ബലാത്സംഗക്കേസുകളില്‍ അന്വേഷണവും വിചാരണയും നടക്കുന്നതിനിടെ ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധമാണ് നടന്നതെന്ന അവകാശവാദം കുറ്റാരോപിതര്‍ നടത്താറുണ്ട്. എന്നാല്‍ നടന്നത് കുറ്റകൃത്യമാണെന്ന് തെളിയിക്കാന്‍ അതജീവിതര്‍ക്ക് വലിയ നിയമയുദ്ധംതന്നെ നടത്തേണ്ടിവരാറുണ്ട്. ഓസ്ട്രേലിയയിലെ ന്യൂസൗത്ത്വെയില്‍സ് സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം പാസാക്കിയ അഫര്‍മേറ്റീവ് കണ്‍സന്റ് ബില്ലിന്റെ പ്രാധാന്യം അവിടെയാണ്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് പങ്കാളിയുടെ അനുമതി ഉള്ളതായി അനുമാനിക്കപ്പെട്ടാല്‍ മാത്രംപോരാ, അനുമതി ഉണ്ടെന്ന് കൃത്യമായി ആശയവിനമയം ചെയ്തിരിക്കണം എന്ന് നിഷ്‌കര്‍ഷിക്കുന്നതാണ് പുതിയ നിയമം. എസ്തർ ( എസ്തർ എന്നത് യഥാർഥ പേരല്ല, അതിജീവിതകളുടെ പേര് വെളിപ്പെടുത്തുന്നതിന് ഇന്ത്യയിൽ നിയമപരമായ പരിമിതി ഉണ്ട്) എന്ന യുവതി നടത്തിയ ധീരമായ പോരാട്ടത്തിന്റെ ഫലമായാണ് ഇത്തരമൊരു നിയമം ന്യൂസൗത്ത്വെയില്‍സ് ഗവണ്‍മെന്റിന് പാസാക്കേണ്ടിവന്നത്. അഞ്ചുവര്‍ഷം നീണ്ട നിയമ പോരാട്ടത്തിന് അവരെ പ്രേരിപ്പിച്ചതാകട്ടെ 18-ാം വയസില്‍ നൈറ്റ് ക്ലബ്ബില്‍വച്ച് നേരിടേണ്ടിവന്ന ലൈംഗിക അതിക്രമവും.

2013 മെയ് 11-നാണ് എസ്തർ ഉറ്റസുഹൃത്തായ ബ്രിട്നി വാട്സിനൊപ്പം സിഡ്നിയിലേക്ക് ഒന്ന് കറങ്ങാന്‍ പോകുന്നത്. നൈറ്റ്ക്ലബ് സന്ദര്‍ശനം അടക്കമുള്ളവ യായിരുന്നു അവരുടെ പദ്ധതികള്‍. 18-വയസ് മാത്രം പ്രായമുണ്ടായിരുന്ന അവര്‍ പണം അധികം ചിലവാക്കാതെതന്നെ ഒന്ന് ആഘോഷിച്ച് മടങ്ങാനാണ് തീരുമാനിച്ചിരുന്നത്. സോഹോ നൈറ്റ് ക്ലബ്ബാണ് അന്നവര്‍ സന്ദര്‍ശിച്ചത്. സോഹോയുടെ ഉടമകളില്‍ ഒരാളും സമ്പന്നനുമായ ആന്‍ഡ്രൂ ലാസറസിന്റെ മകന്‍ ലൂക്ക് എന്ന 21-കാരന്‍ അവിടുത്തെ പതിവ് സന്ദര്‍ശനവും നൈറ്റ് ക്ലബ്ബിന്റെ മാര്‍ക്കറ്റിങ് ജോലികളില്‍ ഏര്‍പ്പെട്ടിരുന്നയാളും ആയിരുന്നു. രാത്രി സോഹോയിലെത്തിയ യുവതികള്‍ പിന്നീട് പുറത്തുപോകുകയും രാത്രി വൈകി വീണ്ടും തിരിച്ചെത്തുകയും ചെയ്തു. ഈ സമയത്ത് നൈറ്റ് ക്ലബ്ബിലെ ഡാന്‍സ് ഫ്ളോറില്‍ അധികം ആരുമുണ്ടായിരുന്നില്ല. എന്നാല്‍ 18-വയസുകാരികള്‍ അതൊന്നും കാര്യമാക്കാതെ നൈറ്റ് ക്ലബ്ബില്‍ തുടര്‍ന്നു. ഈ സമയത്താണ് നൈറ്റ് ക്ലബ് ഉടമകളില്‍ ഒരാളുടെ മകനായ ലൂക്ക് ലാസറസ് നൃത്തംചെയ്യാന്‍ എസ്തറിനൊപ്പം കൂടുന്നത്. നൈറ്റ് ക്ലബ് ഉടമകളില്‍ ഒരാളാണെന്ന് സ്വയം പരിചയപ്പെടുത്തിയ യുവാവ് ഒരു തിരിച്ചറിയല്‍ കാര്‍ഡ് അവരെ കാണിക്കുകയും ചെയ്തു. നൃത്തംചെയ്യുന്നതിനിടെ സുഹൃത്ത് ബ്രിട്സി വാട്സിനെ കാണാതായെന്ന് എസ്തർ പറയുന്നു. അവരെവിടെ എന്ന് മെസേജ് അയച്ച് അന്വേഷിച്ചു. ഇതിനിടെ സാക്സണെ വിഐപി ഏരിയയിലേക്ക് കൊണ്ടുപോകാം എന്ന് വാഗ്ദാനംചെയ്ത് ലൂക്ക് ലാസറസ് അവരെ നൈറ്റ് ക്ലബ്ബിന് പിന്‍വശത്തേക്ക് കൂട്ടിക്കൊണ്ടുപോയി. സംശയം തോന്നിയ എസ്തർ സുഹൃത്തിന്റെ അടുത്തേക്ക് പോകണമെന്ന് നിര്‍ബന്ധംപിടിച്ചുവെങ്കിലും ലൂക്ക് അനുവദിച്ചില്ല. തുടര്‍ന്ന് അയാള്‍ അവരെ ബലാത്സംഗംചെയ്തു. പിന്നീട് പൊട്ടിക്കരഞ്ഞുകൊണ്ട് സുഹൃത്തായ ബ്രിട്നി വാട്സിനടുത്തേക്ക് ഓടിയെന്നാണ് എസ്തർ പറയുന്നത്. തുടര്‍ന്ന് പരിക്കേറ്റ നിലയില്‍ സഹോദരി അര്‍ണിക്കയുടെ വീട്ടില്‍ രണ്ട് യുവതികളും എത്തിയതിന് പിന്നാലെ പോലീസില്‍ വിവരം അറിയിക്കണമെന്ന് അര്‍ണിക്ക നിര്‍ബന്ധിക്കുകയായിരുന്നു. ഇതോടെ വിവരം അധികൃതരെ അറിയിക്കുകയും നിയമ നടപടികള്‍ പൂര്‍ത്തിയാക്കി അവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

സംഭവം നടന്ന് മൂന്ന് മാസങ്ങള്‍ക്കുശേഷം 2013 ഓഗസ്റ്റില്‍ ലൂക്ക് ലാസറസിനെതിരേ ഉഭയസമ്മതമില്ലാതെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടുവെന്ന കുറ്റം ചുമത്തി. 2015 ല്‍ കേസിന്റെ വിചാരണ തുടങ്ങുകയുംചെയ്തു. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ സാക്സണിന്റെ സമ്മതമുണ്ടെന്നാണ് താന്‍ കരുതിയിരുന്നതെന്ന് ലൂക്ക് കോടതിയില്‍ പറഞ്ഞു. തന്നെ ഉപദ്രവിക്കരുതെന്ന് ഒരു ഘട്ടത്തില്‍ ലൂക്കിനോട് പറഞ്ഞുവെന്നാണ് ഓര്‍ക്കുന്നത് എന്ന തരത്തില്‍ എസ്തർ പോലീസിന് നല്‍കിയ മൊഴി ചൂണ്ടിക്കാട്ടി ലൂക്കിന്റെ അഭിഭാഷകര്‍ എസ്തറിന്റെ വാദഗതികള്‍ തള്ളാന്‍ ശ്രമം നടത്തി. എന്നാല്‍ ഇത്തരം ചെറിയ പ്രശ്നങ്ങള്‍ ബലാത്സംഗ പരാതികളില്‍ ഉണ്ടാവുക സ്വാഭാവികമാണെന്ന നിലപാടില്‍ അധികൃതര്‍ എത്തി.

വിചാരണയ്ക്കിടെ, എസ്തറിന്റെ സമ്മതത്തോടെയല്ല താന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന് ഇപ്പോള്‍ തിരിച്ചറിയുന്നുവെന്ന് ലൂക്ക് തുറന്ന് സമ്മതിച്ചു. തുടര്‍ന്ന് ലൂക്കിനെ അഞ്ചുവര്‍ഷം തടവ് ശിക്ഷ വിധിച്ചു.

ലൂക്ക് ലാസറസിന്റെ അഭിഭാഷകര്‍ ശിക്ഷാ വിധിക്കെതിരേ അപ്പീല്‍ ഫയല്‍ചെയ്തതോടെ ശിക്ഷ ലഭിച്ച് 11 മാസത്തിനുശേഷം അയാള്‍ പുറത്തിറങ്ങി. കേസില്‍ പുനര്‍വിചാരണയ്ക്ക് കളമൊരുങ്ങുകയും ചെയ്തു. ലൈംഗിക ബന്ധത്തിന് അനുമതി നല്‍കിയിരുന്നില്ല എന്ന എസ്തറിന്റെ വാദത്തിന് വേണ്ടത്ര പിന്‍ബലമില്ലെന്ന് പുതുതായി കേസില്‍ വാദംകേട്ട ജഡ്ജി വിലയിരുത്തി. അവരുടെ മൗനം സമ്മതമാണെന്ന വാദവും കോടതിയില്‍ ഉയര്‍ന്നു. എസ്തർ ആദ്യദിവസം പോലീസിന് നല്‍കിയ മൊഴിയില്‍ ഉപദ്രവിക്കരുതെന്ന് പറഞ്ഞുവെന്നാണ് കരുതുന്നത് എന്ന് വ്യക്തമാക്കിയതും കോടതിയില്‍ ചൂണ്ടിക്കാട്ടപ്പെട്ടു. സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെടാന്‍ അതിജീവിത ശ്രമിച്ചില്ല എന്നകാര്യവും കോടതി ചൂണ്ടിക്കാട്ടി.

അതിജീവിതയുടെ പെരുമാറ്റത്തില്‍നിന്ന് അവര്‍ ലൈംഗിക ബന്ധത്തിന് അനുമതി നല്‍കിയിരുന്നുവെന്നാണ് അനുമാനിക്കാന്‍ കഴിയുന്നതെന്ന് കോടതി വ്യക്തമാക്കി. 2017 മെയ് നാലിന് ലൂക്ക് ലാസറസ് കുറ്റവിമുക്തനാക്കപ്പെട്ടു.

അതിജീവിത സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെടാന്‍ ശ്രമം നടത്താതിരുന്നത് പെട്ടെന്ന് നേരിടേണ്ടിവന്ന അതിക്രമത്തില്‍ മരവിച്ചു പോയതുകൊണ്ടാകാം എന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ലൂക്കിനെ വെറുതെവിട്ടതിനെതിരെ നിയമനടപടിക്ക് ശ്രമിച്ചെങ്കിലും കോടതി അനുകൂലിച്ചില്ല. സംഭവം നടന്നിട്ട് അഞ്ച് വര്‍ഷം കഴിഞ്ഞുവെന്നും ലൂക്ക് പലതവണ വിചാരണ നേരിട്ടുവെന്നും 11 മാസം ജയിലില്‍ കഴിഞ്ഞുവെന്നും കോടതി ചൂണ്ടിക്കാട്ടി. കോടതിവിധി അതിജീവിതക്ക് കനത്ത ആഘാതമാണ് സൃഷ്ടിച്ചത്. എന്നാല്‍ പരാജയപ്പെട്ട് പിന്മാറാന്‍ അവര്‍ തയ്യാറായിരുന്നില്ല. നിലവിലെ നീതിന്യായ വ്യവസ്ഥയില്‍നിന്ന് നീതി ലഭിക്കില്ലെന്ന് വ്യക്തമായതോടെ പോരാട്ടത്തിന് ഇറങ്ങാന്‍ അവര്‍ തീരുമാനമെടുത്തു.

2018 ല്‍ പേര് വെളിപ്പെടുത്തിക്കൊണ്ട് അവര്‍ താന്‍ നേരിട്ട ലൈംഗിക അതിക്രമത്തെക്കുറിച്ച് ഓസ്ട്രേലിയന്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്റെ ഫോര്‍ കോര്‍ണേഴ്സ് എന്ന പരിപാടിയില്‍ പ്രത്യക്ഷപ്പെട്ടു. വലിയ കോളിളക്കമാണ് അവരുടെ വെളിപ്പെടുത്തല്‍ ഓസ്ട്രേലിയയില്‍ ഉണ്ടാക്കിയത്. ഇതേത്തുടര്‍ന്നാണ് ഓസ്ട്രേലിയയിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനമായ ന്യൂ സൗത്ത്വെയ്ല്‍സ് അഫര്‍മേറ്റീവ് കണ്‍സെന്റ് ബില്‍ പാസാക്കാനുള്ള നീക്കം തുടങ്ങിയത്. ബില്‍ നിയമമായതോടെ ഓസ്ട്രേലിലയിലെ സ്ത്രീ സുരക്ഷയുമായ ബന്ധപ്പെട്ട വിഷയങ്ങളില്‍ വലിയ മുന്നേറ്റമുണ്ടാകുമെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അഭിപ്രായപ്പെട്ടത്.

ലൈംഗിക ബന്ധത്തിന് ഒരുതവണ നല്‍കിയ അനുമതി അത്തരംകാര്യങ്ങള്‍ ആവര്‍ത്തിക്കുന്നതിനുള്ള അനുമതിയല്ലെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. പുതിയ നിയമംനിര്‍മാണം തനിക്ക് വലിയ ആശ്വാസം നല്‍കുന്നതാണ് എന്നാണ് അതിജീവിത പ്രതികരിച്ചത്. നിയമം ഭേദഗതി ചെയ്യപ്പെടുന്നതോടെ തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവം ഇല്ലാതാകുന്നില്ല. എന്നാല്‍ താന്‍ നേരിട്ട മാനസിക സംഘര്‍ഷത്തിലൂടെ മറ്റാര്‍ക്കും കടന്നുപോകേണ്ടിവരാതിരിക്കാന്‍ പുതിയ നിയമം സുരക്ഷ നല്‍കട്ടെയെന്ന് അവര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. ഇതുകൊണ്ട് തന്റെ പോരാട്ടം അവസാനിക്കില്ലെന്നും ഇത്തരം നിയമങ്ങള്‍ എല്ലാ രാജ്യത്തും പ്രാബല്യത്തില്‍ കൊണ്ടുവരുത്തുന്നതിനായി ശ്രമം നടത്തുമെന്നും അവര്‍ പറയുന്നു. ബലാത്സംഗക്കേസുകളില്‍പ്പെടുന്ന സ്ത്രീകള്‍ നീതിന്യായ വ്യവസ്ഥയില്‍നിന്ന് നേരിടേണ്ടിവരുന്ന കടുത്ത മാനസിക പീഡനങ്ങള്‍ ഒഴിവാക്കാനുള്ള പരിശ്രമങ്ങള്‍ ഇനിയും ഒരുപാട് നടത്തേണ്ടതുണ്ട്. അതിജീവിതകള്‍ക്ക് നീതിന്യായ വ്യവസ്ഥയില്‍നിന്ന് നീതി ലഭിക്കുന്നുവെന്നത് ആശ്യാസമാണ്. എന്നാല്‍ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിനിടെ കടുത്ത മാനസിക പീഡനങ്ങളാണ് പലര്‍ക്കും നേരിടേണ്ടിവരുന്നത്. അതെല്ലാം അവസാനിക്കണമെന്നും അവര്‍ പറയുന്നു.

ഓസ്ട്രേലിയയില്‍ അഞ്ച് സ്ത്രീകളില്‍ ഒരാള്‍ ലൈംഗിക അതിക്രമം നേരിടുന്നുവെന്നാണ് 2019 ല്‍ പുറത്തുവന്ന ഓസ്ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. മൂന്ന് സ്ത്രീകളില്‍ ഒരാള്‍ക്ക് ശാരീരിക അതിക്രമം നേരിടേണ്ടിവരുന്നു. പത്ത് സ്ത്രീകളില്‍ ഒരാള്‍ക്ക് അജ്ഞാത വ്യക്തിയില്‍നിന്നും ആക്രമണം നേരിടേണ്ടി വരുന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 2012 ല്‍ ഐറിഷ് വനിത മെല്‍ബണില്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം വ്യാപക പ്രതിഷേധത്തിനും ജനങ്ങള്‍ തെരുവില്‍ ഇറങ്ങുന്നതിനും ഇടയാക്കിയിരുന്നു.