അദ്ധ്യായം 34
ഞാന്‍ കണ്ട സാഹിത്യ, രാഷ്ട്രീയ മുഖങ്ങള്‍

ഒരു പുസ്തകം പ്രകാശനം ചെയ്യാമെന്ന് ഏറ്റയാള്‍ക്കു വരാന്‍ സാധിക്കാതെ വരിക. ഗ്രന്ഥകര്‍ത്താവും പ്രസാധകനും ഒരു പോലെ പ്രതിസന്ധിയിലാകും. ഇങ്ങനെയുള്ള അവസരങ്ങളില്‍ സന്നിഹിതരായവരില്‍ ഒരാളേക്കൊണ്ട് പുസ്തകം പ്രകാശനം ചെയ്യിക്കുകയാണു പതിവ്. കാരണം ക്ഷണക്കത്ത് ഒക്കെ അച്ചടിച്ചുകഴിഞ്ഞ് മറ്റൊരാളെ സംഘടിപ്പിക്കുക ബുദ്ധിമുട്ടാണ്. മാത്രമല്ല, പകരക്കാരനായി വരാന്‍ സാധാരണ എല്ലാവരും വിസമ്മതിക്കും. രാഷ്ട്രീയക്കാരോ സാഹിത്യകാരന്മാരോ ആണങ്കില്‍ പറയുകയും വേണ്ട. രണ്ടു കൂട്ടര്‍ക്കും ‘ഈഗോ’ പ്രശ്‌നമാണ്.
എന്റെ ‘കിനാവുകളുടെ തീരം’ എന്ന നോവല്‍ പ്രകാശനത്തിന് സംഘാടകരായ പേരൂര്‍ കാരാഴ്മ നേതാജി ക്ലബ് ക്ഷണിച്ചിരുന്നത് ഡോ. സുകുമാര്‍ അഴീക്കോടിനെയാണ്. ക്ഷണക്കത്തും അച്ചടിച്ചു വിതരണംചെയ്തു. പ്രകാശനത്തലേന്ന് അഴീക്കോട് മാഷിന്റെ ഫോണ്‍ വന്നു ‘കാലിനു നല്ല നീരും വേദനയുമുണ്ട്, ഇത്രദൂരം യാത്രചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്. ചാരുംമൂട് വരെ നല്ല ദൂരമല്ലേ, മറ്റൊന്നും തോന്നരുത്.’
എന്നെക്കാള്‍ വിഷമിച്ചത് നേതാജി ക്ലബ് ഭാരവാഹികളാണ്. പകരം ആരെന്നു ഞാന്‍ ചോദിച്ചു. ക്ലബ് ഭാരവാഹികളായ അരവിന്ദാക്ഷനും ഷിബുവും പറഞ്ഞു. ‘എം. എ. ബേബിയെ വിളിക്കാം.’ അദ്ദേഹം സി.പി.എം. ആലപ്പുഴ ജില്ലാ സെക്രട്ടറി സ്ഥാനം കൂടിവഹിച്ചിരുന്നു. അദ്ദേഹം മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തനാണ് എന്ന പൊതു അഭിപ്രായം ഉയര്‍ന്നു. ഫോണില്‍ സംസാരിച്ചത് ഞാന്‍ തന്നെയാണ്. ഒരു എതിര്‍പ്പും പറഞ്ഞില്ല. വരാമെന്നു സമ്മതിച്ചു. നിശ്ചിത സമയത്തിനു മുമ്പേ എത്തി. അതിമനോഹരമായി പ്രസംഗിച്ചു. പുരോഗമന ആശയങ്ങള്‍ നിറഞ്ഞതായിരുന്നു പ്രസംഗം. കാറുകൂലി നല്‍കിയതുപോലും വാങ്ങാതെയാണു മടങ്ങിയത്.

2008 ല്‍ എം.എ. ബേബി, വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോള്‍ തിരുവനന്തപുരത്ത് എന്റെ ‘കാല്‍പ്പാടുകള്‍’ എന്ന നോവല്‍ പ്രകാശനം ചെയ്തിരുന്നു. ജി.എന്‍ പണിക്കര്‍, ഏഴാച്ചേരി രാമചന്ദ്രനും കരീപ്പുഴ ശ്രീകുമാറും വിതുര ബേബിയും ബാബു കുഴിമറ്റവും എല്ലാം ഉള്‍പ്പെട്ട സാഹിത്യവേദിയിലായിരുന്നു പ്രകാശനം. പ്രസംഗത്തില്‍ മാത്രമല്ല, പ്രവൃത്തിയിലും എം.എ. ബേബി വ്യത്യസ്തനാണ്. സത്യത്തിനു വേണ്ടി നിലകൊള്ളാനും മറ്റുള്ളവരുടെ ആവലാതികള്‍ ശ്രദ്ധയോടും ക്ഷമയോടും കൂടെ കേള്‍ക്കാനും പരിഹാരം കാണാനും അദ്ദേഹത്തിനു പലപ്പോഴും കഴിയാറുണ്ട്.
തലേ വര്‍ഷം, ഇംഗ്ലണ്ടില്‍ ഈസ്റ്റ്ഹാമിലെ ഗുരുമിഷനില്‍ അദ്ദേഹം എത്തിയിരുന്നു. ഇംഗ്ലീഷില്‍ ഭംഗിയായി സംസാരിക്കുവാനുള്ള അദ്ദേഹത്തിന്റെ കഴിവ് അന്നു ഞാന്‍ മനസ്സിലാക്കിയതാണ്.
രാഷ്ട്രീയത്തില്‍ ഞാന്‍ അറിഞ്ഞ മറ്റൊരു വ്യത്യസ്ത വ്യക്തിത്വമാണ് ജി. സുധാകരന്‍. അദ്ദേഹം സഹകരണ മന്ത്രിയായപ്പോഴാണ് സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പുനര്‍ജീവിപ്പിച്ചതും എഴുത്തുകാര്‍ക്കു റോയല്‍റ്റി കുടിശിക നല്‍കിയതും. എറണാകുളം ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ എനിക്കും കിട്ടി ഒരു തുക. പുതിയ പുസ്തകങ്ങള്‍ക്ക് റോയല്‍റ്റി തുക കുറച്ച് മുന്‍കൂറായി നല്‍കിയും അദ്ദേഹം പരീക്ഷണം നടത്തി. ഞാന്‍ എഴുതിയ ‘കാണാപ്പുറങ്ങള്‍’ എന്ന നോവല്‍ ഏഴാച്ചേരി രാമചന്ദ്രനു നല്‍കി ജി. സുധാകരനാണു പ്രകാശനം ചെയ്തത്. ജി. സുധാകരന്റെ അയല്‍ക്കാരനാണു ഞാന്‍ എന്നു പറയാം. അതില്‍ ഞാന്‍ അഭിമാനിക്കുന്നു. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ ആസ്ഥാന മന്ദിരം പൊളിച്ചു പണിതതുപോലെ ഒട്ടേറെ പൊളിച്ചടുക്കലുകള്‍ പല രംഗങ്ങളിലും അദ്ദേഹം നടത്തിയിട്ടുണ്ട്.

മാവേലിക്കര രാമചന്ദ്രനുമൊത്താണ് ഡല്‍ഹി കേരള ഹൗസില്‍, ഞാന്‍ അന്തരിച്ച മുന്‍ മന്ത്രിയും സ്പീക്കറുമൊക്കെയായ ജി. കാര്‍ത്തികേയനെ പരിചയപ്പെട്ടത്. എന്റെ നോവല്‍ ‘കനല്‍’ കോട്ടയത്ത് ജോസ് പനച്ചിപ്പുറത്തിനു നല്‍കി പ്രകാശനം ചെയ്തത് ജി. കാര്‍ത്തികേയനാണ്. ഭാഷയുടെയും സംസ്‌കാരത്തിന്റെയും പ്രാധാന്യം മനസ്സിലാക്കിയ നേതാവ്. രാഷ്ട്രീയ, സാമൂഹിക രംഗങ്ങളില്‍ സത്യസന്ധത പൂലര്‍ത്തിയ വ്യക്തി. അകാലത്തിലാണ് അദ്ദേഹം നമ്മെ വിട്ടകന്നത്.
ഇവരില്‍ നിന്നൊക്കെ വ്യത്യസ്തനാണെങ്കിലും രമേശ് ചെന്നിത്തലയിലും ഞാന്‍ നന്മയും സൗഹൃദവും കണ്ടിട്ടുണ്ട്. അനുഭവിച്ചറിഞ്ഞിട്ടുമുണ്ട്. ചാരുംമൂട്ടില്‍ എന്റെ പുസ്തക പ്രകാശനച്ചടങ്ങിന് അദ്ദേഹം ഒരിക്കല്‍ എത്തിയത് മാവേലിക്കരയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ്. ‘കാരൂര്‍ സോമനെ നിരാശപ്പെടുത്താന്‍ കഴിയില്ല. അതാണ് ഓടിയെത്തിയത്’ രമേശ് പറഞ്ഞു.

ഇവിടെ ഞാന്‍ അഴീക്കോട് മാഷിലും നന്മകാണുന്നു. അദ്ദേഹത്തിന്റെ ശാരീരിക വൈഷമ്യങ്ങളും വരാന്‍ സാധിക്കാത്തതിലുള്ള വിഷമവും അദ്ദേഹം ഫോണില്‍ നേരിട്ടുവിളിച്ചാണു പറഞ്ഞത്. വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാഷയില്‍ പറഞ്ഞാല്‍ അദ്ദേഹത്തിന്റെ ‘ശാന്തസുന്ദര സാഗര ഗര്‍ജനം’ കേള്‍ക്കാന്‍ ഭാഗ്യമില്ലാതെ പോയതില്‍ ദുഃഖം തോന്നിയെന്നു മാത്രം. മാവേലിക്കരയില്‍ ഒരു ചടങ്ങിലാണ് മാഷിനെ ഞാന്‍ പരിചയപ്പെട്ടത്. എന്റെ എഴുത്തിന്റെ വഴികളില്‍ എന്നെ സഹായിച്ച ധാരാളം പേരുണ്ട്. അതില്‍ എന്റെ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തവരും സ്വീകരിച്ചവരും പുരസ്‌കാരങ്ങള്‍ തന്നവരുമായ പ്രമുഖരാണ് മുന്‍ പ്രധാന മന്ത്രി നരസിംഹറാവു, ഉമ്മന്‍ ചാണ്ടി, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ , ബിനോയ് വിശ്വം, എം.എം. ഹസ്സന്‍, കായംകുളം എം.എല്‍.എ പ്രതിഭഹരി, മാവേലിക്കര എം.എല്‍.എ ആര്‍.രാജേഷ്, ഡോ.എം.ആര്‍.തമ്പാന്‍, കെ.എ.ഫ്രാന്‍സിസ്, ഡോ. നെടുമുടി ഹരികുമാര്‍, ഡോ.ചേരാവള്ളി ശശി, ഡോ.മുഞ്ഞിനാട് പദ്മകുമാര്‍, കിളിരൂര്‍ രാധാകൃഷ്ണന്‍, പി.ടി. ചാക്കോ, കെ.എല്‍. മോഹന വര്‍മ്മ, സിപ്പി പള്ളിപ്പുറം, മണ്മറഞ്ഞ ഡേ. കെ. എം. ജോര്‍ജ്, ഒ.എന്‍.വി കുറുപ്പ്, കാക്കനാടന്‍, ലീലാ മേനോന്‍, മാടവന ബാലകൃഷ്ണപിള്ള, പ്രൊഫ.പ്രയാര്‍ പ്രഭാകരന്‍, ജോര്‍ജ് തഴക്കര, വി.പി.ജയചന്ദ്രന്‍ തുടങ്ങിയവര്‍ക്കൊപ്പം എനിക്ക് പ്രോത്സാഹനം നല്‍കിയ മഹത് വ്യക്തികളാണ് സി.രാധാകൃഷ്ണന്‍ (എനിക്ക് അദ്ദേഹമെന്നും ഗുരുതുല്യനാണ്), പി. വത്സല ടീച്ചര്‍, സാറ ടീച്ചര്‍, പി.കെ പാറക്കടവ്, ഡോ.പുനലൂര്‍ സോമരാജന്‍, ഡോ.സന്തോഷ്. ജെ.കെ.വി, ഡോ.പോള്‍ മണലില്‍, കെ.രാഘവന്‍, നടന്‍ മുകുന്ദന്‍, എസ്.ലാല്‍, പി.ജെ.ജെ. ആന്റണി, സാബു മുരിക്കവേലി, എസ്. ഹനീഫാ റാവുത്തര്‍, അഡ്വ.സുധീര്‍ ഖാന്‍, അഡ്വ.മുജീബ് റഹ്മാന്‍, അജീഷ് ചന്ദ്രന്‍, ഡോ.മിനി നായര്‍, മാസ്റ്റേഴ്‌സ് ജി. സാം, വിശ്വന്‍ പടനിലം, എഞ്ചിനീയര്‍ സുജിത്ത് കുമാര്‍. വി, കൊപ്പാറ. കെ.എന്‍ ഗോപാലകൃഷ്ണന്‍, വസന്ത സോമന്‍, പ്രകാശ് കളീക്കല്‍, രാജന്‍പിള്ള, ചിത്രാലയ പ്രസാദ്, തൈവിള തങ്കപ്പന്‍, കാരൂര്‍ അനിയന്‍കുഞ്ഞ്, പുതുക്കാട് മണലില്‍ വില്‍സണ്‍, എം. ശമുവേല്‍, റ്റി. പാപ്പച്ചന്‍, സണ്ണി ഡാനിയേല്‍, വള്ളികുന്നം രാജേന്ദ്രന്‍, സലാമത്ത് എം.എസ്, കുറ്റിപ്പുറം ഗോപാലന്‍, കറ്റാനം ഓമനക്കുട്ടന്‍, രാജന്‍ കൈലാസ്, ഡോ.സിമി ജിം കാരൂര്‍, ഡോ.അനില്‍ സാംസണ്‍ കാരൂര്‍, താമരക്കുളം ഖാന്‍ എന്നിവര്‍ക്കും ഈ രംഗത്ത് എന്നെ വിമര്‍ശ്ശിച്ചവര്‍ക്കും, അപമാനിച്ചവര്‍ക്കും ഒപ്പം കേരള-ഗള്‍ഫ്-യൂറോപ്പ്-അമേരിക്കയിലെ ഓണ്‍ലൈന്‍ അടക്കമുള്ള എല്ലാ മാധ്യമ-പ്രസാധകര്‍ക്കും എന്റെ നന്ദി രേഖപ്പെടുത്തുന്നു. പിന്നീടുള്ള നാളുകളില്‍ ഭാഷാ പോഷിണി, കലാകൗമുദി, മനോരമ, മാതൃഭൂമി, ദീപിക, കേരള കൗമുദി, മാധ്യമം, മംഗളം, കുങ്കുമം, സാഹിത്യപോഷിണി മറ്റ് മാധ്യമങ്ങളിലും ലേഖനം, കഥ, കവിതകള്‍ വന്നു. പിന്നീട് വിദ്യാര്‍ത്ഥി മിത്രം എന്റെ കടല്‍ക്കര എന്ന നാടകം പുസ്തക രൂപത്തില്‍ പുറത്തിറക്കി. നോവല്‍ എഴുത്ത് തുടര്‍ന്നുകൊണ്ടിരുന്നു. 2018 ല്‍ എന്റെ വിധേയന്‍ എന്ന കഥ ഫ്രാന്‍സിസ് ജൂനിയര്‍ മാവേലിക്കര ടെലിഫിലിമായി പുറത്തിറക്കി.