യുകെയിൽ സ്കൂൾ അവധി കാലം ആരംഭിച്ചതോടെ ഒട്ടേറെ മലയാളികൾ ആണ് നാട്ടിലേയ്ക്ക് യാത്ര പ്ലാൻ ചെയ്തിരിക്കുന്നത്. എന്നാൽ ഈ വട്ടം നാട്ടിലെത്തി തങ്ങളുടെ ഇഷ്ടഭക്ഷണങ്ങൾ രുചിക്കാൻ ഒരു പക്ഷെ ഈ അവധി കാലത്ത് സാധിച്ചേക്കില്ല. ഏറ്റവും വലിയ ദുരന്തം രുചിയുള്ള കടൽ മത്സ്യങ്ങൾ കിട്ടാനില്ല എന്നതാണ്. ട്രോളിംഗ് നിരോധനവും മത്സ്യ ലഭ്യതയിലെ കുറവുമാണ് പ്രധാനകാരണം. ട്രോളിംഗ് നിരോധന സമയത്ത് കേരളത്തിൽ വിറ്റഴിക്കാൻ സൂക്ഷിച്ചു വയ്ക്കുന്ന പഴകിയ മത്സ്യങ്ങളുടെ ഭീഷണിയും ഒരു വശത്തുണ്ട്.

പലസ്ഥലങ്ങളിലും പക്ഷിപ്പനി രൂക്ഷമായതോടെ കോഴിയിറച്ചിയും താറാവും കിട്ടാനില്ല. മാർക്കറ്റിലെ മീൻ ചന്തകളിൽ സുലഭമായുള്ളത് വളർത്തുമത്സ്യങ്ങൾ മാത്രമാണ്. നെയ്യ് മുറ്റിയ വളർത്തുവാള ഉൾപ്പെടെയുള്ള മീനുകളിൽ മലയാളികൾക്ക് താത്പര്യം കുറവാണ്. മീനുകളെ കുറിച്ച് കാര്യമായ വിവരമില്ലാത്തവരെ വളർത്തുവാള കാണിച്ച് ആറ്റു വാളയാണെന്ന് പറഞ്ഞ് വിൽക്കുന്ന സംഭവങ്ങളും ഉണ്ട്. കറിവെച്ച് കഴിയുമ്പോഴായിരിക്കും അബദ്ധം മനസ്സിലാകുന്നത്.

കടൽ മീൻ ലഭ്യത കുറഞ്ഞതോടെ വളർത്തുമത്സ്യങ്ങളുടെ വിലയും കൂടി. വീടുകളിൽ വാഹനങ്ങളിൽ മത്സ്യം എത്തിച്ചിരുന്നവരും റോഡരികിൽ തട്ട് സ്ഥാപിച്ച് കച്ചവടം നടത്തുന്നവരും ഇതിൽ നിന്ന് പിന്തിരിഞ്ഞു. പച്ചമീനുകളുടെ ലഭ്യത കുറവിനെ തുടർന്ന് വളർത്തുമത്സ്യങ്ങൾക്കും, ഉണക്കമീനുകൾക്കും ആവശ്യക്കാരുമേറി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പച്ചക്കറികൾ വാങ്ങാമെന്ന് കരുതിയാലും തീവിലയാണ്. രണ്ടാഴ്ച മുൻപ് വില കുറഞ്ഞുനിന്നിരുന്ന പച്ചക്കറികളുടെ വില കുത്തനെയാണ് ഉയർന്നത്. തമിഴ്‌നാട്ടിൽ നിന്നുമാണ് കൂടുതൽ പച്ചക്കറികൾ സംസ്ഥാനത്തേയ്ക്കെത്തുന്നത്.

മുളക്, ബീൻസ്, മുരിങ്ങയ്ക്ക, വെളുത്തുള്ളി എന്നിവയുടെ വില 100 രൂപയ്ക്ക് മുകളിലാണ്. മുളക് 160, കാരറ്റ് 80, തക്കാളി 90, ബീൻസ് 160,പാവയ്ക്ക 80, വഴുതനങ്ങ 80, കിഴങ്ങ് 60, കോവയ്ക്ക 80, ചേന 90, കൂർക്ക 90, പയർ 90, വെള്ളരി 60 പടവലം 60 എന്നിങ്ങനെയാണ് മറ്റിനങ്ങളുടെ വില.

കുമരകം കരിമീൻ എന്ന പേരിൽ ആന്ധ്രയിൽ നിന്നെത്തിക്കുന്ന കരിമീൻ ആലപ്പുഴ, കോട്ടയം ജില്ലകളിൽ വ്യാപകമായി വിറ്റഴിക്കുന്നുണ്ട്. കണ്ടാൽ എളുപ്പത്തിൽ വ്യത്യാസം മനസിലാകില്ലെങ്കിലും രുചിയുടെ കാര്യത്തിൽ നാടൻ കരിമീനിന്റെ ഏഴയലത്തുപോലും എത്താൻ ആന്ധ്ര മീനിന് കഴിയില്ലെന്ന് ഭക്ഷണപ്രേമികൾ പറയുന്നു. വേമ്പനാട്ട് കായലിലാണ് ഏറ്റവും വലിയ കരിമീൻ സമ്പത്ത്. കുട്ടനാടൻ കരിമീൻ എന്ന പേരിൽ മിക്ക ഹോട്ടലുകളിലും ലഭിക്കുന്നത് ആന്ധ്ര മീനാണ്. യഥാർത്ഥ കരിമീനിന്റെ വില കൊടുക്കുകയും വേണം.