വിവിധ സർവകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളുമായി ലണ്ടനിലേക്ക് കടക്കാൻ ശ്രമിച്ച നാല് വിദ്യാർഥികൾ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിൽ. കഴിഞ്ഞ ദിവസം ഇത്തരത്തിൽ മൂന്നുപേർ പിടിയിലായിരുന്നു.
മലപ്പുറം സ്വദേശി രഹ്നാബീഗം, പാലക്കാട് സ്വദേശികളായ ഷഹീൻ, മുഹമ്മദ് ഹാഷിർ, അങ്കമാലി സ്വദേശി ബിനോ ജോയ് എന്നിവരാണ് പിടിയിലായത്. സ്റ്റുഡൻറ് വിസയാണ് ഇവരുടെ കൈവശമുണ്ടായിരുന്നത്. എം.ബി.എ, ഹോട്ടൽ മാനേജ്മെൻറ് തുടങ്ങിയ വിവിധ കോഴ്സുകൾക്ക് പഠിക്കാൻ ലണ്ടനിലെ സർവകലാശാലയിൽ പലരും ലക്ഷക്കണക്കിന് രൂപ അടച്ചവരാണ്.
ബിരുദ കോഴ്സിന് നിശ്ചിത മാർക്കില്ലാത്തതുകൊണ്ടാണ് പലരും വ്യാജ സർട്ടിഫിക്കറ്റുകൾ തരപ്പെടുത്തിയത്. പരസ്പരം പരിചയമുള്ളവരല്ല. ഇവർക്ക് വ്യാജ സർട്ടിഫിക്കറ്റുകൾ തരപ്പെടുത്തി നൽകിയത് വ്യത്യസ്ത ആളുകളാണ്. ലണ്ടനിൽ പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി ചെയ്ത് വരുമാനവും സാധ്യമാകുമെന്ന് കരുതിയാണ് ഇവർ ഇത്തരത്തിൽ കടക്കാൻ ശ്രമിച്ചത്.
എമിഗ്രേഷൻ വിഭാഗമാണ് സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് കണ്ടെത്തിയത്. നെടുമ്പാശ്ശേരി പൊലീസിന് കൈമാറിയ ഇവരെ ജാമ്യത്തിൽ വിട്ടു.
Leave a Reply