ഷാജിമോന്‍ കെ ഡി
ലെസ്റ്റര്‍: ബ്രിട്ടണിലെ പ്രമുഖ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് നേതാവ് അവതാര്‍ സിംഗ് സാദിഖ് അന്തരിച്ചു. ബ്രിട്ടണിലെ സിപിഐ എം ഘടകമായ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റിന്റെ മുന്‍ ജനറല്‍ സെക്രട്ടറിയാണ്. ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്റെ (ബ്രിട്ടണ്‍) മുന്‍ ദേശീയ പ്രസിഡന്റായ സാദിഖ് നിലവില്‍ സംഘടനയുടെ സീനിയര്‍ വൈസ് പ്രസിഡന്റാണ്. പ്രോഗ്രസീവ് റൈറ്റേഴ്‌സ് അസോസിയേഷന്റെ സ്ഥാപക അംഗം കൂടിയായിരുന്നു അദ്ദേഹം.
ബ്രിട്ടണില്‍ റേസ് ഇക്വാളിറ്റി ഓഫീസറായും സേവനമനുഷ്ടിച്ച സാദിഖ് സൈദ്ധാന്തികന്‍, എഴുത്തുകാരന്‍, കവി എന്നീ മേഖലകളിലും വ്യക്തി മുദ്ര പതിപ്പിച്ചിരുന്നു. പഞ്ചാബിയിലും ഇംഗ്ലീഷിലും നിരവധി ഗ്രന്ഥങ്ങളും രചിച്ചു. സിപിഐ എം മുന്‍ ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിന്റെ അടുത്ത സുഹൃത്തായിരുന്നു. സിപിഐ എമ്മിന്റെ നിരവധി പാര്‍ട്ടി കോണ്‍ഗ്രസുകളില്‍ സാദിഖ് പങ്കെടുത്തിട്ടുണ്ട്. സാര്‍വ്വദേശീയ ഇടതുപക്ഷ വേദികളില്‍ സിപിഐ എമ്മിനെ പ്രതിനിധീകരിച്ചു.
അസുഖത്തെ തുടര്‍ന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു. സാദിഖിന്റെ നിര്യാണത്തില്‍ സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അനുശോചിച്ചു. ചൂഷണ രഹിത സമൂഹത്തിനും മനുഷ്യമോചനത്തിനുമായി ജീവിതം സമര്‍പ്പിച്ച കമ്മ്യൂണിസ്റ്റാണ് അവതാര്‍ സിംഗ് സാദിഖെന്ന് യെച്ചൂരി പറഞ്ഞു. ബ്രിട്ടണിലെ ഇന്ത്യന്‍ തൊഴിലാളികളെ സംഘടിപ്പിക്കുന്നതില്‍ സാദിഖ് നിര്‍ണായക പങ്കുവഹിച്ചതായും യെച്ചൂരി അനുശോചനത്തില്‍ പറഞ്ഞു. ഗുര്‍ദര്‍ശന്‍ കൗറാണ് ഭാര്യ. മകന്‍ വിനയ്.
യുകെയിലെ മലയാളി സമൂഹവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അവതാര്‍ സിംഗ് സാദിഖിന്‍റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായി യുകെയിലെ ഇടതുപക്ഷ സംസ്കാരിക സംഘടനയായ സമീക്ഷ യുകെയുടെ ഭാരവാഹികള്‍ അറിയിച്ചു. ലളിത ജീവിതം നയിച്ചിരുന്ന അവതാര്‍ സിംഗ് ഏവര്‍ക്കും മാതൃകയായ ഒരു മനുഷ്യസ്നേഹിയായ കമ്മ്യൂണിസ്റ്റ് ആയിരുന്നെന്നും സമീക്ഷയുടെ അനുശോചന കുറിപ്പില്‍ അനുസ്മരിച്ചു.
Leave a Reply