അദ്ധ്യായം – 18
ശ്രീ ബുദ്ധന്റെ മുന്നിലെത്തിയ വഴികള്‍

എവിടെ അഭയം തേടുമെന്നായിരുന്നു മനസ്സില്‍ നിറഞ്ഞുനിന്ന ചോദ്യം. അവര്‍ അടുത്തു വരുന്തോറും ആകുലത വര്‍ദ്ധിച്ചു. ടിക്കറ്റ് എടുത്തിരുന്നെങ്കില്‍ യാത്ര ഇത്രമാത്രം ക്ലേശകരമാകില്ലായിരുന്നു. രക്ഷപ്പെടാനുളള വഴികള്‍ ആരാഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് ട്രെയിനിന്റെ വേഗം കുറഞ്ഞ് സൈറണ്‍ മുഴങ്ങിയത്. ട്രെയിന്‍ ഏതോ ഒരു സ്‌റ്റേഷനില്‍ നില്‍ക്കാന്‍ പോകുന്നു. അപ്പോഴേക്കും ചെക്കര്‍ എന്റെയടുക്കല്‍ എത്തിയിരുന്നു. എന്റെയടുത്തായി രണ്ടു പേര്‍ നില്പുണ്ട്. ഞാന്‍ ജീവനറ്റവനെ പോലെ അയാളെ തറപ്പിച്ചു നോക്കിയിട്ട് ടിക്കറ്റ് എടുക്കുന്ന ഭാവത്തില്‍ പോക്കറ്റിലിരുന്ന ഇന്റര്‍വ്യൂ പേപ്പര്‍ എടുത്തു. എന്നിട്ട് വീണ്ടും പോക്കറ്റിലേക്ക് നോക്കി. ആ സമയം അയാള്‍ അടുത്തു നിന്നവന്റെ ടിക്കറ്റു നോക്കി കൊടുക്കുന്ന സമയം ട്രെയിനിന്റെ വേഗം കുറഞ്ഞു വന്നു. എന്റെ അടുത്തു നിന്നവന്റെ കൈയ്യിലും ടിക്കറ്റ് ഇല്ലായിരുന്നു. അവന്‍ ഏതാനം നോട്ടുകള്‍ കൈക്കൂലിയായി കൊടുത്തു. അവര്‍ സംസാരിച്ചു നിന്നു. എനിക്കിത് നേരിയ ആശ്വാസം നല്‍കി.

ട്രെയിന്‍ പ്ലാറ്റ് ഫോമില്‍ എത്തുന്നതിനു മുന്നേ ആത്മധൈര്യത്തോടെ ഞാന്‍ പുറത്തേക്ക് ചാടി അതിവേഗമോടി. എന്നെ നോക്കി ട്രെയിനിലുളളവര്‍ നിന്നു. കുറച്ചു ദൂരം ഓടിയിട്ട് ഏങ്ങലടിച്ചുകൊണ്ട് തിരിഞ്ഞു നോക്കി. ഇനിയും ഒരുത്തനും എന്നെ കണ്ടെത്താനാവില്ലെന്ന് എനിക്കറിയാമായിരുന്നു. അല്പസമയം പരിക്ഷീണനായി ഞാനവിടെ നിന്നു. ഓട്ടവും വിശപ്പും ദാഹവും എന്നെ അവശനാക്കിയിരുന്നു. രാവിലെ ഭക്ഷണം കഴിച്ചതാണ്. ഉച്ചക്ക് കഴിച്ചിട്ടില്ല. ട്രെയിന്‍ ടിക്കറ്റിന് കാശില്ലെങ്കിലും ഭക്ഷണം കഴിക്കാന്‍ കാശുളളതോര്‍ത്ത് എന്റെ മുഖം തെളിഞ്ഞു. ലക്ഷ്യമില്ലാതെ ഓടിയത് എങ്ങോട്ടെന്നറിയില്ല. ഏതു സ്‌റ്റേഷന്‍ എന്നുമറിയില്ല. അറിയാത്ത വഴിയിലൂടെ ഞാന്‍ മുന്നോട്ട് നടന്നു. കുറച്ചു ദൂരം നടന്നപ്പോള്‍ ഒരു ചെറിയ വീടും അതിനടുത്തുളള പറമ്പത്ത് ഒരാള്‍ ജോലി ചെയ്യുന്നുണ്ട്. ഇനിയും അടുത്തുവരുന്ന ട്രെയിനില്‍ കയറി റാഞ്ചിയിലെത്തണം. ഞാന്‍ പോകുന്ന വഴിയിലൂടെ ഒരു പാവം മനുഷ്യന്‍ എന്റെ നേരെ നടന്നു വരുന്നു. സൗഹൃദ ഭാവത്തില്‍ ചോദിച്ചു. ഇവിടെ അടുത്തുളള ട്രയിന്‍ സ്‌റ്റേഷന്‍ ഏതാണ്. അദ്ദേഹം സ്‌നേഹത്തോടെ പറഞ്ഞു, ഇതു ഗയ സ്റ്റേഷനാണ്.

ഞാന്‍ നിശബ്ദനായി നിന്നു. എന്റെ മനസ്സില്‍ ബുദ്ധന്‍ തുടിച്ചു നിന്നു. മാനവരാശിക്ക് പ്രകാശം ചൊരിഞ്ഞ ബുദ്ധന്‍ പാര്‍ത്ത മണ്ണിലെന്ന് ഓര്‍ത്തു. ഞാന്‍ രക്ഷപ്പെട്ട് ഓടിയത് ഈ സ്ഥലത്തെന്ന് അറിഞ്ഞിരുന്നില്ല. മനസ്സു നിറയെ ശ്രീ ബുദ്ധന്‍. ആ പുണ്യാത്മാവിനെ പറ്റി ധാരാളം അറിഞ്ഞിരുന്നെങ്കിലും അദ്ദേഹം ധ്യാനിച്ച സ്ഥലത്ത് വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല. ശ്രീബുദ്ധന്റെ ഗയയില്‍ ഇനിയൊരിക്കല്‍ വരണമെന്ന് പാറ്റനയ്ക്ക് പോകുമ്പോള്‍ മനസ്സില്‍ നിനച്ചതാണ്. പൊടുന്നനെ അതു മുന്നിലെത്തിയിരിക്കുന്നു. വാച്ചിലേക്ക് നോക്കി. നാലു മണി കഴിഞ്ഞിരിക്കുന്നു. എന്റെ മനസ്സില്‍ ഒരു ആശയമുദിച്ചു. അദ്ദേഹം ധ്യാനിച്ചിരുന്ന സ്ഥലം എവിടെയെന്ന് അറിയണം. അടുത്താണെങ്കില്‍ ഇന്നു തന്നെ കണ്ടിട്ട് മടങ്ങി പോകാം. അതല്ല ദൂരെയാണെങ്കില്‍ റയില്‍വേ സ്‌റ്റേഷനിലിരുന്ന് ഉറങ്ങിയിട്ട് രാവിലെ കാണാന്‍ പോകാം.

വേഗത്തില്‍ സ്‌റ്റേഷന്‍ ലക്ഷ്യമാക്കി നടന്നു. സ്‌റ്റേഷനിലെത്തി. ചെറിയൊരു സ്‌റ്റേഷനാണ്, ടിക്കറ്റ് കൗണ്ടറില്‍ ചെന്നു അവിടെ ആരെയും കണ്ടില്ല. ദൂരെ നിന്ന ഒരാള്‍ കണ്ണുകളുയര്‍ത്തി എന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു. എവിടേക്കാ ടിക്കറ്റ്?. ഞാന്‍ പറഞ്ഞു, സാറെ ടിക്കറ്റ് വേണ്ട, ശ്രീബുദ്ധന്റെ അമ്പലം എവിടെയാണ്. ഉടനടി അയാള്‍ ചോദിച്ചു, മഹാ ബോധിയാണോ. ഞാന്‍ തലയാട്ടി അതെയെന്നു പറഞ്ഞു. ഈ അമ്പലം ശ്രീബുദ്ധനു വേണ്ടി പണിതത് അശോകചക്രവര്‍ത്തിയായിരുന്നു എന്ന് ഞാന്‍ പഠിച്ചിട്ടുണ്ട്. അയാള്‍ പറഞ്ഞു. ബോധിഗയയിലേക്ക് പോകാനെങ്കില്‍ പത്തു പന്ത്രണ്ടു കിലോമീറ്റര്‍ ഉണ്ട്. ഞനദ്ദേഹത്തിനു നന്ദി പറഞ്ഞിട്ട് മടങ്ങി വന്ന് യാത്രക്കാരുടെ മുറിയിലിരുന്നു ചിന്തിച്ചു. അങ്ങോട്ടു പോകണമെങ്കില്‍ എങ്ങനെ പോകും. എന്റെ അടുത്തായി ഒരാള്‍ ഇരിക്കുന്നുണ്ടായിരുന്നു. അയാളോട് വിശദമായി ഞാന്‍ ചോദിച്ചു മനസ്സിലാക്കി.

ഇന്ന് എന്തായാലും പോകാന്‍ പറ്റത്തില്ല. രാത്രിയില്‍ ഇവിടെ കഴിച്ചു കൂട്ടുക തന്നെ. കൈയ്യില്‍ ബസ്സു കൂലിക്കുളള കാശുണ്ട്. പുറത്തുളള കടയില്‍ നിന്ന് എന്തെങ്കലും വാങ്ങി കഴിക്കണം. ശ്രീബുദ്ധന്‍ വന്നതിനു ശേഷവും ഈ മണ്ണിന്റെ മക്കള്‍ക്ക് യാതൊരു പുരോഗതിയുമില്ലെന്നു തോന്നി. എങ്ങും ദാരിദ്ര്യം പേറുന്ന ജനങ്ങളെയാണ് ബീഹാറില്‍ കണ്ടത്. ശ്രീ ബുദ്ധന്‍ ഇരുന്നു ധ്യാനിച്ച സ്ഥലം ഒരു വിശുദ്ധ ഭൂമിയാണ്. ആ ആത്മീയ ആചാര്യന്റെ സ്ഥലത്തു വന്നിട്ട് എനിക്ക് മടങ്ങിപോകാന്‍ കഴിയുന്നില്ല. അപ്പോഴും എന്റെ മനസ്സിലുദിച്ച ചോദ്യം, കളളട്രെയിന്‍ കയറിയിട്ടാണോ ഈ പുണ്യാത്മാവിന്റെ സ്ഥലം കാണാന്‍ വരേണ്ടത്. ഈ കളളനെ ശ്രീബുദ്ധന്‍ പോലും അംഗീകരിച്ചതിന്റെ തെളിവല്ലേ എന്നെ ഇവിടെ ഇറക്കിയത്. എന്റെ കയ്യില്‍ കാശില്ലെന്ന് അദ്ദേഹം പോലും അറിഞ്ഞിരിക്കുന്നു. എന്നാലും കുറ്റബോധം തോന്നി.

പുറത്ത് ഇറങ്ങി നടക്കുമ്പോള്‍ മുദ്രാവാക്യങ്ങളുമായി കുറച്ചുപേര്‍ റോഡിലൂടെ നടന്നു പോകുന്നു. ഞാനും അവരെ പിന്‍തുടര്‍ന്നു. ഇവിടുത്തെ ജീവിതം നരകമാക്കിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ ഭരണത്തിനെതിരെയാണ് ജയപ്രകാശ് നാരായണന്റെ അനുയായികള്‍ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നത്. ബ്രിട്ടീഷുകാരുടെ കാലത്ത് ഇതുപോലുളള പീഡനങ്ങളാണ് പാവങ്ങള്‍ നേരിട്ടതെന്നും കൂട്ടത്തില്‍ ഒരാളോട് ചോദിച്ചപ്പോള്‍ മനസ്സിലായി. ഇന്ന് സന്ധ്യക്ക് ഗയ ടൗണില്‍ ജയപ്രകാശ് നാരായണന്‍ പ്രസംഗിക്കാന്‍ വരുന്നുണ്ട്. അവര്‍ക്ക് അദ്ദേഹം നവോത്ഥാന നായകനാണ്. എന്നെ പ്രത്യേകം ആകര്‍ഷിച്ച ഒരു കാര്യം അനുയായികളുടെ കൈയ്യില്‍ വലിയ വടികളും വാളുകളുമുണ്ടായിരുന്നു. ഇതേ കൊടികളാണ് പാറ്റനായിലെ പ്രകൃതി മൈതാനത്തും കണ്ടത്. കുറച്ചു ദൂരം അവര്‍ക്കൊപ്പം നടന്നിട്ട് ഞാന്‍ മടങ്ങിപോന്നു.

എന്തിനാണ് ഞാന്‍ അവര്‍ക്കൊപ്പം ഒരു പരിചയവുമില്ലാത്ത സ്ഥലത്ത് രാത്രി കാലത്ത് സഞ്ചരിക്കുന്നത്. ഇന്നത്തെ യോഗസ്ഥലത്ത് എന്തും സംഭവിക്കാമെന്നു തോന്നി. അഭിമാനമാണ് ഈ ജനത്തെ കണ്ടപ്പോള്‍ തോന്നിയത്. രാജ്യത്തു നിന്ന് വെളുത്ത കഴുകന്മാര്‍ പോയെങ്കിലും കറുത്ത കഴുകന്മാര്‍ മനുഷ്യനു മുകളില്‍ വട്ടമിട്ടു പറക്കുകയാണ്. രാജ്യസ്‌നേഹമുളള നേതാക്കന്മാര്‍ വരാതെ ഇന്ത്യയുടെ ദാരിദ്ര്യവും പട്ടിണിയും മാറില്ല. ഇന്നു കാണുന്നത് സിനിമയിലെപ്പോലുളള അഭിനവ നേതാക്കന്മാരാണ്. അല്പ സമയം രോഷപ്രകടനവുമായി പോകുന്നവരെ നോക്കി നിന്നു. അതില്‍ കൂടുതലും പ്രതികാര വാഞ്ചയുളള യുവാക്കളാണ്. സൂര്യന്റെ പ്രകാശം അണഞ്ഞു. ഞാനവിടെ കുറെ അലഞ്ഞു നടന്നു. വളരെ തിരക്കുളള ഒരു ഹോട്ടലില്‍ കയറി ചപ്പാത്തിയും ദാലും കഴിച്ചു. ഭക്ഷണം കൊടുക്കുന്നവര്‍ക്ക് ആരൊക്കെ കാശു കൊടുക്കുന്നു, അല്ലെങ്കില്‍ കൊടുക്കാതിരിക്കുന്നു, അതില്‍ ശ്രദ്ധിക്കാതെ വരുന്നവരുടെ ആവശ്യ പ്രകാരം ഭക്ഷണം കൊടുത്തു കൊണ്ടിരുന്നു. ഭക്ഷണം കഴിച്ച് എഴുന്നേറ്റ് പോകുന്നവര്‍ പുറത്തു വച്ചിരിക്കുന്ന വലിയൊരു പാത്രത്തില്‍ നിന്ന് വെളളമെടുത്തിട്ട് കൈകഴുകി വന്നിട്ടാണ് കസേരയിലിരിക്കുന്ന കടയുടമക്ക് കാശു കൊടുക്കുന്നത്.

ഞാന്‍ കടമുതലാളിയേയും ജോലിക്കാരേയും വളരെ ശ്രദ്ധയോടെയാണ് നോക്കുന്നത്. ഞാനും കൈകഴുകാന്‍ പുറത്തിറങ്ങി. മാന്യമായ രീതിയില്‍ കൈകഴുകി ഏതാനം മിനിറ്റുകള്‍ അകത്തേക്ക് നോക്കിയിട്ട് ഒരല്പം ഭീതിയോടെ മുന്നോട്ടു നടന്നു. സ്‌റ്റേഷനിലോട്ട് നടക്കുമ്പോള്‍ മനസ്സ് മന്ത്രിച്ചത് ഇങ്ങനെയാണ്. ശ്രീബുദ്ധന്റെ നാട്ടില്‍ ആരേയും പട്ടിണിക്കിടത്തില്ല. എങ്ങും ഇരുള്‍ മൂടി. സ്റ്റേഷന്റെ പ്ലാറ്റ് ഫോമില്‍ വിരലിലെണ്ണാന്‍ ആള്‍ക്കാരുണ്ട്. ഞാന്‍ വിശ്രമ മുറിയില്‍ അഭയം പ്രാപിച്ചു. ഒരു അഭയാര്‍ത്ഥിയെ പോലെ ഞാനിരുന്നു. അതിനുളളില്‍ നീണ്ട താടിയുളള മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരു മനുഷ്യന്‍ ചുരുണ്ടു കൂടി ഇരുപ്പുണ്ട്. ഭിക്ഷക്കാരനെന്നു മനസ്സിലായി. അയാള്‍ എഴുന്നേറ്റു വന്നു യാചകനായ എന്നോട് ഒരു ചായ കുടിക്കാന്‍ കാശു തരണമെന്ന് യാചിച്ചു. ഒരു ചായയ്ക്ക് ഇരുപത് പൈസ മതി. എന്റെ പോക്കറ്റില്‍നിന്ന് അന്‍പതു പൈസ കൊടുത്തിട്ട് എന്തെങ്കിലും വാങ്ങി കഴിക്കാനും പറഞ്ഞു. ആ മുഖത്തെ ദൈന്യത, സ്‌നേഹം ഞാന്‍ കണ്ടു. അയാള്‍ എന്നെക്കാള്‍ ദരിദ്രനാണ്. എങ്ങു നിന്നോ ഒരു ട്രയിന്‍ വന്നു നിന്നു. അയാള്‍ ഭിക്ഷയാചിക്കാനായി പെട്ടെന്ന് അവിടേക്കു ചെന്നു.
വിശ്രമമുറിയില്‍ നേരം പുലരാനായി ഇരുന്നും എഴുന്നേറ്റും കോട്ടുവായിട്ടും കണ്ണടച്ചും തുറന്നും ഞാനിരുന്നു. അതിനിടയില്‍ പിച്ചക്കാരനും ആ മുറിയില്‍ വന്നിരുന്നു. അയാള്‍ അവിടുത്തെ അന്തേവാസിയെന്ന് തോന്നി. എന്തായാലും ഞാനയാള്‍ക്ക് അതിഥിയാണ്. ഇടക്കിടക്ക് ഞങ്ങളുടെ കണ്ണുകള്‍ കൂട്ടിമുട്ടും. ആദരപൂര്‍വ്വമാണ് എന്നെ നോക്കുന്നത്. ഹൃദയം നിറഞ്ഞ നന്ദി ആ നോട്ടത്തിലുണ്ട്. ഇടക്ക് ഞാന്‍ കണ്ണുതുറന്നപ്പോള്‍ കണ്ടത് അയാള്‍ തറയില്‍ ചുരുണ്ടുകൂടി കിടക്കുന്നതാണ്. ഈ മുറിക്ക് ഒരു പുതിയ മാനം വന്നിരിക്കുന്നു. ജീവിതത്തില്‍ ആദ്യമായിട്ടാണ് ഒരു റയില്‍വേ സ്റ്റേഷനില്‍ ഞാനിരുന്നുറങ്ങുന്നത്. കിഴക്കേ മലമുകളില്‍ സൂര്യനും എന്നെ പോലെ ഉറങ്ങിയുണര്‍ന്നു. പ്രഭാത കര്‍മ്മങ്ങള്‍ക്കിടയില്‍ പല്ലു തേച്ചത് വിരലുകള്‍ കൊണ്ടാണ്. എന്റെ അടുത്തിരുന്നയാള്‍ എന്തോ ചെറിയ കമ്പുരച്ചാണ് പല്ല് തേക്കുന്നത്. കുളിരു നിറഞ്ഞ കാറ്റ് അവിടെ വീശുന്നുണ്ടായിരുന്നു. സൂര്യകിരണങ്ങള്‍ ഭൂമിയെ ആലിംഗനം ചെയ്തു കൊണ്ടിരുന്നു.

പ്ലാറ്റ് ഫോമിലൂടെ നടക്കുമ്പോള്‍ കല്‍ക്കട്ടയിലേക്ക് പോകാനുളള ട്രെയിന്‍ ചൂളം വിളിയുമായ് കടന്നുപോയി. ഞാന്‍ പുറത്തിറങ്ങി ബസ്സ് കിട്ടുന്നിടം ലക്ഷ്യമാക്കി നടന്നു. തണുപ്പു മാറിയിട്ടും നല്ല കുളിരാണ് അനുഭവപ്പെടുന്നത്. നടക്കുന്നതിനിടയില്‍ രണ്ടു വഴിയാത്രക്കാരോട് ബസ്സിന്റെ സ്ഥലം ചോദിച്ചറിഞ്ഞു. ശ്രീബുദ്ധനെ കാണാന്‍ വെമ്പല്‍ കൊളളുന്ന മനസ്സുമായി ഞാന്‍ നടന്നു. ബസ്സ് സ്റ്റോപ്പിലെത്തുമ്പോള്‍ ഒന്നിലധികം ബസ്സുകള്‍ കിടപ്പുണ്ട്. അതില്‍ ബോധിഗയയിലേക്കുളള ബസ്സും ഉണ്ടായിരുന്നു. ഞാനതില്‍ കയറിയിരുന്നു. ബസ്സ് ടിക്കറ്റ് എടുക്കുമ്പോള്‍ തന്നെ കണ്ടക്ടറോട് ബോധിമരച്ചുവട്ടിലേക്കെന്ന് പറഞ്ഞു. ബസ്സ് എത്തിയപ്പോള്‍ അയാള്‍ ഉറക്കെ വിളിച്ചു പറഞ്ഞു, ബോധിഗയ…. എന്റെയൊപ്പം മറ്റു ചിലരും അവിടെയിറങ്ങി ബോധി മരച്ചുവട്ടിലേക്കു നടന്നു. ആ മരം ബുദ്ധന്‍ ഇരുന്ന മരത്തണലല്ല. അതിനു പകരം ഓര്‍മ്മിക്കാനെന്നവണ്ണമുളള മരമാണ്.
ബി.സി.563-ല്‍ നേപ്പാളില്‍ അതിസമ്പന്നമായ രാജകൊട്ടാരത്തില്‍ ജനിച്ച സിത്ഥാര്‍ത്ഥ ഗൗതമന്‍, ജീവിതത്തിന്റെ സര്‍വ്വ സൗഭാഗ്യങ്ങളുമുപേക്ഷിച്ച് പരാക്രമങ്ങളും, അനീതിയും, അസത്യങ്ങളും നടമാടുന്ന ഈ മണ്ണില്‍നിന്ന് പരമാനന്ദമായ സത്യവും, ജ്ഞാനവും തേടി സ്വര്‍ഗ്ഗലോകത്തേക്ക് യാത്രചെയ്തു. ആറു വര്‍ഷത്തിലധികമാണ് അദ്ദേഹം ഇവിടെ ധ്യാനത്തിലിരുന്നത്. അതിലൂടെ ജ്ഞാനോദയമുണ്ടായി. അടുത്തുളള മഹാബോധി അമ്പലത്തില്‍ ഈ ലോകത്തില്‍ പുഞ്ചിരി പ്രഭ സമ്മാനിച്ചു കൊണ്ടുളള സ്വര്‍ണ്ണനിറത്തിലുളള പ്രതിമയും അതിനടുത്തായി മഞ്ഞളിന്റെ നിറമുളള വസ്ത്രം ധരിച്ച ബുദ്ധ ഭിക്ഷുക്കള്‍ പ്രാര്‍ത്ഥനകള്‍ ചൊല്ലുന്നതും കണ്ടു. ശ്രീ ബുദ്ധനെ നേരില്‍ കണ്ടതു പോലെ തോന്നി. മണ്ണിലെ സുഖമോഹങ്ങളില്‍ നിന്നകന്ന് കഴിയാന്‍ ആര്‍ക്കാണ് കഴിയുക. മഹാരാജാവായി അന്തപുര സ്ത്രീകളുമായി കുടിച്ചും ഉല്ലസിച്ചും കഴിയേണ്ടയാള്‍ സര്‍വ്വ സുഖങ്ങളും പരിത്യജിക്കുക അത് ദിവ്യത്വമാണ്. മരണമുളള മനുഷ്യന്‍ മരണമില്ലാത്തവനായി മാറുന്നു. എന്റെ മനസ്സ് പറന്നത് ഹിമാലയത്തിലേക്കാണ്. തപസ്സ്, മനസ്സിന്റെ ഏകാഗ്രതയാണ്.

ശിവന്റെ തപസ്സിന് സാക്ഷിയായി ഗംഗയുളളതുപോലെ ഇവിടേയും ഒരു നദി ഒഴുകുന്നുണ്ട്. അതിന്റെ പേരാണ് നിരംബവ. ഹിമാലയത്തിലുളള പോലുളള കസ്തൂരിയുടെ മണമോ, നിറമാര്‍ന്ന പക്ഷികളോ, മയിലുകളോ, പൂക്കളോ ഞാനവിടെ കണ്ടില്ല. ഞാനവിടെ കണ്ടത് ലോകത്തിനു ജീവന്‍ നല്‍കുന്ന ആത്മാവിന്റെ മണമാണ്. ഏത് മതവിശ്വാസിയായാലും ആശ്രമ ജീവിതം നയിക്കുന്നവര്‍ക്ക് ശ്രീബുദ്ധന്‍ ഒരു വഴികാട്ടിയാണ്. ആത്മീയ ജീവിതം നയിക്കുന്നവര്‍ക്ക് ഇടറി വീഴാന്‍ ധാരാളം വഴികളുണ്ട്. അവര്‍ക്ക് സുന്ദര ജീവിതത്തേക്കാള്‍ ആത്മാവിന്റെ വിഭവങ്ങള്‍ വിളമ്പാന്‍ കഴിയുമെന്ന് ഞാന്‍ മനസ്സിലാക്കി. ഞാനും അവിടെ ആത്മാവില്‍ വിടരുന്ന പൂവു പോലെയായിരുന്നു. പ്രകൃതിയുടെ പല ഭാവങ്ങള്‍ എങ്ങുമുണ്ട്. ചില ഭാഗങ്ങളില്‍ ചെടികള്‍ പ്രസരിപ്പോടെ നില്‍പ്പുണ്ട്. ബുദ്ധ ഭക്തനായ അശോക ചക്രവര്‍ത്തി, ശ്രീബുദ്ധന്‍ ഇഹലോകവാസം വെടിഞ്ഞ് 280 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സുന്ദരമായ മഹാ ബോധിയമ്പലം അവിടെ പണിയുന്നത്. നൂറ്റാണ്ടുകളായി ബുദ്ധഭിക്ഷുക്കളും ആരാധകരും ധാരാളമായി അവിടെ പ്രാര്‍ത്ഥിക്കുന്നു.

ശ്രീബുദ്ധന്‍ ഗയയില്‍ മാത്രമല്ല സന്യസിച്ചതും ജീവിച്ചതും. മറ്റു തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ കുഷിനഗര്‍, ലുംബിനി, സമര്‍നാഥ് മുതലായവയാണ്. പാറ്റനയില്‍ നിന്നു 110 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടെയെത്താന്‍. 2002 മുതല്‍ യുനസ്‌കോയുടെ ഒരു പൈതൃക കേന്ദ്രം കൂടിയാണിത്. വികാര ഭരിതനായി എല്ലാം കണ്ടിട്ട് ഞാനവിടെ നിന്നു സ്റ്റേഷനിലേക്ക് മടങ്ങി. ഇതിനിടയില്‍ ഭക്ഷണം കഴിക്കാനും ഞാന്‍ മറന്നില്ല. രണ്ടു മണിയോടെ റാഞ്ചിയിലേക്ക് ട്രെയിന്‍ തിരിച്ചു. പിന്നില്‍ നിന്നും രണ്ടാമത്തെ ബോഗിയിലാണ് ഞാന്‍ കയറിയത്. ഇരുമ്പു പാളികള്‍ ഇളക്കി മറിച്ചു കൊണ്ട് ഓരോ സ്‌റ്റേഷനിലെത്തുമ്പോഴും ഞാനും പുറത്തിറങ്ങി. ടിക്കറ്റ് ചെക്കര്‍ ഏതെല്ലാം ബോഗിയിലാണ് കയറുന്നതെന്ന് ഞാന്‍ ശ്രദ്ധിച്ചു. സന്ധ്യ കഴിഞ്ഞപ്പോള്‍ എന്നെ ഞെട്ടിച്ചുകൊണ്ട് ടിക്കറ്റ് ചെക്കര്‍ എന്റെ ബോഗിയില്‍ കയറി. ഈ പ്രാവശ്യം പിടിക്കപ്പെടുമെന്ന് മനസ്സിലാക്കി ഞാന്‍ ടോയ്‌ലറ്റില്‍ കയറി ഒളിച്ചു. പുറത്ത് ഇരുട്ടായിരുന്നതിനാല്‍ കൈയ്യിലിരുന്ന കറുത്ത കോട്ട് എന്റെ ശ്രദ്ധയില്‍പെട്ടില്ല. മനസ്സ് ഉത്കണ്ഠപ്പെട്ടില്ല. അഥവാ പിടിച്ചാല്‍ പഴയതു പോലെ എന്തെങ്കിലും ആവര്‍ത്തിക്കണം. എന്റെ ഒപ്പം ഓടാനൊന്നും ഇവിടുത്തെ പോലീസ്സിന് കഴിയില്ല. മനസ്സിനെ ധൈര്യപൂര്‍വ്വം എന്തും വരട്ടെ എന്ന ഭാവത്തില്‍ ഞാനടക്കിനിറുത്തി. മനസ്സില്‍ ചോദിച്ചു, രാജ്യത്തെ കൊളള ചെയ്യുന്ന കളളന്മാരേക്കാള്‍ വലിയ കളളനാണോ ഞാന്‍?.
റാഞ്ചിയിലെത്തുമ്പോള്‍ ഇരുള്‍ കനത്തിരുന്നു. എന്റെ കണ്ണുകള്‍ ദൂരേക്ക് പാഞ്ഞു അകത്തേക്കും പുറത്തേക്കും പോകുന്ന വാതിലിനെ നോക്കി . ആ വലിയ വാതിലിനടുത്ത് നിന്ന് പുറത്തേക്ക് പോകുന്നവരുടെ ടിക്കറ്റുകള്‍ പരിശോധിക്കുന്നുണ്ട്. അതിനടുത്തായി വലിയ വടിയുമായി ഒരു പോലീസ്സുകാരനും നില്‍ക്കുന്നു. പുറത്തേക്ക് കടക്കുക അത്ര എളുപ്പമുളള കാര്യമല്ല. എന്തോ തിരയുന്നതു പോലെ ഞാനവിടെ നടന്നിട്ട് പ്ലാറ്റ് ഫോമിലെ ബഞ്ചില്‍ വന്നിരുന്നു. എല്ലാ യാത്രക്കാരും തിരക്കിട്ട് പുറത്തേക്ക് പോകുന്നു. ഞാന്‍ ഇവിടെ എത്ര നേരമിരിക്കും. ട്രെയിന്‍ പല ക്രോസിങ്ങുകളില്‍ സിഗ്നലിനായി കാത്തു കിടന്ന് ഒരു മണിക്കൂറോളം നഷ്ടപ്പെടുത്തി.

അല്പനേരമിരുന്നിട്ട് മിഴിച്ച കണ്ണുകളോടെ വാതിലിലേക്ക് നോക്കി. ഇപ്പോള്‍ അവിടെ ആരുമില്ല. പ്ലാറ്റ്‌ഫോമിലൂടെ ഞാന്‍ മുന്നോട്ടു നടന്ന് ചുറ്റുപാടുകള്‍ നിരീക്ഷിച്ചിട്ട് വാതിലിലൂടെ പുറത്തേക്ക് കടന്നു. പുറത്ത് കുറ്റാക്കുറ്റിരുട്ട് എല്ലാ ജീവജാലങ്ങളും ഉറക്കത്തിലാണ്. ശക്തിയായ കാറ്റ് വീശുന്നുണ്ട്. ആകാശ ഗോപുരങ്ങളില്‍ നിന്ന് മിന്നലും ഭൂമിയിലേക്ക് വന്നിരിക്കുന്നു. മഴക്കാണോ. റോഡിലൂടെ ചില വാഹനങ്ങള്‍ ഓടുന്നതല്ലാതെ ഒരു മനഷ്യനേയും കണ്ടില്ല. വേഗത്തില്‍ താമസസ്ഥലത്തേക്ക് നടന്നു. ഉളളില്‍ ഭയമില്ലെങ്കിലും ആശങ്കയില്ലെന്നു പറയാനാകില്ല. കാറ്റ് താളമേളങ്ങളോടെ സംഗീതം മീട്ടുന്നുണ്ട്. മുറിയില്‍ എത്തുന്നതിനു മുമ്പു തന്നെ ചാറ്റല്‍ മഴ പെയ്തു തുടങ്ങി. റാഞ്ചി നഗരത്തിലെത്തുമ്പോള്‍ മഴ ശക്തിയാര്‍ജ്ജിച്ചു. അടുത്തുളള കടത്തിണ്ണയില്‍ കയറി നിന്നു. നഗരം ശാന്തവും നിശബ്ദവുമാണ്. തണുത്ത കാറ്റ് വീശിയടിക്കുന്നു. ഇവിടെ നിന്നും അഞ്ചു മിനിറ്റ് ദൂരമേ താമസസ്ഥലത്തേക്കുളളൂ. മഴ മാറാതെ പറ്റില്ലല്ലോ. നല്ല വിശപ്പും ദാഹവും മനസ്സിനെ അലട്ടി. പാറ്റന യാത്ര കണ്ണുകളെ നിറച്ചു. പെയ്തിറങ്ങുന്ന ഈ മഴയും ആകാശത്തു നിന്ന് കരഞ്ഞു കരഞ്ഞു കണ്ണീര്‍ വാര്‍ക്കുകയാണോ. കണ്ണീരൊഴുക്കുന്ന മഴയുടെ കണ്ണീരൊപ്പുന്ന മണ്ണിനെ നോക്കി ഞാന്‍ നിന്നു. ഇടിമിന്നലുകള്‍ വീണ്ടുമുണ്ടായി. മഴയുടെ കണ്ണീര്‍ പ്രവാഹം നിലച്ചു. നഗരം നല്‍കിയ വെളിച്ചത്തിലൂടെ വീണ്ടും നടന്നു. പാന്‍സിന്റെ പോക്കറ്റില്‍ കിടന്ന താക്കോലെടുത്ത് കതക് ശബ്ദമുണ്ടാക്കതെ തുറന്നു. ശശിയും അബ്ദുളളയും നല്ല ഉറക്കത്തിലാണ്. മുറി തുറന്ന് ലൈറ്റിട്ട് തുണികളെല്ലാം അഴിച്ചു മാറ്റി കൈലിയുടുത്തു, കുളിമുറിയിലെ വെളളം കുടിച്ച് വിശപ്പടക്കി. കുളിച്ചു കഴിഞ്ഞപ്പോള്‍ ക്ഷീണമെല്ലാം മാറി. കതകും ലൈറ്റുമണച്ച് കിടന്നുറങ്ങി.
എന്റെ അലസമിഴികള്‍ തുറന്ന നേരം സൂര്യന്‍ ആകാശത്ത് തിളങ്ങി നിന്നു. ഉച്ചക്ക് പന്ത്രണ്ടു മണി കഴിഞ്ഞിരുന്നു. അടുത്തുളള റോഡിലെ ബഹളമോ, അടുത്ത മുറിയിലുളളവരുടെ കാര്യങ്ങളോ ഞാനറിഞ്ഞില്ല. കഴിഞ്ഞ രാത്രിയിലോ ശരിക്കൊന്നുറങ്ങിയില്ല. മണിക്കൂറുകളോളം ട്രെയിനില്‍ നില്പ്, വിശപ്പ്, ദാഹം എല്ലാം എന്നെ തളര്‍ത്തിയിരുന്നു. കട്ടിലില്‍ ചിന്താകുലനായി ഉപജീവനത്തിന്റെ മാര്‍ഗ്ഗം ആലോചിച്ചിരുന്നു. നാട്ടില്‍ നിന്ന് വന്നിട്ട് പത്രമോഫിസില്‍ ജോലി ചെയ്തത് വെറും രണ്ടു മാസമാണ്. മുന്നില്‍ അന്ധകാരം വീണ്ടും കാണുന്നു. എഴുന്നേറ്റ് പല്ല് തേച്ച് കുളിച്ചിട്ട് തുണികള്‍ ധരിച്ച് ഹോട്ടലിലേക്ക് നടന്നു. അസഹ്യമായ വിശപ്പുണ്ട്. പോക്കറ്റിലെ പണം എണ്ണി തിട്ടപ്പെടുത്തി. വെറും പതിനൊന്നു രൂപ മാത്രം. ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചു. കാശു കൊടുക്കാതെ രക്ഷപ്പെടാന്‍ ഒരു ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. കട മുതലാളി എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പഴയതുപോലെ ഒരു ജോലിക്കായി റാഞ്ചിയുടെ ഓരോ വഴിയിലൂടെയും ഞാനലഞ്ഞു.

കമ്പനികളുടെ പേരുകള്‍ കാണുമ്പോള്‍ അതിനുള്ളില്‍ കയറി ജോലിയുണ്ടോ എന്നു തിരക്കും. ആ കൂട്ടത്തില്‍ സ്‌പെന്‍സര്‍ എന്ന മരുന്നു കമ്പനിയുടെ മലയാളി മാനേജര്‍ കറ്റാനത്തുകാരന്‍ തോമസ്സിനേയും ഞാന്‍ പരിചയപ്പെട്ടു. അവിടെ അവസരമില്ലെന്നു മനസ്സിലായി. ദിവസങ്ങള്‍ കഴിയുന്തോറും എന്നില്‍ ശുഭപ്രതീക്ഷകള്‍ മാത്രമായിരുന്നു. ഈ ദരിദ്ര രാജ്യത്ത് എന്നെപ്പോലെ ഒരു ദരിദ്രവാസി അലയുന്നതില്‍ തെറ്റൊന്നും ഞാന്‍ കണ്ടില്ല. ഇപ്പോള്‍ അനുഭവിക്കുന്ന ഗുരുതരമായ പ്രശ്‌നം കയ്യിലെ കാശു തീര്‍ന്നു കൊണ്ടിരിക്കുന്നതാണ്. പല ദിവസങ്ങളിലും തിരക്കുളള ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചിട്ട് കാശു കൊടുക്കാതെ രക്ഷപ്പെട്ടിട്ടുണ്ട്. അത് എല്ലാ ദിവസവും വിജയിക്കാറില്ല. ഭക്ഷണം ഒരു ദിവസം ഒരു നേരമാക്കി. അത് ഉച്ചയ്ക്കുളളതാണ്. പട്ടിണിയിലും അര്‍ത്ഥപട്ടിണിയിലും ഞാന്‍ ദിനങ്ങള്‍ കഴിച്ചുകൂട്ടി ചെറുപ്പം മുതലേ അതു ശീലിച്ചത് പ്രയോജനപ്പെട്ടു. ഞാന്‍ താമസ്സിക്കുന്നതിനടുത്ത് ഒരു ദേവിയുടെ അമ്പലമുണ്ട്. മിക്ക ദിവസങ്ങളിലും ഞാന്‍ ദേവിയുടെ മുന്നില്‍ പോയിരുന്ന് ചോദിക്കും. ഈ ലോകമോഹ-സുഖ-ദുഖങ്ങളില്‍ നിന്ന് മാറിയിരുന്ന് വിളക്കും എണ്ണയും തിരിയും ദീപവും മാത്രം കണ്ടാല്‍ മതിയോ. ആ ദേവി നിറഞ്ഞു തുളുമ്പുന്ന സ്‌നേഹത്തോടെ എന്നെ നോക്കും. ആ നോട്ടത്തില്‍ എന്റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പും. ഒരു ജോലിക്കായി എല്ലാ ഊടു വഴികളിലൂടെയും സഞ്ചരിച്ചിട്ടും ഒടുവില്‍ നിരാശയോടെയാണ് മുറിയില്‍ എത്തുന്നത്. എന്നിട്ടും എന്റെ മനസ്സ് ശക്തിയാര്‍ജിച്ചു. നിരാശയോടെ കിടന്നുറങ്ങി നേരം പുലര്‍ന്ന് എഴുന്നേല്‍ക്കുമ്പോള്‍ എന്നില്‍ നിറയുന്നത് മോഹങ്ങളാണ്, ശുഭ പ്രതീക്ഷകളാണ്. ശ്രമങ്ങള്‍ തുടര്‍ന്നാല്‍ തുറക്കാത്ത വാതിലും തുറക്കപ്പെടുമെന്ന് വിശ്വസിച്ചു. അങ്ങനെ എനിക്കായി ഒരു വാതില്‍ തുറക്കപ്പെട്ടു.