പാമ്പാടിയിൽ പെട്രോൾ പമ്പ് ജീവനക്കാരനെ തലക്കടിച്ചുവീഴ്ത്തി ഒന്നര ലക്ഷം കവർന്ന കേസിൽ ബംഗളൂരുവിൽനിന്നു പിടിയിലായ നേപ്പാൾ സ്വദേശികളായ രാംസിംഗ് (30), കിഷൻ ബഹാദൂർ (26) എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തിനുശേഷം രക്ഷപ്പെട്ട പ്രതികളെ പോലീസ് അതിസാഹസികമായാണു പിടികൂടിയത്.
ഡൽഹി കേന്ദ്രീകരിച്ചുള്ള ഹൈവേ മോഷണ സംഘാംഗങ്ങളാണ് ഇവരെന്നു പാന്പാടി സ്റ്റേഷൻ ഹൗസ് ഓഫിസർ സിഐ യു. ശ്രീജിത്ത് പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച അർധരാത്രിയിലാണ് പാന്പാടി കാളച്ചന്തയ്ക്കു സമീപം മറ്റത്തിപറന്പിൽ ഫ്യൂവൽസ് പെട്രോൾ പന്പിലെ ജീവനക്കാരൻ അനീഷ് മാത്യവിനെ തലയ്ക്കടിച്ചു വീഴ്ത്തി ഒന്നരലക്ഷം കവർന്നത്. പന്പിന്റെ മുൻ വശത്തു ഗ്രില്ല്കൊണ്ട് നിർമിച്ച വാതിലിന്റെ പൂട്ട് ബലമുള്ള ആയുധം ഉപയോഗിച്ചു തകർത്താണു പ്രതികൾ അകത്തു കയറിയത്.
അനീഷിനെ തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം അലമാരിയിൽ സൂക്ഷിച്ച ഒന്നര ലക്ഷം കവർന്ന ശേഷം ഓട്ടോയിൽ കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെത്തി ബംഗളൂരുവിലേക്കു രക്ഷപ്പെടുകയായിരുന്നു. പ്രതികൾ കോട്ടയം നഗരത്തിൽ കന്പിളിപ്പുതപ്പ് വിൽക്കുന്നവരാണെന്നു പോലീസ് പറഞ്ഞു. അന്വേഷണത്തിനു ജില്ലാ പോലീസ് മേധാവി വി.എം. മുഹമ്മദ് റഫീഖ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു.
കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ഇമ്മാനുവൽ പോൾ, പാന്പാടി എസ്ഐ ടി. ശ്രീജിത്ത്, ഈസ്റ്റ് എസ്ഐ റനീഷ്, ജില്ലാ പൊലീസ് മേധാവിയുടെ ഗുണ്ടാ സ്ക്വാഡ് അംഗങ്ങളായ എസ്ഐ പി.വി. വർഗീസ്, എം.എ. ബിനോയ്, എഎസ്ഐ ഷിബുകുട്ടൻ, സീനിയർ സിവിൽ പോലീസ് ഓഫിസർ കെ.എസ്. അഭിലാഷ്, സിവിൽ പോലീസ് ഓഫിസർമാരായ റിച്ചാർഡ് സേവ്യർ, ഫെർണാണ്ടസ്, ശ്യാം എസ്. നായർ, മനോജ് കുമാർ, ശ്രാവണ് എന്നിവർ അടങ്ങിയ സംഘമാണ് സംസ്ഥാനത്തും പുറത്തും അന്വേഷണം നടത്തിയത്. സംഭവത്തിൽ ഉൾപ്പെട്ട മറ്റു പ്രതികൾക്കായി അന്വേഷണം തുടരുന്നു.
Leave a Reply