ലോകത്തിലെ ജൈവവൈവിധ്യത്താല്‍ സമ്പന്നമായ രാജ്യങ്ങളിലൊന്നാണ് ഓസ്‌ട്രേലിയ. എന്നാല്‍ രാജ്യത്തിന് ഇപ്പോഴത്തെ പ്രധാന ഭീഷണി പൂച്ചയാണ്. ഓസ്‌ട്രേലിയയില്‍ ഏകദേശം 60 ലക്ഷത്തോളം പൂച്ചകള്‍ തെരുവുകളിലുണ്ടെന്നാണ് കണക്ക്. 17ാം നൂറ്റാണ്ടില്‍ യൂറോപ്യന്മാരാണ് ഇത്തരം പൂച്ചകളെ ഇവിടേക്ക് കൊണ്ടുവന്നത്.

പിന്നീട് അവ പെറ്റുപെരുകി നാട്ടിലിറങ്ങി നാശംവിതയ്ക്കാന്‍ തുടങ്ങി. ചെറുകാടുകളിലും നാട്ടിലുമായി അലഞ്ഞു തിരിഞ്ഞ് നടക്കുന്ന പൂച്ചകള്‍ ചെറു ജീവികളേയും പക്ഷികളേയുമാണ് ആഹാരമാക്കുന്നത്. പൂച്ചകളുടെ ശല്യം കാരണം ബ്രഷ് ടെയ്ല്‍ഡ് റാബിറ്റ് റാറ്റ്, ഗോള്‍ഡന്‍ ബാന്റികൂട്ട് എന്നീ എലികളും വംശനാശഭീഷണി നേരിടുകയാണ്. ഇതോടെ 20 ലക്ഷം പൂച്ചകളെ അടുത്ത വര്‍ഷത്തോടെ ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍.

2015 ലാണ് ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് അലഞ്ഞ് തിരിഞ്ഞു നടക്കുന്ന പൂച്ചകളെ കൊല്ലാനുള്ള പദ്ധതി ഒരുക്കിയത്. ആദ്യവര്‍ഷത്തില്‍ തന്നെ രണ്ട് ലക്ഷത്തോളം പൂച്ചകളെ കൊന്നൊടുക്കിയെന്നാണ് ഔദ്യോഗിക കണക്ക് സൂചിപ്പിക്കുന്നത്. ആദ്യഘട്ടത്തില്‍ കെണിവെച്ച് പിടിച്ചും വെടിവെച്ചുമാണ് പൂച്ചകളെ കൊന്നതെങ്കില്‍ ഇപ്പോള്‍ വിഷം കലര്‍ത്തിയ ഭക്ഷണം നല്‍കിയാണ് ഇവയെ കൊല്ലുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കംഗാരു, കോഴി തുടങ്ങിയവയുടെ മാംസം പാകം ചെയ്ത് വിഷം കലര്‍ത്തിയ ശേഷം വ്യോമമാര്‍ഗം ഈ ജീവികളുടെ സഞ്ചാരപാതകളില്‍ കൊണ്ടിടുകയാണ് ചെയ്യുന്നത്. ഇത് ഭക്ഷിച്ച് 15 മിനിറ്റിനുള്ളില്‍ പൂച്ച ചാവുകയാണ് പതിവ്. പൂച്ചകളെ കൊന്നൊടുക്കിയില്ലെങ്കില്‍ മറ്റ് ചെറുജീവജാലങ്ങള്‍ നാമാവശേഷമായേക്കുമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞന്മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മറ്റ് ജീവിവര്‍ഗങ്ങളെ സംരക്ഷിക്കാനായി പൂച്ചകളെ കൊന്നൊടുക്കുന്നതിനെതിരെ പരിസ്ഥിതിവാദികള്‍ രംഗത്തെത്തിയിട്ടുണ്ട്. ജീവിവര്‍ഗങ്ങളുടെ നാശത്തിന് കാരണം പൂച്ചകളുടെ ആക്രമണം മാത്രമല്ലെന്നാണ് ഇവരുടെ വാദം. വന്‍തോതിലുള്ള നഗരവത്കരണം, വനനശീകരണം, ഖനനം എന്നിവയും ജീവികളുടെ വംശനാശത്തിന് കാരണമായേക്കുമെന്ന് ഇവര്‍ പറയുന്നു.