മുഹമ്മദ് ഹനീഫ് തളിക്കുളം
അസീര്‍ മുഹമ്മദ് ചരിത്ര നേട്ടത്തിലേക്ക് നടന്ന് കയറുകയാണ്. അസീറിന്റെ വയലിന്‍ നാദവിസ്മയങ്ങളില്‍ ലോകം ശ്രദ്ധവെച്ച് തുടങ്ങിയിരിക്കുന്നു. ലോക പ്രശസ്ത വയലിന്‍ ബ്രാന്‍ഡായ ക്യാന്റിനി തിരഞ്ഞെടുത്ത അന്താരാഷ്ട്ര നിലവാരമുള്ള വിരലിലെണ്ണാവുന്ന വയലിനിസ്റ്റുകളുടെ കൂട്ടത്തില്‍ ഇടം നേടിയ മലയാളി അസീര്‍ മുഹമ്മദിന് ലണ്ടന്‍ മലയാളികളുടെ ആദരവും വന്നുചേരുന്നു. ലണ്ടന്‍ ആസ്ഥാനമാക്കിയുള്ള സംഗീതപ്രേമികളായ മലയാളി കൂട്ടായ്മ, പ്രൗഢ ഗംഭീരമായ ചടങ്ങില്‍ വെച്ചാണ് അസീര്‍ മുഹമ്മദിനെ ആദരിക്കുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള നിരവധി വ്യക്തിത്വങ്ങള്‍ സംബന്ധിക്കുന്ന ഈ ചടങ്ങ് ഈ വരുന്ന ജൂണ്‍ അവസാന വാരത്തില്‍ ലണ്ടനില്‍ വെച്ചായിരിക്കും നടക്കുക. ക്യാന്റിനിയുടെ ഈ വലിയ അംഗീകാരം ഒരു മ്യൂസിഷ്യന് നേടാന്‍ കഴിയുന്ന സ്വപ്ന തുല്യമായ നേട്ടമാണ്! അസീര്‍ ചെയ്ത ഫ്യുഷന്‍ വീഡിയോ ആകട്ടെ ഇന്ന് ക്യാന്റിനി വയലിന്റെ പ്രൊമോഷന് വേണ്ടി അവര്‍ ഉപയോഗിക്കുകയും ചെയ്യുന്നു. അങ്ങിനെ ലോക പ്രശസ്തമായ ക്യാന്റിനിയുടെ വെബ് സൈറ്റില്‍ പോലും അസീര്‍ മുഹമ്മദ് രേഖപ്പെടുത്തപ്പെട്ട് കഴിഞ്ഞിരിക്കുന്നു. മലയാളിയായ സംഗീതജ്ഞന്‍ ബാലഭാസ്‌കറിന് മാത്രമേ ഇന്ത്യയില്‍ നിന്ന് ഇതിന് മുന്‍പ് ഈ അസൂയാവഹമായ നേട്ടം കൈവരിക്കാന്‍ സാധിച്ചിട്ടുള്ളൂ. ലോക സമാധാനത്തിന് വേണ്ടി ലോകത്തിലെ ഇരുപത് രാജ്യങ്ങളിലെ മ്യൂസിക് ശാഖകളെ ചേര്‍ത്തുവെച്ചു കൊണ്ട് ഒരു ഫ്യുഷന്‍ തയ്യാറാക്കുന്ന തിരക്കിലാണ് അസീര്‍. ലണ്ടനില്‍ വെച്ച് നടക്കുന്ന സ്വീകരണ ചടങ്ങില്‍ തന്റെ ഡ്രീം പ്രോജക്ടായ ഈ ഫ്യൂഷന്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് അസീര്‍ ഇപ്പോള്‍.

കലാ പെരുമ കൊണ്ട് എന്നും പെരുമ്പാവൂര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടയിടമാണ്. തലമുറകളുടെ പ്രതിനിധികളെന്നോണം പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥും ജയറാമുമൊക്കെ മുന്നേ നടന്ന് കലയില്‍ കയ്യൊപ്പ് ചാര്‍ത്തിയവര്‍. ആ ശ്രേണിയിലേക്കാണ് ഇളം തലമുറയുടെ പ്രതിനിധിയായി അസീര്‍ കടന്ന് വരുന്നത്. കൂട്ടുകാരൊക്കെ ക്രിക്കറ്റ് ബാറ്റുമായി ഗ്രൗണ്ടില്‍ കളിച്ചുല്ലസിക്കുമ്പോള്‍ ഒമ്പതാം വയസ്സിലേ വയലിനില്‍ താളവും ലയവും ആനന്ദവും കണ്ടെത്തി തുടങ്ങിയ ഈ പെരുമ്പാവൂരുകാരന് ഇന്ന് വയസ്സ് ഇരുപത്തിരണ്ട്. തൃപ്പൂണിത്തുറ ആര്‍ എല്‍ വി സംഗീത കോളേജില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയായ അസീര്‍ എന്നും വേറിട്ട് നടക്കാന്‍ ശ്രമിച്ച കലാകാരനാണ്. കുഞ്ഞുനാളില്‍ സ്‌കൂള്‍ പഠനകാലത്ത് ഒരു ചടങ്ങില്‍ വയലിന്‍ വായിച്ചപ്പോള്‍ മോശമായതിന്റെ പേരില്‍ ആക്ഷേപിച്ച് അപമാനിച്ചു വിട്ട അധ്യാപകന്റെ മുന്നിലേക്ക് വര്‍ഷങ്ങള്‍ക്കിപ്പുറം താനൊരു മികച്ച വയലിനിസ്റ്റായി അറിയപ്പെടാന്‍ തുടങ്ങിയപ്പോള്‍ കടന്ന് ചെന്ന്, ആ അധ്യാപകന്റെ കാല്‍തൊട്ട് വന്ദിച്ച് അനുഗ്രഹം വാങ്ങി ‘സര്‍, അങ്ങ് എന്നിലുണ്ടാക്കിയ അദമ്യമായ ആഗ്രഹവും വാശിയുമാണ് എന്നെയിന്നൊരു കലാകാരനാക്കി മാറ്റിയതെന്ന്’ ആദരവോടെ പറഞ്ഞ ഈ ചെറുപ്പക്കാരന്റെ മുന്നില്‍ അധ്യാപകന്റെ കണ്ണുകള്‍ സ്‌നേഹത്തോടെ നിറഞ്ഞു തുളുമ്പിയത് സ്വാഭാവികം. അതേ വാശിയോടെയും, താല്പര്യത്തോടെയുമാണ് ഇന്നും പുതിയത് അറിയുവാനും മനസ്സിലാക്കുവാനും പഠിക്കുവാനും അവതരിപ്പിക്കാനും അസീര്‍ ശ്രമിക്കുന്നത് എന്നുള്ളിടത്താണ് അംഗീകാരങ്ങള്‍ അസീറിന്റെ വഴിയേ ഒന്നിന് പിറകെ മറ്റൊന്നായി വന്നണഞ്ഞുകൊണ്ടിരിക്കുന്നത്. ആ പാഷന്‍ കൈമോശം വരാതെ കാത്തുസൂക്ഷിക്കാന്‍ അദ്ദേഹം കാണിക്കുന്ന മിടുക്ക് ഈ വഴിയേ ഇനി സഞ്ചരിക്കുന്നവര്‍ക്ക് ഒരു വഴിവിളക്ക് കൂടിയാണ്.

ഏഷ്യാവിഷന്‍ ഫിലിം അവാര്‍ഡ് നൈറ്റ്, ‘ഹരിത ചന്ദ്രിക’ മിഡില്‍ ഈസ്റ്റ് വാര്‍ഷികോത്സവം, ‘മഴനിലാവ്’ മാധ്യമം വാര്‍ഷികോത്സവം, പെരുമ്പാവൂരില്‍ നടന്ന ഫഌവഴ്‌സ് ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്, കൊച്ചിയില്‍ നടന്ന മാക്ട യുടെ പ്രണാമസന്ധ്യ തുടങ്ങി താര നിബിഡമായ എത്രയോ നിറഞ്ഞ സദസ്സുകള്‍ക്ക് മുന്നില്‍ അസീറിന്റെ വയലിനില്‍ നിന്ന് കണ്ണും മനസ്സും നിറക്കുന്ന ഹൃദയരാഗങ്ങള്‍ ഒരു മഴയായ് പെയ്തിറങ്ങിയിരിക്കുന്നു. അതുവഴി എത്രയോ പ്രഗത്ഭരുടെ സ്‌നേഹവാത്സല്യത്തിന്, അഭിനന്ദനങ്ങള്‍ നേരിട്ടനുഭവിക്കുന്നതിന് ഒരു കലാകാരന് ഈ ഇളം പ്രായത്തില്‍ കഴിയുക എന്നതും നിശ്ചയം ഒരു സുകൃതമാണ്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പ്രത്യേക ക്ഷണപ്രകാരം, ഈ വരുന്ന ഏപ്രില്‍ 7 ന് കൈരളി ടിവി ദുബായില്‍ സംഘടിപ്പിക്കുന്ന ‘ഇശല്‍ ലൈല’ പ്രോഗ്രാമില്‍ പെര്‍ഫോം ചെയ്യാനായി തയ്യാറെടുക്കുകയാണ് അസീര്‍ ഇപ്പോള്‍. തന്നോട് കലാകേരളം കാണിക്കുന്ന ഈ സ്‌നേഹവാത്സല്യത്തെ നിറഞ്ഞ മനസ്സോടെ, ഹൃദയം തുളുമ്പുന്ന നന്ദിയോടെ ഓര്‍ക്കുന്നുണ്ട് അസീര്‍. ദുബായ് അല്‍ നാസര്‍ ലെഷര്‍ലാന്റില്‍ മലയാളത്തിന്റെ മാപ്പിളപ്പാട്ട് ഇതിഹാസം എരഞ്ഞോളി മൂസയെ ആദരിക്കുന്ന ചടങ്ങ് ‘മിഅറാജ് രാവിലെ കാറ്റ്’ എന്ന് പേരിട്ട വേദിയില്‍ സൂപ്പര്‍ഹിറ്റായ മാപ്പിളപ്പാട്ടുകള്‍ക്ക് വയലിനില്‍ മെഡ്‌ലെ വിരുന്നൊരുക്കികൊണ്ട് അസീര്‍ നടത്തിയ പ്രകടനം കലാപ്രേമികളുടെ ഓര്‍മ്മയിലെ മറക്കാത്ത ഒരനുഭവമായിരിക്കും എന്നും.! ഈയ്യടുത്ത് മസ്‌കറ്റിലെ റൂവിയില്‍ നടന്ന, ഉണ്ണിമേനോന്‍ അഫ്‌സല്‍ ടീം നയിച്ച ‘വൈശാഖസന്ധ്യ’ എന്ന പരിപാടിക്കിടെ അസീര്‍ നടത്തിയ വയലിന്‍ പെര്‍ഫോമന്‍സിന് ശേഷം വിശിഷ്ട വ്യക്തിത്വങ്ങള്‍ അടങ്ങിയ സദസ്സ് മുഴുവന്‍ എഴുന്നേറ്റ് നിന്ന് കയ്യടിച്ച് അദ്ദേഹത്തെ ആദരിച്ചത് ഈ കലാകാരന്റെ കലാജീവിതത്തിലെ അവിസ്മരണീയമായ ഒരു ഏടാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒരിക്കലും കലാപാരമ്പര്യം കൊണ്ട് സമ്പന്നമായ ചുറ്റുപാടില്‍ നിന്നുള്ള വരവായിരുന്നില്ല അസീറിന്റേത്. ഉമ്മ റഷീദ അല്പസ്വല്പം പാടുമെന്നത് ഒഴിച്ച് നിര്‍ത്തിയാല്‍ അസീറിന്റെ വഴിയില്‍ മുന്നേനടന്ന് വഴികാട്ടിയവര്‍ ആരുമില്ലായിരുന്നു. ഇല്ലായ്മകളുടെ ഇന്നലെകളെ കഠിനാധ്വാനം കൊണ്ട്, നിരന്തരമായ തപസ്യ കൊണ്ട് മറികടന്ന് കൊണ്ടുള്ള വരവായിരുന്നു ഈ മിടുക്കന്റേത്. ആ പ്രയത്‌നങ്ങളൊന്നും വെറുതെ പാഴായിയില്ല എന്ന് നമ്മെ മനസ്സിലാക്കി തരുന്നുണ്ട് അസീറിന് കിട്ടുന്ന വേദികളും അംഗീകാരങ്ങളും. കല ഒരു ഉപാസനയാകുന്നിടത്ത് അംഗീകാരങ്ങള്‍ കലാകാരനെ പിന്തുടരും എന്നാണ്. ഈയടുത്ത ദിവസമാണ് ദുബായില്‍ വെച്ച് മികച്ച കലാകാരനുള്ള ‘ബെസ്‌ററ് പെര്‍ഫോര്‍മര്‍’ പുരസ്‌കാരം, എണ്ണം പറഞ്ഞ നിരവധി പ്രതിഭകളുടെ സാന്നിധ്യത്തില്‍ ദുബായ് ഭരണാധികാരി ഹിസ് ഹൈനെസ്സ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റഷീദ് അല്‍ നഹ്‌യാന്റെ കൊട്ടാര കാര്യദര്‍ശിയും റീജന്‍സി ഗ്രൂപ് ചെയര്‍മാനുമായ ഷംസുദ്ദീന്‍ ബിന്‍ മുഹിയുദ്ദീന്‍ ഈ മിടുക്കന് സമ്മാനിച്ചത്. യു എ ഇ യിലെ വാണിജ്യ, വ്യാവസായിക, വിദ്യാഭ്യാസ, കല, സാഹിത്യ, സാമൂഹിക മേഖലകളില്‍ തനത് വ്യക്തിത്വം പ്രകടമാക്കിയ അതിശക്തരായ നൂറ് മലയാളികളെ ആദരിക്കുന്ന അതേ വേദിയില്‍ നിറഞ്ഞ സദസ്സിന് മുന്നില്‍ ഗസല്‍ വിദഗ്ദന്‍ ഉമ്പായിയോടൊപ്പം പെര്‍ഫോം ചെയ്യാനുള്ള അവസരവും അന്ന് അസീറിന് ലഭിച്ചു.

കര്‍ണാടക സംഗീതത്തിന്റെ താളാത്മകതയും, വെസ്‌റ്റേണ്‍ സംഗീതത്തിന്റെ ചടുലതയും, മാപ്പിളപ്പാട്ടുകളുടെ മൊഞ്ചുമൊക്കെ ഒരേ രീതിയില്‍ അസീറിന്റെ വയലിന് നന്നായി വഴങ്ങുന്നു എന്നത് അദ്ദേഹത്തിന്റെയൊരു സ്‌പെഷ്യാലിറ്റിയാണ്. ഒരു വയലിന്‍ സ്വന്തമാക്കാനുള്ള ആഗ്രഹം ഉള്ളിലൊതുക്കി വിവാഹ സല്‍ക്കാരങ്ങളിലും നാട്ടിന്‍പുറത്തെ കലാപരിപാടികളും ഓടിനടന്നിരുന്ന പോയകാലം ഈ ചെറുപ്പക്കാരന്റെ ഇന്നലെകളിലുമുണ്ടായിരുന്നു. പോകുന്ന വേദികളില്‍ ആസ്വദിച്ചു വായിക്കുന്ന അസീറിന്റെ രീതി പക്ഷേ ഒരുപാട് ബന്ധങ്ങളും അദ്ദേഹത്തിനുണ്ടാക്കി കൊടുത്തു. വേദികളില്‍ നിന്ന് വേദികളിലേക്കുള്ള യാത്രക്ക് ആ ബന്ധങ്ങള്‍ നിദാനമായി. ഇതിനോടകം രാജ്യത്തിനകത്തും പുറത്തുമായി ആയിരത്തിലേറെ വേദികളില്‍ ആ വയലിനില്‍ വിസ്മയം തീര്‍ക്കാന്‍ അസീറിന് കഴിഞ്ഞിട്ടുണ്ട്. പ്രശസ്ത സംഗീത സംവിധായകരായ ഗോപി സുന്ദര്‍, സ്റ്റീഫന്‍ ദേവസ്സി തുടങ്ങിയവരുടെയൊക്കെ സംഗീത പരിപാടികളില്‍ ഇപ്പോള്‍ അസീര്‍ ഒരു സ്ഥിര സാന്നിധ്യമാണ്. ഇന്ന് ഗള്‍ഫ് വേദികളിലും ആ പ്രതിഭയുടെ മിന്നലാട്ടം സ്ഥിരമായി ആസ്വദിക്കാനുള്ള ഭാഗ്യം പ്രവാസി മലയാളികള്‍ക്ക് ഈയ്യിടെയായി ലഭിക്കുന്നുണ്ട്.

വയലിന്‍ ജീവതാളമായെടുത്ത ഈ കലാകാരന്റെ ഹൃദയ താളത്തിനൊപ്പം മതിമറന്ന് ആസ്വദിക്കുന്നവരുടെ എണ്ണം ഇന്ന് ഏറിവരികയാണ്. യുട്യൂബിലും അസീറിന്റെ പ്രകടനങ്ങള്‍ക്ക് ആസ്വാദകരേറി വരികയാണ്. ഒരു കാര്യം ഉറപ്പാണ്, സംഗീത ലോകത്തെ നാളെകളില്‍ നിശ്ചയം ഈ ചെറുപ്പക്കാരന് ഉയരങ്ങളിലൊരിടമുണ്ട്. അത്രയും തെളിഞ്ഞ ടാലെന്റ്‌റ് കൈമുതലായുള്ള ഒരാളെ ആര്‍ക്കാണ് അവഗണിക്കാനാവുക, ആര്‍ക്കാണ് തടുത്ത് നിര്‍ത്താനാവുക. അസീര്‍ ഇനിയുമെത്ര വഴികള്‍, എത്ര ദൂരം താണ്ടാനിരിക്കുന്നു. നമുക്ക് കണ്ണയച്ച് കാത്തിരിക്കാം. കൈനിറയെ അവസരങ്ങള്‍ വന്ന് ചേരുമ്പോഴും വിനയം നിറയുന്ന ചിരിയോടെ, കണ്ണുകള്‍ മേലോട്ടയച്ച് അസീര്‍ പറയും ‘എല്ലാം പടച്ചവന്റെ അനുഗ്രഹം, ഉമ്മയുടെ പ്രാര്‍ത്ഥന’. !