ഡോക്ടർ എ. സി. രാജീവ് കുമാർ
യുകെ പോലെ തണുപ്പുകൂടിയ പാശ്ചാത്യരാജ്യങ്ങളിലെ ജനങ്ങളെ അലട്ടുന്ന പ്രധാന രോഗങ്ങളിൽ ഒന്നാണ് ആർത്രൈറ്റിസ്. യുകെയിൽ ഏതാണ്ട് 10 മില്യൺ ജനങ്ങൾക്ക് ആർത്രൈറ്റിസൊ സമാനമായ രോഗലക്ഷണങ്ങളോ മൂലം വലയുന്നവരാണ്. ചൂടുകൂടിയ രാജ്യങ്ങളിൽനിന്ന് കുടിയേറിയ ഇന്ത്യക്കാർ ഉൾപ്പെടുന്ന ഏഷ്യൻ എത്തിനിക്സ് മൈനോറിറ്റീസിന് സാധാരണ ഇംഗ്ലീഷുകാരെക്കാൾ ആർത്രൈറ്റിസ് വരാനുള്ള സാധ്യത മൂന്ന് മടങ്ങ് കൂടുതലാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിനാൽ തന്നെ മലയാളികൾ ഉൾപ്പെടുന്ന കുടിയേറ്റ വിഭാഗത്തിൻെറ ഒരു പ്രധാന വെല്ലുവിളിയാണ് ആർത്രൈറ്റിസ് രോഗം.
കുട്ടികൾ ഉൾപ്പെടെ ഏത് പ്രായത്തിലുള്ളവർക്കും ആർത്രൈറ്റിസ് ഉണ്ടാവുമെങ്കിലും 40 വയസ്സിനോട് അടുക്കുമ്പോഴാണ് രോഗ ലക്ഷണങ്ങൾ പ്രകടമാകുന്നത്. മൂന്ന് വിഭാഗങ്ങളിലുള്ള ആർത്രൈറ്റിസ് രോഗമാണ് പ്രധാനമായും യുകെയിൽ കാണപ്പെടുന്നത്. ഇതിൽ യുകെയിലെ 90 ശതമാനം രോഗികളെയും ബാധിച്ചിരിക്കുന്നത് റൂമറ്റോയ്ഡ് ആർത്രൈറ്റിസ് ആണ്. യുകെയിൽ കുടിയേറിയ മലയാളികൾ നാല്പതുകൾ പിന്നിട്ടതോടു കൂടി നിരവധി പേരിലാണ് ആർത്രൈറ്റിസിൻെറ രോഗലക്ഷണങ്ങൾ പ്രകടമാകുന്നത്.
തണുപ്പ് കാലാവസ്ഥയിലും ഏറെ തണുപ്പ് ഉള്ളിടത്തും ഒട്ടേറെ ആളുകൾ ആർത്രൈറ്റിസ് മൂലം വേദനയും അസ്വസ്ഥതകളും കൊണ്ട് പ്രയാസപ്പെടുന്നുണ്ട്. ആയുർവ്വേദം ഈ രോഗാവസ്ഥകളെ വാത രോഗം ആയിട്ടാണ് പറയുക. ശരീരത്തിലെ ചലനം സംബന്ധിച്ച എല്ലാ പ്രവർത്തനങ്ങൾക്കും കാരണമായി കരുതുന്നത് വാതത്തിന്റെ സംതുലിതമായ അവസ്ഥ ആണ്. രൂക്ഷത ലഘുത്വം ശീത ഖര സ്വഭാവം ഉള്ള വാതം കണ്ണിനു കാണാനാവാത്തത്ര സൂക്ഷ്മവുമാണ്. സമാന ഗുണം കൊണ്ട് വാതത്തിനുനടക്കുന്ന വർദ്ധന പലവിധ രോഗങ്ങൾക്കിടയാക്കുന്നു. അത്തരത്തിൽ ഉള്ള ഒരു വിഭാഗം അസ്വസ്ഥതകളെ ആണ് ഇവിടെ പറയുന്നത്. ശരീരത്തിലെ അസ്‌ഥി സന്ധികളുടെ ചലനം അസാധ്യം ആക്കും വിധം ഉള്ള അസ്വസ്ഥകൾക്ക് പൊതുവെ വാത രോഗം എന്നോ ആർത്രൈറ്റിസ്, സന്ധി വാതം എന്നോ ഒക്കെ പറയപ്പെടുന്നു.
യുകെയിലും മറ്റും തണുപ്പ് ഏറി വരുന്ന ഈ കാലാവസ്ഥകളിൽ ഉണ്ടാകുന്ന ഇത്തരം രോഗാവസ്ഥയെ അതി ജീവിക്കാൻ ആയുർവ്വേദം ഫലപ്രദമാകും. ചൂട് വെള്ളം മാത്രം കുടിക്കുക. ചുക്ക് ഇട്ടു തിളപ്പിച്ച വെള്ളം ചെറിയ ചൂടോടു കൂടി കുടിക്കുക. ചൂട് ഉള്ള ആഹാരം കഴിക്കുക. ആയുർവേദ തൈലം ചൂടാക്കി ദേഹത്ത് തടവി ചൂട് വെള്ളത്തിൽ കുളിക്കുക. ദഹിക്കാൻ പ്രയാസം ഇല്ലാത്ത ആഹാരങ്ങൾ കഴിക്കുവാനും ശ്രദ്ധിക്കുക. തണുപ്പ് തട്ടാതെ ശരീരം എപ്പോഴും ചൂട് നിലനിർത്താൻ സഹായിക്കുന്ന വസ്ത്രം ധരിക്കുകയും വേണം.
സന്ധികളുടെ ചലനം വേദനയോടെ ആകുന്ന അവസ്ഥ. ചലനം അസാധ്യം ആക്കുന്ന നിയന്ത്രക്കപ്പെടുന്ന അവസ്ഥ ആണ് സന്ധിവാത ലക്ഷണം. ചെറുതും വലുതുമായ സന്ധികൾക്ക് മുറുക്കം, ഇറുക്കം, ഞെരുക്കം, വേദന, നീർക്കെട്ട് എന്നിവയോടു കൂടി ചലനം അസാദ്ധ്യമാക്കുന്ന ഒരു രോഗം ആണ് സന്ധിവാതം. പ്രായമായവരിൽ മാത്രം ആണ് ഈ രോഗം എന്ന പഴയ ധാരണക്ക് മാറ്റം വന്നിട്ടുണ്ട്. ഏതു പ്രായക്കാരിലും വ്യാപകമായി കണ്ടു വരുന്ന ഒരു രോഗാവസ്ഥ ആയി സന്ധിവാതം മാറിയിട്ടുണ്ട്.
സന്ധികളിലെ തരുണാസ്ഥികൾക്ക് ഉണ്ടാകുന്ന അപചയം മൂലം ഉണ്ടാകുന്ന ഓസ്റ്റിയോ ആർത്രൈറ്റിസ് ഇതിൽ ഒരു ഇനം സന്ധിവാത രോഗമാണ്. പ്രായമായവരിൽ ഏറെ കണ്ടുവരുന്ന സന്ധിവേദന, സന്ധി ഞെരുക്കവും ആണ് പ്രധാനം. പരുക്ക് ക്ഷതം എന്നിവ മൂലമോ അമിത അദ്ധ്വാനം, ടെന്നീസ്, ഷട്ടിൽ ബാട്മിന്റൺ, എന്നവയാൽ സന്ധികൾ അമിതമായി ഉപയോഗിക്കയാലോ, സന്ധികൾക്കു ഈ അവസ്ഥ ഉണ്ടാകും. കൈത്തണ്ട, കൈമുട്ട്, തോൾ എന്നീ സന്ധികൾ, കാൽമുട്ടുകൾ, ഇടുപ്പ് , നട്ടെല്ല് എന്നിവിടങ്ങളിൽ ഭാരം എടുക്കുമ്പോൾ ഉള്ള വേദന ഉണ്ടാക്കുന്നതും ഇക്കാരണത്താലാണ്.
പല സന്ധികളിൽ ഒരുമിച്ചു തന്നെ ബാധിക്കുന്നതും ദീർഘകാലം നീണ്ടു നിക്കുന്നതുമായ സന്ധിവാത രോഗങ്ങൾക്ക് റൂമറ്റോയിഡ് ആർത്രൈറ്റിസ് എന്നു പറയും. ചെറിയ സന്ധികളുടെ അരികുകൾ വീർത്തു, നീർക്കെട്ട് ഉണ്ടായി സമീപ കോശങ്ങളിൽ വ്യാപിച്ചു സന്ധികളുടെ പ്രതലത്തെ ദുർബലമാക്കി നീർക്കെട്ടും വേദനയും മുറുക്കവും മൂലം ചലനം അസാധ്യം ആക്കുന്നു. കൈകളുടെയും കാലുകളുടെയും സന്ധികളെ ആണ് സാധാരണ ബാധിക്കുക.
ശരീരത്തിന്റെ നേടും തൂണായ നട്ടെല്ലിനേയും, തോൾസന്ധി ഇടുപ്പ് കാൽമുട്ട് എന്നിവയെയും ബന്ധിപ്പിക്കുന്ന സന്ധികൾക്കും ഉണ്ടാകുന്ന വാത രോഗങ്ങൾ ആണ് അങ്കിലോസിങ് സ്പോണ്ടിലൈറ്റിസ് എന്ന് അറിയപ്പെടുന്നത്. കഴുത്തിൽ ഉള്ള കശേരുക്കളെ ചേർത്ത് നിർത്തി തോൾ സന്ധിയുടെയും കൈകളുടെയും പ്രവർത്തനം നിയന്ത്രിക്കുന്ന പേശികൾ, നാഡികൾ, കണ്ഠരകൾ എന്നിവക്ക് ഉണ്ടാകുന്ന തകരാർ മൂലം അപബഹുകം എന്ന രോഗം ഉണ്ടാക്കുന്നതായി ആയുർവേദ ഗ്രൻഥങ്ങളിൽ പറയുന്നു. സെർവൈക്കൽ സ്പോണ്ടിലോസിസ് എന്നു പറയുന്ന അവസ്ഥ ഇതു തന്നെ ആണ്. നട്ടെല്ലിന്റെ കീഴറ്റത്തുള്ള ലംബാർ കശേരുക്കളെ ബന്ധിപ്പിക്കുന്ന പേശികൾ നാഡികൾ കണ്ഠരകൾ എന്നിവയാണല്ലോ കാലുകളുടെ പ്രവർത്തനം നിർവഹിക്കുന്നത്. ഇവിടെ ഉണ്ടാകുന്ന തകരാറുകൾ ഗൃധ്രസി എന്ന രോഗത്തിന് ഇടയാക്കുന്നതായി ആയുർവ്വേദം പറയുന്നു. ലംബാർ സ്പോണ്ടിലോസിസും ആയി സാദൃശ്യം ആയ രോഗാവസ്‌ഥ ആണിത്.
ഇത്തരത്തിൽ സന്ധികളെ ആശ്രയിച്ചുണ്ടാകുന്ന ചലന തകരാറുകളെ പൊതുവെ സന്ധിവാതം എന്നു പറയും. ഇവക്കെല്ലാം ചലനം വീണ്ടെടുക്കാൻ ആവശ്യം ആയ നിരവധി മാർഗങ്ങൾ ആയുവേദം നിർദേശിക്കുന്നുണ്ട്. ഔഷധം ആഹാരം വ്യായാമം ചികിത്സാ ക്രമങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഉഴിച്ചിൽ, ഇലക്കിഴി, കഷായക്കിഴി, ലേപനം, ധാര, വിവിധ തരം വസ്തി, പഞ്ചകർമ്മ ചികിത്സ എന്നിവയും നിദ്ദേശിക്കുന്നു. രോഗം, രോഗിയുടെയും രോഗത്തിന്റെയും അവസ്ഥ സ്വഭാവം എല്ലാം അറിഞ്ഞുള്ള അനുയോജ്യമായ ചികിത്സ രോഗ ശാന്തിക്ക് ഇടയാക്കും.
ഡോക്ടർ എ. സി. രാജീവ് കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ് കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്. മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് . ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.
രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154
Leave a Reply