മതനിന്ദാക്കുറ്റം ആരോപിക്കപ്പെട്ട് ജീവപര്യന്തം തടവ് അനുഭവിക്കുകയാണ്. സഹോദരിയുടെ മകനെ കഴിഞ്ഞ മാസം ആരോ തട്ടിക്കൊണ്ടുപോയി. അവന് എന്തു സംഭവിച്ചുവെന്ന് ആര്‍ക്കുമറിയില്ലെന്നും ബക്ഷ് പറയുന്നു. ഹോം ഓഫീസ് തീരുമാനത്തിനെതിരെ നിയമനടപടികള്‍ സ്വീകരിക്കാനൊരുങ്ങുകയാണ് ഇവര്‍.