കഥാകാരന്‍റെ കനല്‍വഴികള്‍, കാരൂര്‍ സോമന്‍ എഴുതുന്ന ആത്മകഥ, അദ്ധ്യായം 25 ഇന്ദിരാഗാന്ധിക്കയച്ച കള്ള കത്ത്

കഥാകാരന്‍റെ കനല്‍വഴികള്‍, കാരൂര്‍ സോമന്‍ എഴുതുന്ന ആത്മകഥ, അദ്ധ്യായം 25 ഇന്ദിരാഗാന്ധിക്കയച്ച കള്ള കത്ത്
August 28 06:30 2018 Print This Article

അദ്ധ്യായം – 25
ഇന്ദിരാഗാന്ധിക്കയച്ച കളള കത്ത്

ഒരു ഞായറാഴ്ച്ച ലുധിയാനയുടെ വിജനമായ ഒരു മൈതാനത്ത് ഇന്ത്യയുടെ അഭിമാനമായ ഗുസ്തിവീരന്‍ ദാരാസിംഗും പാക്കിസ്ഥാനിലെ പേരെടുത്ത മുഹമ്മദും തമ്മില്‍ നടന്ന മല്‍പ്പിടുത്തം എന്തെന്നില്ലാത്ത സുഖാനുഭൂതിയോടെ ഞാന്‍ കണ്ടു. ആ സായാഹ്നത്തില്‍ ഗുസ്തി കാണാന്‍ നൂറുകണക്കിനാള്‍ക്കാരാണ് വന്നത്. തുറന്ന പ്രദേശത്തുളള ഗുസ്തിയായതിനാല്‍ ടിക്കറ്റ് ആവശ്യമില്ലായിരുന്നു. ആര്‍ക്കും വരാം. അവര്‍ ഏറ്റുമുട്ടി മറിയുന്നതും എഴുന്നേല്‍ക്കുന്നതും കാണികള്‍ക്ക് വികാരമുണര്‍ത്തുന്നതായിരുന്നു. ചിലരുടെ മുഖത്ത് തെളിഞ്ഞു കണ്ടത് അങ്കലാപ്പായിരുന്നു. ദാരാസിംഗിനെ തോല്‍പിക്കാനാകില്ലെന്ന് അദ്ദേഹത്തിന്റെ അസാമാന്യ ധീരത തെളിയിക്കുന്നുണ്ട്. പലവട്ടം എതിരാളിയെ അദ്ദേഹം നിലം പരിശാക്കി. തുറിച്ചു നോക്കി നിന്നവര്‍ക്ക് ആശ്വാസമായി. ഇന്ത്യയുടെ മാനം ദാരാസിംഗ് രക്ഷിച്ചു. ദാരാസിംഗിനെ വിജയിയായി പ്രഖ്യാപിച്ചു. തറയില്‍ മലര്‍ന്നടിച്ച് വീണ എതിരാളി എഴുന്നേറ്റു വന്ന് ദാരാസിംഗിനെ കെട്ടിപ്പുണര്‍ന്നു.

സി.എം.സി.യില്‍ ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ എല്ലാവരുമായി നല്ല ബന്ധമുണ്ടായി. ആ കൂട്ടത്തില്‍ ഡോ. മേരിയുടെ സെക്രട്ടറി വല്‍സമ്മയ്ക്ക് എന്നോടു ചെറിയ പ്രേമം തോന്നിയിരുന്നു. എനിക്ക് ഹൃദയം കൊണ്ട് കൂടുതല്‍ അടുക്കാന്‍ കഴിഞ്ഞില്ല. ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി. സുന്ദരികളായ ധാരാളം പെണ്‍കുട്ടികള്‍ എം.ബി.ബി.എസിന് ഇന്ത്യയുടെ പല ഭാഗത്തു നിന്ന് അവിടെ പഠിക്കുന്നുണ്ട്. മലയാളികളായ ധാരാളം ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ ഒക്കെ ഈ സ്ഥാപനത്തില്‍ നിന്ന് പഠിച്ച് പുറത്തു വന്നിട്ടുണ്ട്. സി.എം.സിയില്‍ പഠിച്ചവര്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ വലിയൊരു മതിപ്പാണ്.
എന്റെ ജേഷ്ഠന്‍ ജോണിന്റെ മകന്‍ ബേബിയെ നാട്ടില്‍ നിന്ന് വരുത്തി ഞാന്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുന്ന എന്‍ജീനിയറിംഗ് കമ്പനിയില്‍ ജോലിക്കു ചേര്‍ത്തു. ലെയ്ത്തടക്കമുളള ധാരാളം മെഷീനുകള്‍ അവിടെ നിര്‍മ്മിക്കുന്നുണ്ട്. മറ്റൊരു ബന്ധുവായ ചിറ്റാറിലുളള ജോസ്, അസ്സോസ്സിയേഷനില്‍ പരിചയമുളള വാസുവിന്റെ ബന്ധു എന്നിവര്‍ക്കും ഞാനിവിടെ ജോലി വാങ്ങിക്കൊടുത്തു. ജോഗീന്ദര്‍ പാല്‍ പാണ്ഡെ മന്ത്രിയായതു കൊണ്ട് ധാരാളം ഓര്‍ഡറുകളാണ് കമ്പനിക്ക് കിട്ടുന്നത്. അധികാരത്തിലായാല്‍ ഇങ്ങനെയും ചില ഗുണങ്ങളുകണ്ടെന്ന് അന്നാണ് മനസ്സിലാക്കിയത്. മറ്റൊന്ന് ഇദ്ദേഹത്തെ മന്ത്രിയാക്കണമെന്നുളള ഒരു സംഘം പാര്‍ട്ടി പ്രവര്‍ത്തകരുടെ പേരെഴുതി ഒപ്പിട്ട അപേക്ഷ ഇന്ദിരാഗാന്ധിക്കയച്ചത് ഞാനായിരന്നു. നൂറിലധികം പേരുകള്‍ അതില്‍ സ്ഥാനമാനങ്ങള്‍ വഹിക്കുന്ന പഞ്ചാബിന്റെ പല ഭാഗത്തു നിന്നുളളവരുണ്ട്. ഈ അയയ്ക്കുന്ന അപേക്ഷയിലുളള പേരുകള്‍ ആരും തന്നെ അറിഞ്ഞ കാര്യമല്ല. ഈ പേരുകള്‍ എല്ലാം ടൈപ്പു ചെയ്ത് അതിനൊരു കത്തുമുണ്ടാക്കി പല പേരുകളുടേയും സ്ഥാനത്ത് പല പേനകള്‍ കൊണ്ട് കളള ഒപ്പിട്ടത് ഞാനാണ്. അത് റജിസ്റ്റേഡ് പോസ്റ്റില്‍ അയച്ചു.

രാഷ്ട്രീയത്തില്‍ അധികാരം കിട്ടാന്‍ വേണ്ടി ധാരാളം കളളക്കളികള്‍, അടിയൊഴുക്കുകള്‍ ഉണ്ടെന്നുളളത് അന്നാണറിഞ്ഞത്. അദ്ദേഹം മന്ത്രിയായത് ഈ കത്തിന്റെ വെളിച്ചത്തില്‍ മാത്രമായിരിക്കില്ല. നമ്മുടെ ജനാധിപത്യം എത്രമാത്രം അപകടത്തിലൂടെയാണ് ഇതു പോലുളള മഹാന്മാരാല്‍ നയിക്കുക. സത്യത്തെ അഗാധഗര്‍ത്തത്തിലേക്ക് വലിച്ചെറിയുന്നവര്‍. ഈ വ്യവസ്ഥിതി ഇങ്ങനെ പോയാല്‍ പട്ടിണിയും ദാരിദ്യവും അന്യായങ്ങളും പെറ്റു പെരുകും. അധികാരത്തില്‍ വരുന്നവന്‍ ശക്തന്മാരും പാവം ജനങ്ങള്‍ ദുര്‍ബലന്മാരുമാകുന്ന ഒരവസ്ഥ, ദുരവസ്ഥ തന്നെയാണ്. സി. എം.സി.യുടെ ഗവേണിംഗ് ബോഡി മീറ്റിംഗ് വരുമ്പോഴേക്കും എനിക്ക് ജോലി ഭാരം ഏറി വന്നു. എല്ലാ ആഴ്ചയിലും മീറ്റിംഗുകള്‍ നടക്കാറുണ്ട്. അതിന്റെ മിനിറ്റ്‌സ് തയ്യാറാക്കി എല്ലാ വകുപ്പു മേധാവികള്‍ക്കും കൊടുക്കേണ്ടത് ജി.എസിന്റെ ഓഫിസാണ്. അതിനിടയിലാണ് എല്ലാ വര്‍ഷവും കൂടുന്ന ഗവേണിംഗ് ബോഡി. അതിന്റെ ചുമതലയും ജി. എസിന്റെ ഓഫിസിനാണ്. അമേരിക്ക, ബ്രിട്ടണ്‍, എന്നിവിടങ്ങളില്‍ നിന്നുള്ളവരും വെല്ലൂരിലെ സി.എം.സി. ഡയറക്ടര്‍ അടക്കമുളള ധാരാളം മഹത് വ്യക്തികളും പങ്കെടുക്കും. ഇരുപത്തഞ്ചോളം വരുന്ന അതിഥികള്‍ക്ക് യാത്ര, പാര്‍പ്പിടം, ഭക്ഷണം, കത്തിടപാടുകള്‍ അങ്ങനെ ധാരാളം ജോലികള്‍ കുന്നുകൂടുമ്പോള്‍ തലവേദനയും കൂടിവരും. എനിക്കൊപ്പം സഹായിയായി നിന്നത് ഡയറക്ടറുടെ പി.എ ഫ്രഡറിക്കാണ്. ആ ഓഫിസിലും എനിക്കുളളത്ര തിരക്കുണ്ട്. ഒരാഴ്ചയോളം നീണ്ടു നില്‍ക്കുന്ന മീറ്റിംഗുകള്‍ തീരുമ്പോഴാണ് ആശ്വാസമുളളത്.

ഇവിടെ ജോലി ലഭിച്ച കാര്യം ഡോ.ചന്ദറിനെ, മെഡിക്കല്‍ സൂപ്രണ്ടിന്റെ ഓഫീസില്‍ ചെന്ന് ധരിപ്പിച്ചിരുന്നു. ഈ ഓഫിസിലെ അദ്ദേഹത്തിന്റെ പി.എ. വിക്ടര്‍, സെക്രട്ടറി ലാസര്‍, ഡയറക്ടറുടെ ഓഫിസിലെ ഫ്രെഡറിക്ക് എല്ലാവരുമായി കൂടുതല്‍ ബന്ധപ്പെടാന്‍ സഹായിച്ചത് ഈ ഓഫിസില്‍ നിന്ന് ആരെങ്കിലും അവധിക്ക് പോയാല്‍ അയാള്‍ വരുന്നതുവരെ ഞങ്ങളില്‍ ഒരാള്‍ അവിടെ ജോലി ചെയ്യും. അങ്ങനെ ഡയറക്ടര്‍ ഡോ. നമ്പൂതിരിപ്പാടിനൊപ്പവും ഡോ. ചന്ദറിനൊപ്പവും ഓഫിസില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ ഒരു കത്തില്‍ ഒപ്പിടാന്‍ അദ്ദേഹത്തിന്റെ മുറിയുടെ വാതില്‍ക്കല്‍ എത്തി. കതകിന്റെ മുകളിലെ ഗ്ലാസിലൂടെ ഞാന്‍ കണ്ടത് ഇദ്ദേഹം ഭ്രന്തനെപ്പോലെ കൈകാലുകള്‍ ഉയര്‍ത്തിയും താഴ്ത്തിയും സംസാരിക്കുന്നതാണ്. ഞനല്പ നേരം വിസ്മയത്തോടെ നോക്കി നിന്നിട്ട് അദ്ദേഹത്തിന്റെ അടുത്തുളള അതിഥി മുറിയില്‍ പോയിരുന്നു ആ നാടകീയ വിക്രിയകളെപ്പറ്റി ചിന്തിച്ചു. ഞാനൊരു തീരുമാനത്തിലെത്തിയത് ഇങ്ങനെയാണ്. ഈ മാനസിക രോഗികളെ നോക്കുന്ന ഡോക്ടര്‍മാരും മാനസിക രോഗികളായി മാറുമോ. ഇതു പലവട്ടം കണ്ടിട്ടുണ്ട്.

ഡോ.നമ്പൂതിരിപ്പാടിലും ഡോ.ചന്ദറിലും കണ്ട മറ്റൊരു പ്രത്യേകത അല്പം സമയം ലഭിച്ചാല്‍ ഇവര്‍ നല്ലതു പോലെ വായിക്കുമെന്നുളളതാണ്. രണ്ടു പേരുടെ കയ്യില്‍ പുസ്തകങ്ങളും കണ്ടിട്ടുണ്ട്. ഡോ. നമ്പൂതിരി ഇംഗ്ലണ്ടില്‍ പഠിച്ചതുകൊണ്ടാകണം. പുസ്തകങ്ങളും വായനയും ഇഷ്ടപ്പെടുന്നതെന്ന് തോന്നി. അദ്ദേഹം ന്യൂറോസര്‍ജറിയില്‍ ഇന്ത്യയില്‍ വളരെ മുന്നില്‍ നില്‍ക്കുന്ന വ്യക്തിയാണ്. പല സംസ്ഥാനങ്ങളില്‍ നിന്നും രോഗികള്‍ അദ്ദേഹത്തെ തേടി വരാറുണ്ട്. രണ്ടു പേരുടെ പ്രസംഗങ്ങളും അറിവ് പകരുന്നതാണ്. ഇവരുടെയും കോളജ് പ്രിന്‍സിപ്പലിന്റെയും മുഖത്തു നോക്കിയാല്‍ വളരെ ഗൗരവമുളളവരാണ്. ഇവരുമായി അടുത്തിടപെടുമ്പോഴാണ് എത്രയോ നല്ല മനസ്സിനുടമകളെന്ന് മനസ്സിലാക്കുക. പരുക്കന്‍ സ്വഭാവമുളളവരില്‍ കാണുന്ന പ്രത്യേകതയാണിത്. ഡോ. നമ്പൂതിരിയുടെ ഓഫിസില്‍ ജോലി ചെയ്യുമ്പോള്‍ ഞാന്‍ ചോദിച്ചു, സാറ് മലയാളം സിനിമയൊന്നും കാണാറില്ലേ?. ഒന്നു പുഞ്ചിരിച്ചിട്ട് സരസഭാവത്തില്‍ പറഞ്ഞു. മായം കലര്‍ത്തിയ ഭക്ഷണം ആരെങ്കിലും കഴിക്കുമോ. ആ സമയം അവര്‍ കഥയാക്കിയ നോവല്‍ വായിക്കുന്നതല്ലേ നല്ലത്. ജീവിതത്തിന്റെ ഉപരിതലത്തില്‍ രസിച്ചിരിക്കാന്‍ ഇങ്ങനെ പലതുമുണ്ട്.
പിന്നീടുളള എന്റെ ചിന്ത സിനിമയെപ്പറ്റി ആഴത്തില്‍ പഠിക്കണമെന്നായിരുന്നു. സ്‌കൂളില്‍ പഠിച്ചിരുന്ന കാലത്ത് സിനിമകള്‍ കണ്ടിട്ടിണ്ട്. അന്ന് അറിവില്ലായിരിന്നു. കേരളം വിട്ടതിനു ശേഷം റാഞ്ചിയിലെ രത്തന്‍ തിയറ്ററിലാണ് ബ്രൂസ്‌ലിയുടെ ഇംഗ്ലീഷ് പടം എന്റര്‍ ദ് ഡ്രാഗണ്‍ കണ്ടത്. അവിടെ നിന്നും മടങ്ങി വരുമ്പോള്‍ കിട്ടിയ വാള്‍ കൊണ്ടുളള വെട്ട് ഇന്നും മനസ്സിലുണ്ട്. പിന്നീട് കണ്ടത് ബറ്റാളയില്‍ ആണ്. ഹിന്ദി പടമായ ഷോലെ അമൃത്‌സറിലെ രണ്ടു നിലയുളള തീയേറ്ററില്‍ കണ്ടത് അമര്‍ അക്ബര്‍ അന്തോണിയാണ്. സിനിമകള്‍ പട്ടിണിക്കാരുടെ ഇടയില്‍ ആഴത്തില്‍ പതിഞ്ഞിരിക്കുമ്പോള്‍ അതിന്റെ മൂല്യങ്ങളെപ്പറ്റി അവര്‍ക്ക് വിലയിരുത്താനാകില്ല. ഡോക്ടര്‍ പറഞ്ഞത് എത്രയോ സത്യമെന്ന് എനിക്ക് മനസ്സിലായി. കച്ചവടം നടത്തി ലാഭമുണ്ടാക്കാന്‍ ഭക്ഷണത്തില്‍ മായം ചേര്‍ക്കിന്നതുപോലെ കലയെ കശാപ്പു ചെയ്ത് ലാഭമുണ്ടാക്കുന്നവര്‍. മനുഷ്യരെ തിന്മയിലേക്ക് നയിക്കുന്ന ധാരാളം ദൃശ്യങ്ങള്‍ ദുര്‍ബല വികാരങ്ങള്‍ക്ക് അടിമപ്പെടുത്തും. ഇവിടേയും മനുഷ്യമനസ്സിന് ബോധവല്‍ക്കരണം ആവശ്യമായി തോന്നി.

സി.എം.സി.യില്‍ പാവപ്പെട്ട ധാരാളം രോഗികള്‍ക്ക് പ്രതിഫലം വാങ്ങാതെ ചികിത്സ നല്‍കാറുണ്ട്. ഒരു ദിവസം സ്റ്റോര്‍ കാണാന്‍ പോയപ്പോള്‍ പാവപ്പെട്ടവര്‍ക്കായി കരുതിവച്ചിരിക്കുന്ന ധാരാളം വസ്ത്രങ്ങള്‍ വലിയൊരു ഹാളില്‍ കണ്ടു. അതെല്ലാം പാവപ്പെട്ട മനുഷ്യര്‍ക്ക് ഗ്രാമങ്ങളിലും മറ്റും കൊടുക്കാനുളളതാണ്. ഇത്രമാത്രം വിലപിടിപ്പുളള വിവിധ നിറത്തിലുളള തുണികള്‍ ആദ്യമായിട്ടാണ് കണ്ടത്. ഇതെല്ലാം വന്നിരിക്കുന്നത് ബ്രിട്ടണ്‍, അമേരിക്ക, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ്. അതിനൊപ്പം പാവപ്പെട്ട രോഗികള്‍ക്കളള വീല്‍ ചെയറുകളും, ഊന്നു വടികളും മറ്റ് പേരറിയാത്ത പലതും അതില്‍ കണ്ടു. വികസിത രാജ്യങ്ങളെ അഭിമാനത്തോടെ ഓര്‍ത്തുനിന്ന നിമിഷങ്ങള്‍. അവിടെ നിന്നുളള സി.എം.സി.യിലെ ജോലിക്കാരായ ചിലരില്‍ നിന്നും കുറച്ചൊക്കെ കാര്യങ്ങള്‍ മനസ്സിലാക്കിയിരുന്നു. അവിടുത്തേ സമ്പന്നരായ മനുഷ്യര്‍, ഏതു രംഗത്തു നിന്നുളളവരായാലും,അവര്‍ക്ക് ലഭിക്കുന്നതിന്റെ ഒരു വിഹിതം ജീവകാരുണ്യപ്രവൃര്‍ത്തിക്കായി സര്‍ക്കാരിന്റെയോ, സഭയുടേയോ പൊതു ഖജനാവില്‍ നിക്ഷേപിക്കും.
ഇന്ത്യയില്‍ കാണുന്നതു പോലെ സമ്പന്നര്‍ അധികാരത്തിലിരിക്കുന്നവര്‍ക്ക് കളളപ്പണമോ, കൈക്കൂലിയോ കൊടുക്കാറില്ല. എങ്ങനെയും പണം കിട്ടാനുളള പദ്ധതികളാണ് ഇന്ത്യയിലുളളത്. അവിടെയത് കുറ്റകരമാണ്. അങ്ങനെ ക്രയവിക്രയങ്ങള്‍ നടത്തുന്നവര്‍ക്ക് ശിക്ഷ ഉറപ്പാണ്. അങ്ങനെയുളള ഭരണാധിപന്മാരെ രാജ്യസ്‌നേഹികളായിട്ടല്ല, മറിച്ച് രാജ്യദ്രോഹികളായിട്ടാണ് അവിടെ കാണുന്നത്. അവര്‍ക്ക് കിട്ടുന്ന സമ്പത്തിന്റെ ഏറിയ പങ്കും പാവപ്പെട്ട രാജ്യങ്ങള്‍ക്ക് വീതിച്ചു കൊടുക്കാറുണ്ട്. ആ തുകയില്‍ നിന്ന് സര്‍ക്കാരുകളോ, സഭകളോ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ടോ എന്നറിയത്തില്ല. എന്റെ മനസ്സില്‍ കടന്നുവന്നത് ഇവരെല്ലാം അതില്‍ നിന്നും അടിച്ചുമാറ്റുന്നുണ്ട്. ഈ അടിച്ചു മാറ്റല്‍ കച്ചവടം പല രംഗങ്ങളിലും കാണാം. കാരൂര്‍ പളളിക്ക് വടക്ക് വശമുളള മൂന്നു-നാലു ഏക്കര്‍ വസ്തു എന്റെ മുത്തച്ഛനായ കാരൂര്‍ കൊച്ചുകുഞ്ഞില്‍ നിന്ന് ചവറയില്‍ വികാരിയായിരുന്ന എന്റെ വീടിനടുത്തുളള ഒരച്ചന്‍ 1940 നു മുമ്പ് 370 രൂപ കൊടുത്ത് എങ്ങനെ വാങ്ങി എന്നത് ആരിലും സംശയമുളവാക്കുന്നതാണ്. അദ്ദേഹത്തിന്റെ മരണശേഷം അത് ബന്ധുക്കള്‍ക്ക് കൈമാറി. നാടു ഭരിക്കുന്നവരും മതങ്ങളും ധാരാളമായി ഇതുപോലെ കാലാകാലങ്ങളായി സമ്പാദിക്കുന്നുണ്ട്. അതു കൊണ്ടാണവര്‍ ജനം കഴുതകള്‍ ആണെന്നു പറയുന്നത.്
ഈ കളളവും കൈക്കൂലിയുമൊക്കെ മറ്റുളളവരെപ്പറ്റി ആണയിട്ടു പറയുമ്പോഴും ഞാനും കൈക്കൂലിക്കാരന്‍ എന്നു വേണമെങ്കില്‍ പറയാം.

ജി.എസിന്റ മേല്‍നോട്ടത്തിലാണ് എല്ലാ വാര്‍ഷിക ഉടമ്പടികളും നടപ്പാക്കുന്നത്. അതില്‍ കെട്ടിടങ്ങളും, കൃഷി ചെയ്യാനുളള സ്ഥലങ്ങളും, കാന്റീനുകളും, വാഹന സംരക്ഷണ സ്ഥലങ്ങളുമുണ്ട്. ഓരോന്നിനും ഓരോ വര്‍ഷവും കിട്ടേണ്ട വാടക എത്രയെന്ന് ഓഫിസില്‍ നിന്ന് സര്‍ക്കുലര്‍ ആയി എല്ലാം കോണ്‍ടാക്ടര്‍മാര്‍ക്ക് അയക്കും. അതില്‍ ഏറ്റവും കൂടുതല്‍ തുക എഴുതുന്നവര്‍ക്ക് ആ കരാര്‍ കിട്ടും. അവസാന തീയതിക്കുളളില്‍ അവര്‍ തരുന്ന ഒട്ടിച്ച കവര്‍ ജി.എസിനെ ഏല്‍പ്പിക്കുന്ന ജോലിയാണ് എനിക്കുളളത്. ആ കവറുകള്‍ ഡപ്യൂട്ടി ജി.എസുമായി ചര്‍ച്ച ചെയ്ത് ആരൊക്കെ അവസാന പട്ടികയില്‍ കടന്നുവന്നിരിക്കുന്നുവെന്ന് എന്നെ അറിയിക്കും. ആര്‍ക്കാണ് കോണ്‍ട്രാക്ട് കൊടുക്കേണ്ടതെന്ന് എഴുതിയിരിക്കും. അത് ഞാന്‍ കോണ്‍ട്രാക്ടറെ അറിയിക്കണം. ആ വര്‍ഷം വാഹന പാര്‍ക്കിംഗ് കരാര്‍ കിട്ടിയത് കഴിഞ്ഞ വര്‍ഷങ്ങളായി അവിടെ സേവനം ചെയ്യുന്ന സര്‍ദാര്‍ജി ഹര്‍ഭജന്‍ സിംഗിനാണ്. ആശുപത്രിയിലേക്ക് പോകുന്നതിന്റെ വലത്ത് ഭാഗത്തായിട്ടാണ് വാഹങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. ആശുപത്രി ജോലിക്കാരും അവിടെയാണ് സൈക്കിള്‍ സൂക്ഷിക്കുന്നത്. നിരനിരയായി സൈക്കിള്‍ കാണാന്‍ നല്ല ഭംഗിയാണ്. കാര്‍ പാര്‍ക്കിംഗിന് സ്ഥലമില്ല, കാരണം ആര്‍ക്കും കാര്‍ ഇല്ല. ആശുപത്രി ആബുലന്‍സ് ഇടുന്നത് മറ്റൊരു ഭാഗത്താണ്. ഉന്നതരായ ഡോക്ടര്‍മാര്‍ പോലും സൈക്കിളിലാണ് വരുന്നത്. അതില്‍ ഡോ. നമ്പൂതിരിപ്പാടും ഡോ. ബാബു പോള്‍ ജേക്കബുമുണ്ട്. ഡോ. ബാബു പോളിന്റെ സൈക്കിളിനേക്കാള്‍ മോശപ്പെട്ടതാണ് ഡോ. നമ്പൂതിരിപ്പാടിന്റെ സൈക്കിള്‍.

ആ വര്‍ഷത്തെ കോണ്‍ട്രാക്ട് എല്ലാവര്‍ക്കും ഞാന്‍ വിതരണം ചെയ്തു. അതില്‍ സൈക്കിള്‍ സ്റ്റാന്‍ഡിന്റെ കോണ്‍ട്രാക്ടര്‍ ഹര്‍ഭജന്‍ സിംഗ് ഓഫിസില്‍ വന്ന് പുതിയൊരു സൈക്കളിന്റെ താക്കോല്‍ മേശപ്പുറത്തു വച്ചിട്ടു പറഞ്ഞു, ദയവായി എന്റെയീ പാരിതോഷികം സാബ് സ്വീകരിക്കണം. ഇതു കൈക്കൂലിയല്ല, എന്റെയൊരു സ്‌നേഹോപഹാരമാണ്. എനിക്ക് കോണ്‍ട്രാക്ട് കിട്ടുമ്പോഴൊക്കെ എന്നെ സഹായിച്ചവര്‍ക്ക് എന്തെങ്കിലും സമ്മാനമായി ഞാന്‍ കൊടുക്കാറുണ്ട്. ആദ്യം ഞാനത് നിരസിച്ചെങ്കിലും ഉളളിന്റെയുളളില്‍ അയാള്‍ താക്കോല്‍ എടുത്തുകൊണ്ട് പോകല്ലേ എന്നായിരുന്നു ആഗ്രഹം. ഹീറോയുടെ സൈക്കിള്‍ കമ്പനി ലുധിയാനയിലാണെങ്കിലും അത് വാങ്ങാനുളള സാമ്പത്തിക ശേഷി എന്നെപ്പോലുളളവര്‍ക്കില്ല.
കാര്‍ പാര്‍ക്കിങ്ങില്‍ അദ്ദേഹത്തിന് രണ്ടു ജോലിക്കാരുണ്ട് ആരിലും താല്പര്യമുണര്‍ത്തുന്ന നിര്‍മ്മലമായ പുഞ്ചിരിയും സ്‌നേഹവും വിനീതമായ പെരുമാറ്റവുമാണ് സര്‍ദാറിനുളളത്. ആ നര ബാധിച്ച താടിക്കും മുടിക്കുമുണ്ട് ഒരു ഐശ്വര്യം. താടിക്കു കൊടുക്കുന്ന തലോടലിനു പോലും തുളുമ്പുന്ന സ്‌നേഹമുണ്ട്. അവിടുത്തെ വിദ്യാസമ്പന്നരായ ആത്മീയ ജ്ഞാനമുളള ഡോക്ടര്‍മാരുടെ സ്വഭാവഗുണങ്ങള്‍ കണ്ടും കേട്ടും പഠിച്ചതായിരിക്കണം. എന്റെ മുന്നില്‍ എന്തോ അനുമതിക്കായി കാത്തു നില്‍ക്കുന്നവനെ പോലെ തന്റെ സ്‌നേഹവും പുഞ്ചിരിയും കാട്ടിക്കൊണ്ടയാള്‍ നിന്നു. ഞാനത് നിരസിക്കുമോ സ്വീകരിക്കുമോ അതായിരുന്നു ആ കണ്ണുകളില്‍ കണ്ടത്. ഞാന്‍ താക്കോലെടുത്തിട്ട് പറഞ്ഞു, സര്‍ദാര്‍ജി കൊണ്ടുവന്ന ഈ ഉപഹാരം ഞാന്‍ നിരസിക്കുന്നില്ല. ഇനിയും ഇങ്ങനെ കൊണ്ടുവന്ന് എന്നെ ബുദ്ധിമുട്ടിക്കരുത്. എന്റെ മറുപടി കേട്ട് സന്തോഷവാനായി മടങ്ങി. ഞാനങ്ങനെ ഒരു സൈക്കിളിനുടമയായി. വൈകിട്ട് സ്റ്റാന്‍ഡില്‍ ചെല്ലുമ്പോള്‍ സര്‍ദാര്‍ജി ഇല്ലായിരുന്നു. ജോലിക്കാരന്‍ എനിക്ക് സൈക്കിള്‍ ചൂണ്ടിക്കാണിച്ചു. അതിന്റെ താക്കോല്‍ തുറന്ന് സൈക്കിള്‍ എടുത്ത് പാര്‍ട്ട് ടൈം ജോലി ചെയ്യുന്ന സ്ഥലമായ കിതുവായി നഗറിലേക്ക് യാത്രതിരിച്ചു. പുതിയൊരു സൈക്കിളില്‍ യാത്ര ചെയ്യുമ്പോള്‍ എന്റെ മനസ്സിനെ വ്യാകുലപ്പെടുത്തിയത് എന്തിനു നീ ഈ സൈക്കിള്‍ വാങ്ങി എന്നുളളതാണ്. ഞാന്‍ പെട്ടെന്ന് സൈക്കിളില്‍ നിന്ന് താഴെയിറങ്ങി ചിന്താകുലനായി സൈക്കിളുമായി മുന്നോട്ടു നടന്നു.

ഇനിയും ഇത് തിരിച്ചു കൊടുക്കുക എളുപ്പമുളള കാര്യമല്ല. മനസ്സിനെ കൂടുതല്‍ ആശങ്കയിലാക്കാന്‍ ഞാനാഗ്രഹിച്ചില്ല. കാരണം ഞാനിത് ചോദിച്ചു വാങ്ങിയതല്ല. ഒരാള്‍ സമ്മാനമായി തന്നതാണ്. അത് നിരസിക്കരുത്. ഒടുവില്‍ എന്റെ മനസ്സ് എന്നെ ഉപദേശിച്ചു. മേലില്‍ ഇതു പോലുളള സമ്മാനങ്ങള്‍ വാങ്ങരുത്. സ്വന്തം അദ്ധ്വനത്തില്‍ വളര്‍ന്ന നീ എന്തിന് മറ്റൊരാളുടെ സാധനം ദാനമായി വാങ്ങണം. അത് കളളന്മാരും കൊളളക്കാരും വാങ്ങുകയും കൊടുക്കുകയും ചെയ്യട്ടെ. എന്റെ മനസ്സിനെ നിയന്ത്രിച്ചത് ഈ വാക്കുകളാണ്. ഭൂതങ്ങളുടെ നാടകമെഴുതിയവന്‍ ഭൂതങ്ങളുടെ പിടിയിലായോ, അതായിരുന്നു പിന്നീടുളള ചിന്ത. സൂര്യബിംബം പടിഞ്ഞാറെ കടലിന് മുകളില്‍ ചുവന്നു വന്നു. സൈക്കിളിലേക്ക് ഒരിക്കല്‍ കൂടി ഞാന്‍ സൂക്ഷിച്ചി നോക്കി.

ഓമനയുടെ കത്ത് കിട്ടി. അതില്‍ മധുരമായ ചില വരികളുണ്ടായിരിന്നു. പരീക്ഷകള്‍ പാസ്സായി ഇനിയും രണ്ടു വര്‍ഷം ബോണ്ട് ചെയ്താലേ പുറത്ത് പോകാന്‍ കഴിയു. എന്റെ കണ്ണുകള്‍ ആ വരികളിലേക്ക് നോക്കിയിരുന്നു. ഞങ്ങളുടെ അഞ്ചു വര്‍ഷത്തെ കാത്തിരിപ്പിന് ഒരന്ത്യം വന്നിരിക്കുന്നു. ഇനിയും കാര്യങ്ങള്‍ മറ്റുളളവരോട് തുറന്നു പറയുക തന്നെ വേണം. നീണ്ട വര്‍ഷങ്ങളായി തളിരണിഞ്ഞു നിന്ന ഞങ്ങളുടെ പ്രണയ രഹസ്യം കൂടുതല്‍ ശക്തമാകുവാന്‍ പോകുന്നു.
അവളുടെ ദുരഭിമാനിയായ ജ്യേഷ്ഠത്തി ഇതറിഞ്ഞാല്‍ പകയും വിദ്വേഷവും വിതയ്ക്കുക തന്നെ ചെയ്യും. അവരുടെ സമീപനം മുമ്പു തന്നെ ഓമന തളളിക്കളഞ്ഞതാണ്. എന്തുണ്ടായാലും അഭിമുഖീകരിക്കണം. ആ രാത്രി തന്നെ മറുപടിയെഴുതി. രണ്ടു വര്‍ഷത്തേക്ക് ബോണ്ടിനു പകരം അവള്‍ക്കാവശ്യം രണ്ടായിരം രൂപയാണ്. അതു ഞാന്‍ അയച്ചു തരാം. ഇത്രയും നാള്‍ പ്രണയം ഒരു നിഴലായ് നമുക്കൊപ്പം സഞ്ചരിച്ചു. ഇനിയും അത് ഒരു വിളക്കായി കത്തണം. അതിന് തിരിയും എണ്ണയും കൊടുക്കേണ്ടത് നമ്മളാണ്. വീട്ടുകാരെ വിവാഹ വിഷയം അറിയിക്കുന്നതാണ് ഉചിതം. നിന്റെ വാക്കുകള്‍ അവര്‍ ചെവി കൊളളുന്നില്ലെങ്കില്‍ എന്ത് ചെയ്യണമെന്ന് അപ്പോള്‍ തീരുമാനിക്കാം. തീവ്രമായി പ്രണയിക്കുന്നവര്‍ക്കുളള മോക്ഷപ്രാപ്തിയാണ് വിവാഹം. അത് പരമാനന്ദമാകുകയും ചെയ്യും. അതിന്റെ കുളിര്‍മ സുഗന്ധം പൊഴിക്കുന്ന പൂമ്പൊടി പോലെയാണ്.

എന്നോടുളള വീട്ടുകാരുടെ താല്പര്യം, തങ്കമ്മ അനുവദിക്കില്ല. ഞാനുമായുളള ബന്ധം അറിഞ്ഞാല്‍ ആ സ്ത്രീയുടെ ഹൃദയം ഇളകി മറിയും. അവരില്‍ കുടികൊണ്ടിരിക്കുന്നത് സ്‌നേഹത്തേക്കാള്‍ പകയും വൈരാഗ്യവുമാണ്. നാട്ടില്‍ ഭഗവത്ഗീത വായിച്ചപ്പോള്‍ ഇതുപോലുളള മനുഷ്യരെ ഞാന്‍ കണ്ടിട്ടുണ്ട്. ഈ ലോകത്തില്‍ ഇന്ദ്രീയ സുഖങ്ങളില്‍ മൂക്കറ്റം മുങ്ങിക്കിടന്നവരുടെ മനസ്സിന് മാറ്റം വരുത്താന്‍ പ്രയാസമാണ്. സഹോദരന്‍ റ്റി.എം.വര്‍ഗ്ഗീസ് ഒരു പുരോഹിതനായിരുന്നിട്ടുക്കൂടി ദൈവത്തിന്റെ ഗുണങ്ങള്‍ ഭദ്രമായി പൊതിഞ്ഞുവച്ചിരിക്കയാണോ എന്നൊരു തോന്നല്‍. എന്തായാലും തങ്കമ്മ മനസമാധാനത്തോടെ ഇനിയും ഉറങ്ങില്ല. സ്വന്തം അനുജത്തി ഇത്രയും നാള്‍ തന്നെ വഞ്ചിക്കുകയായിരുന്നോ എന്നു ചിന്തിക്കുവാന്‍ ഇടയുണ്ട്. ഓമനയുടെ മറുപടി കിട്ടി. ഞങ്ങള്‍ ചിന്തിച്ചതു പോലെ തന്നെ സംഭവിച്ചു. ഇതറിഞ്ഞ തങ്കമ്മയുടെ മനസ്സും ഹൃദയവും മരവിച്ചു. അതില്‍ അനുജത്തിയോടുളള സ്‌നേഹക്കുറവല്ല അതിലുപരി ഒരു തെരുവു ഗുണ്ടയെ വിവാഹം കഴിക്കുന്നതിലുളള എതിര്‍പ്പും അമര്‍ഷവുമായിരിന്നു. നിരാശ നിറഞ്ഞ മനസുമായി ബോംബെയില്‍ നിന്നും അമേരിക്കയില്‍ നിന്നുമുളള സഹോദരീസഹോദരന്മാര്‍ റാഞ്ചിയിലും ഹസാരിബാഗിലും പാഞ്ഞെത്തി. എന്നെ പിരിഞ്ഞു ജീവിക്കാന്‍ കഴിയില്ലെന്ന് ഓമന തുറന്നുപറഞ്ഞു. ഈ ബന്ധം പെട്ടെന്നുണ്ടായതല്ല. അഞ്ചു വര്‍ഷമായി ഹൃദയത്തില്‍ സൂക്ഷിക്കുന്നതാണ്. കാണാന്‍ വരുന്നവരൊക്കെ പരിഭവവും വിഷാദവുമൊക്കെ അവളുടെ മുന്നില്‍ അവതരിച്ചപ്പോള്‍ സഹോദരിയില്‍ കണ്ട സാഹസിക തീരുമാനമാണ് അവരെ അത്ഭുതപ്പെടുത്തിയത്. പ്രണയിക്കാത്തവര്‍ക്ക് യഥാര്‍ത്ഥ പ്രണയത്തെപ്പറ്റി മനസ്സിലാകാത്തത് അവളുടെ കുറ്റമല്ല. പാവനമായ പ്രണയം അവളില്‍ നിറഞ്ഞിരുന്നു. പ്രണയത്തേക്കാള്‍ ഈ മണ്ണില്‍ മഹത്തരമായി മറ്റൊന്നുമില്ലെന്ന് അവള്‍ വന്നവരെ ധരിപ്പിച്ചു മടക്കിയയച്ചു.വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles