അദ്ധ്യായം – 39
അമിത വിശ്വാസം ആപത്തായി

നോവലും കഥയും കവിതയുമൊക്കെ സര്‍ഗ്ഗ സൃഷ്ഠികളാണ്. ഈ മനുഷ്യ നിര്‍മ്മിതിയിലും കൃതിമ സൗന്ദര്യം നമ്മള്‍ കാണാറുണ്ട്. ക്രിയാത്മക സാഹിത്യം എഴുത്തുകാരന്റ ഭാവനയില്‍ നിന്ന് വിരല്‍ത്തുമ്പിലെത്തി വിരിയുന്നതാണ്. വൈഞ്ജാനിക ഗ്രന്ഥങ്ങള്‍ വ്യത്യസ്തമാണ്. അതില്‍ സ്വീകരിക്കുന്ന ഘടകങ്ങള്‍ പലയിടത്തു നിന്നും കണ്ടെത്തിയ വിവരങ്ങള്‍ ക്രോഡീകരിച്ച് നമ്മുടേതായ ശൈലിയില്‍ അവതരിപ്പിക്കുന്നു. വൈഞ്ജാനിക രചനകള്‍ക്ക് എപ്പോഴും ഗ്രന്ഥങ്ങളും, ലേഖനങ്ങളും, കുറിപ്പുകളും സര്‍വ്വോപരി ഇന്റര്‍നെറ്റും ഉപയോഗിക്കുന്നു. ഇവയെല്ലാം ചേര്‍ത്ത് ഭംഗിയായി അവതരിപ്പിക്കുന്നതിലാണ് ആ കൃതിയുടെ വിജയം. പക്ഷെ, വിവരാന്വേഷണം പാളിയാല്‍ ലക്ഷ്യം പാളും. വിവരശേഖരണത്തിന് നാം ചിലപ്പോള്‍ വിശ്വസ്തരായ സുഹൃത്തുക്കളുടെ സഹായം തേടും. എന്നാല്‍ ഈ സുഹൃത്തുകളില്‍ ആരെങ്കിലും വിശ്വാസ വഞ്ചന കാട്ടിയാലോ ? അങ്ങനെയൊരു കെണിയില്‍ ഞാനും പെട്ടു. ഇത്രയും കാലത്തേ എന്റെ സാഹിത്യ ജീവിതത്തില്‍ എന്നെ ഏറെ വേദനിപ്പിച്ച ഒരനുഭവം.

മാതൃഭൂമിയും, ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ടുമിറക്കിയ എന്റെ പുസ്തകങ്ങളില്‍ ചില ബ്ലോഗ്-ഇന്റര്‍നെറ്റ് എഴുത്തുകാരുടെ ഭാഗങ്ങള്‍ കടന്നുവന്നു എന്ന പരാതി 2017-2018 ല്‍ ഉയര്‍ന്നു. അതിലൊരാളുടെ നാലര പേജ് കോപ്പി ചെയ്തു എന്ന് പറഞ്ഞ് ഒരു വീഡിയോ ഇറക്കി. ആ ഗ്രൂപ്പില്‍പെട്ട ലണ്ടനിലെ ഒരാള്‍ പറയുമ്പോഴാണ് ഞാനത് അറിയുന്നത്. ഈ വ്യക്തിയുടെ ഫോണ്‍ നമ്പര്‍ തന്നിട്ട് വിളിച്ചു ഒത്തുതീര്‍പ്പാക്കാന്‍ അറിയിച്ചു. ആ വീഡിയോ കണ്ട് ഞാനും സത്യത്തില്‍ ഒന്നമ്പരന്നു. കാരണം എന്റെ എഴുത്തു ജീവിതത്തില്‍ ആരുടേതും കോപ്പി ചെയ്‌തെടുത്തിട്ടില്ല. വീഡിയോ ഇറക്കിയ ആളിനെ ഞാന്‍ വിളിച്ചു. എല്ലാം തുറന്നു പറഞ്ഞു. വൈഞ്ജാനിക രചനകള്‍കള്‍ക്ക് പലയിടത്തു നിന്നും എടുക്കാറുണ്ട്. എനിക്ക് വിവരങ്ങള്‍ തന്ന സുഹൃത്തിന്റ പാളിച്ചയായി മാത്രമല്ല അലഞ്ഞു തിരിഞ്ഞു നടന്ന എന്റെ യാത്രകളും തിരക്കിനുമിടയില്‍ ഞാനും വേണ്ടത്ര ശ്രദ്ധിച്ചില്ല. സത്യത്തില്‍ എന്റെ സു ഹൃത്തിനെ പൂര്‍ണ്ണമായി വിശ്വസിച്ചു. അദ്ദേഹം എനിക്ക് തന്ന മറുപടി ഇന്റര്‍നെറ്റില്‍ നിന്നാണ് എടുത്തത്. അങ്ങനെയുണ്ടാകാന്‍ പാടില്ലായിരുന്നു എന്നായിരിന്നു എന്റെ വാദം . അങ്ങനെയുണ്ടായതില്‍ ക്ഷമിക്കണമെന്ന് പരാതിക്കാരനോട് പറഞ്ഞു. അദ്ദേഹം ക്ഷമിക്കാന്‍ തയാര്‍ അല്ല പകരം ഒരു കോടി രൂപ നഷ്ടപരിഹാരം തരണം ഇല്ലെങ്കില്‍ നിങ്ങളുടെ എഴുത്തു അവസാനിപ്പിക്കും, കോടതിയില്‍ കയറ്റും എന്ന വെല്ലുവിളിയാണ് ഉയര്‍ത്തിയത്. അദ്ദേഹത്തിന്റ ഓരൊ വാക്കിലും ശബ്ദാര്‍ത്ഥങ്ങളിലും എനിക്ക് സംശയങ്ങള്‍ ഇരട്ടിച്ചു. എന്തൊക്കയോ ഒളിഞ്ഞിരിക്കുന്നതായി തോന്നി. ആര്‍ക്കുവേണ്ടിയോ ആരുടേയോ പ്രതിനിധിയായി സംസാരിക്കുന്നതുപോലെയാണ് അനുഭവപ്പെട്ടത്. അതിനിടയില്‍ അദ്ദേഹം എന്നോട് പറഞ്ഞു ”ലണ്ടനില്‍ നിങ്ങള്‍ക്ക് ധാരാളം ശത്രുക്കള്‍ ഉള്ളതായി എനിക്കറിയാം” ഞാന്‍ ഇങ്ങനെ മറുപടി പറഞ്ഞു. മനുഷ്യരല്ലേ ശത്രുക്കള്‍ കാണും. അടുത്ത ചോദ്യം ”നിങ്ങള്‍ക്ക് അന്‍പതോളം പുസ്തകങ്ങള്‍ ഉള്ളതായി വായിച്ചു. ഇതെല്ലാം കോപ്പിയടി അല്ലെ” ഞാനതിനും മറുപടി കൊടുത്തു. 1985 മുതല്‍ എന്റെ പുസ്തകങ്ങള്‍ വിപണിയിലുണ്ട്. അതില്‍ കുടുതലും നോവലുകളാണ്. ആരും കോപ്പിയടിച്ചതായി പറഞ്ഞുപോലും കേട്ടിട്ടില്ല. താങ്കള്‍ എന്തൊക്കെയോ തെറ്റിധരിച്ചാണ് സംസാരിക്കുന്നത്. ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ക്ക് കൂടുതല്‍ ചെവി കൊടുക്കാതെ ഞാന്‍ സംസാരം അവസാനിപ്പിച്ചു. അതോടെ ആ ഗ്രൂപ്പില്‍പെട്ട പലരും രംഗത്തു വന്ന് സാമൂഹിക മാധ്യമങ്ങളില്‍ വ്യക്തിഹത്യ നടത്തി ആഘോഷിച്ചു. എന്നോട് സംസാരിച്ചയാളും ഞാന്‍ പറഞ്ഞത് റെക്കോര്‍ഡ് ചെയ്ത് അടുത്ത ദിവസത്തെ ഫേസ്ബുക്കില്‍ എനിക്കതിരെ പലതും എഴുതി.

ഈ വ്യക്തി മാതൃഭൂമിക്കും , ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ടിനും പരാതിയോ വക്കീല്‍ നോട്ടീസൊ അയച്ചതായി കേട്ടു. അവര്‍ പുസ്തകം പിന്‍വലിച്ചു. അവര്‍ക്ക് അതിനെ കഴിയൂ. ഞാനതില്‍ അവരെ കുറ്റപെടുത്തില്ല. അവരുടെ മറുപടി എഴുതിവാങ്ങി എനിക്കതിരെ പല മാധ്യമങ്ങള്‍ക്കും പ്രസാധകര്‍ക്കും അയച്ചുകൊടുത്തു. വേട്ടക്കാര്‍ ഒരിക്കലും ഇരകളുടെ വേദനയോ ഞെരുക്കങ്ങളോ തിരിച്ചറിയാറില്ല അതാണ് കലികാല കാഴ്ചകള്‍. എനിക്കതിരെ വ്യക്തിഹത്യ നടത്തിയവരെയും ഞാന്‍ കുറ്റപ്പെടുത്തുന്നില്ല കാരണം അതവരുടെ സാമൂഹികബോധം, സംസ്‌കാരം. ചിലരാകട്ടെ സ്വന്തം പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ , പേരുണ്ടാക്കാന്‍, പരിസ്ഥിതി, കോടതി, പോലീസ്, പ്രകൃതി സ്‌നേഹം, മൃഗ സംരക്ഷണം ഇവയുടെ കുത്തക മുതലാളിമാരായി മാധ്യമങ്ങളുടെ പിറകേയാണ്.

കാലാകാലങ്ങളിലായി പുസ്തകങ്ങളില്‍ നിന്നാണ് കോപ്പിയടി കേട്ടിട്ടുള്ളത്. എന്റ അറിവില്‍ എനിക്കതിരെ മുഴങ്ങുന്നത് പ്രധാനമായും ഇന്റര്‍നെറ്റില്‍ നിന്നുള്ള പരാതിയാണ്. ഈ വിഷയത്തില്‍ വീഡിയോകള്‍ ഇറക്കിയും മറ്റും പല വിധത്തിലും അപവാദങ്ങള്‍ നേരിട്ട എഴുത്തുകാരുണ്ടോ എന്നറിവില്ല. എന്റ എഴുത്തിനു മങ്ങലേല്‍പ്പിക്കാന്‍ ഒരു കൂട്ടര്‍ സ്വദേശത്തു നിന്നും മാത്രമല്ല വിദേശത്തും നിന്നുമുണ്ടായി എന്നത് കൗതുകമുണര്‍ത്തുന്നു. എല്ലാം കുട്ടിവായിക്കുമ്പോള്‍ മറ്റുള്ളവര്‍ പറയുന്നതുപോലെ ഇതിന്റ പിന്നില്‍ എന്തൊക്കയോ ഗുഡാലോചനകള്‍ ഞാനും സംശയിക്കുന്നു. ചിലര്‍ പറയുന്നു ഒത്തുകളിയാണ്. ഇന്റര്‍നെറ്റില്‍ എഴുതുന്നവര്‍ക്ക് അവരുടേതായ മാറ്റങ്ങള്‍ അതില്‍ വരുത്താം. മറ്റു ചിലര്‍ പറയുന്നു പ്രവാസി എഴുത്തുകാരെ ഗുഡാലോചനകളില്‍പെടുത്തി പണം തട്ടിയെടുക്കാനുള്ള ശ്രമങ്ങളാണ്. ഇതിലൂടെ ഇവര്‍ എന്ത് നേട്ടമുണ്ടാക്കി? എന്തായാലും ഒന്ന് പറയാം. തെറ്റുകുറ്റങ്ങള്‍, അപകടങ്ങള്‍ ആര്‍ക്കും എപ്പോഴുമുണ്ടാകാം. ഏതൊരു വിഷയത്തിലും തെറ്റും ശരിയും തീരുമാനിക്കാന്‍ സംവിധാനമുള്ള ഒരു രാജ്യത്തു ഈ കരിവാരി തേയ്ക്കല്‍ പദ്ധതി ആരുടെ നേര്‍ക്കായാലും അവര്‍ക്കും ഒരു കുടുംബമുണ്ട് എന്നോര്‍ക്കണം. ഏതു നീറുന്ന വിഷയങ്ങള്‍ക്കും പരിഹാരം കാണാന്‍ നമ്മുടെ മുന്നില്‍ ധാരാളം മാര്‍ഗങ്ങളുണ്ട്. അതുമില്ലെങ്കില്‍ പരാതിക്കാര്‍ക്ക് കോടതിയില്‍ പോയി നീതി തേടാം. സത്യസന്ധമായി കാര്യങ്ങളെ നിരീക്ഷിക്കുന്നവര്‍ക്ക് സാഹിത്യത്തിന്റ സവിശേഷതകളും സാഹിത്യ ലോകത്തു നടക്കുന്നു ചൂഷണങ്ങളും മനസിലാകും. അല്ലാത്തവരെ സംബന്ധിച്ചു നിരവധി നിര്‍വചനങ്ങള്‍ കൊടുക്കാന്‍ സാധിക്കും.

ഭാഷക്കോ സാഹിത്യത്തിനോ ശത്രുക്കളില്ല. നന്മയും സ്‌നേഹവും വാരിപുണരുന്ന ആസ്വാദനബോധമുള്ള മിത്രങ്ങളാണവര്‍.  എന്റ സാഹിത്യ ജീവിതത്തെ ഇളക്കിമറിക്കാമെന്നു ചിലരൊക്കെ കിനാവ് കണ്ടെങ്കിലും അതൊക്കെ അനാഥമായി പോകാന്‍ കാരണം ഈ പ്രപഞ്ച ശക്തിയിലുള്ള എന്റെ വിശ്വാസം, കുടുംബത്തിലുള്ളവരുടെ സഹകരണം, ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍, കുറെ നല്ല വായനക്കാര്‍, സാഹിത്യ- സാംസ്‌കാരിക- മാധ്യമ രംഗത്തുള്ളവര്‍ നല്‍കിയ ആത്മ ധൈര്യവുമാണ് വീണ്ടും എഴുത്തില്‍ എന്നെ പ്രാപ്തനാക്കുന്നത്. ഞാന്‍ അക്ഷരങ്ങളില്‍ ശാന്തി നേടുന്നു. മലയാള മനോരമ ഓണ്‍ലൈനില്‍ വന്ന എന്റ കുറ്റാന്വേഷണ നോവലായ – ‘കാര്യസ്ഥന്‍’, കവിമൊഴി മാസികയില്‍ വന്ന ‘കലായവനിക’ നോവല്‍ 2018 ല്‍ കേരളത്തിലും ലണ്ടനിലുമായി പ്രകാശനം ചെയ്തു. സാഹിത്യത്തിന്റ മുഖം തുന്നികെട്ടാന്‍ ഒരു ശക്തിക്കും സാധ്യമല്ല. സാഹിത്യമെന്നും നൊമ്പരപെടുന്നവര്‍ക്ക് ഒപ്പമാണ്. അതെനിക്കും ഒരു സ്വാന്തനമായി. ഇരുളിന്റ ഈ ലോകത്ത് നമ്മുക്ക് ഓരോരുത്തര്‍ക്കും മിന്നാമിനുങ്ങായി, വെളിച്ചമായി മാറാം. ആരും ഇരകളെ സൃഷ്ഠിക്കാതിരിക്കട്ടെ. നന്മകള്‍ നേരുന്നു.

………………………………………..ശുഭം…………………………………..