ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ റൺമഴ പെയ്യിച്ച് ആടിത്തിമിർത്ത ഗ്ലെൻ മാക്സ്‍വെല്ലിന്റെ സെഞ്ചുറി മികവിൽ ഇന്ത്യയ്ക്കെതിരായ രണ്ടാം ട്വന്റി20യിലും ഓസ്ട്രേലിയയ്ക്ക് തകർപ്പൻ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 190 റൺസാണെടുത്തത്. മറുപടി ബാറ്റിങ്ങിൽ മാക്സ്‌വെൽ തകർത്തടിച്ചതോടെ ഓസീസ് രണ്ടു പന്തു ശേഷിക്കെ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. വിജയം ഏഴു വിക്കറ്റിന്. ഇതോടെ രണ്ടു മൽസരങ്ങളടങ്ങിയ പരമ്പരയും അവർ 2–0ന് സ്വന്തമാക്കി. 11 വർഷത്തിനുശേഷമാണ് ഇന്ത്യ ഓസീസിനോട് ദ്വിരാഷ്ട്ര ട്വന്റി20 പരമ്പര അടിയറവു വയ്ക്കുന്നത്.
രാജ്യാന്തര ട്വന്റി20യിലെ മൂന്നാം സെഞ്ചുറിയുമായി മിന്നിത്തിളങ്ങിയ മാക്സ്‌വെൽ 55 പന്തിൽ ഏഴു ബൗണ്ടറിയും ഒൻപതു സിക്സും സഹിതം 113 റൺസുമായി പുറത്താകാതെ നിന്നു. പീറ്റർ ഹാൻഡ്സ്കോംബ് 18 പന്തിൽ ഒരു ബൗണ്ടറി സഹിതം 20 റൺസെടുത്ത് മാക്സ്‌വെല്ലിന് കൂട്ടുനിന്നു. പിരിയാത്ത നാലാം വിക്കറ്റിൽ മാക്സ്‍വെൽ – ഹാൻഡ്സ്കോംബ് സഖ്യം 52 പന്തിൽ 99 റൺസാണ് കൂട്ടിച്ചേർത്തത്.
ഓപ്പണർ ഡാർസി ഷോർട്ട് (28 പന്തിൽ 40), മാർക്കസ് സ്റ്റോയ്നിസ് (11 പന്തിൽ ഏഴ്), ആരോൺ ഫിഞ്ച് (ഏഴു പന്തിൽ എട്ട്) എന്നിവരാണ് ഓസീസ് നിരയിൽ പുറത്തായത്. ഒരു ഘട്ടത്തിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 22 റൺസ് എന്ന നിലയിൽ പതറിയ ഓസീസിനെ മൂന്നാം വിക്കറ്റിൽ ഡാർസി ഷോർട്ടിനൊപ്പവും (73), പിരിയാത്ത നാലാം വിക്കറ്റിൽ ഹാൻഡ്സ്കോംബിനൊപ്പവും (99) അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്താണ് മാക്സ്‌വെൽ കരകയറ്റിയത്. മാക്സ്‍വെൽ തന്നെ കളിയിലെ കേമൻ.
നാല് ഓവറിൽ 30 റൺസ് വഴങ്ങിയ ജസ്പ്രീത് ബുമ്രയാണ് ഇന്ത്യൻ ബോളർമാരിൽ കുറച്ചു ‘തല്ലുവാങ്ങി’യത്. വിജയ് ശങ്കർ നാല് ഓവറിൽ 38 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. യുസ്‌വേന്ദ്ര ചാഹൽ നാല് ഓവറിൽ 47 റൺസും ക്രുനാൽ പാണ്ഡ്യ 33 റൺസും സിദ്ധാർഥ് കൗൾ 3.4 ഓവറിൽ 45 റൺസും വിട്ടുകൊടുത്തു
Leave a Reply