രണ്ടര വയസ്സുകാരനു ചുമയ്ക്കു നൽകിയ മരുന്നു വീണ് കുട്ടിയുടെയും അമ്മയുടെയും സ്വർണാഭരണത്തിന്റെ നിറം മങ്ങി വെളുത്തു. കുഞ്ഞു തട്ടിത്തെറിപ്പിച്ച മരുന്നുതുള്ളി വീണ് കുഞ്ഞിന്റെ ബ്രയ്സ്‌ലറ്റ്, അമ്മയുടെ മാല എന്നിവയുടെ സ്വർണ നിറമാണു മണിക്കൂറുകൾക്കുള്ളിൽ വെള്ളി പോലായത്. ഊരുട്ടമ്പലം പ്ലാവിള സ്വദേശിയുടെ മകൻ അദ്വൈതിന് നഗരത്തിലെ ആശുപത്രിയിൽ നിന്നെഴുതിയ മരുന്നാണു വില്ലനായത്.

മരുന്നു കഴിച്ച കുട്ടിക്ക് അസ്വസ്ഥതയൊന്നുമില്ല. വിവരം അറിഞ്ഞ മരുന്നു കമ്പനിക്കാർ ആശുപത്രിയിൽ കുട്ടിയുടെ രക്ഷിതാക്കളെ വിളിച്ചു മരുന്നിന്റെ സാംപിൾ വാങ്ങി. സമൂഹ മാധ്യമത്തിൽ വിവരം പോസ്റ്റ് ചെയ്തതിനു കാണിച്ചുതരാമെന്ന ഭീഷണിയും കമ്പനി പ്രതിനിധിയുടെ ഭാഗത്തുനിന്നുണ്ടായെന്നും, ഭീഷണി സംബന്ധിച്ചു പൊലീസിൽ പരാതി നൽകുമെന്നും രക്ഷിതാക്കൾ അറിയിച്ചു.

മരുന്നു വീണു സ്വർണം നിറം മാറിയതോടെ മരുന്നു കഴിച്ച കുഞ്ഞിന്റെ ആരോഗ്യത്തെപ്പറ്റി ഉത്ക്കണ്ഠാകുലരായ രക്ഷിതാക്കൾ വിവരം ആശുപത്രി അധികൃതരെ അറിയിച്ചു. തുടർന്നു വൈകിട്ട് മരുന്നിന്റെ സാംപിൾ ആശുപത്രിയിലെത്തിച്ചു. ഇതിനുശേഷമാണു മെഡിക്കൽ പ്രതിനിധി എന്ന പേരിൽ ഒരാൾ വിളിച്ചു ഭീഷണിപ്പെടുത്തിയത്. പതിനായിരത്തിലധികം കുപ്പി മരുന്നാണു മാസം വിറ്റുപോകുന്നതെന്നും കാണിച്ചുതരാമെന്നുമായിരുന്നു ഭീഷണിയെന്നു കുഞ്ഞിന്റെ പിതാവ് പറഞ്ഞു.

ബോട്ടിലിൽ രേഖപ്പെടുത്തിയ കമ്പനിയുടെ വിലാസം നെറ്റിൽ തിരഞ്ഞ് ഫോൺ നമ്പരിൽ വിളിച്ചെങ്കിലും നമ്പരുകൾ ഒന്നും നിലവിലില്ലന്നായിരുന്നു മറുപടി. തുടർന്നാണ് ആശുപത്രി അധികൃതരോടു പരാതിപ്പെട്ടത്. ഇവരിടപെട്ടാണു കമ്പനി പ്രതിനിധിയെ വരുത്തിയത്.