ജോൺ കുറിഞ്ഞിരപ്പള്ളി

എവ്‌ലിൻ റോസ് എന്ന ഇംഗ്ലണ്ടുകാരി യുവതിയെ എബ്രഹാം ജോസഫ് എന്ന പാലാക്കാരൻ യുവാവ് പരിചയപ്പെടുന്നത് യാദൃശ്ചികമായിട്ടാണ്.
ഏതോ ഒരു പത്രത്തിൽ വന്ന മലകയറ്റത്തെക്കുറിച്ചുള്ള ഒരു ലേഖനം വായിച്ചപ്പോൾ അബ്രഹാം ജോസഫിന് തോന്നി, ഇത് കൊള്ളാവുന്ന ഒരു പരിപാടിയാണ്, അര കൈയ്യ്‌ നോക്കികളയാം എന്ന്.
അബ്രഹാം ജോസഫ് എന്നാണ് യഥാർത്ഥ പേരെങ്കിലും കൂട്ടുകാർ അവറാച്ചൻ എന്നാണ് വിളിക്കുക.ഡിഗ്രി കഴിഞ്ഞു, ഇനി അടുത്ത പരിപാടി എന്തെന്ന് ആലോചിക്കാൻ അൽപം സമയമുണ്ട്.ആ സമയം വെറുതെ ഇരിക്കാൻ പറ്റില്ല.റിസൾട്ട് വരാൻ ഇനി രണ്ടുമാസമെടുക്കും .
നാട്ടിൽ, സാമൂഹ്യസേവനം,വോളിബോൾ, ക്ലബ്,വായനശാല തുടങ്ങി അവറാച്ചൻ ഇല്ലാത്ത പരിപാടികൾ കുറവാണ്.
പാലാ ടൗണിലുള്ള വോളിബോൾ ക്ലബ്ബിലെ പ്രധാന ഓൾ റൗണ്ടർ .നല്ല ഉയരവും ശാരീരികക്ഷമതയുമുള്ള അവറാച്ചൻ സുഹൃത്തുക്കളുടെ ഇടയിലെ ഹീറോയാണ് .
ഗൂഗിളിൽ തപ്പിയപ്പോൾ മലകയറ്റം എന്ന് പറയുന്ന മൗണ്ടനീറിങ്ങിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ കിട്ടി.
പാലായിലും പരിസര പ്രദേശങ്ങളിലുമുള്ള കുന്നുകളും മലകളും പിന്നെ മലയാറ്റൂർ മലയും കയറിയിട്ടുള്ള അവറാച്ചൻ “ഇതൊക്കെ വെറും നിസ്സാരം “,എന്ന് കരുതി.
അങ്ങനെ നേപ്പാളിലുള്ള ഹിമാലയ മൗണ്ടനീറിങ് ഇൻസ്റ്റിട്യൂട്ടിൽ ഒരു മാസത്തെ ഒരു ബേസിക്ക് കോഴ്സിന് അഡ്മിഷൻ തരമാക്കി.
ആ മലകയറ്റമല്ല ഈ മല കയറ്റം, എന്ന് തിരിച്ചറിഞ്ഞപ്പോൾ അവറാച്ചൻ ഞെട്ടിപ്പോയി.
ഇരുപത്തിഒന്നാമത്തെ വയസ്സിൽ ഹിമാലയം കീഴടക്കുന്ന ആദ്യത്തെ പാലാക്കാരൻ എന്ന ബഹുമതി അവറാച്ചൻ സ്വപ്നംകണ്ടു.പക്ഷേ,അപ്പച്ചൻ്റെയും അമ്മച്ചിയുടേയും അനുവാദം കിട്ടില്ല എന്നകാര്യം ഉറപ്പാണ്.
ഇടവകപ്പള്ളിയിലെ വികാരി അച്ചനെ ചാക്കിട്ടു ബിഷപ്പിൻ്റെ റെക്കമൻറേഷനും സംഘടിപ്പിച്ചു, വീട്ടിൽ പ്രമേയം അവതരിപ്പിച്ചപ്പോൾ ആർക്കും എതിർപ്പില്ലാതായി.
അനിയത്തി,സിസിലി പറഞ്ഞു,”ചേട്ടൻറെ ഒരു ഫോട്ടോ എടുത്തോട്ടെ?”
“അതെന്താടി നിനക്ക് ഇപ്പോൾ ഒരു പ്രത്യേക സ്നേഹം?”
“ചേട്ടനെ ഇനി ഈ ഷെയ്പ്പിൽ കാണാൻ കഴിയുമോ എന്നാർക്കറിയാം ?”
അമ്മച്ചിക്കും അപ്പച്ചനും ഇതേ അഭിപ്രായം തന്നെ ആയിരിക്കും എന്ന് അവറാച്ചന് ഉത്തമ ബോധ്യമുണ്ട്.
ഒരുമാസത്തെ റബ്ബറുവിറ്റ കാശ് അവനുവേണ്ടി മുടക്കാം, എന്ന് അപ്പച്ചൻ സമ്മതിച്ചത് സാക്ഷാൽ അവറാച്ചന് തന്നെ അത്ഭുതമായിത്തോന്നി.
“അവൻ മലകയറാൻ പോയി എൻ്റെ `റവർ`കട അന്യം നിന്ന് പോകുമോടി”,എന്ന് ഭാര്യ അന്നമ്മയോട് ജോസഫ് അച്ചായൻ സംശയം ചോദിച്ചു.
രാമപുരത്തു് അച്ചായന് ഒരു മലഞ്ചരക്ക് കടയുണ്ട്.അവിടെ പ്രധാനമായും റബ്ബർ കച്ചവടം ആണ് നടക്കുന്നത്.
“നിങ്ങക്ക് എന്നാത്തിൻറെ സൂക്കേടാ മനുഷ്യാ ? അവൻ പോയിട്ട് വരട്ടെ”,എന്ന മറുപടി അയാളെ സമാധാനിപ്പിച്ചു.
അങ്ങനെ പറഞ്ഞെങ്കിലും അന്നമ്മയുടെ മനസ്സിൽ തീ ആളി.´ഈ ചെറുക്കന് എന്നാത്തിൻറെ അസുഖമാ?കയ്യുംകാലും ഓടിക്കാതെ തിരിച്ചുവന്നാൽ മതിയായിരുന്നു എൻ്റെ മാതാവേ´,എന്ന് തന്നത്താൻ പറയുകയും ചെയ്‌തു.
പാലാക്കാരുടേയും സുഹൃത്തുക്കളുടേയും യാത്രയയപ്പും വാങ്ങി അബ്രഹാം ജോസഫ് ഡൽഹിയിൽ നിന്നും കാഠ്‌മണ്ഡുവിലേക്കുള്ള ഫ്ലൈറ്റിൽ കയറി.
ഫോട്ടോകളിൽ കണ്ടു മോഹിച്ച മഞ്ഞും പ്രകൃതി ദൃശ്യങ്ങളുമായിരുന്നു മനസ്സിൽ നിറയെ .
മുൻപിൽ തല ഉയർത്തിനിൽക്കുന്ന ഹിമാലയപർവ്വതം നേരിട്ടുകണ്ടപ്പോൾ ഉള്ളിൽ ഭയം ഉടലെടുത്തു.പർവ്വതക്കൂട്ടങ്ങൾക്കിടയിൽ തല ഉയർത്തിപിടിച്ചുനിൽക്കുന്ന എവറസ്റ് കൊടുമുടിയിലേക്ക് നോക്കാൻ തന്നെ ഭയം തോന്നി.
ഈ കൊടുമുടി ഒരിക്കലും താൻ കയറാൻ പോകുന്നില്ല എന്ന ചിന്ത മനസ്സിൽ കയറി.
ഹിമാലയ താഴ്വാരത്തിലെ മൈനസ് ഡിഗ്രി ടെമ്പറേച്ചറിൽ അവറാച്ചൻ കുഴങ്ങി.ഇനി, ഇത് അഭിമാനത്തിൻ്റെ പ്രശനമാണ്. ഹിമാലയം കയറിയില്ലങ്കിലും എങ്ങനെയുംകോഴ്സ് പൂർത്തിയാക്കണം, അവറാച്ചൻ ഉറച്ച തീരുമാനമെടുത്തു.
നോക്കെത്താ ദൂരം മഞ്ഞു മൂടികിടക്കുന്നു.
തണുപ്പിനെ പ്രതിരോധിക്കാൻ മാർഗ്ഗങ്ങൾ ഉണ്ട്.എന്നാൽ ചില സമയങ്ങളിൽ വീശിയടിക്കുന്ന തണുത്ത കാറ്റ് അപകടകാരിയും സഹിക്കാൻ പറ്റാത്തതും ആയിരുന്നു.
ശരീരം പുതിയ കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ സമയമെടുക്കും.
ആദ്യ ദിവസം ഇൻട്രോ കഴിഞ്ഞു ബാച്ചിലെ പതിനഞ്ചുപേരും ഒന്നിച്ചുകൂടി പരിചയപെട്ടു.ഇനി ഒരുമാസം അവർ പതിനഞ്ചു പേരും ഒന്നിച്ചായിരിക്കും.
വിദ്യാർഥികൾ എല്ലാവരും മുപ്പത് വയസ്സിൽ താഴെയുള്ളവരും
പല രാജ്യങ്ങളിൽ നിന്ന് വന്നവരും ആയിരുന്നു.
പത്തുപേർ ഇന്ത്യക്കാർ,ഒരാൾ ഇംഗ്ലണ്ട്, ഒരാൾ ആസ്‌ട്രേലിയ,പിന്നെ സ്വീഡനിൽനിന്നും രണ്ടുപേർ ന്യൂസിലാൻഡിൽ നിന്ന് ഒരാൾ.
വിദ്യാർത്ഥികളിൽ രണ്ടുപേർ യുവതികളാണ്.
അവറാച്ചൻ്റെ അടുത്തുള്ള സീറ്റിൽ ഇരുന്നിരുന്ന യുവതി എവ്‌ലിൻ റോസ്, ഇംഗ്ലണ്ട് കാരിയാണ്.സ്വർണ്ണമുടിയും വെള്ളാരം കണ്ണുകളുമുള്ള ഇരുപതുകാരിയായ എവ്‌ലിനെ ഒറ്റനോട്ടത്തിൽ തന്നെ അവറാച്ചന് ഇഷ്ടമായി. മെലിഞ്ഞ ശരീരപ്രകൃതിയും സാമാന്യം ഉയരവുമുള്ള സുന്ദരിയാണ് എവ്‌ലിൻ.
എങ്ങനെ തുടങ്ങണം സംസാരം എന്ന് മനസ്സിൽ ആലോചിച്ചുകൊണ്ടിരിക്കുമ്പോൾ അവൾ ചിരിച്ചുകൊണ്ട് അവൻ്റെ നേരെ കൈനീട്ടി.എന്നിട്ടു പറഞ്ഞു,”ഐ ആം എവ്‌ലിൻ റോസ്, ഫ്രം യു കെ.”
അവളുടെ മൃദുലമായ കൈയ്യിൽ സ്പർശിച്ചപ്പോൾ അവൻ്റെ ഉളിൽ കുളിരുകോരി.
എവ്‌ലിൻ സുന്ദരിയും വളരെ സംസാരപ്രിയയും ആയിരുന്നു.
പാലായ്ക്ക് വെളിയിൽ അധികം യാത്ര ചെയ്തിട്ടില്ലെങ്കിലും അറിയാവുന്ന ഇംഗ്ലീഷിൽ അവറാച്ചൻ പറഞ്ഞു,” ഐ. ആം അബ്രാഹം ജോസഫ്,ഫ്രം പാലാ.യു നോ ഗോഡ്‌സ് ഓൺ കൺട്രി?”
“വാട്ട്?ഡോഗ്‌സ് ഓൺ കൺട്രി?”
“നോ.നോ ഡോഗ്‌സ് ഓൺ കൺട്രി, ഗോഡ്‌സ് ഓൺ കൺട്രി.”ഇവൾ നാട്ടിലെ പേപ്പട്ടി ബഹളം അറിഞ്ഞിരിക്കുമോ?
ഏയ് അങ്ങനെ വരാൻ സാധ്യത ഇല്ല.
എന്തുകൊണ്ടോ അവറാച്ചന് അവളെ വളരെ ഇഷ്ടപ്പെട്ടു.എവ്ലിനും അവറാച്ചനോട് അടുപ്പം കാണിച്ചു.എവ്‌ലിൻ പറഞ്ഞു,”അബ്രാഹം ജോസഫ്,ഇത് ഒരു നീണ്ട പേരാണ്,വിളിക്കാൻ വിഷമം ആണ്.”
“എന്നെ അടുത്ത സുഹൃത്തുക്കൾ അവറാച്ചൻ എന്നാണ് വിളിക്കുന്നത്.എവ്ലിനും അങ്ങിനെ വിളിക്കാം.”
” ഗുഡ് .അബ്രാച്ചൻ .”
“അബ്രാച്ചൻ അല്ല അവറാച്ചൻ “ആണ് എന്ന് പറഞ്ഞു നോക്കിയെങ്കിലും അവൾക്ക് അത് മനസ്സിലായില്ല.
“ഓക്കേ,ഓക്കേ,അബ്രാച്ചൻ.”അവൾ പറഞ്ഞു.
ആദ്യം ഉണ്ടായിരുന്ന പരിഭ്രമവും ഉത്കണ്ഠയും സാവകാശം മാറി,അവറാച്ചന് ക്‌ളാസിൽ താല്പര്യം തോന്നിത്തുടങ്ങി.എവ്ലിനുമായി ഉണ്ടായ അടുപ്പവും അതിന് ഒരു കാരണമായിരുന്നു.
തിയറിയും പ്രാക്ടിക്കൽ ട്രെയിനിങ്ങുമായി ഒരാഴ്ച കഴിഞ്ഞപ്പോൾ,മലകയറ്റത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങൾ എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് മനസ്സിലായി.റോപ്പ്,ആക്സ്, സ്റ്റിക്‌സ്,മഞ്ഞിൽ ഉപയോഗിക്കുന്ന ഷൂസ് ,സാറ്റലൈറ്റ് ടെലിഫോൺ ഓക്സിജൻ സിലിണ്ടർ നാവിഗേഷൻ സിസ്റ്റം തുടങ്ങിയ ഉപകരണങ്ങൾ അവറാച്ചൻ സമർത്ഥമായി ഉപയോഗിക്കാൻ പഠിച്ചു.
രണ്ടാഴ്ച്ചത്തെ പരിചയവും അടുപ്പവുംകൊണ്ട് എവ്‌ലിൻ അവറാച്ചൻ്റെ സ്വപ്നങ്ങളിൽ നിറഞ്ഞുനിന്നു.
അമ്മച്ചിയേപ്പോലെ ചട്ടയും മുണ്ടും കവണിയും ധരിച്ചു് ഇടവകപ്പളളിയിൽ പെരുന്നാളിന് പോകുന്ന എവ്‌ലിൻറെ ചിത്രം മനസ്സിൽ കണ്ടപ്പോൾ അവറാച്ചന് ചിരിവന്നു.
മറ്റുപലരും അവളെ ചുറ്റിപ്പറ്റി നടക്കുന്നത് അവറാച്ചൻ കാണാതിരുന്നില്ല.അവസാനം വരുന്നതുവരട്ടെ എന്ന് വിചാരിച്ചു് കാൻറിനിൽ കാപ്പികുടിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ അവറാച്ചൻ മനസ്സിലിരുപ്പ് എവ്‌ലിനോട് തുറന്നു പറയാൻ തീരുമാനിച്ചു.കാത്തിരുന്നാൽ വേറെ വല്ലവരും അവളെ കൊത്തിക്കൊണ്ട് പറന്നുപോയാലോ എന്ന ഭയവും ഉള്ളിലുണ്ട്.
“എവ്‌ലിൻ ,എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്.”
“പറയൂ.”
“നമ്മുക്ക് പുറത്തിറങ്ങി അല്പം നടന്നാലോ?”അവൻ ചോദിച്ചു.
“ഓ,അതിനെന്താ?ഇപ്പോൾ ഫ്രീ ടൈമല്ലേ,പോകാം”അവൾ യാതൊരു സങ്കോചവും ഇല്ലാതെ പറഞ്ഞു.ഡ്രസ്സ് മാറി പുറത്തേക്ക് ഇറങ്ങുമ്പോൾ സെക്യുരിറ്റിയിൽ നിന്നിരുന്ന ഗൂർഖ ചോദിച്ചു,”വെയർ ഗോയിങ്?”എന്ന് വച്ചാൽ എവിടെ പോകുന്നു എന്ന് .
പുറത്തു നടക്കാൻ പോകുന്നു എന്നുപറഞ്ഞപ്പോൾ അയാൾദൂരേക്ക് വിരൽ ചൂണ്ടി പറഞ്ഞു,”അവിടെ റോപ്പ് വലിച്ചുകെട്ടി അതിർത്തി തിരിച്ചിട്ടുണ്ട്.അതിനപ്പുറം പോകരുത്.”
അവരുടെ ഇൻസ്റ്റിറ്റിയൂട്ടും ഹോസ്റ്റലും ഒരു മലയുടെ മധ്യഭാഗത്തുള്ള നിരപ്പായ സ്ഥലത്താണ്.കോമ്പൗണ്ടിനുപുറത്തു് അതിർത്തി തിരിച്ചിരിക്കുന്നതിനപ്പുറം കുത്തനെയുള്ള ഇറക്കം ആണ്. അബദ്ധത്തിൽ ഒന്ന് കാലുതെറ്റിയാൽ അഗാധമായ കൊക്കയിലേക്ക് വീഴും.
അവരുടെ ഹിമാലയ മൗണ്ടനീറിങ് ഇൻസ്റ്റിട്യൂട്ടിൽ നിന്നും വളരെ ദൂരമുണ്ട് മലകയറ്റക്കാർ ഉപയോഗിക്കുന്ന ബെയ്‌സ് ക്യാമ്പിലേക്ക്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


അവർ സാവധാനം മഞ്ഞിലൂടെ നടന്നു.രണ്ടുപേരും ഒന്നും സംസാരിക്കാതെ അവരുടെ ലോകത്തേക്ക് പിൻവാങ്ങിയപോലെ തോന്നുന്നു.
അവൻ പതുക്കെ തോളിൽ കയ്യിട്ടു അവളെ ചേർത്തുപിടിച്ചു.
അവൾ അത് പ്രതീക്ഷിച്ചിരുന്നു എന്ന് തോന്നുന്നു.
അവളുടെ മുഖത്തുനോക്കാൻ അവന് സങ്കോചം തോന്നിയെങ്കിലും വിക്കിവിക്കി പറഞ്ഞു,”എവ്‌ലിൻ……………..,ഐ ലൈക്ക് യു……………,ഐ ലവ് യു.”
അവളുടെ പ്രതികരണം ഒന്നും കേട്ടില്ല.ഇനി താൻ പറഞ്ഞത് കേട്ടിട്ടുണ്ടാകില്ലേ ?
കുറച്ചുസമയം അവൾ നിശ്ശബ്ദയായിരുന്നു.പിന്നെ അവൾ അവൻ്റെ കയ്യിൽ പിടിച്ചു.അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
അവറാച്ചൻ താൻ കാണിച്ചത് മണ്ടത്തരം ആയിപ്പോയി എന്ന് സ്വയം കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുമ്പോൾ എവ്‌ലിൻ പറഞ്ഞു,”അബ്രാച്ചൻ എനിക്ക് നിന്നെ ഇഷ്ടമാണ്. വളരെ വളരെ ഇഷ്ടമാണ്. പക്ഷേ,എനിക്ക് ഒരു ബോയ് ഫ്രണ്ട് ഉണ്ട്,അല്ലങ്കിൽ ഉണ്ടായിരുന്നു.”
അവറാച്ചൻ ഞെട്ടിപ്പോയി.തൻ്റെ സ്വപ്നങ്ങളെല്ലാം ഒരു നൊടിയിടയിൽ തകർന്നു വീഴുന്നത് അവൻ അറിഞ്ഞു.
“ഐ ആം സോറി എവ്‌ലിൻ ,ഐ ആം റിയലി സോറി….ഞാൻ അങ്ങനെ ചിന്തിച്ചില്ല.സോറി .”
“അവൾ ഇടയ്ക്കു കയറി പറഞ്ഞു,”നീ സോറി പറയണ്ട,എനിക്ക് നിന്നെ ഇഷ്ട്ടമാണ് വളരെ വളരെ.”
അവൻ അവൾ എന്താണ് ഇനി പറയാൻ പോകുന്നത് എന്ന് ആലോചിച്ചുകൊണ്ടിരിക്കുമ്പോൾ അവൾ പറഞ്ഞു,”ആറുമാസം മുൻപ് വില്യം ,എൻ്റെ ബോയ് ഫ്രണ്ട്, ഇവിടെ ഈ സ്ഥാപനത്തിൽ മൗണ്ടനീറിങ് പഠിക്കാൻ ചേർന്നു, ഞങ്ങൾ കോളജിൽ ഒരേ ക്‌ളാസിൽ പഠിക്കുന്നവരായിരുന്നു അവൻ്റെ വലിയ ഒരു ആഗ്രഹമായിരുന്നു,ഹിമാലയം കീഴടക്കുക എന്നത്.എനിക്കാണെങ്കിൽ മലകയറ്റത്തിൽ കാര്യമായ താല്പര്യം ഉണ്ടായിരുന്നില്ല.അവൻ നിർബന്ധിച്ചെങ്കിലും ഞാൻ കോഴ്‌സിന് ചേർന്നില്ല, ഇംഗ്ളണ്ടിൽ തന്നെ തുടർന്നു.”
അവൾ കുറച്ചു സമയം മിണ്ടാതിരുന്നു.
ഉത്കണ്ഠകൊണ്ട് ശ്വാസം മുട്ടി അവറാച്ചൻ .ചോദിച്ചു,”പിന്നെ എന്ത് സംഭവിച്ചു?”
“അതാണ് അറിഞ്ഞുകൂടാത്തത്.കോഴ്സ് കഴിഞ്ഞു, അടുത്ത ദിവസം അവൻ കൂട്ടുകാരോടൊപ്പം മലകയറാൻ പോയി എന്ന് ചിലർ പറയുന്നു.പോയിട്ടില്ല എന്നുമറ്റുചലർ.എന്തുപറ്റി എന്നറിയില്ല ആർക്കും .അവൻ മിസ്സിംഗ് ആണ്?”
“അന്വേഷിച്ചില്ലേ?”
“അന്വേഷണം, പോലീസ് കേസ്സ് എല്ലാം ചടങ്ങുകളായി മാറി.എന്തുകൊണ്ടോ നേപ്പാൾ പൊലീസ് ഈ കാര്യത്തിൽ അധികം താല്പര്യം കാണിച്ചില്ല.അവസാനം ബ്രിട്ടീഷ് കോൺസുലേറ്റിൻ്റെ സ്വാധീനവും സമ്മർദ്ദവും ഉപയോഗിച്ച് ഇൻറർനാഷണൽ സേർച്ച് ടീമിനെ നിയോഗിച്ചു അന്വേഷണം നടത്തി.പക്ഷെ,അവൻ്റെ തിരോധാനം ഒരു ദുരൂഹതയായി തുടരുന്നു.ഇപ്പോൾ അന്വേഷണം നിലച്ചമട്ടാണ്.എന്തെങ്കിലും വിവരം കിട്ടുമോ എന്ന് സ്വന്തം നിലക്ക് അന്വേഷിക്കാം എന്ന തീരുമാനത്തിൽ ഞാൻ ഇവിടെ കോഴ്സിന് ചേർന്നതാണ്.”
“ഇവിടെ സ്വന്തം നിലക്ക് എന്തുചെയ്യാനാണ്?”
“ഈ ഇൻസ്റ്റിറ്റിയൂട്ടിൻ്റെ മറവിൽ വൻതോതിൽ ഡ്രഗ്സ് ഹാൻഡിൽ ചെയ്യുന്നുണ്ട് എന്ന് ചിലർ പറയുന്നുണ്ട്.അതല്ല പഠിയ്ക്കാൻ വരുന്ന വിദ്യാർഥികൾ ഡ്രഗ്‌സ് ഉപയോഗിക്കുന്നതാണ് ,ഇങ്ങനെ ഒരു ചീത്ത പേരിന് കാരണം എന്നും പറയുന്നുണ്ട്.”
“എന്താണെങ്കിലും നിനക്കു ഇവിടെ എന്ത് ചെയ്യാൻ കഴിയും?”
“ശരിയാണ്.മറ്റൊരു രജ്യം നിയമങ്ങൾ,ഭാഷ എല്ലാം വ്യത്യസ്തമാണ്.എനിക്കറിയാം.പക്ഷേ,ഒന്നും ചെയ്യാതിരിക്കാൻ മനസ്സ് അനുവദിക്കുന്നില്ല.എനിയ്ക്ക് അവനെ അത്ര ഇഷ്ടമായിരുന്നു.”
സംഭവം നടന്നിട്ട് ആറുമാസം കഴിഞ്ഞിരിക്കുന്നു.മാൻ മിസ്സിംഗ് കേസ്സുകൾ ഹിമാലയ മൗണ്ടെനീറിങ് ഇൻസ്റ്റിട്യൂട്ടിനെ സംബന്ധിച്ച് പുതുമയുള്ള കാര്യമായിരുന്നില്ല.
“നിനക്ക് വിഷമം ആയോ?”അവൾ ചോദിച്ചു.
അവറാച്ചൻ അതിന് മറുപടിയൊന്നും പറഞ്ഞില്ല.
തിരിച്ചുള്ള യാത്രയിൽ അവർക്കിടയിൽ മൗനം ഘനീഭവിച്ചു.എങ്കിലും അവൾ അവൻ്റെ കയ്യിൽ മുറുകെ പിടിച്ചിരുന്നു.
തിരിച്ചു് ഹോസ്റ്റലിൽ എത്തിയപ്പോൾ അവൻ പറഞ്ഞു,”നിനക്ക് വിഷമം ആയിക്കാണും,എല്ലാം മറന്നേക്ക്.”
അവൾ ഒന്നും പറഞ്ഞില്ല.
പിന്നെ ,ഒന്നും സംഭവിക്കാത്തതുപോലെ രണ്ടുപേരും അഭിനയിക്കുകയായിരുന്നു.
അവർ അവിടെയുള്ള ജോലിക്കാരിൽ നിന്നും മറ്റുമായി എന്തെങ്കിലും വിവരം കിട്ടുമോ എന്ന് ശ്രമിച്ചുനോക്കാതിരുന്നില്ല.
ചിലർ പറഞ്ഞു,”ട്രെയിനിങ്ങിന് വരുന്നവർ ശാരീരിക അസ്വസ്ഥതകൾ മൂലം ഡ്രഗ്‌സ് ഉപയോഗിക്കാറുണ്ട്,ചിലർക്ക് ഡിപ്രഷൻ അനുഭവപ്പെടാറുണ്ട്,അങ്ങനെ ഡിപ്രഷനായി ആത്മഹത്യ ചെയ്‌ത സംഭവങ്ങളുമുണ്ട്.”
ഒരാൾ മാത്രം പറഞ്ഞു,വില്യമിൻ്റെ ലഗേജിൽ നിന്നും പോലീസ് എൽ എസ് ഡി യുടെ ഒരു പൊതി കണ്ടെടുത്തു,അതുകൊണ്ടാണ് അന്വേഷണത്തിൽ അവർ താല്പര്യം കാണിക്കാതിരുന്നത്,എന്ന്.
അവരുടെ അന്വേഷണം എങ്ങുമെത്തിയില്ല.
ജോലിക്കാരിൽ നിന്നും അറിഞ്ഞ വിവരങ്ങൾ അവരെ ഭയപ്പെടുത്തി.ഹിമാലയത്തിലെ മഞ്ഞിനടിയിൽ കാണാതായ ആയിരക്കണക്കിന് ആളുകളുടെ ശവശരീരങ്ങൾ കിടപ്പുണ്ട്.എന്നാൽ ഔദ്യോഗികമായി ഇരുന്നൂറിൽ താഴെ ആളുകളെ മാത്രമേ കാണാതായിട്ടുള്ളു.
മലകയറ്റക്കാർ പിടിച്ചുകയറാൻ ഉപയോഗിക്കുന്ന തൂണുകൾ പോലെയുള്ള ചില ഭാഗങ്ങൾ മനുഷ്യരുടെ ശവശരീരങ്ങളിൽ മഞ്ഞുവീണ് കട്ടിപിടിച്ചുണ്ടായതാണ് എന്നുകൂടി അവർ പറഞ്ഞപ്പോൾ അവരുടെ ഉള്ളിൽ ഭയത്തിൻറെ നാമ്പ് കിളിർത്തുവന്നു.മലകയറ്റക്കാർ തമ്മിലുള്ള പകയും മത്സരവും സംബന്ധിച്ചു് കേട്ട കഥകൾ അവരെ ഭയപ്പെടുത്തി.
അവരുടെ കോഴ്‌സ് കഴിഞ്ഞു.
അടുത്തദിവസം ക്യാമ്പ് ഫയർ ആയിരുന്നു.എല്ലാവരും യാത്രപറയുന്ന തിരക്കിലാണ്.മറ്റന്നാൾ കാലത്തു് അവരെ കാഠ്‌മണ്ഡു വിമാനത്താവളത്തിൽ എത്തിക്കും .അവിടെ നിന്ന് ഡൽഹി വഴി എല്ലാവരും തിരിച്ചുപോകും..
അവളോട് എങ്ങനെ യാത്ര പറയും എന്ന ചിന്ത അവനെ അലട്ടിക്കൊണ്ടിരുന്നു.
അവളുടെ ഉള്ളിലെ ചൂട് മുഖത്തും കാണാനുണ്ട്.മൗനത്തിൻറെ കൂടുകൂട്ടി അവൾ അതിൽ ഒളിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.
അവസാനം അവൻ ചോദിച്ചു,”എവ്‌ലിൻ നമ്മൾക്ക് അല്പം നടന്നാലോ.ഇനി ഒരിക്കൽ അതിന് സാധിക്കുമോ എന്നറിയില്ല. …?”
“വേണ്ട,ബാക്കി പറയേണ്ട………..നമ്മൾക്കു പോകാം.”
.”ശരി “.
” നല്ലതണുപ്പും സാമാന്യം നല്ല കാറ്റും വീശുന്നുണ്ട്”.അവൾ പറഞ്ഞു അവർ രണ്ടുപേരും ഡ്രസ്സുമാറി പുറത്തേക്ക് ഇറങ്ങുമ്പോൾ സെക്യുരിറ്റി ഗാർഡ് പതിവ് ചോദ്യം ചോദിച്ചു.,”കിദർ ജാനാ ,എവിടെ പോകുന്നു?”
അവർ നടന്നു.ശക്തിയായി മഞ്ഞും വീഴാൻ ആരംഭിച്ചിരുന്നു.കൈ കോർത്തുപിടിച്ചു നിശബ്ദരായി അവർ നടന്നു.
സെക്യുരിറ്റിയിലെ ഗാർഡ് പറഞ്ഞ റോപ്പ് വലിച്ചുകെട്ടി അതിർത്തി തിരിച്ചിരിക്കുന്നതൊന്നും അവർ കണ്ടില്ല.
അവർ അടിതെറ്റി താഴേക്ക് വീണു.
വേലികെട്ടിയിരുന്ന റോപ്പ് ഇളകിമാറി താഴേക്ക് തൂങ്ങി കിടന്നിരുന്നു.
ബൈനോക്കുലറിൽക്കൂടി അവർ നടന്നുപോയ ഭാഗത്തേക്ക് നോക്കിയ ഗാർഡ് അവർ പെട്ടന്ന് അപ്രത്യക്ഷരായത് മനസ്സിലാക്കി .
അവർ ഓടിയെത്തുമ്പോൾ എവ്ലിനും അവറാച്ചനും പൊട്ടിയ കയറിൽ പിടിച്ചു ഏതാണ്ട് നൂറ് മീറ്റർ താഴെ തൂങ്ങി കിടക്കുകയായിരുന്നു. താഴേക്കുള്ള വീഴ്ചയിൽ അവർക്ക് തൂങ്ങികിടന്നിരുന്ന കയറിൽ ഭാഗ്യത്തിന്പിടികിട്ടി.
അവരെ പിടിച്ചുകയറ്റാൻ താഴേക്ക് ഇറങ്ങിയ സെക്യുരിറ്റി ഗാർഡുകളിൽ ഒരാൾ അവർ ചവിട്ടിനിൽക്കുന്നത് മഞ്ഞിൽ ഉറഞ്ഞുപോയ ഒരു മനുഷ്യശരീരത്തിലാണ് എന്ന് കണ്ടു.
രക്ഷാപ്രവർത്തകർ എത്തി,ബോഡി പുറത്തെടുത്തു.ഗാർഡുകൾ ആ ശവ ശരീരത്തിൽ നിന്നും കട്ടിപിടിച്ച മഞ്ഞുമാറ്റി വൃത്തിയാക്കാൻ കുറച്ചുസമയമെടുത്തു.
എവ്‌ലിൻ ഒറ്റ നോട്ടത്തിൽ ആളെ തിരിച്ചറിഞ്ഞു.
“വില്യം…………”അവൾ പൊട്ടിക്കരഞ്ഞു.
അവൻ അവളെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്നറിയാതെ വിഷമിച്ചു.
നേപ്പാൾ പോലീസ് ആ സംഭവത്തിൽ വളരെ ഉദാസീനതയിലായിരുന്നു.ബ്രിട്ടീഷ് കോൺസുലേറ്റ് ഇടപെട്ട് നടപടിക്രമങ്ങൾ വേഗത്തിലാക്കി.അവർ രണ്ടുപേരും മൂകസാക്ഷികളായി എല്ലാം നോക്കിനിന്നു.
ഇന്ന്….
എവ്‌ലിൻ തിരിച്ചുപോകുകയാണ്.
ഡൽഹി ഇന്ദിരാഗാന്ധി ഇൻറർ നാഷണൽ എയർ പോർട്ടിലെ ഡിപ്പാർച്ചർ ലോഞ്ചിൽ ബോർഡിങ് പാസ്സുമായി അവൾ ഇരുന്നു. യാത്ര അയക്കാനായി അവറാച്ചനും കൂടെയുണ്ട്.
എവ്‌ലിൻ ബ്രിട്ടീഷ് എയർ ലൈൻസിന്റ കാലത്തു് എട്ടുമണിക്കത്തെ ഫ്ലൈറ്റിന് ലണ്ടനിലേക്ക് പോകും.
രണ്ടുപേരും ഘനം തൂങ്ങുന്നമനസ്സുമായി ഒന്നും സംസാരിക്കാനാവാതെ മൗനമായി ഇരുന്നു.
എത്ര സമയം അങ്ങിനെ ഇരുന്നു എന്നറിയില്ല.
സമയം പോയത് അവർ അറിഞ്ഞില്ല.
ബ്രിട്ടീഷ് എയർ ലൈൻസിന്റ അനൗൺസ്‌മെന്റ് ,”ലണ്ടനിലേക്ക് ബോർഡിങ് പാസ്സ് വാങ്ങിയിരിക്കുന്ന എവ്‌ലിൻ റോസ് ഉടൻ റിപ്പോർട് ചെയ്യുക”.
അനൗൺസ്‌മെൻറ് കേട്ടെങ്കിലും എവ്‌ലിൻ അവൻ്റെ തോളിൽ ചാരി ഒരേ ഇരിപ്പ് തുടർന്നു.
അവൻ ഒന്നും പറഞ്ഞില്ല.
അവസാനത്തെ അറിയിപ്പും വന്നു.
This is the final boarding call for passenger, Evlin Rose booked on flight 450A to London. Please proceed to gate 3 immediately.
“ലണ്ടനിലേക്ക് ബോർഡിങ് പാസ്സ് വാങ്ങിയിരിക്കുന്ന എവ്‌ലിൻ റോസ് ഉടൻ റിപ്പോർട് ചെയ്യുക”.
അവൾ എഴുന്നേറ്റു.
അവൻ അവളുടെ കയ്യിൽ മുറുകെ പിടിച്ചു..