ന്യൂസ് ഡെസ്ക്, മലയാളം യുകെ
ചവറയിൽ വീടിന് സമീപമുള്ള കൈത്തോട്ടിൽ വീണു നാലര വയസ്സുകാരൻ അറ്റ്ലാൻ അനീഷ് ദാരുണമായി മരിച്ചു. വെസ്റ്റ് യോർക്ക്ഷെയറിലെ വെയ്ക്ക് ഫീൽഡിൽ താമസിക്കുന്ന അനീഷ് ബ്രഹ്മവാലിയുടെയും ഫിൻല ദിലീപിന്റെയും ഏകമകനാണ് അറ്റ്ലാൻ.
യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് ബ്രൈറ്റണിൽ ഫാർമസി പഠനം പൂർത്തിയാക്കിയ അനീഷ്, ജോലി സംബന്ധമായി ഭാര്യയോടൊപ്പം യുകെയിൽ താമസിക്കുകയാണ്. അറ്റ്ലാൻ അടുത്തിടെ അമ്മ ഫിൻലയുടെ കുടുംബവീട്ടിൽ, കൊല്ലം ചവറയിലാണ് താമസിച്ചിരുന്നത്. നീണ്ടകര പരിമണത്തെ പ്ലേ സ്കൂളിൽ വിദ്യാർത്ഥിയായിരുന്നു.
ചൊവ്വാഴ്ച വൈകിട്ട് 3.30ഓടെയാണ് അപകടം നടന്നത്. സ്കൂൾ ബസിൽ വീട്ടിലെത്തി അപ്പൂപ്പൻ ദിലീപിനൊപ്പം അകത്തു കയറുന്നതിനിടയിൽ അറ്റ്ലാൻ പെട്ടെന്ന് കൈവിട്ട് പുറത്തേക്ക് ഓടുകയായിരുന്നു. പിന്നാലെ നടത്തിയ തിരച്ചിലിൽ കുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് നാട്ടുകാരും വീട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനിടെ സമീപത്തെ കൈത്തോട്ടിലെ വെള്ളക്കെട്ടിൽ വീണ നിലയിലാണ് അറ്റ്ലാനെ കണ്ടെത്തിയത്.
കുട്ടിയെ ഉടൻ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അറ്റ്ലാന്റെ അകാലമരണം യുകെയിലെയും നാട്ടിലെയും മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
അനീഷ് ഫിൻല ദമ്പതികളുടെ മകൻ അറ്റ്ലാൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.











Leave a Reply