13 കാരിയുടെ നിശ്‌ചയദാർഢ്യത്തിന് മുന്നിൽ മുട്ട് മടക്കി സെക്‌സ്‌റാക്കറ്റ് റാണി. കാത്തിരിക്കുന്നത് 24 വര്‍ഷത്തെ തടവ് ശിക്ഷ.

13 കാരിയുടെ നിശ്‌ചയദാർഢ്യത്തിന് മുന്നിൽ മുട്ട് മടക്കി സെക്‌സ്‌റാക്കറ്റ് റാണി. കാത്തിരിക്കുന്നത് 24 വര്‍ഷത്തെ തടവ് ശിക്ഷ.
July 24 05:45 2020 Print This Article

ഗീതാ അറോറ 17 ാം വയസ്സില്‍ ലൈംഗിക ചൂഷണത്തിന് ഇരയായി. ഇന്ത്യ ഉടനീളമായി പരന്നു കിടക്കുന്ന വേശ്യാലയ ശൃംഖല. അധോലോക നായകന്മാരോടും ഗുണ്ടാനേതാക്കളോടും അസാധാരണമായ ആരാധനയും പ്രണയവും. രണ്ടു തവണ വിവാഹം കഴിച്ചു. ഒരു കാമുകനും. എല്ലാവരും വെടിയേറ്റ് മരിച്ചു. 12, 13 ​‍വയസ്സുള്ള പെണ്‍കുട്ടികളെ മയക്കുമരുന്ന് നല്‍കി ഉന്നതര്‍ക്ക് കാഴ്ച വെയ്ക്കുന്നത് രീതി.

സെക്‌സ് റാക്കറ്റും മനുഷ്യക്കടത്തും ലഹരിവില്‍പ്പനയും കൊലപാതകവും അടക്കം ഇന്ത്യയിലെ ഏറ്റവും വലിയ അധോലോക നായികയെന്ന് അറിയപ്പെടുന്ന സെക്‌സ്‌റാക്കറ്റ് റാണിക്ക് ഒടുവില്‍ 24 വര്‍ഷം തടവ് ശിക്ഷ. ഡല്‍ഹിയിലെ ഏറ്റവും വലിയ സെക്‌സ്‌റാക്കറ്റിന്റെ തലൈവി ഗീതാ അറോറ എന്ന സോനു പഞ്ചാബന് ഡല്‍ഹി കോടതിയാണ് ശിക്ഷ വിധിച്ചത്. അതി നിന്ദ്യവും പൈശാചികവുമായ ക്രൂരകൃത്യങ്ങള്‍ നടത്തിയ സോനു പഞ്ചാബന് സാമൂഹിക ജീവിതം നയിക്കാന്‍ യോഗ്യതയില്ല എന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍.

12 വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗിക ചൂഷണത്തിനായി എത്തിച്ചു കൊടുക്കുകയും പ്രേരിപ്പിക്കുകയും ചെയ്തു എന്ന കുറ്റത്തിന് ഡല്‍ഹി ദ്വാരക കോടതിയാണ് ശിക്ഷ വിധിച്ചത്. ക്രൂരതയുടെയും പൈശാചികതയുടെയും മനുഷ്യരൂപമെന്നാണ് കോടതി ഗീതാ അറോറയെ വിശേഷിപ്പിച്ചത്. സാമൂഹിക ജീവിതത്തിന് പകരം ജയില്‍ ചുവരിനുളളില്‍ കിടക്കുന്നതാണ് ഉത്തമമെന്ന് ശിക്ഷാവിധിയില്‍ എഴുതി. ഏഴു ലക്ഷം രൂപ പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാനും ആവശ്യപ്പെട്ടു. വഴിവിട്ട ജീവിതവുമായി ബന്ധപ്പെട്ട കുറ്റകൃത്യത്തിന് 14 വര്‍ഷവും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വേശ്യാവൃത്തിക്ക് ഉപയോഗിക്കുകയും മറ്റും ചെയ്ത ക്രൂരതയ്ക്ക് 10 വര്‍ഷത്തെ തടവും. 64,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.

ഗീതയുടെ കൂട്ടാളി സന്ദീപ് ബെഡ്‌വാളിന് ശിക്ഷ നല്‍കിയത് 20 വര്‍ഷത്തെ തടവാണ് ശിക്ഷ. പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയതിനാണ് 10 വര്‍ഷം. ബാക്കി അവരെ വിവാഹത്തിന് നിര്‍ബന്ധിച്ചതിനും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വേശ്യാവൃത്തിക്ക് ഉപയോഗിച്ചതിനും ക്രിമിനല്‍ ഗൂഡാലോചന നടത്തിയതിനും. 65,000 രൂപ പിഴയും ശിക്ഷിച്ചു. ഇരുവരും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയെന്നും വിവാഹമെന്ന് പറഞ്ഞ് ബലാത്സംഗത്തിന് ഉപയോഗിക്കുകയും ചെയ്തതായി ജൂലൈ 16 ന് കോടതി കണ്ടെത്തിയിരുന്നു.

2017 ഡിസംബറില്‍ അറസ്റ്റിലായ ഗീതയ്ക്കും സന്ദീപിനും എതിരേ പോക്‌സോ ആക്ട് പ്രകാരമായിരുന്നു കേസ്. 2014 ല്‍ പെണ്‍കുട്ടി തന്നെ വിവാഹം ചെയ്ത് കൊണ്ടുപോയ ആളുടെ വീട്ടില്‍ നിന്നും രക്ഷപ്പെടുകയും അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ എത്തി മൊഴി നല്‍കുകയും ചെയ്തതാണ് കേസില്‍ വഴിത്തിരിവായത്. ഡിഎസ്പി ഭിഷാം സിംഗ് സംഭവം അന്വേഷിക്കാന്‍ പോലീസ് സംഘത്തെ നിയോഗിക്കുകയും പോലീസ് കുറ്റവാളികളെ കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍ 2017 ല്‍ കേസ് ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് ഗീതാ അറോറയും സംഘവും അറസ്റ്റിലായി. തീഹാര്‍ ജയിലില്‍ കഴിയുമ്പോള്‍ ഗീതാ അറോറ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

ദക്ഷിണ ഡല്‍ഹി കേന്ദ്രമാക്കി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ വേശ്യാലയങ്ങളുടെ ശൃംഖല നടത്തിയിരുന്നയാളാണ് ഗീതാ അറോറ. 2000ല്‍ ഡല്‍ഹിയിലും അടുത്തുള്ള സംസ്ഥാനങ്ങളിലുമായി വമ്പന്‍ സെക്‌സ് റാക്ക് നടത്തിയിരുന്നു.കിഴക്കന്‍ ഡല്‍ഹിയില്‍ ജനിച്ച ഗീതാ ദക്ഷിണ ഡല്‍ഹിയിലെ ആഡംബര ഏരിയയായ സെയ്തുള്ളജാബില്‍ കൂറ്റന്‍ വീടും മറ്റുമുണ്ട്. ചെറു പ്രായത്തിലെ ലൈംഗിക ചൂഷണത്തിന് ഇരയായ സ്ത്രീയാണ് ഗീത. 17 ാം വയസ്സില്‍ വേശ്യാവൃത്തിയിലേക്ക് ഇറങ്ങി. രണ്ട് വിവാഹം കഴിച്ചു. ഭര്‍ത്താക്കന്മാരെല്ലാം അധോലോക ഗുണ്ടകളായിരുന്നതിനാല്‍ പോലീസിന്റെ വെടിയേറ്റ് എല്ലാവരും കൊല്ലപ്പെട്ടു.

അധോലോക നായകന്‍ ഹിമാനുവായിരുന്നു ആദ്യ ഭര്‍ത്താവ്. വിവാഹം കഴിഞ്ഞതോടെ ഗീത അറോറ ഗീതാ സോനുവായി. പിന്നീട് സോനു പഞ്ചാബനും. എന്നാല്‍ ഹിമാനു കൊല്ലപ്പെട്ടു. രണ്ടാമത് മറ്റൊരു അധോലോക നായകനായ ശ്രീ പ്രകാശ് ശുക്ലയുടെ വലംകയ്യായ ഗുണ്ടാനേതാവ് വിജയ് സിംഗിനെ വിവാഹം കഴിച്ചു. വിജയ് യെ 2004 ല്‍ സ്‌പെഷ്യല്‍ ടാസ്‌ക്ക് ഫോഴ്‌സ് കൊലപ്പെടുത്തി. ഇതിന് ശേഷം ദീപക് എന്ന ഗുണ്ടയുമായി പ്രണയത്തിലായി. ഇയാള്‍ ആസാമില്‍ വെച്ച് വെടിയേറ്റ് മരിച്ചു. അധോലോക നായകന്മാരോടും ഗുണ്ടാനേതാക്കളോടും അസാധാരണമായ ഒരു ആരാധനയും അടുപ്പവും ഗീത കാട്ടിയിരുന്നു എന്നും എല്ലാവരും കൊല്ലപ്പെടുകയായിരുന്നു എന്നുമാണ് പോലീസ് ഭാഷ്യം.

ഇതോടെ കൊലപാതകവും മനുഷ്യക്കടത്തും ലഹരി വില്‍പ്പനയും വേശ്യാവൃത്തിയും എല്ലാമായി ഗീതയും അധോലോക റാണിയായി മാറി. ഒരു തെളിവും അവശേഷിപ്പിക്കാതെയായിരുന്നു കുറ്റകൃത്യങ്ങള്‍. വേശ്യാവൃത്തിയില്‍ വമ്പന്മാര്‍ ആയിരുന്നു ഗീതയുടെ ഇടപാടുകാര്‍. നടിയാക്കാമെന്നും മോഡലാക്കാമെന്നും പറഞ്ഞ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു വന്ന് മയക്കുമരുന്ന് നല്‍കി ഉന്നതര്‍ക്ക് കാഴ്ചവെയ്ക്കുന്നതാണ് രീതി. സൗന്ദര്യവും ആഡംബരവും കൊണ്ട് ഉയര്‍ന്ന നിലയിലുള്ള ലൈംഗികത്തൊഴിലാളികള്‍ ആയിരുന്നു ഗീതഉപയോഗപ്പെടുത്തിയിരുന്നത്. ഇവരെ ഡല്‍ഹിയിലെ പോഷ് ഏരിയയിലേക്കും പഞ്ചനക്ഷത്ര ഹോട്ടലുകളിലേക്കും ഫാം ഹൗസുകളിലേക്കും അയച്ചായിരുന്നു വേശ്യാവൃത്തി നടപ്പാക്കിയിരുന്നത്. മയക്കുമരുന്ന് കുത്തിവെച്ചാണ് കുട്ടികളെ പുരുഷന്മാര്‍ക്ക് നല്‍കിയിരുന്നത്. എതിര്‍ക്കുന്നവര്‍ക്ക് നേരെ മുളകുപൊടി വിതറുന്നത് അടക്കമുള്ള ക്രൂരമായ ശിക്ഷകള്‍ നടപ്പാക്കി.

ഹരിയാനയിലെ ജജ്ജാര്‍ ജില്ലയില്‍ ഗീതയ്‌ക്കെതിരേ കൊലപാതക കേസ് പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. പല തവണ പോലീസ് കേസുകളില്‍ പെട്ടിരുന്നെങ്കിലും അനായാസം ഊരിപ്പോയിരുന്നു. 2007 ല്‍ ഇവര്‍ക്ക് വേണ്ടി ജോലി ചെയ്തിരുന്ന ഒരു പെണ്‍കുട്ടി പരാതിയുമായി എത്തുന്നത് വരെ കേസുകളില്‍ ശിക്ഷ വാങ്ങാതെ രക്ഷപ്പെട്ടു. സോനു പഞ്ചാബന്റെ ജീവിതം ആസ്പദമാക്കിയാണ് 2013 ല്‍ പുറത്തു വന്ന ബോളിവുഡ് സിനിമ ഫുക്രിയുടെയും ഫുക്രി റിട്ടേണ്‍സിന്റെയും കഥ രൂപപ്പെടുത്തിയിരിക്കുന്നത്.

വേശ്യാവൃത്തിക്ക് 2007 ലായിരുന്നു ആദ്യം അറസ്റ്റിലായത്. എന്നാല്‍ ജാമ്യം കിട്ടി പുറത്തുവന്നു. 2008 ലും ഇതേ കേസില്‍ അറസ്റ്റിലായി. 2011 ല്‍ ഡല്‍ഹി പോലീസ് ഗീതയെ പെണ്‍വാണിഭത്തിന് തന്ത്രപരമായി പിടികൂടി. രണ്ടു പോലീസുകാരെ അന്വേഷണത്തിന് നിയോഗിച്ചു. ഇവര്‍ ഇടപാടുകാരെന്ന വ്യാജേനെ കെണിയൊരുക്കി. രണ്ടു പെണ്‍കുട്ടികള്‍ക്ക് വേണ്ടി രാജു ജര്‍മ്മ, ഗീതാ അറോറ എന്നിവരുമായി ഇടപാടുണ്ടാക്കി. മെഹ്‌റുവാലിയിലെ കേന്ദ്രത്തില്‍ നടന്ന റെയ്ഡില്‍ ഗീതയും നാലു സഹായികളും ഇടപാടുകാരായ നാലു പുരുഷന്മാരും പിടിയിലായി. കുറേ കാലം ജയിലിലായെങ്കിലും കൃത്യമായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ ഇവര്‍ പുറത്തു വന്നു. അതിന് ശേഷമായിരുന്നു 2014 ല്‍ നജഫ്ഗര്‍ പോലീസ് സ്‌റ്റേഷനില്‍ ഒരു പെണ്‍കുട്ടി സന്ദീപ് ബഡ്‌വാളിനെതിരേ പരാതി നല്‍കിയത്. പെണ്‍കുട്ടിക്ക് 13 വയസ്സായിരുന്നു പ്രായം. തന്നെ സന്ദീപ് തട്ടിക്കൊണ്ടുപോയി ഗീതയ്ക്ക് വിറ്റെന്നും അന്ന് മുതല്‍ 12 പേരോളം തന്നെ ഉപയോഗിച്ചെന്നും പരാതിയഇല്‍ പറഞ്ഞു. ഉയര്‍ന്ന നിലവാരത്തിലുള്ള ഇടപാടുകാര്‍ക്കായി പെണ്‍കുട്ടിയെ ഇംഗ്‌ളീഷും പഠിപ്പിച്ചിരുന്നു.

പെണ്‍കുട്ടി പരാതി എഴുതി നല്‍കുകയും മൊഴി നല്‍കുകയും ചെയ്തു. എന്നാല്‍ കേസ് കോടതിയില്‍ എത്തുന്നതിന് മുമ്പായി പെണ്‍കുട്ടി ഓടിപ്പോയി. ഇതോടെ കേസ് ഡല്‍ഹി പോലീസിലെ ക്രൈംബ്രാഞ്ചിന് മുന്നിലെത്തി. 2017 ല്‍ ക്രൈംബ്രാഞ്ച് ഗീതയെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വേശ്യാവൃത്തിക്ക് ഉപ്യാഗിച്ചതിന് അറസ്റ്റ് ചെയ്തു. സന്ദീപിനെതിരേ തട്ടിക്കൊണ്ടുപോകലും ബലാത്സംഗവും ചുമത്തി. ഇതിനൊപ്പം അനേകം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വില്‍ക്കുകയും ഇടപാടുകാര്‍ക്ക് കാഴ്ചവെയ്ക്കുകയും ചെയ്തു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles