കോട്ടയം∙ കൊറോണ വൈറസ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധിക്കിടയിലും വിദേശ രാജ്യങ്ങളിൽ സ്തുത്യർഹമായ സേവനങ്ങളിലൂടെ ഇന്ത്യക്കാർ കയ്യടി നേടുന്നത് സ്ഥിരം കാഴ്ചയാണ്. ജോലി ചെയ്യുന്നിടത്തും പഠിക്കുന്നിടത്തുമെല്ലാം ആത്മാർഥമായ പ്രവർത്തനങ്ങളിലൂടെ നാടിന്റെ യശസ്സ് ഉയർത്തുന്നവർ. ഓസ്ട്രേലിയയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ മുൻപന്തിയിലുണ്ടായിരുന്ന മലയാളി നഴ്സ് ഷാരോൺ വർഗീസിന് നന്ദിയറിയിച്ച് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ആദം ഗിൽക്രിസ്റ്റ് രംഗത്തെത്തിയത് കഴിഞ്ഞ ദിവസമാണ്. ഇതിനു പിന്നാലെ, കോവിഡ് കാലത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ബെംഗളൂരുവിൽനിന്നുള്ള വിദ്യാർഥി ശ്രേയസ് ശ്രേഷ്ഠിനെ അഭിനന്ദിച്ച് മറ്റൊരു ഓസീസ് താരം ഡേവിഡ് വാർണറും ഇതാ രംഗത്ത്.

ദ ഓസ്ട്രേലിയൻ ട്രേഡ് ആൻഡ് ഇൻവെസ്റ്റ്മെന്റ് കമ്മിഷന്റെ (ഓസ്ട്രേഡ്) യുട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് ഇന്ത്യൻ വിദ്യാർഥിയുടെ ആത്മാർഥമായ പ്രവർത്തനങ്ങളെ ഡേവിഡ് വാർണർ അഭിനന്ദിച്ചത്. ഓസ്ട്രേലിയയിലെ ക്വീൻസ്‌ലാൻഡ് യൂണിവേഴ്സിറ്റിയിൽ കംപ്യൂട്ടർ സയൻസ് വിദ്യാർഥിയാണ് ശ്രേയസ്.

‘എല്ലാവർക്കും നല്ലൊരു ദിനം, നമസ്തേ. കോവിഡ് 19ന്റെ സമയത്ത് നിസ്വാർഥമായി സേവനം ചെയ്ത ശ്രേയസ് ശ്രേഷ്ഠിന് നന്ദിയറിയിക്കാനാണ് ഞാനെത്തിയിരിക്കുന്നത്. ക്വീൻസ്‌ലാൻഡ് യൂണിവേഴ്സിറ്റിയിൽ കംപ്യൂട്ടർ സയൻസിൽ മാസ്റ്റേഴ്സ് ചെയ്യുകയാണ് ശ്രേയസ്. കോവിഡ് മൂലം പ്രതിസന്ധിയിലായ വിദ്യാർഥികൾക്ക് ഭക്ഷണം പാകം ചെയ്ത് എത്തിക്കുന്ന ടീമിൽ അംഗമാണ് അദ്ദേഹം’ – വാർണർ വിഡിയോയിൽ പറയുന്നു.

‘ഈ പ്രവർത്തനങ്ങൾക്ക് ഒരുപാട് നന്ദി. താങ്കളുടെ ഈ പ്രവർത്തനങ്ങളിൽ മാതാപിതാക്കളും ഇന്ത്യയും വളരെയേറെ അഭിമാനിക്കുന്നുണ്ടാകും. ഇനിയും ഈ മഹത്തായ പ്രവർത്തനങ്ങൾ തുടരുക. ഈ പ്രതിസന്ധി ഘട്ടത്തിൽ നാമെല്ലാം ഒരുമിച്ചാണ്’ – വാർണർ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കോവിഡ് കാലത്ത് നാടിന്റെ സുരക്ഷിതത്വത്തിലേക്ക് മടങ്ങാമായിരുന്നിട്ടും അതിനു തുനിയാതെ ഓസ്ട്രേലിയയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായ കോട്ടയം കുറുപ്പന്തറ സ്വദേശി ഷാരോൺ വർഗീസിന് നന്ദിയറിയിച്ച് രംഗത്തെത്തിയത് സാക്ഷാൽ ആദം ഗിൽക്രിസ്റ്റാണ്. മൂന്നു മാസം മുൻപാണ് ഷാരോൺ ഓസ്‌ട്രേലിയയിൽ നഴ്സിങ് പഠനം പൂർത്തിയാക്കിയത്.

ലോക്ഡൗണിനെത്തുടർന്ന് ആരോഗ്യപ്രവർത്തകരുടെ ദൗർലഭ്യം നേരിടേണ്ടി വന്നപ്പോഴാണ് ഓസ്ട്രേലിയ രാജ്യാന്തര വിദ്യാർഥികളുടെ സഹായം തേടിയത്. രണ്ടാമത് ആലോചിക്കാതെ ഷാരോൺ സന്നദ്ധത അറിയിച്ചു. ഓസ്ട്രേലിയയുടെ ഒപ്പമുണ്ടാകും എന്നു പറയുന്ന ഷാരോണിന്റെ വിഡിയോയാണ് അവരുടെ ആദരം പിടിച്ചുപറ്റിയത്. തുടർന്ന് ഗിൽക്രിസ്റ്റ് വിളിച്ചു. അതിന്റെ വിഡിയോയും പോസ്റ്റ് ചെയ്തു.

സിഡ്നിക്കടുത്തുള്ള വൊലങ്കങ്ങിലെ മുതിർന്നവർക്കുള്ള നഴ്സിങ് ഹോമിൽ നഴ്സാണ് ഷാരൺ ഇപ്പോൾ. അതീവ സുരക്ഷാ മുൻകരുതലുകളോടെയാണു ജോലിയെന്ന് ഷാരൺ പറയുന്നു. കുവൈത്തിൽ കോവിഡ് വാർഡിൽ ജോലി ചെയ്യുന്ന അമ്മ ആൻസിയാണ് പ്രചോദനം. അച്ഛൻ ലാലിച്ചനും കുവൈത്തിലാണ്.