ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ കുടുങ്ങിയ അറ്റ്ലസ് രാമചന്ദ്രന്‍ മൂന്നു വര്‍ഷത്തെ ജയില്‍ വാസത്തിന് ഒടുവിലാണ് ഇപ്പോള്‍ മോചിതനായിരിക്കുന്നത്. മൂന്നു വര്‍ഷത്തെ ജയില്‍ വാസത്തിൽ ഏറ്റവും വലിയ വേദന ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടതായിരുന്നെന്ന് അറ്റ്‌ലസ് രാമചന്ദ്രന്‍. കടലില്‍ നിന്നു പുറത്തെടുത്ത മത്സ്യത്തെപോലെ പിടയുകയായിരുന്നു ഇക്കാലമത്രയുമെന്നും അദേഹം പറഞ്ഞു.
യുഎഇയിലെ വിവിധ ബാങ്കുകള്‍ സംയുക്തമായി നല്‍കിയ പരാതിയിലാണ് എംഎം രാമചന്ദ്രനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത്. എംഎം രാമചന്ദ്രന്‍ ജയിലിലായതിന് പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യയാണ് കേസിന്റെ നടത്തിപ്പുകള്‍ നോക്കിയിരുന്നത്. 2015 ഓഗസ്റ്റ് മാസത്തിലാണ് രാമചന്ദ്രനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. 3.40 കോടി ദിര്‍ഹമിന്റെ രണ്ട് ചെക്കുകള്‍ മടങ്ങിയ കേസില്‍ മൂന്ന് വര്‍ഷത്തേക്കാണ് ദുബായ് കോടതി ശിക്ഷിച്ചത്.
അറ്റ്‌ലസ് ജ്വല്ലറിയുടെ 50 ബ്രാഞ്ചുകളുടെ ഉടമയായിരുന്ന രാമചന്ദ്രന് 22 ബാങ്കുകളിലായി 500 ദശലക്ഷം ദിര്‍ഹത്തിന്റെ ബാധ്യതയാണ് ഉണ്ടായിരുന്നത്. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് ഓഫ് ബറോഡയടക്കം 23 ബാങ്കുകളാണ് അറ്റ്‌ലസ് രാമചന്ദ്രനെതിരേ കേസ് നല്‍കിയത്.
പ്രമുഖ പ്രവാസി വ്യവസായിയുമായ അറ്റ്ലസ് രാമചന്ദ്രന്റെ രണ്ടാം ജന്മത്തിനു കടപ്പാട് പ്രമുഖ വ്യവസായിയും യു.എ.ഇ. എക്സ്ചേഞ്ചിന്റെ ഉടമയുമായ ബി.ആര്‍. ഷെട്ടിയോടാണ്. ഗള്‍ഫിലെ അറ്റ്ലസിന്റെ ആശുപത്രികള്‍ അദ്ദേഹം ഏറ്റെടുത്തതോടെ കേസുകള്‍ക്കു കാരണമായ വായ്പകളുടെ തിരിച്ചടവിനുള്ള അടിസ്ഥാന മൂലധനം ലഭിക്കുകയായിരുന്നു. രാമചന്ദ്രന്റെ ദുരവസ്ഥയില്‍ അദ്ദേഹത്തിന്റെ സ്ഥാപനങ്ങള്‍ ചുളുവിലയ്ക്കു വാങ്ങാന്‍ കാത്തുനിന്ന പലരെയും ഷെട്ടിയുടെ ഇടപെടല്‍ നിരാശരാക്കുകയും ചെയ്തു. രാമചന്ദ്രന്റെ മോചനത്തിനായി ആരും ഇടപെടാതെ വന്നതോടെയുള്ള ദുരവസ്ഥ ഭാര്യ ഇന്ദിര യു.എ.ഇയിലെ പ്രമുഖ മാധ്യമത്തോടു വിവരിച്ചതു കണ്ടാണ് ഷെട്ടി ഇടപെട്ടത്. രാമചന്ദ്രന്റെ ഉടമസ്ഥതയിലുള്ള ആശുപത്രികള്‍ ഏറ്റെടുക്കാമെന്ന് ഷെട്ടി സമ്മതിച്ചതോടെ പ്രതീക്ഷയായി.
ഇതിനിടെ സിനിമാ നിര്‍മാണ രംഗത്ത് സജീവമായ ഷെട്ടി 1000 കോടി രൂപ മുതല്‍മുടക്കില്‍ മലയാളത്തില്‍ ‘രണ്ടാമൂഴം’ എന്ന സിനിമയുടെ നിര്‍മാണമേറ്റു. അതോടെ അറ്റ്ലസിന്റെ ആശുപത്രികള്‍ ഏറ്റെടുക്കുന്നതില്‍നിന്നു പിന്മാറുമെന്ന് അഭ്യൂഹങ്ങളായി. എന്നാല്‍ ഷെട്ടി വാക്കില്‍ ഉറച്ചുനിന്നു. ഒട്ടേറെ ആശുപത്രികളുടെ ഉടമയായ ഷെട്ടിക്ക് അറ്റ്ലസ് ആശുപത്രികള്‍ ഭാരമാകില്ലെന്ന തിരിച്ചറിവും രാമചന്ദ്രന്റെ മോചനത്തിനു വേഗം കൂടി. ആഗോള ആരോഗ്യ പരിചരണ ശൃംഖലയായ എന്‍.എം.സി. ഹെല്‍ത്ത് കെയര്‍, പ്രമുഖ പണവിനിമയ സ്ഥാപനമായ യു.എ.ഇ. എക്സ്ചേഞ്ച് തുടങ്ങി നിരവധി സംരംഭങ്ങളുടെ അമരക്കാരനായ ഷെട്ടി മംഗലാപുരം ഉഡുപ്പി സ്വദേശിയാണ്.
വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ ശക്തമായ ഇടപെടലാണ് രാമചന്ദ്രന്റെ ജയില്‍ മോചനത്തിന് സഹായിച്ചത്. ദുബായ് ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തിയ അവര്‍, രാമചന്ദ്രന്‍ പുറത്തിറങ്ങിയാല്‍ കടങ്ങള്‍ വീട്ടുമെന്ന് ഉറപ്പുനല്‍കാന്‍ വരെ തയാറായി. ബി.ജെ.പി. സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരനും സുരേഷ് ഗോപി എം.പിയുമൊക്കെയാണു രാമചന്ദ്രന്റെ ദുരവസ്ഥ സുഷമയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. ബി.ജെ.പി. പ്രവാസി സെല്ലും സുഷമയുടെ ഇടപെല്‍ അഭ്യര്‍ഥിച്ചു.
ആദ്യഘട്ടത്തില്‍ ചില വ്യവസായ ഗ്രൂപ്പുകളുടെ സമ്മര്‍ദം മൂലം ഇടപെടാന്‍ മടിച്ച സുഷമാ സ്വരാജ്, ദുബായ് ഭരണകൂടവുമായി ബന്ധപ്പെട്ട് രാമചന്ദ്രനു മതിയായ ചികിത്സ ലഭ്യമാക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. രാമചന്ദ്രന്റെ ബിസിനസുകള്‍ നേരായ വഴിയിലാണെന്നു കേരള സര്‍ക്കാര്‍ വ്യക്തമാക്കുകയും കൂടി ചെയ്തതോടെ കേന്ദ്രം സജീവമായി ഇടപെട്ടു. സുഷമ ദുബായ് സര്‍ക്കാരിനു കത്തയച്ചു. ആവശ്യമായ നടപടികള്‍ക്ക് ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയെ ചുമതലപ്പെടുത്തി. അദ്ദേഹമാണ് ബാങ്കുകളുമായി സംഭാഷണം നടത്തി ഒത്തുതീര്‍പ്പുകളിലേക്കു വഴിതുറന്നത്. ബി.ജെ.പി. ജനറല്‍ സെക്രട്ടറി രാം മാധവും ദുബായില്‍ ചെന്ന് പ്രശ്നത്തില്‍ ഇടപെട്ട് കടമ്പകള്‍ മറികടന്നു.
ഇങ്ങനെ ഒരു തളര്‍ച്ചവരുമെന്ന് കരുതിയിരുന്നില്ല
‘ഞാന്‍ പൊതുജനങ്ങള്‍ക്ക് ഒപ്പമാണ് ജീവിച്ചത്. ദിവസവും നൂറുകണക്കിന് ആളുകളെ കാണുമായിരുന്നു. അതെല്ലാം വിട്ട് ഒറ്റയ്ക്കായപ്പോള്‍ കടലില്‍നിന്നും കരയ്ക്കിട്ട മത്സ്യത്തെപ്പോലെ പിടിഞ്ഞു. അത് സഹിക്കാവുന്നതായിരുന്നില്ല. ജീവിതത്തില്‍ നിരവധി ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാവും. എന്നാല്‍ ഇത്തവണത്തെ പ്രയാസം അല്‍പം ദൈര്‍ഘ്യം ഏറിയാതായിപ്പോയി. ഇങ്ങനെ ഒരു തളര്‍ച്ചവരുമെന്ന് കരുതിയിരുന്നില്ല’.
വീടിന്റെ സുരക്ഷയില്‍നിന്ന് ജയിലേക്ക്
ബര്‍ദുബായി പോലീസ് സ്റ്റേഷനില്‍നിന്ന് ഒരു വിളിവന്നു. കാണാന്‍ സാധിക്കുമോ എന്നറിയാനായിരുന്നു. വീട്ടിലേക്ക് വരാന്‍ പറഞ്ഞു. അവര്‍ വീട്ടില്‍വന്ന ശേഷം സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. പിന്നീടാണ് മനസിലായത് തടവിലാക്കിയതാണ് എന്ന്.
പിറ്റേന്നാണ് കുടുംബവുമായി ബന്ധപ്പെടാന്‍ കഴിഞ്ഞത്. ജയിലില്‍ ആയിരുന്നപ്പോള്‍ പത്രങ്ങളില്‍വന്ന അവാസ്തവമായ വാര്‍ത്തകള്‍ ഏറെവേദനിപ്പിച്ചു. വലിയൊരു ഭീകരനായി അവതരിപ്പിച്ചതില്‍ വിഷമം ഉണ്ടായി. ഭാര്യ ഇന്ദുവാണ് ഇതില്‍നിന്നെല്ലാം മോചനം നേടാന്‍ സഹായിച്ചത്.
സമയം ലഭിച്ചിരുന്നെങ്കില്‍ കടം കൊടുത്തു തീര്‍ക്കാമായിരുന്നു
സമയം കിട്ടിയിരുന്നെങ്കില്‍ എല്ലാ കടങ്ങളും തിരിച്ചുകൊടുക്കാന്‍ കഴിയുമായിരുന്നു. ജയിലില്‍ ആയിരുന്നതുകൊണ്ട് ന്യായമായ വിലപോലും ലഭിക്കാതെ കിട്ടിയ വിലയ്ക്കാണ് ആശുപത്രി വില്‍ക്കേണ്ടിവന്നത്.
അതില്‍ വളരെ വിഷമം ഉണ്ടായി. ജയലിനു പുറത്തായിരുന്നെങ്കില്‍ കിട്ടിയതിനേക്കാള്‍ കൂടുതല്‍ ലഭിക്കുമായിരുന്നു. കടം ഉണ്ടായിരുന്നതില്‍ കൂടുതല്‍ ആസ്തി അപ്പോള്‍ ഉണ്ടായിരുന്നു. അല്‍പം കൂടി സമയം ലഭിച്ചിരുന്നെങ്കില്‍ കടമെല്ലാം കൊടുത്തു തീര്‍ക്കാന്‍ കഴിയുമായിരുന്നു. ഒന്നില്‍നിന്നും ഒളിച്ചോടാന്‍ താന്‍ ആഗ്രഹിച്ചില്ല- അദ്ദേഹം പറഞ്ഞു.
ജനകോടികളുടെ സൗഹൃദം
ചാരത്തില്‍നിന്നും പറന്നുയരുന്ന ഫിനിക്‌സിനെപ്പോലെ വീണ്ടും തിരിച്ചുവരും. ആ നിശ്ചയദാര്‍ഡ്യം തനിക്കുണ്ട്. ജനകോടികളുടെ സൗഹൃദം തനിക്ക് പിന്തുണയായുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഓര്‍മക്കുറുപ്പുകള്‍
ജയിലില്‍ ഓര്‍മക്കുറുപ്പുകള്‍ എഴുതുന്നതായിരുന്നു സമയം കളയാന്‍ കണ്ടെത്തിയ മാര്‍ഗം. മനസില്‍ തിരയടിച്ച ഓര്‍മകളെല്ലാം കടലാസില്‍ കുറിച്ചുവച്ചു. കുട്ടിക്കാലത്തെ ഓര്‍മകളാണ് ആദ്യം എത്തിയത്. ജനിച്ചസമയത്തെ കാര്യങ്ങള്‍ അച്ഛന്‍ പറഞ്ഞുതന്നതുമുതല്‍, അമ്മയും അച്ഛനും പറഞ്ഞ കഥകള്‍ വരെ കുറുപ്പുകളായി പുനര്‍ജനിച്ചു.
സ്‌നേഹിക്കാന്‍ ഒരാള്‍ മാത്രം
ഇനി ആരെയും അമിതമായി വിശ്വസിക്കില്ല. വിഷമതകളുടെ കാലത്ത് സ്‌നേഹിക്കാന്‍ ഒരാള്‍ മാത്രമാണ് ഉണ്ടായിരുന്നത്. പരിപൂര്‍ണ സ്‌നേഹം അത് തന്റെ ഇന്ദു മാത്രമാണ്. അവള്‍ ബിസിനസില്‍ പങ്കാളിയായിരുന്നെങ്കില്‍ ഇപ്പോഴുണ്ടായ വിഷമതകളൊന്നും ഉണ്ടാവുമായിരുന്നില്ല- അദ്ദേഹം പറഞ്ഞുനിര്‍ത്തി.
Leave a Reply