ആറ്റിങ്ങല്‍: സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ യുവതിയെ പട്ടാപ്പകല്‍ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തിയ കാമുകന്റെ അറസ്റ്റ് രേഖപ്പെടുത്തി. വെഞ്ഞാറമൂട് പാലാംകോണം സൂര്യഭവനില്‍ സൂര്യ എസ് നായരെ (23) കൊലപ്പെടുത്തിയ കേസില്‍ വെഞ്ഞാറമൂട് വയ്യേറ്റ് ഷൈനിഭവനില്‍ പിഎസ് ഷിജുവിനെ (26) ശനിയഴ്ചയാണ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെ 10 മണിയോടെ ആറ്റിങ്ങല്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപമുള്ള റോഡിലാണ് അരുംകൊല നടന്നത്. ചോദ്യം ചെയ്യലില്‍ ഷിജു കുറ്റമേറ്റതായി പോലീസ് പറഞ്ഞു.
കൊല്ലത്തെ ലോഡ്ജില്‍ മുറിയെടുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച ഷിജുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇയാളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതോടെയാണ് ആശുപത്രിയല്‍ വച്ചു തന്നെ ചോദ്യം ചെയ്തശേഷം ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് ആറ്റിങ്ങല്‍ കോടതി 3 മജിസ്‌ട്രേട്ട് സുരേഷ് വണ്ടന്നൂര്‍ ആശുപത്രിയില്‍ എത്തി പ്രതിയെ റിമാന്‍ഡ് ചെയ്തതോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പ്രതികളെ പാര്‍പ്പിക്കുന്ന പ്രത്യേക സെല്ലിലേക്ക് മാറ്റി. ആശുപത്രിയില്‍ നിന്ന് വിട്ടയച്ച ശേഷമായിരിക്കും കൂടുതല്‍ തെളിവെടുപ്പു നടത്തുകയെന്ന് ഡിവൈഎസ്പി പ്രതാപന്‍ നായര്‍ പറഞ്ഞു.
സൂര്യയുടെ സ്വഭാവശുദ്ധിയിലുണ്ടായ സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. സൂര്യയെ കൊലപ്പെടുത്തിയത് താനാണെന്നും, പുരുഷന്മാരെ വഞ്ചിക്കാതിരിക്കാനാണ് കൊല നടത്തിയതെന്നും ഷിജു മൊഴി നല്‍കിയതായി പോലീസ് അറിയിച്ചു. അതേസമയം, ഷിജു പ്രണയിക്കുകയും തുടര്‍ന്ന് വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്ത പെണ്‍കുട്ടിക്ക് മറ്റുപലരുമായി ബന്ധമുണ്ടെന്ന തോന്നലാണ് നിഷ്ഠൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് ചൂണ്ടിക്കാട്ടുന്നു.
വെഞ്ഞാറമൂട് തൈക്കാട് സെന്റ് ജോണ്‍സ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായ സൂര്യ എസ് നായരും ഷിജുവും ഫേസ്ബുക്ക് വഴിയാണ് പരിചയപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. ഈ അടുപ്പം പിന്നീട് പ്രണയമായി മാറി. ആറുമാസം മുന്‍പ് ഷിജുവിന് ഒരപകടംപറ്റി സൂര്യ ജോലി ചെയ്യുന്ന ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തി. ഈ സമയം അമ്മയോട് ഷിജു പ്രണയവിവരം അറിയിച്ചു. ഇരു വീട്ടുകാരും ഇവരുടെ വിവാഹത്തിന് സമ്മതം മൂളി. സൂര്യയെ പഠിപ്പിച്ചയിനത്തിലുള്ള രണ്ടു ലക്ഷം രൂപയുടെ കടം തീര്‍ത്തുകൊള്ളാമെന്നും ഷിജുവിന്റെ വീട്ടുകാര്‍ സമ്മതിച്ചിരുന്നു. സ്ത്രീധനമൊന്നും വേണ്ടെന്നും അറിയിച്ചു. ഫേസ്ബുക്കില്‍ സൂര്യയ്ക്ക് നിരവധി ആണ്‍ സുഹൃത്തുക്കളുണ്ടായിരുന്നു. ഇവരുടെ പേര് പറഞ്ഞ് ഷിജു സൂര്യയെ നിരന്തരം ആക്ഷേപിക്കുമായിരുന്നു. ഇതോടെ ഇരുവരും തമ്മില്‍ സ്വരചേര്‍ച്ചയില്ലാതായി.
സൂര്യ കുഴപ്പക്കാരിയാണെന്നും നിരവധി ബന്ധങ്ങള്‍ ഉണ്ടെന്നും ഷിജു വിശ്വസിക്കുകയും ചെയ്തു. ഇതോടെ സൂര്യ ഷിജുവിനെ ഫോണ്‍ ചെയ്യാതെയായി. തുടര്‍ന്ന് സൂര്യയെ വക വരുത്താന്‍ തീരുമാനിച്ചുവെന്നാണ് ഷിജു പോലീസിനോട് പറഞ്ഞത്. പിണങ്ങിയെങ്കിലും ക്ഷമ പറഞ്ഞ് സൂര്യയോട് ചങ്ങാത്തം പുനഃസ്ഥാപിച്ച ഇയാള്‍ വിശ്വാസം നേടിയെടുത്താണ് കൊല ചെയ്യാനായി ആറ്റിങ്ങലില്‍ എത്തിച്ചത്. സൂര്യയെ കൊല്ലാനുളള വെട്ടുകത്തിയും തന്റെ ഞരമ്പ് മുറിക്കാനുള്ള കത്തിയും കരുതിയിരുന്നു. ചൊവ്വാഴ്ച സൂര്യയെ വിളിച്ച ഷിജു തനിക്ക് കുറച്ച് വസ്ത്രങ്ങള്‍ വാങ്ങാനായി അടുത്തദിവസം ആറ്റിങ്ങലില്‍ പോകണമെന്നും ഒപ്പം ചെല്ലണമെന്നും ആവശ്യപ്പെട്ടു. സ്വന്തമായി കഴുത്തുമുറിച്ച് ആത്മഹത്യ ചെയ്യുന്നുവെന്ന് സൂര്യയുടെ പേരിലും കാമുകിയുടെ മരണത്തില്‍ മനംനൊന്ത് താന്‍ ആത്മഹത്യ ചെയ്യുന്നതായുള്ള മറ്റൊരു കത്തും തയ്യാറാക്കി ഷിജു ബാഗില്‍ സൂക്ഷിച്ചിരുന്നു. ഈ കത്തുകളാണ് ഷിജു ആത്മഹത്യയ്ക്കു ശ്രമിച്ച ലോഡ്ജില്‍ സൂര്യയുടെ ബാഗില്‍ നിന്ന് കണ്ടെടുത്തത്.
ബുധനാഴ്ച രാവിലെ സ്‌കൂട്ടറില്‍ വെഞ്ഞാറമൂട്ടിലെത്തിയ സൂര്യ സ്‌കൂട്ടര്‍ അവിടെ വച്ച ശേഷം ഷിജുവിനെ വിളിച്ചു. ഇരുവരും സ്വകാര്യബസില്‍ ആറ്റിങ്ങലിലെത്തി. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപത്തെ തുണിക്കടയിലേക്ക് പോകാനെന്നുപറഞ്ഞ് സൂര്യയെ കൂട്ടി നടന്നു. കടയ്ക്കു മുന്നിലെത്തിയപ്പോള്‍ ചില കാര്യങ്ങള്‍ സംസാരിക്കണമെന്ന് പറഞ്ഞ് സൂര്യയെ കടയുടെ സമീപത്തെ ഇടവഴിയിലേക്ക് കൂട്ടിക്കൊണ്ടുപോയി.
സംസാരത്തിനിടെ സൂര്യയ്ക്ക് അന്യ പുരുഷന്മാരുമായുള്ള ബന്ധത്തെക്കുറിച്ച് ഷിജു സംസാരിച്ചു. ഇത് കേള്‍ക്കാനിഷ്ടമില്ലെന്നു പറഞ്ഞ് സൂര്യ തിരിഞ്ഞ് നടക്കാന്‍ തുടങ്ങിയപ്പോള്‍ ഷിജു സൂര്യയുടെ മുടിക്കു കുത്തിപ്പിടിച്ച് ബാഗില്‍ കരുതിയിരുന്ന വെട്ടുകത്തിയെടുത്ത് കഴുത്തില്‍ തുരുതുരെ വെട്ടുകയായിരുന്നു. മരണം ഉറപ്പാക്കിയശേഷം വെട്ടുകത്തി സമീപത്തെ പുരയിടത്തിലേക്കെറിഞ്ഞ് കെഎസ്ആര്‍ടിസി ബസില്‍ കൊല്ലത്തെത്തി ലോഡ്ജില്‍ മുറിയെടുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു.