അദ്ധ്യായം 8
പരീക്ഷപേപ്പര്‍ മോഷണം
മിക്ക ദിവസങ്ങളിലും സ്‌കൂള്‍ വിട്ടതിന് ശേഷം ജാവലിന്‍, ഡിസ്‌കസ്, ഷോട്ട്പുട്ട്, ലോംഗ്ജംപ്, ഹൈജംപ് എന്നിവയില്‍ പരിശീലനം നേടാറുണ്ട്. അത് കഴിഞ്ഞാല്‍ ബാഡ്മിന്റന്‍ കളിക്കും. ഇതെല്ലാം ഒരു മണിക്കൂറിനുള്ളിലാണ് നടത്തുന്നത്. പിന്നെ വീട്ടിലേക്ക് ഒരോട്ടമാണ്. സ്‌കൂളില്‍ അന്ന് പച്ചക്കറികള്‍ നട്ടുവളര്‍ത്തുമായിരുന്നു. പലതിന്റെയും മേല്‍നോട്ടം എനിക്കായിരുന്നു. തെക്കുള്ള കുളത്തില്‍ നിന്ന് ഞാനാണ് ഇവയ്ക്ക് വെള്ളം കോരിയൊഴിച്ചിരുന്നത്. ആണ്‍-പെണ്‍കുട്ടികള്‍ കൃഷിയില്‍ സഹായിച്ചിരുന്നു. സ്‌കൂളില്‍ ഒരിക്കല്‍ നടന്ന സയന്‍സ് എക്‌സിബിഷന്‍ ടീം ലിഡര്‍ ഞാനായിരുന്നു. സയന്‍സ് പഠിപ്പിക്കുന്ന കരുണന്‍ സാറാണ് അതിന് നേതൃത്വം കൊടുത്തത്. കുട്ടികളുടെ പുതിയ കണ്ടുപിടിത്തങ്ങളാണ് അന്ന് അവതരിപ്പിച്ചത്. രാവിലെ മുതല്‍ വൈകുന്നേരം വരെ നാട്ടുകാര്‍ കുട്ടികളുടെ പുതിയ കണ്ടുപിടിത്തങ്ങള്‍ കാണാന്‍ വന്നിരുന്നു.
ഒരു വര്‍ഷം സ്‌കൂള്‍ ലീഡറായി മത്സരിച്ചു. എനിക്കെതിരെ മത്സരിച്ചത് പാല്‍ത്തടത്തിലെ സെയിനു ആയിരുന്നു. അവന്‍ തോറ്റതിന്റെ ദേഷ്യം എന്നോട് തീര്‍ത്തത് കുറെ തെറി പറഞ്ഞാണ്. എന്റെ ദേഷ്യം ഞാന്‍ തീര്‍ത്തത് അവനെ അടിച്ചിട്ടായിരുന്നു. എന്നെ പിടിച്ചുമാറ്റാന്‍ വന്ന ജമാലിനെയും ഞാന്‍ തല്ലി. സെയിന്‍ എന്നോടുള്ള വൈരാഗ്യം തീര്‍ത്തത് ഓട്ടത്തിലാണ്. എല്ലാവര്‍ഷവും നൂറ്, നാന്നൂറ് മീറ്റര്‍ ഓട്ടത്തില്‍ എനിക്കാണ് ഒന്നാം സ്ഥാനമുള്ളത്. അതുപോലെ ലോംഗ്ജംപ്, ഹൈജംപ്, ഷോട്ട്പുട്ട്, ഡിസ്‌കസ് ത്രോ എന്നിവയിലും ഒന്നാം സ്ഥാനം. എല്ലാറ്റിലും പ്രധാന എതിരാളിയായി വരുന്നത് സെയിനുവാണ്. അത് നാടകമത്സരത്തിലും കണ്ടിട്ടുണ്ട്. ഞങ്ങള്‍ നൂറുമീറ്റര്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ എന്റെ പിറകില്‍ ഓടിവന്ന സെയിനു എന്റെ കാലില്‍ തട്ടുകയും ഞാന്‍ മണ്ണില്‍ മലര്‍ന്നടിച്ച് വീഴുകയും ചെയ്തു. ഫിനീഷിംഗ് പോയിന്റില്‍ നിന്ന ഡ്രില്‍മാസ്റ്റര്‍ അത് കണ്ട് വിസില്‍ അടിച്ചു. എന്റെ കാല്‍മുട്ടില്‍ നിന്നു രക്തം വാര്‍ന്നൊഴുകി. ആരാണ് കാലില്‍ തട്ടിയതെന്ന് എനിക്കറിയില്ലായിരുന്നു. പിന്നീട് കൂട്ടത്തില്‍ ഓടിയ ഒരു കുട്ടി പറഞ്ഞപ്പോഴാണ് സത്യം മനസ്സിലായത്.
മാവേലിക്കര താലൂക്കിലെ സ്‌കൂള്‍തല ബാഡ്മിന്റന്‍ മത്സരത്തില്‍ ആദ്യമായി സ്‌കൂളിന് ഒരു ട്രോഫി കൊണ്ടുവന്നത് ഞാന്‍ ക്യാപ്റ്റനായി ചന്ദ്രന്‍, വിശ്വനാഥന്‍, ചെറിയാന്‍, അബ്ദുല്‍ സലാം എന്നിവര്‍ കളിച്ച ടീമാണ്. അന്ന് മറ്റം സെന്റ് ജോണ്‍സ്, ചത്തിയറ, പ്രയാര്‍ ഹൈസ്‌കൂളുകളെ തോല്‍പിച്ചാണ് ട്രോഫി നേടിയത്. വള്ളിക്കുന്നം ഹൈസ്‌കൂളിനോടാണ് ഫൈനലില്‍ ഏറ്റുമുട്ടിയത്. വൈകിട്ട് പാലൂത്തറ സ്‌കൂളില്‍ നിന്ന് ചാരുംമൂട്ടിലേക്ക് സ്‌കൂള്‍ വിദ്യാര്‍ത്ഥികളക്കം ട്രോഫിയുമായി വിജയാഹ്ലാദപ്രകടനമുണ്ടായിരുന്നു.
പഠനകാലത്ത് ഇംഗ്ലീഷ്-മലയാളം കവിതകള്‍ കാണാപാഠം ചൊല്ലാത്തതിന് അതൊക്കെ നൂറു പ്രാവശ്യം എഴുതി ശിക്ഷകള്‍ വാങ്ങിച്ചിട്ടുണ്ട്. ഞങ്ങളുടെ പഠനകാലത്ത് അധികം സിനിമകള്‍ ഇല്ലായിരുന്നു. നൂറനാട് ‘ജനത’യിലാണ് സിനിമ കാണിക്കുന്നത്. ഒരു പ്രാവശ്യം സ്‌കൂള്‍ കുട്ടികളുമായി ടീച്ചേഴ്‌സ് ദോസ്തി എന്ന ഹിന്ദി സിനിമ കാണാന്‍ നടന്നുപോയി. ഞാന്‍ പോകാതെ കിഴക്കേ റബര്‍ തോട്ടത്തിലൊളിച്ചു. അതിന്റെ പ്രധാന കാരണം വിശപ്പായിരുന്നു. വീട്ടില്‍ നിന്ന് പലദിവസവും ഭക്ഷണം കഴിക്കില്ലായിരുന്നു. വീട്ടിലെ പണികള്‍ ചെയ്യാതെ ഭക്ഷണമില്ല അതാണ് ചട്ടം. എല്ലാവരും സിനിമ കാണാന്‍പോയതക്കം ഞാന്‍ ക്ലാസ് മുറിയില്‍ പ്രവേശിച്ചു. അതിനകത്തുനിന്ന് ശശിയുടെ ചോറെടുത്തു കഴിച്ചു. വാതില്‍ അടച്ചിട്ടിരുന്നു.
നൂറനാട് ലെപ്രസി സാനിട്ടോറിയത്തിലെത്തി. റഹിമിനെയും രാമചന്ദ്രന്‍പിള്ളയെയും കണ്ട് സംസാരിക്കുകയും അവരില്‍ നിന്ന് പാറപ്പുറം മത്തായിയുടെ അരനാഴികനേരം എന്ന നോവല്‍ വാങ്ങുകയും ചെയ്തു. കുട്ടികള്‍ ഉച്ചയോടെ സ്‌കൂളിലേക്ക് നടന്നുവരുന്ന വഴിയില്‍ ഞാനും ഒപ്പം ചേര്‍ന്ന് അവര്‍ക്കൊപ്പം നടന്നു. ക്ലാസുമുറിയില്‍ എല്ലാവരും ചോറ്റുപാത്രങ്ങളുമായി പുറത്തേക്ക് പോയി. ശശി പാത്രം തുറന്നപ്പോള്‍ ആരോ കഴിച്ചതായി മനസ്സിലാക്കി. അപ്പോള്‍ അവന്റെ മുഖത്ത് ദേഷ്യമാണോ സങ്കടമാണോ വന്നതെന്ന് അറിയില്ല. അവന്റെ മനസ്സിനെ ചൂടു പിടിപ്പിച്ചിട്ടുണ്ട്. അവന്റെ ഓരോ ചലനങ്ങളും ഞാന്‍ നിരീക്ഷിച്ചുകൊണ്ടിരുന്നു. അവന്‍ പുറത്തിറങ്ങി ഗേറ്റിന് പുറത്തേക്ക് നടക്കുന്നതും നോക്കി ഞാന്‍ പുഞ്ചിരിയോടെ നിന്നു. അവന്റെ വീട് കരിമുളയ്ക്കലാണ്. അവിടെ പോയി ഭക്ഷണം കഴിക്കാവുന്നതേയുള്ളെന്ന് എന്റെ മനസ് പറഞ്ഞു. അവന്റെ വീട്ടില്‍ ഭക്ഷണത്തിന് വിലക്കൊന്നും കാണില്ല. ശശി ഇന്ന് റിട്ടയേര്‍ഡ് ബാങ്ക് മാനേജരാണ്.
ആ ദിവസമാണ് ചന്ദ്രന്‍ ഒരു മരപ്പട്ടിയെ പിടിച്ചത്. ചില ക്ലാസ് മുറികള്‍ക്ക് മുകളില്‍ കുട്ടികള്‍ മരപ്പട്ടിയെ കണ്ടിട്ടുണ്ട്. പക്ഷേ, പകല്‍ സമയം വരാന്തയിലൂടെ ഓടുന്നത് ആദ്യമാണ്. കുട്ടികള്‍ ഭയന്ന് മാറിയെങ്കിലും ചന്ദ്രന്‍ അതിന്റെ പിന്നാലെയോടി. അതിന്റെ വാലില്‍ പിടിച്ച് വരാന്തയിലെ സിമന്റ് തറയില്‍ ആഞ്ഞടിച്ചു. ആദ്യത്തെ അടിയില്‍ തന്നെ അതിന്റെ വായില്‍ നിന്ന് ചോര വാര്‍ന്നൊഴുകി അത് ചത്തു. ഞാനും മരപ്പട്ടിയെ പിടിക്കാന്‍ ഓടിച്ചെങ്കിലും കിട്ടിയില്ല. അവന്റെ മുന്നിലാണ് അത് ചെന്നുപെട്ടത്.
ഞാനും അവനുംകൂടി പരീക്ഷപേപ്പര്‍ രാത്രിയില്‍ മോഷ്ടിക്കാന്‍ പരിപാടിയിട്ടിരുന്നു. രാത്രിയില്‍ ഇവന്‍ ഞങ്ങളെ ഉപദ്രവിച്ചാലോ. രാത്രികാലങ്ങളിലാണ് മരപ്പട്ടികള്‍ പുറത്തിറങ്ങി സഞ്ചരിക്കുന്നത്. രാത്രിയില്‍ ഇരയെ പിടിക്കാന്‍ തേടിയിറങ്ങി നേരം വെളുക്കുന്നതിന് മുമ്പേ അതിന്റെ മാളത്തില്‍ വന്നൊളിക്കും. സാധാരണ വീടിന്റെ തട്ടിന്‍പുറങ്ങളിലും ഉയരത്തില്‍ കെട്ടിയിട്ടുള്ള കെട്ടിടങ്ങളിലും ഇരിക്കുന്നത് കാണാം. അച്ഛന്‍ എന്നെ മരപ്പട്ടി എന്ന് വിളിച്ചിരുന്നുവെങ്കിലും അതിനെ കാണുന്നത് ആദ്യമായിട്ടാണ്. ചില കുട്ടികള്‍ ജനാലയ്ക്കരികില്‍ വന്ന് നോക്കുന്നുണ്ട്. പിറകില്‍ നിന്ന ഹെഡ്മാസ്റ്ററുടെ ശബ്ദം കേട്ടു, എല്ലാരും ക്ലാസില്‍ പോകണം. കുട്ടികള്‍ ക്ലാസിലേക്ക് പോയി.
ഞാന്‍ സ്‌കൂളിന്റെ പറമ്പിലുള്ള പച്ചക്കറികളുടെ ഇടയ്ക്കുള്ള പുല്ലു പറിച്ചുകൊണ്ടുനിന്നപ്പോള്‍ ലളിത പുല്ലുപറിക്കാനെന്ന ഭാവത്തില്‍ എന്റെ അടുത്തു വന്നു. നല്ല നിറമുള്ള ഹാഫ് സാരിയാണവള്‍ അണിഞ്ഞിരുന്നത്. മുടിയില്‍ മുല്ലപ്പൂക്കള്‍. ഹാഫ് സാരിയുടെ അതേ കളറില്‍ മുടിയുടെ റിബണ്‍. അവള്‍ ചോദിച്ചു. ഈ നാടകവും കവിതയുമൊക്കെ ഞാന്‍ തന്നെയാണൊ എഴുതുന്നത്. ”കവിതയിലെ തെറ്റൊക്കെ തിരുത്തി തരുന്നത് പണിക്കര്‍ സാറാണ്.” ഞാന്‍ പറഞ്ഞു അവളുടെ നോട്ടത്തിലും പുഞ്ചിരിയിലും എന്തോ രഹസ്യം ഒളിഞ്ഞിരിപ്പുണ്ട്. മറ്റു കുട്ടികള്‍ മുറ്റത്തും ഗ്രൗണ്ടിലും കളിക്കുന്നുണ്ട്. ലളിത കുനിഞ്ഞ് എന്നോടൊപ്പം പുല്ലു പറിക്കാന്‍ തുടങ്ങി. അവളുടെ മനസ് നിറയെ ഏദന്‍തോട്ടവും ആദവും ഹവ്വായുമായിരുന്നു. അവിടേക്ക് പാമ്പിന്റെ രൂപത്തില്‍ സൂസന്‍ വന്നു. അവള്‍ക്കും എന്നോട് വലിയ ഇഷ്ടമാണ്. എന്റെ ഒപ്പമാണ് വൈകുന്നേരങ്ങളില്‍ വീട്ടിലേക്ക് നടക്കുന്നത്.
ഒരു ദിവസം അവളുടെ മുന്നിലൂടെ ഒരു പാമ്പ് ഇഴഞ്ഞുപോകുന്നതു കണ്ട് പേടിച്ച് പാമ്പ് -പാമ്പ് എന്ന് പറഞ്ഞ് പിറകോട്ടോടി. ഞാന്‍ അടുത്തു കിടന്ന കല്ലെടുത്ത് അതിനെ എറിഞ്ഞു. ആദ്യത്തെ ഏറ് അതിന്റെ തലയ്ക്ക് തന്നെയാണ് കൊണ്ടത്. അത് പുളയാന്‍ തുടങ്ങി. മുന്നോട്ടുപോകാന്‍ കഴിയാതെ വന്നപ്പോള്‍ ഒരു കമ്പ് എടുത്ത് അടിച്ചുകൊന്നു. എല്ലാം കണ്ട് അവള്‍ പകച്ചുനിന്നു. അതിനെ കൊല്ലണ്ടായിരുന്നു അവള്‍ പറഞ്ഞു. ”അത് സൂസമ്മെ കടിച്ചിരുന്നെങ്കില്‍ സൂസമ്മ ചാകില്ലാരുന്നോ?” ഈ പാമ്പുകള്‍ രാത്രിയില്‍ എത്തിയാല്‍ മനുഷ്യര് കാണില്ലല്ലോ.
സ്‌കൂളില്‍ മലയാളം പഠിപ്പിക്കുന്ന കമലമ്മ, ശങ്കര്‍ എന്നീ ടീച്ചര്‍മാരുമായി ക്ലാസുമുറിയില്‍ വച്ചുതന്നെ മലയാള പദങ്ങളുടെ അര്‍ത്ഥങ്ങളെ ചൊല്ലി, അല്ലെങ്കില്‍ ഈശ്വരനുണ്ടോ ഉണ്ടെങ്കില്‍ ഈശ്വരനും മനുഷ്യനുമായുള്ള ബന്ധങ്ങള്‍ തുടങ്ങിയവയില്‍ തര്‍ക്കിച്ചിരുന്നു. ഞങ്ങളുടെ സംസാരം മറ്റു കുട്ടികള്‍ കാതുകൂര്‍പ്പിച്ചു കേള്‍ക്കും. ബ്രഹ്മം എന്ന വാക്കിന് എത്ര അര്‍ത്ഥങ്ങളുണ്ട് എന്ന ചോദ്യം ടീച്ചര്‍ ഒരിക്കലും പ്രതീക്ഷിച്ചതല്ല. കണക്കില്‍ തോല്‍ക്കുമെങ്കിലും മലയാളത്തിന് എല്ലാവരേക്കാളും മാര്‍ക്ക് വാങ്ങുന്നത് ഞാനാണെന്ന് അവര്‍ക്കറിയാം. മലയാളം ബി.എ. പാസായിട്ടുള്ള ശങ്കര്‍ സാറിനെ വരാന്തയില്‍ കണ്ടപ്പോള്‍ പറഞ്ഞു. സാറെ എനിക്കറിയാവുന്നത് ഞാന്‍ സാറിനോട് പറയാം. ബ്രഹ്മത്തിന് പല അര്‍ത്ഥതലങ്ങളുണ്ട്. ആത്മാവ്, പരമാത്മാവ്. പ്രപഞ്ചത്തിന്റെ പരമകാരണമാണ് ബ്രഹ്മം. എന്താണ് പരമകാരണം? ഈ കാണപ്പെടുന്ന പ്രപഞ്ചം എവിടുന്നുണ്ടായി, എവിടെ നില്ക്കുന്നു. അതാണ് ബ്രഹ്മത്തെ അന്വേഷിക്കൂ എന്ന് പറയുന്നത്. ബ്രഹ്മസ്വരൂപം പോലും ആനന്ദം, സത്ത്, ചിന്ത, കാരുണ്യം മുതല്‍ അമീബ വരെയുള്ള എല്ലാ ജീവികളിലും ഉണ്ട് എന്നതും ബ്രഹ്മത്തിന് അര്‍ത്ഥം കൊടുക്കാം. ശങ്കരന്‍ സാര്‍ സംശയത്തോടെ എന്നെ നോക്കി ചോദിച്ചു. നിന്നെ മറ്റ് ആരെങ്കിലും മലയാളം പഠിപ്പിക്കുന്നുണ്ടോ? ഞാന്‍ പുഞ്ചിരിയോടെ പറഞ്ഞു. പണ്ഡിതനായ കവി കെ.കെ. പണിക്കര്‍ സാറാണ് ബ്രഹ്മം ബോധമെന്നു പഠിപ്പിച്ചിട്ടുള്ളത്. ആത്മാവുമായി ബന്ധപ്പെട്ടു കിടക്കുന്നതിനാലാണ് ബ്രഹ്മം അത്യന്തം ശക്തിയാര്‍ജിച്ചതെന്ന് അദ്ദേഹം തന്നെ എഴുതിയിട്ടുണ്ട്. അത്രയും കേട്ടപ്പോള്‍ ശങ്കര്‍സാറിന് സന്തോഷമായി. അവര്‍ക്ക് രണ്ടുപേര്‍ക്കും ഉള്ളില്‍ എന്നോട് സ്‌നേഹമുണ്ടായിരുന്നു. എട്ടാം ക്ലാസുമുതലാണ് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ ക്ലാസുകള്‍ തുടങ്ങിയത്. ഞാന്‍ പഠിക്കുന്ന കാലത്ത് കുട്ടികള്‍ മദ്യം, ലഹരിമരുന്ന് എന്നിവ ഉപയോഗിക്കുന്നത് ഒരിക്കലും കണ്ടിരുന്നില്ല. സ്‌കൂളില്‍ ഒരു പാര്‍ട്ടികളുടെയും യൂണിയനും ഇല്ലായിരുന്നു. ഞങ്ങള്‍ക്കെല്ലാം അധ്യാപകരോട് സ്‌നേഹവും ബഹുമാനവുമായിരുന്നു. അതുപോലെ അവര്‍ക്കും അന്നത്തെ അദ്ധ്യാപകരോ രക്ഷിതാക്കളോ വിദ്യാഭ്യാസത്തില്‍ കളങ്കം ചാര്‍ത്തുന്നവരായിരുന്നില്ല.
ഹൈസ്‌കൂള്‍ പഠനകാലത്താണ് കായികരംഗത്ത് ഞാന്‍ ശ്രദ്ധിച്ചത്. എട്ടാംക്ലാസില്‍ കെ മുരളീധരന്‍ സാറായിരുന്നു. ഇംഗ്ലീഷ് പഠിപ്പിക്കുന്നതില്‍ വളരെ സമര്‍ത്ഥന്‍. ഒമ്പതാംക്ലാസില്‍ പഠിക്കുമ്പോഴാണ് സ്‌കൂളിലെ ചോദ്യപ്പേപ്പര്‍ മോഷ്ടിക്കുന്നത്. എന്റെ പഠനകാലത്ത് എനിക്ക് ജോലികളുടെ ആധിക്യം മൂലം വളരെ കുറച്ചേ പഠിക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. എല്ലാ ദിവസങ്ങവും കുട്ടികള്‍ പോയിക്കഴിഞ്ഞാല്‍ സ്‌കൂളിലെ വാതിലും ജനലും പ്യൂണായ പാപ്പന്‍ അടച്ചിട്ടാണ് പോകുന്നത്. ആ ദിവസം വൈകിട്ട് ഞങ്ങള്‍ പോകാതെ മുറിക്കുള്ളില്‍ ഇരുന്നു പഠിച്ചു. പ്യൂണ്‍ വന്നു പറഞ്ഞു എല്ലാം അടച്ചിട്ടേ പോകാവൂ എന്ന്. ഞങ്ങള്‍ കുറ്റിയിടാതെ ഒരു ജനാലയുടെ കതകടച്ചിട്ടു പോയി. രാത്രി പതിനൊന്ന് കഴിഞ്ഞപ്പോള്‍ ഞാനും ചന്ദ്രനും മെഴുകുതിരിയും തീപ്പെട്ടിയുമായി എത്തി ബെഞ്ചുകള്‍ നിരത്തി അതിന് മുകളില്‍ കയറി ഭിത്തിയുമായി ബന്ധിച്ചിട്ടുള്ള തടിക്കഷണത്തിലൂടെ തൂങ്ങി നടന്നു. താഴേയ്ക്കുപോയാല്‍ നടുവൊടിയുമെന്നുള്ളതുകൊണ്ട് മുറുകെ പിടിച്ചിരുന്നു. ഒരു വിധത്തില്‍ താഴെ ചാടി ചോദ്യപ്പേപ്പര്‍ തപ്പി. അത് അലമാരയിലാണെന്ന് മനസ്സിലാക്കി. ചന്ദ്രന്‍ കയ്യില്‍ കരുതിയ ചെറിയ കമ്പി വളച്ച് അലമാര തുറന്നു. അതില്‍ നിന്ന് രണ്ടെണ്ണം എടുത്ത് ഒരു സംശയവും കൂടാതെ കെട്ടിവച്ചു. ഒമ്പതാംക്ലാസ് പരീക്ഷ ആരുമറിയാതെ നല്ല മാര്‍ക്കോടെ ഞങ്ങള്‍ പാസ്സായി. ഞങ്ങളുടെ ഉയര്‍ന്നമാര്‍ക്കില്‍ പലരും അത്ഭുതപ്പട്ടു.
Leave a Reply