ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

പെണ്ണുങ്ങളായാൽ നല്ല അടക്കോം ഒതുക്കോം വേണം . അലമാരിയിൽ വച്ചിട്ടില്ലേ കുറെ എടുക്കാത്ത തുണികളും പാത്രങ്ങളുമൊക്കെ ? അതെ നമ്മുടെ പെണ്ണുങ്ങളും അങ്ങനെത്തന്നെയാവണമെന്ന് പറയാതെ പറയുന്ന അല്ലെങ്കിൽ അടക്കി പറഞ്ഞു ചിരിക്കുന്ന മനുഷ്യർക്കിടയിലൂടെ വളർന്നു വന്ന ഒരുവളാണ് ഇന്നീ ഇവിടെ വരെയെത്തി നിൽക്കുന്ന ജോസ്‌നയെന്ന മലയാളി നേഴ്‌സ്‌ അവസാന വർഷ വിദ്യാർത്ഥിനി. ഇതാ മലയാളം യുകെയുടെ സോഷ്യൽ റീഫോമർ (സാമൂഹിക പരിഷ്‌കർത്താവ്) അവാർഡിന് അർഹയായിരിക്കുന്നു.

അതെ ഒരു പക്കാ ക്രിസ്ത്യൻ കുടുംബത്തിൽ പിറന്ന് നല്ല നടപ്പ് പഠിക്കാൻ വളരെ ചെറുപ്പം മുതലേ കന്യാസ്ത്രീകളുടെ പരിചരണത്തിൽ കോൺവെന്റിൽ വളർന്ന് മനസിന് നല്ല തഴക്കവും വഴക്കവും വരുത്തി, പിന്നീട് പറിച്ചുനടപ്പെട്ടതും ഒരുപറ്റം നല്ല കന്യാത്രീകളും അച്ചന്മാരുമൊക്കെ അടങ്ങുന്ന ഒരു ഫാമിലിയിലേക്ക് തന്നെയാണ്. അങ്ങനത്തെയൊരു ചുറ്റുപാടിൽനിന്നും വളർന്ന് ഇന്നീ നിലയിലേക്ക് എത്താൻ , പലരും പറയാൻ മടിക്കുന്ന നാണിക്കുന്ന എന്നാൽ അടിസ്ഥാനമായി തന്നെ അറിയേണ്ടുന്ന ഒരു വിഷയം സമൂഹത്തിൽ ഇതിനുമാത്രം പൊക്കത്തിൽ ആളിക്കത്തിക്കാൻ ഈ കുട്ടിക്ക് ആകുന്നുണ്ടെങ്കിൽ അവളുടെ ഉള്ളിന്റെ ഉള്ളിലെ നെരിപ്പോടിലെ ചൂട് എന്തുമാത്രമുണ്ടാകുമെന്ന് നമുക്കൂഹിക്കാവുന്നതിനുമപ്പുറമാണ്.

എപ്പോഴും ചിരിച്ചു കളിച്ചു ആർത്തുല്ലസിച്ചു നടക്കുന്ന ഒരു ചിത്രശലഭത്തോടാണ് അവളെ അവളുടെ സഹപാഠികൾ നോക്കികാണുന്നത് . എപ്പോഴും സന്തോഷം, വർത്തമാനം , തമാശകൾ , പൊട്ടിച്ചിരി, അവളെ ചിരിച്ച മുഖത്തോടെയല്ലാതെ ആരും കണ്ടിട്ടില്ല എന്നും കൂട്ടുകാർ പറയുന്നു . അതിനർത്ഥം അവൾക്ക് സങ്കടപെടാൻ ഒന്നുമില്ല എന്നാണോ? അല്ല ഒരിക്കലുമല്ല . മറിച്ചു ഏതൊരു കുറ്റപ്പെടുത്തലുകളെയും , അവഗണനകളെയും , കളിയാക്കലുകളെയും , പ്രലോഭനങ്ങളെയും അതിജീവിക്കാൻ അവളിന്ന് പഠിച്ചിരിക്കുന്നു .

എല്ലാത്തിനെയും അതിന്റെതായ രീതിയിൽ മാത്രം നോക്കിക്കാണുക, കയ്യടിക്കുന്നവരുടെ കയ്യടിയിൽ അവ ഏറെനേരം നീണ്ടു നിൽക്കില്ല എന്ന് മനസിലാക്കിത്തന്നെ ചെറിയൊരു പുഞ്ചിരി നൽകി കടന്ന് പോകുന്ന , കുറ്റം പറയുന്നവരുടെ, പുച്ഛിക്കുന്നവരുടെ ചെയ്തികൾ അവരുടെ ഹോർമോൺ ഉല്പാദിപ്പിക്കുന്ന അവരുടെ മാത്രം ഉല്പന്നമായി മാത്രം കണ്ട് അത് മേടിക്കാതെ കടന്നു പോവുന്ന, പണം, പദവി, പ്രശംസ ഒന്നിനും അടിമപ്പെടാതെ ഇരിക്കുന്ന, പലരും പറയാൻ മടിക്കുന്ന കാര്യങ്ങൾ മുഖം നോക്കാതെ വെട്ടി തുറന്നു പറയുന്ന, സമൂഹത്തിന് വേണ്ടുന്ന പല നല്ലകാര്യങ്ങളും സ്വന്തം പോക്കറ്റിലെ പണമോ സമയമോ നോക്കാതെ ചെയ്യുന്ന, മതത്തിനോ രാഷ്ട്രീയത്തിനോ അടിമപ്പെടാതെ പച്ച മനുഷ്യനായി ജീവിക്കുന്ന രീതികൾ , ഇവയൊക്കെ ജോസ്‌നയെന്ന നേഴ്‌സിനെ മറ്റുള്ളവരിൽ നിന്നും ഏറെ വ്യത്യസ്തയാക്കുന്നു.

എഴുതിത്തുടങ്ങിയപ്പോൾ എല്ലാവരും എതിർത്തു , ഇങ്ങനെയൊക്കെ പെണ്ണുങ്ങൾ എഴുതാമോ , അതോ ഇനി ഇതൊക്കെ വീട്ടിൽ നടക്കുന്ന കാര്യങ്ങളാണോ ഈ ഏഴുതികൂട്ടുന്നതെന്ന ചോദ്യങ്ങൾ, പെണ്ണുങ്ങളായാൽ നല്ല അടക്കവും ഒതുക്കവും വേണമെന്ന ശകാരങ്ങൾ, കുട്ടികളെ നോക്കാറുണ്ടോ, വീട്ടിൽ കഞ്ഞി വക്കാറുണ്ടോ എന്നീ ചോദ്യങ്ങൾ…. എല്ലാറ്റിനെയും പുല്ലുപോലെ പറിച്ചു കളഞ്ഞു അവൾ അവൾക്കായി വഴിതെളിച്ചു ….കുറ്റപ്പെടുത്തലുകൾ, പരിഹാസങ്ങൾ, ഇവയെല്ലാം അവൾ അവൾക്കു തന്നെ തഴച്ചു വളരാൻ വളമാക്കി ….ഇന്നിതാ വളർന്നുവരുന്ന പുതുതലമുറയ്ക്ക് അവരുടെ സുരക്ഷയ്ക്കായി സൗജന്യമായി ബുക്ക് പബ്ലിഷ് ചെയ്യുന്നു , അതിനായി ഗവൺമെന്റ് തലത്തിൽ ടീച്ചർമാർക്കും മാതാപിതാക്കൾക്കുമായി സൗജന്യ ഓൺലൈൻ ക്ലാസ്സുകളെടുക്കുന്നു …
ഇനിയും ജോസ്‌നയെന്ന ടീച്ചർക്ക് ഇനിയും വളരാനേറെയുണ്ട് .

അതെ…. വളരാൻ പെണ്ണെണോ ആണെന്നോ ഇല്ല…
പണമോ, പദവിയോ, മത രാഷ്ട്രീയ അടിമത്വങ്ങളോ ഒന്നുമൊരു തടസമല്ല…മുനവെച്ച ചോദ്യങ്ങൾക്ക്‌ ചെവി കൊടുക്കാത്തതുകൊണ്ട് ഇന്ന് നാട്ടിലെ സ്കൂളുകളിൽ കുട്ടികൾക്കായി സെക്സ് എഡ്യൂക്കേഷൻ ക്ലാസുകൾ ഓൺലൈൻ ആയി എടുത്തുകൊടുക്കുന്നു… ഇനിയെങ്കിലും നമ്മുടെ കണ്ണും കാതും തുറന്ന്… മഞ്ഞ കണ്ണടയില്ലാതെ നോക്കിക്കാണാം… അവാർഡ് ജേതാവിന് അഭിനന്ദനങ്ങൾ…

ഒക്ടോബര്‍ എട്ടാം തീയതി യോര്‍ക്ഷയറിലെ കീത്തിലിയില്‍ നടക്കുന്ന അവാര്‍ഡ് നൈറ്റിന് വളരെ വിപുലമായ ഒരുക്കങ്ങളാണ് മലയാളം യുകെ ന്യൂസ് ഒരുക്കിയിരിക്കുന്നത്.  ഉച്ചതിരിഞ്ഞ് രണ്ടുമണിക്ക് ആരംഭിക്കുന്ന ബോളിവുഡ് ഡാൻസ് മത്സരങ്ങളും മലയാളം യുകെ അവാർഡ് നൈറ്റും വൈകുന്നേരം 9 മണിയോടെ അവസാനിക്കും. യുകെയുടെ വിവിധ ഭാഗങ്ങളിലുള്ള തിരഞ്ഞെടുക്കപ്പെട്ട കലാകാരന്മാര്‍ അവാര്‍ഡ് നൈറ്റില്‍ വിസ്മയങ്ങള്‍ വിരിയിക്കാനുള്ള ഒരുക്കത്തിലാണ്. അവാര്‍ഡ് നൈറ്റ് മനോഹരമാക്കാനായിട്ട് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള മികച്ച സൗകര്യങ്ങളാണ് പ്രേക്ഷകര്‍ക്കായി കാത്തിരിക്കുന്നത്.

താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ഒക്ടോബർ എട്ടിന് രണ്ട് മണി മുതൽ പരിപാടിയുടെ തത്സമയ സംപ്രേഷണം ലഭ്യമാണ്.