തൊടുപുഴ: ലോക്ക് ഡൗണ്‍കാലത്ത് 1,500 രൂപ വാടക നൽകാത്തതിന്റെ പേരിൽ കൂലിപ്പണിക്കാരനെയും ഹൃദ്രോഗിയായ ഭാര്യയെയും മകനെയും കൂരയിൽനിന്നു ഭീഷണിപ്പെടുത്തി ഇറക്കിവിടാൻ ശ്രമിച്ച മുൻ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ പ്രതിഷേധിച്ച നാട്ടുകാർക്കെതിരേ നായയെ അഴിച്ചുവിട്ടു പ്രകോപനം സൃഷ്ടിച്ചതായും പരാതിയുണ്ട്. തൊടുപുഴ മുതലക്കോടം കുന്നുമ്മേൽ (ഇലഞ്ഞിക്കൽ) കെ.വി. തോമസിനെയാണ് തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. വാടകയ്ക്കു നൽകിയിരിക്കുന്ന ഒറ്റമുറി ഷെഡിൽ കഴിയുന്ന പള്ളിക്കുന്നേൽ മാത്യു കുര്യാക്കോസിനെയും കുടുംബാംഗങ്ങളെയുമാണ് തോമസ് ഇറക്കിവിടാൻ ശ്രമിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവത്തിന്റെ തുടക്കം. വാടക നൽകാത്തതിന് ആദ്യം ഇവരുടെ വീട്ടിലേക്കുള്ള വഴിയടച്ചു. പിന്നാലെ വൈദ്യുതിയും കുടിവെള്ളവും വിച്ഛേദിച്ചു.
അഞ്ചു മാസം മുൻപാണ് മാത്യുവും കുടുംബവും തോമസിന്റെ പുരയിടത്തിലെ താത്കാലിക ഷെഡിൽ താമസം തുടങ്ങിയത്. കഴിഞ്ഞ മാസം വരെ കൃത്യമായി വാടക നൽകിയിരുന്നതായി മാത്യു പറഞ്ഞു. ലോക്ക്ഡൗണിൽ പണിയില്ലാതായതോടെയാണ് ഒരു മാസത്തെ വാടക മുടങ്ങിയത്. ഇതോടെ ഷെഡിൽനിന്ന് ഇറങ്ങണമെന്നായി തോമസ്. സംഭവമറിഞ്ഞു നാട്ടുകാർ ശനിയാഴ്ച തോമസുമായി പ്രശ്നം ചർച്ചചെയ്തു പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വിവരമറിഞ്ഞു സ്ഥലത്തെത്തിയ തൊടുപുഴ എസ്ഐ എം.പി. സാഗർ വാടകക്കാരെ ഇറക്കി വിട്ടാൽ ശക്തമായ നടപടി ഉണ്ടാകുമെന്നു താക്കീതു നൽകിയിരുന്നു. വഴി അടയ്ക്കരുതെന്നും വെള്ളവും വൈദ്യുതിയും പുനഃസ്ഥാപിക്കണമെന്നും നിർദേശിച്ചിരുന്നു.
എന്നാൽ, ഇന്നലെ രാവിലെ തോമസ് വീണ്ടും ഭീഷണി ഉയർത്തിയതോടെ നാട്ടുകാർ രംഗത്തെത്തി. നടപടി ചോദ്യം ചെയ്തതോടെ വളർത്തുനായയെ അഴിച്ചുവിട്ടു. നാട്ടുകാരുടെ പ്രതിഷേധത്തിനിടെ പോലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തു. കേസെടുത്തതിനു ശേഷം ജാമ്യം നൽകി. മാത്യുവിന്റെ ഭാര്യ രണ്ടര വർഷമായി ഹൃദയസംബന്ധമായ അസുഖത്തിനു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് മകൻ. ചികിൽസയ്ക്കും മകന്റെ വിദ്യാഭ്യാസത്തിനും കുടുംബ ചെലവിനുമടക്കം കൂലിപ്പണിയിൽനിന്നുള്ള വരുമാനം മാത്രമാണ് ആശ്രയം.
മാത്യുവിനെയും കുടുംബത്തെയും താത്കാലികമായി മുനിസിപ്പൽ കൗണ്‍സിലർ ഷേർളി ജയപ്രകാശിന്റെ വീട്ടിലേക്കു മാറ്റി. വിവരമറിഞ്ഞു പി.ജെ.ജോസഫ് എംഎൽഎ, മുനിസിപ്പൽ ചെയർപേഴ്സണ്‍ സിസിലി ജോസ് എന്നിവർ സ്ഥലത്തെത്തി. മാത്യുവിനും കുടുംബത്തിനും ഗാന്ധിജി സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിൽ വീടു നിർമിച്ചു നൽകുമെന്നു പി.ജെ.ജോസഫ് അറിയിച്ചു. വീടു നിർമാണത്തിനായി മുതലക്കോടം പഴുക്കാകുളത്ത് സ്ഥലം നൽകാമെന്നു പ്രദേശവാസിയായ ഓണേലിൽ ജോഷി അറിയിച്ചു. വീടു നിർമിക്കാൻ സ്ഥലം നൽകാമെന്നു കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ.ബിജു പറയന്നിലവും സന്നദ്ധത അറിയിച്ചിരുന്നു.
Leave a Reply