ക്രിസ്മസ് ആഗമനത്തിന്റെ ആഴ്ചകളില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഒഴിവാക്കണമെന്ന ആഹ്വാനവുമായി ബ്രിസ്റ്റോള്‍ ഫിഷ്‌പോണ്ട്‌സ് സെന്റ് ജോസഫ്‌സ് ചര്‍ച്ച് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് (എസ്ടിഎസ്എംസിസി). അഡ്വന്റ് 2019 ആദ്യ ദിനത്തിലാണ് എസ്ടിഎസ്എംസിസി പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ മാതൃകാപരമായ ആഘോഷത്തിന് വിളംബരം കുറിച്ചത്.

ക്രിസ്തീയ രീതികളെക്കുറിച്ച് പഠിച്ച വിഷയങ്ങള്‍ പ്രാവര്‍ത്തികമാക്കി ജീവിക്കുന്ന ലോകത്തിന് പോസിറ്റീവ് തലത്തിലുള്ള മാറ്റങ്ങള്‍ നല്‍കാനാണ് സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ആഗ്രഹിക്കുന്നത്. കാലാവസ്ഥാ മാറ്റങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി ലോകരാജ്യങ്ങളെ സധൈര്യം നേരിട്ട ഗ്രെറ്റ തന്‍ബര്‍ഗിന്റെ ഉത്തരവാദിത്വം എടുക്കാനുള്ള ആഹ്വാനം ഉള്‍ക്കൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ ഈ തീരുമാനം കൈക്കൊണ്ടത്. വിദ്യാര്‍ത്ഥികളുടെ ഈ പരിശ്രമത്തിന് പൂര്‍ണ്ണ പിന്തുണയാണ് പ്രധാന അധ്യാപിക സിനി ജോണും, അഡ്മിനിസ്‌ട്രേറ്റര്‍ സിജി സെബാസ്റ്റിയനും നല്‍കുന്നത്.

മുന്നൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന സണ്‍ഡേ സ്‌കൂളിന് പുറമെ ഈ സീറോ മലബാര്‍ കത്തോലിക്കാ പള്ളിയില്‍ രാവിലെയും, വൈകീട്ടുമായി ഞായറാഴ്ച കുര്‍ബാനകളില്‍ പങ്കെടുക്കാന്‍ മുന്നൂറോളം മുതിര്‍ന്നവരും എത്തിച്ചേരുന്നു. ഓരോ ഞായറാഴ്ചയും നടക്കുന്ന ചടങ്ങുകള്‍ക്കായി ഏകദേശം അറുനൂറോളം പ്ലാസ്റ്റിക്, സിട്രോഫോം കപ്പുകളും, ഒറ്റത്തവണ ഉപയോഗിക്കുന്ന 15ഓളം പ്ലാസ്റ്റിക് ബാഗുകളും ഉപയോഗിക്കേണ്ടി വരുന്നുണ്ട്.

കുര്‍ബാനയ്ക്കിടെ തന്നെ ഇതിന്റെ ദുരന്തങ്ങള്‍ വരച്ചുകാണിക്കുന്ന സ്‌കെച്ചുകള്‍ തയ്യാറാക്കിയാണ് കുട്ടികള്‍ തങ്ങളുടെ ദൗത്യത്തിന് തുടക്കം കുറിച്ചത്. പ്ലാസ്റ്റിക് മാലിന്യം സൃഷ്ടിക്കുന്ന ബാധ്യത തിരിച്ചറിഞ്ഞതോടെ രൂപതയും, പിടിഎ അംഗങ്ങളും താല്‍പര്യമെടുത്ത് സ്വന്തമായി ഡിസ്‌പോസിബിള്‍ കപ്പുകളും, ജീര്‍ണ്ണിക്കുന്ന കപ്പുകളും, പ്ലേറ്റും മറ്റും ഉപയോഗിക്കാന്‍ തീരുമാനിച്ചു. ബോട്ടില്‍ വെള്ളത്തിന് പകരം ടാപ്പ് വെള്ളം ഉപയോഗിക്കാനും വഴിയൊരുങ്ങി.

 

രക്ഷിതാക്കളില്‍ ഒരാള്‍ സെറാമിക് കപ്പുകള്‍ സ്‌പോണ്‍സര്‍ ചെയ്യുകയും ഇത് വൃത്തിയാക്കുന്ന ദൗത്യം 11ാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ ഏറ്റെടുക്കുകയും ചെയ്തു. സെബാസ്റ്റിയന്‍ ലോനപ്പന്‍, ഷാജി വര്‍ക്കി, ബിനു ജേക്കബ്, മെജോ ജോയ് എന്നിവരടങ്ങുന്ന പള്ളി കമ്മിറ്റി മാലിന്യം പൂര്‍ണ്ണമായി ഒഴിവാക്കാനുള്ള വഴികള്‍ പരിഗണിച്ച് വരികയാണ്.

അന്തിമ ഉപഭോക്താക്കളെ ഇല്ലാതാക്കുന്നത് വഴി ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പതിയെ ഇല്ലാതാക്കുന്ന രീതിയാണ് വിഭാവനം ചെയ്യുന്നതെന്ന് പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച അധ്യാപകരായ അനിത ഫിലിപ്പും, ജോയല്‍ ജോസഫും വ്യക്തമാക്കി. ഇതുവഴി ബിസിനസ്സുകളും, സര്‍ക്കാരും മറ്റ് വഴികള്‍ തേടാന്‍ നിര്‍ബന്ധിതമാകും. കാലാവസ്ഥാ വ്യതിയാനത്തിന് എതിരെ പ്ലക്കാര്‍ഡുകള്‍ ഏന്തി വഴിയില്‍ കുട്ടികളെ നിര്‍ത്തി ട്രാഫിക് സ്തംഭനം സൃഷ്ടിക്കുന്നതിലും ഭേദമാണ് ഇത്തരം പ്രാവര്‍ത്തികമായ നടപടികള്‍.

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിര്‍ത്തലാക്കുന്ന യുകെയിലെ ആദ്യ പള്ളിയായി മാറാനാണ് എസ്ടിഎസ്എംസിസിയുടെ പരിശ്രമം. ഈ നീക്കം സ്ഥിരതയോടെ നിലനിര്‍ത്താനുള്ള ദൃഢനിശ്ചയത്തിലാണ് അധ്യാപകരും, വിദ്യാര്‍ത്ഥികളും. പെരുന്നാള്‍ ഉള്‍പ്പെടെ പരിപാടികളില്‍ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനുള്ള ആഹ്വാനവും നടത്തി.

ക്രിസ്മസ് ആഗമന ആഴ്ചകളില്‍ ഭവനരഹിതരായ ആളുകള്‍ക്ക് ഭക്ഷണം നല്‍കുന്നതിന് പണം കണ്ടെത്താന്‍ ‘ബേക്ക് ഓഫ് മത്സരം, സീസണ്‍ 2’ സംഘടിപ്പിക്കുന്നതും പള്ളിയിലെ ചെറുപ്പക്കാരുടെ മറ്റൊരു പദ്ധതിയാണ്. രൂപതയിലെ ഊര്‍ജ്ജസ്വലരായ രക്ഷിതാക്കളുടെയും, വിദ്യാര്‍ത്ഥികളുടെയും പരിശ്രമങ്ങളില്‍ ഏറെ അഭിമാനമുള്ളതായി വികാരി റവ. ഫാദര്‍ പോള്‍ വെട്ടിക്കാട്ട് പറയുന്നു. ‘ആഗോള തലത്തില്‍ സഭ ഏറ്റെടുത്ത നിരവധി സാമൂഹിക വിഷയങ്ങളുണ്ട്. പോപ്പ് ഫ്രാന്‍സിസ് ഏറ്റവും വലിയ പാപമെന്ന് വിശേഷിപ്പിച്ച പാരിസ്ഥിതിക വിഷയങ്ങള്‍ ഏറ്റെടുക്കേണ്ട സമയമാണ്, പ്രത്യേകിച്ച് ഹരിതാഭമായ കത്തോലിക് രീതികളിലേക്ക് മാറുകയും വേണം’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജിസിഎസ്ഇ പരീക്ഷകള്‍ പൂര്‍ത്തിയാക്കിയ ശേഷം മറ്റ് പള്ളികളുമായി ബന്ധപ്പെട്ട് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് എതിരെ റോഡ് ഷോകള്‍ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍.