ബിനോയ് എം. ജെ.

ആപേക്ഷിക ജ്ഞാനത്തിൽ പെട്ടു പോകുന്ന മനുഷ്യന് അതിൽ നിന്നും കര കയറാൻ ഒരു മാർഗ്ഗമേയുള്ളൂ – ആത്മവിശ്വാസം. നിങ്ങളുടെ ആത്മവിശ്വാസം അനന്തതയിലേക്ക് ഉയരട്ടെ. ഇത് സാധിക്കുന്ന കാര്യമാണോ?എന്താണ് നമ്മുടെ ആത്മവിശ്വാസത്തെ തകർക്കുന്നത്? അറിവാണ് ആത്മവിശ്വാസത്തെ തകർക്കുന്നത്. ഉദാഹരണത്തിന് നിങ്ങൾക്ക് ഒരു രോഗം പിടിപെട്ടു എന്ന് കരുതുക. ചികിത്സിക്കുന്ന ഡോക്ടർമാർ പറയുന്നു “ഈ രോഗം മാറുകയില്ല, നിങ്ങൾ അധിക നാൾ ജീവിച്ചിരിക്കുകയില്ല.” നിങ്ങളുടെ ആത്മവിശ്വാസം പൊയ്പോകുന്നു. നിങ്ങൾ നിരാശയുടെ ആഴങ്ങളിലേക്ക് വീഴുന്നു. ഇവിടെ ,’അസുഖം മാറുകയില്ല’ എന്ന അറിവാണ് നിങ്ങളുടെ ആത്മവിശ്വാസത്തെ തകർത്തത്.

ഇപ്രകാരം അറിവ് ആത്മവിശ്വാസത്തെ തകർക്കുകയും ആത്മവിശ്വാസത്തിന്റെ അഭാവം കൂടുതൽ അറിവിന്റെ പിറകെ ഓടുവാൻ നമ്മെ നിർബന്ധിക്കുകയും ചെയ്യുന്നു. ഇങ്ങനെ ഒരു ദൂഷിതവലയം രൂപം കൊള്ളുന്നു. ഇതിൽ നിന്നും കരകയറുവാനുള്ള ഏകമാർഗ്ഗം ആത്മവിശ്വാസത്തെ ബലപ്പെടുത്തുക എന്നതാണ്. നിങ്ങൾക്ക് വേണ്ടുവോളം ആത്മവിശ്വാസം ഉണ്ടെങ്കിൽ വികലമായ ഇത്തരം അറിവുകൾ നിങ്ങളെ ബാധിക്കുകയില്ല .മലകളെ മാറ്റുവാനുള്ള- പോരാ, ഭൂമിയെ ഇളക്കുവാനും നക്ഷത്രങ്ങളെ തകർക്കുവാനുമുള്ള, സൂര്യനെ അതിന്റെ സ്ഥാനത്ത് നിന്നും മാറ്റുവാനുള്ള- ആത്മവിശ്വാസമാണ് നമുക്ക് വേണ്ടത്. അതുണ്ടെങ്കിൽ നമ്മെ ബാധിക്കുവാൻ ബാഹ്യലോകത്തിനോ അതിലെ ആപേക്ഷികജ്ഞാനത്തിനോ കഴിയുകയില്ല!

നിങ്ങൾക്ക് അനന്തമായ ആത്മവിശ്വാസം ഉണ്ടെങ്കിൽ പിന്നീട് അറിവിന്റെ ആവശ്യം ഉദിക്കുന്നില്ല. ആർക്കു വേണം പിന്നീടറിവ്?നിങ്ങൾ കൽപിക്കുന്നതെല്ലാം സാധിച്ചു കിട്ടുന്നുണ്ടെങ്കിൽ നിങ്ങൾക്ക് പിന്നെന്തിനാണ് ആപേക്ഷികജ്ഞാനം?ഈയവസ്ഥയെ ‘സർവ്വാധിപത്യം’ എന്നാണ് ഭാരതീയതത്വചിന്തയിൽ വിളിക്കുന്നത്. അവിടെ എത്തുന്നയാൾ താൻ അമൃതനും സർവ്വഗനുമാണെന്നും താൻ കൽപിക്കുന്നതൊക്കെ- യാചിക്കുകയോ പ്രാർത്ഥിക്കുകയോ അല്ല- സാധിച്ചു കിട്ടുന്നതായും അറിയുന്നു. ക്രമേണ അയാൾ ആപേക്ഷികജ്ഞാനത്തെ ത്യജിക്കുന്നു.

ആപേക്ഷികജ്ഞാനം ത്യജിക്കപ്പെടുന്ന അവസരത്തിൽ ഉള്ളിലുള്ള നിരപേക്ഷിക ജ്ഞാനം അഥവാ സത്യം പ്രകാശിക്കുന്നു. അത് എല്ലാറ്റിനെയും കുറിച്ചുള്ള അറിവാണ്. പിന്നീടയാൾക്ക് ആശയക്കുഴപ്പങ്ങൾ ഇല്ല. അത് കിട്ടുന്നവൻ ഈശ്വരപദത്തെ പ്രാപിക്കുന്നു.

നിങ്ങൾക്ക് ഇച്ഛിക്കുവാനറിയാമോ?അല്ലെങ്കിൽ കൽപിക്കുവാനറിയാമോ?എങ്കിൽ നിങ്ങൾ ഇച്ഛിക്കുകയും കൽപിക്കുകയും ചെയ്യുവിൻ. നിങ്ങൾ ഇച്ഛിക്കുകയും കൽപിക്കുകയും ചെയ്യുന്നവ നടന്നു കിട്ടുമെന്ന് ഉറച്ചു വിശ്വസിക്കുവിൻ. നിങ്ങൾ ഈ ഒരു കാര്യമേ ചെയ്യേണ്ടതായുള്ളൂ. നിങ്ങളുടെ കൽപ്പന അനുസരിക്കുവാൻ പ്രകൃതി തയ്യാറായി നിൽക്കുന്നു. പക്ഷെ നിങ്ങൾ കൽപിക്കുന്നില്ല. നിങ്ങൾ നിഷേധാത്മക ചിന്തകളിലൂടെയും ആപേക്ഷികജ്ഞാനത്തിലൂടെയും വട്ടം കറങ്ങുന്നു. നിങ്ങളുടെ ശക്തിയെ ഉപയോഗിക്കുന്നതിൽ നിങ്ങൾ പരാജയപ്പട്ടു പോകുന്നു. ഇത് നിങ്ങളുടെ തന്നെ കുറ്റമാണ്.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120