ന്യൂസ് ഡെസ്ക് മലയാളം യുകെ

യു എസ്‌ :- ലോകത്തിലെ മറ്റു രാജ്യങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഫൈസർ വാക്സിന്റെ 500 മില്യൺ ഡോസുകൾ വാങ്ങാനുള്ള തീരുമാനവുമായി യു എസ്. ഈ ആഴ്ച അവസാനം യുകെയിൽ വച്ച് നടക്കുന്ന ജി7 ഉച്ചകോടിയിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഈ തീരുമാനം പ്രഖ്യാപിക്കും. ലോകരാജ്യങ്ങളിലുള്ള വാക്സിൻ വിതരണത്തിൽ സഹായിക്കുവാൻ യുഎസ് ഉൾപ്പെടെയുള്ള സമ്പന്ന രാജ്യങ്ങൾക്ക് മേൽ സമ്മർദ്ദം ഏറി വരുന്നതിനാലാണ് ഇത്തരമൊരു തീരുമാനം. പ്രസിഡണ്ട് ആയതിനുശേഷമുള്ള ജോ ബൈഡന്റെ ആദ്യത്തെ വിദേശ യാത്രയ്ക്കായി പുറപ്പെടുന്നതിനു മുൻപ് മാധ്യമ പ്രവർത്തകർക്ക് നൽകിയ അഭിമുഖത്തിൽ, യു എസിനു ആഗോള വാക്സിൻ വിതരണത്തിനായി പദ്ധതിയുണ്ടെന്നും അത് ഉടൻതന്നെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. ബ്രിട്ടനിലെ കോൺ‌വാളിൽ നടക്കുന്ന ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാനായി ജോ ബൈഡൻ ബുധനാഴ്ച ഉച്ചയോടുകൂടി ബ്രിട്ടണിൽ എത്തിച്ചേർന്നു.

  ബ്രിട്ടനിൽ കോവിഡിൻ്റെ ഇന്ത്യൻ വകഭേദം ഗുരുതരമായി ബാധിച്ചത് പ്രതിരോധകുത്തിവെയ്പ്പ് ഒന്നും സ്വീകരിക്കാത്തവരെ. ഒരാഴ്ചയ്ക്കുള്ളിൽ ജനിതകമാറ്റം വന്ന വൈറസ് ബാധിച്ചത് 30000 പേർക്ക്. കടുത്ത ജാഗ്രതാ നിർദേശവുമായി പബ്ലിക് ഹെൽത്ത് ഓഫ് ഇംഗ്ലണ്ട്


വാക്സിൻ വിതരണം, കാലാവസ്ഥ പ്രതിസന്ധികൾ, വ്യാപാരം, വികസ്വര രാജ്യങ്ങളിലെ അടിസ്ഥാനസൗകര്യ വികസനം എന്നിവയാണ് ജി7 ഉച്ചകോടിയുടെ മുഖ്യ ചർച്ചാ വിഷയങ്ങൾ. ഉച്ചകോടിക്ക് ശേഷം ബൈഡനും ഭാര്യയും വിൻസർ കാസ്റ്റിലിൽ വെച്ച് എലിസബത്ത് രാജ്ഞിയെ സന്ദർശിക്കും. പിന്നീട് നാറ്റോ രാജ്യങ്ങളുടെ നേതാക്കന്മാരുമായിയുള്ള സന്ദർശനത്തിനായി ബ്രസൽസിലേക്ക് ബൈഡൻ യാത്രതിരിക്കും. അതിനുശേഷം റഷ്യൻ പ്രസിഡന്റ്‌ വ്ളാഡിമിർ പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്കായി ജനീവയിലേക്ക് അമേരിക്കൻ പ്രസിഡന്റ് യാത്ര തിരിക്കും.