ന്യൂസ് ഡെസ്ക് മലയാളം യുകെ
വിയന്ന : ക്രിപ്‌റ്റോകറൻസികൾക്ക് നികുതി ചുമത്താനുള്ള തീരുമാനവുമായി ഓസ്ട്രിയ. സ്റ്റോക്കുകളിൽ നിന്നും ബോണ്ടുകളിൽ നിന്നുമുള്ള ലാഭത്തിന് സമാനമായി ഡിജിറ്റൽ കറൻസി നിക്ഷേപങ്ങൾക്കും നികുതി ചുമത്താനാണ് നീക്കം. ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ വികസിച്ചുകൊണ്ടിരിക്കുന്ന ക്രിപ്‌റ്റോ കറൻസി മാർക്കറ്റിൽ നിന്നുള്ള വരുമാനത്തിന് നികുതി ചുമത്താനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു. ബിറ്റ്‌കോയിൻ പോലുള്ള ക്രിപ്‌റ്റോകറൻസികൾക്ക് തുല്യ പരിഗണനയാണ് നൽകുന്നതെന്ന് ഓസ്ട്രിയൻ സർക്കാർ അറിയിച്ചു. അടുത്ത വർഷം മാർച്ച് മുതൽ ക്രിപ്റ്റോ കറൻസിയിൽ നിന്നുള്ള വരുമാനത്തിന് 27.5% നികുതി ബാധകമാക്കുമെന്ന് സർക്കാർ വ്യക്തമാക്കി.
ഇത് ജനങ്ങൾക്കിടയിൽ വിശ്വാസ്യത വർധിപ്പിക്കുമെന്നും ക്രിപ്റ്റോ കറൻസിയിലേക്ക് കൂടുതൽ നിക്ഷേപങ്ങൾ ഉണ്ടാകുമെന്നും ധനകാര്യ മന്ത്രാലയം അറിയിച്ചു. 2022 മാർച്ച് 1 മുതൽ നികുതി പ്രാബല്യത്തിൽ വരും. 2021 ഫെബ്രുവരി 28-ന് ശേഷം വാങ്ങിയ ക്രിപ്‌റ്റോകറൻസികൾക്ക് മാത്രമേ നികുതി ബാധകമാകൂ. അതിന് മുമ്പ് നേടിയ ഡിജിറ്റൽ നാണയങ്ങൾ അടക്കമുള്ള ക്രിപ്റ്റോ ആസ്തികൾക്ക് പുതിയ നികുതി നിയമങ്ങൾക്ക് വിധേയമായിരിക്കില്ല.
Leave a Reply