ഷൈമോൻ തോട്ടുങ്കൽ
എയിൽസ്‌ഫോർഡ് . വിശുദ്ധ സൈമൺ സ്റ്റോക്കിന് ഉത്തരീയം നൽകികൊണ്ട് പരിശുദ്ധ ‘കന്യകാമറിയം നൽകിയ പ്രത്യക്ഷീകരണത്തിന്റെ സജീവ അടയാളമായി നിലകൊള്ളുന്ന എയിൽസ്‌ഫോർഡ് മരിയൻ തീർഥാടന കേന്ദ്രത്തിലേക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ നടത്തിയ എയിൽസ്‌ഫോർഡ് തീർഥാടനം ഭകതിസാന്ദ്രമായി . രൂപതയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും എത്തിച്ചേർന്ന ആയിരക്കണക്കിന് വിശ്വാസികൾ അണിചേർന്ന തീർഥാടനത്തിന് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നേതൃത്വം നൽകി .

രാവിലെ കൊടിയേറ്റിനെ തുടർന്ന് ജപമാല പ്രാർഥനയോടെയാണ് തീർഥാടന പരിപാടികൾ ആരംഭിച്ചത്. തുടർന്ന് രൂപത എസ് എം വൈ എമ്മിൻറെ ഔദ്യോഗിക മ്യൂസിക് ബാൻഡ് ആയ സമയം ബാൻഡ് അവതരിപ്പിച്ച ഭക്തി നിർഭരമായ സൗണ്ട് ഓഫ് ഹെവൻ വർഷിപ്പ് നടന്നു. തുടർന്ന് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. പ്രോട്ടോ സിഞ്ചെല്ലൂസ് റെവ. ഡോ ആന്റണി ചുണ്ടെലികാട്ട് , ചാൻസിലർ റെവ ഡോ. മാത്യു പിണക്കാട്ട് , രൂപതയുടെ വിവിധ മിഷനുകളിൽ നിന്നുമെത്തിയ ഇരുപത്തി അഞ്ചോളം വൈദികർ എന്നിവർ സഹകാർമികരായിരുന്നു . “രക്ഷാകര രഹസ്യത്തിന്റെ അനുസ്മരണവും ആഘോഷവുമാണ് വിശുദ്ധ കുർബാന , ഈ രക്ഷാകര രഹസ്യത്തെ ഭൂമിയിൽ അവതരിപ്പിക്കാൻ കാരണമായതും അതിനു ഭാഗ്യം ലഭിച്ചതും പരിശുദ്ധ ‘മറിയം വഴിയാണ് . ഈ അമ്മയെ നാം എല്ലാവരും അമ്മയായി സ്വീകരിക്കണം.

പരിശുദ്ധ അമ്മയെ സ്വീകരിക്കുമ്പോൾ എല്ലാ കുറവുകളും നിറവുകളായി മാറും”. വിശുദ്ധ കുർബാന മധ്യേയുള്ള വചന സന്ദേശത്തിൽ മാർ ജോസഫ് സ്രാമ്പിക്കൽ വിശ്വാസികളെ ഉത്‌ബോധിപ്പിച്ചു . വിശുദ്ധ കുർബാനയ്ക്ക് ശേഷം സീറോ മലബാർ സഭയുടെ പരമ്പരാഗത ശൈലിയിൽ തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ടുള്ള തിരുന്നാൾ പ്രദക്ഷിണം നടന്നു. സ്നേഹ വിരുന്നോടെയാണ് ഈ വർഷത്തെ തീർഥാടന പരിപാടികൾ അവസാനിച്ചത്. തീർഥാടനത്തിന്റെ ചീഫ് കോഡിനേറ്റർ ഫാ. സിനോജ് കളരിക്കലിന്റെ നേതൃത്വത്തിൽ ഉള്ള വിപുലമായ കമ്മറ്റിയാണ് തീർഥാടന പരിപാടികൾ ഏകോപിപ്പിച്ചത് .













Leave a Reply