തൃശൂര്‍: എതിര്‍പ്പുകള്‍ വകവെക്കാതെ ആതിരപ്പള്ളിയിലെ അണക്കെട്ട് നിര്‍മാണത്തെ അനുകൂലിച്ച് കെഎസ്ഇബി. ജലവൈദ്യുത പദ്ധതിയുടെ അനിവാര്യത വിവരിച്ച് ഹ്രസ്വചിത്രവുമായാണ് കെഎസ്ഇബി രംഗത്തെത്തിയിരിക്കുന്നത്. സാധ്യമായ ജലവൈദ്യുത പദ്ധതികളില്‍ ആദ്യം പരിഗണിക്കേണ്ടത് ആതിരപ്പിള്ളി പദ്ധതിയാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഡോക്യുമെന്ററി ആരംഭിക്കുന്നത്. പ്രതിഷേധങ്ങളേയും വിമര്‍ശനങ്ങളെയും പാടെ തള്ളിക്കളയുന്ന ഹ്രസ്വചിത്രത്തില്‍ പദ്ധതികളുടെ നേട്ടങ്ങളാണ് എടുത്തുപറയുന്നത്.
പദ്ധതിമൂലം നശിക്കുന്ന വനം വളരെ ചെറിയ ഭാഗമേ ഉള്ളുവെന്നും അതിനാല്‍ തന്നെ അണക്കെട്ട് മൂലം മൃഗങ്ങള്‍ക്കും പ്രകൃതിക്കും ഗുണമേ ചെയ്യുകയുള്ളുവെന്നാണ് ഹ്രസ്വചിത്രത്തിലൂടെ കെഎസ്ഇബി വാദിക്കുന്നത്. അതിരപ്പിള്ളി വെള്ളച്ചാട്ടം നിലനിര്‍ത്തിക്കൊണ്ട് തന്നെയായിരിക്കും പദ്ധതിയുടെ പൂര്‍ത്തീകരണമെന്നും ഒരു ആദിവാസി കുടുംബത്തെ പോലും ഒഴിപ്പിക്കില്ലെന്നുമാണ് വിശദീകരണം. 104.4 ഹെക്ടര്‍ വനഭൂമിയാണ് പദ്ധതിയ്ക്ക് ആവശ്യമായി വേണ്ടത്. കേരളത്തിന്റെ പുരോഗമനത്തിന് ആതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിയുടെ സംഭാവന വളരെ വലുതായിരിക്കുമെന്നാണ് കെഎസ്ഇബിയുടെ വാഗ്ദാനം.
തൃശൂര്‍ പൂരത്തോട് അനുബന്ധിച്ച് നടത്തുന്ന എക്സിബിഷനില്‍ ഹ്രസ്വചിത്രത്തിന്റെ പ്രദര്‍ശനം നടത്തും. പ്രാരംഭ ചര്‍ച്ചകള്‍ നടന്നപ്പോള്‍ തന്നെ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്കെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നുവന്നു. എതിര്‍പ്പുമായി സര്‍ക്കാരിന്റെ ഭാഗമായ സിപിഐ പോലും പരസ്യമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ എതിര്‍പ്പുകളെല്ലാം ചര്‍ച്ചകളിലൂടെ പരിഹരിച്ച് അതിരപ്പിള്ളി പദ്ധതി നടപ്പാക്കുമെന്നായിരുന്നു മന്ത്രി എംഎം മണി ഇത് സംബന്ധിച്ച് പറഞ്ഞത്.
Leave a Reply