കൊല്ലം തെന്മലയില്‍ കുഞ്ഞിന്റെ പേരിടീല്‍ ചടങ്ങിനിടെ അമ്മ ഉദ്ദേശിച്ച പേര് അച്ഛന്‍ ഇടാഞ്ഞതിനെ തുടര്‍ന്ന് ഉണ്ടായ കൂട്ടത്തല്ല് വൈറലായിരുന്നു. ആചാരപ്രകാരമുള്ള കുഞ്ഞിന്റെ പേരിടീല്‍ ചടങ്ങ് നടക്കുന്നതിനിടെയായിരുന്നു സംഭവം. അച്ഛന്‍ വിളിച്ച അലംകൃത എന്ന പേര് അമ്മയ്ക്ക് ഇഷ്ടമായില്ല. ഇതേ തുടര്‍ന്ന് കുഞ്ഞിന്റെ ചെവിയില്‍ അമ്മ ഉച്ചത്തില്‍ നൈനിക എന്ന് വിളിക്കുകയും അപകടകരമായ രീതിയില്‍ കുഞ്ഞിനെ വലിച്ചെടുക്കുകയും ചെയ്യുന്നത് വീഡിയോയില്‍ വ്യക്തമായിരുന്നു. തുടര്‍ന്നാണ് ഇരു വീട്ടുകാരും തമ്മില്‍ ഏറ്റുമുട്ടിയത്. യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് കുഞ്ഞിന്റെ പിതാവും വെല്‍ഡര്‍ തൊഴിലാളിയുമായ പ്രദീപ് തുറന്ന് പറയുകയാണ്.
പ്രദീപ് പറയുന്നതിങ്ങനെ, വൈറല്‍ വിഡിയോയില്‍ പ്രചരിക്കുന്നത് പോലെ കുഞ്ഞിന് അലംകൃത എന്ന പേരിട്ടത് എന്റെ സഹോദരിയല്ല. ഞാന്‍ തന്നെയാണ്. ആശുപത്രിയില്‍വെച്ച് എന്നോട് ചോദിക്കാതെ ഭാര്യയും സഹോദരനും കൂടി ജനനസര്‍ട്ടിഫിക്കറ്റ് രജിസ്റ്റര്‍ ചെയ്യാനുള്ള പേപ്പറില്‍ നൈനിക എന്ന് എഴുതികൊടുത്തിരുന്നു. എന്നോട് ഒരു വാക്ക് ചോദിക്കാതെ ചെയ്തത് കൊണ്ട് പേരിടുന്ന സമയത്ത് ഞാനും ഭാര്യയുടെ അഭിപ്രായം ചോദിച്ചില്ല. പേരിടല്‍ ചടങ്ങിന്റെ അന്ന് സംഭവിച്ച കാര്യങ്ങള്‍ ആരോ വിഡിയോ പകര്‍ത്തി വൈറലാക്കിയതോടെ ചെറിയൊരു കുടുംബപ്രശ്‌നം വഷളാകുകയാണ് ചെയ്തത്.
ഞാനും ഭാര്യയും തമ്മില്‍ എല്ലാ കുടുംബങ്ങളിലും ഉള്ളതുപോലെയുള്ള ചെറിയ അഭിപ്രായ വ്യത്യാസങ്ങളും വഴക്കുകളും മാത്രമേയുള്ളൂ. അതല്ലാതെ വലിയ പ്രശ്‌നങ്ങളില്ല. എന്നാല്‍ വിഡിയോ വൈറലാക്കിയത് എന്റെ വീട്ടുകാരാണെന്ന് ആരോപിച്ച് ഭാര്യയുടെ വീട്ടുകാര്‍ ഇല്ലാത്ത ആരോപണങ്ങളാണ് പറഞ്ഞു നടക്കുന്നത്. ഞാന്‍ ഭാര്യയെ സ്ത്രീധനത്തിനായി പീഡിപ്പിച്ചിട്ടില്ല. അത് വസ്തുതാവിരുദ്ധമായ ആരോപണമാണ്. വിവാഹസമയത്ത് സ്ത്രീധനം ചോദിച്ചിട്ടുമില്ല.
എന്റെ കുടുംബത്തിലെ പ്രശ്‌നം ഈ രീതിയില്‍ വൈറലാക്കാന്‍ ഞാന്‍ കൂട്ടുനില്‍ക്കുമെന്ന് തോന്നുന്നുണ്ടോ? എനിക്ക് എന്റെ കുഞ്ഞിന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കേണ്ടേ? 40 ദിവസം മാത്രം പ്രായമായ കുഞ്ഞിന്റെ മുഖം പുറത്തുകാണിച്ച് ഇതരത്തില്‍ വൈറലാക്കിയതിനെതിരെ ബാലാവകാശകമ്മീഷന് ഞാന്‍ പരാതി നല്‍കിയിട്ടുണ്ട്. കുഞ്ഞിനെ അപകടകരമായ രീതിയില്‍ കൈകാര്യം ചെയ്തത് തെറ്റാണ്.
കുടുംബത്തിന്റെയുള്ളില്‍ ഒതുങ്ങേണ്ട ഒരു പ്രശ്‌നം ഈ രീതിയില്‍ വൈറലായതില്‍ വിഷമമുണ്ട്. ഇത് ആരാണ് ചെയ്തതെന്ന് അറിയാന്‍ ഞാന്‍ സൈബര്‍സെല്ലില്‍ പരാതികൊടുക്കാന്‍ പോകുകയാണ്. ഈ വിഡിയോ കാരണം എന്റെ കുടുംബമാണ് മോശമായത്. ഭാര്യവീട്ടുകാര്‍ ആരോപിക്കുന്നത് പോലെ എന്റെ അമ്മയോ സഹോദരിയോ കുഞ്ഞിന്റെ പേര് തീരുമാനിക്കുന്നതില്‍ ഇടപെട്ടിട്ടില്ല.
അതേസമയം നേരത്തെ പ്രദീപിന്റെ ഭാര്യാ മാതാവ് സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. പ്രദീപിനും കുടുംബത്തിനുമെതിരെ വലിയ ആരോപണങ്ങളായിരുന്നു ഇവര്‍ ഉന്നയിച്ചത്. പ്രദീപിന്റെ ഭാര്യ മാതാവ് പറഞ്ഞതിങ്ങനെ, മുന്‍ കൂട്ടി നിശ്ചയിച്ച പേരല്ല പേരിടീല്‍ ചടങ്ങിന് പ്രദീപ് കുഞ്ഞിന്റെ ചെവിയില്‍ വിളിച്ചത്. പ്രദീപിന്റെ സഹോദരി പറഞ്ഞ പേരാണ് ഇയാള്‍ വിളിച്ചത്. കുഞ്ഞിന്റെ പിതാവിന്റെ പെങ്ങളുടെ മോളാണ് വീഡിയോ പകര്‍ത്തിയത്. ഇതില്‍ അവരുടെ ഭാഗം മാത്രമാണ് കാണാനാവുന്നത്.
കുഞ്ഞ് ജനിച്ച് ആകെ 40 ദിവസമായതേയുള്ളു. പ്രസവം കഴിഞ്ഞ് പിഞ്ചു കുഞ്ഞുമായി കിടക്കുന്ന 20 വയസുള്ള മകള്‍ പച്ചവെള്ളം പോലും കുടിക്കാന്‍ കൂട്ടാക്കുന്നില്ലെന്നും ഇവര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം മെയ് 22നായിരുന്നു വിവാഹം അന്ന് മുതല്‍ ആരംഭിച്ചതാണ് ഭര്‍ത്താവിന്റെ അമ്മയും സഹോദരിയും സഹോദരി ഭര്‍ത്താവും കൂടെ തുടങ്ങിയ പീഡനം. തന്റെ ഭര്‍ത്താവ് മരിച്ച് പോയതാണ് വീട്ട് ജോലിക്ക് പോയാണ് മൂന്ന് മക്കളെ വളര്‍ത്തിക്കൊണ്ട് വന്നത്. രണ്ടാമത്തെ മോളാണ് ഇത്. 20 വയസ് മാത്രമാണ് ഇവള്‍ക്കുള്ളത്. ബ്രോക്കറാണ് മകള്‍ക്ക് വിവാഹാലോചനയുമായി വന്നത്. പെണ്ണ് കാണാന്‍ വന്നപ്പോള്‍ തന്റെ നിവൃത്തികേട് അവരോട് പറഞ്ഞതാണ്. സ്വര്‍ണമോ പണമോ ഒന്നും വേണ്ട എന്ന് അവര്‍ പറഞ്ഞു. എന്നിട്ടും പ്രമാണം പണയം വെച്ച് മകളെ പറ്റുന്ന രീതിയില്‍ കെട്ടിച്ചയച്ചു.
സ്ത്രീധനത്തിന്റെ പേരും പറഞ്ഞ് വിവാഹം കഴിഞ്ഞപ്പോള്‍ മുതലുള്ള പീഡനമാണ് മകള്‍ അനുഭവിക്കുന്നത്. മകള്‍ വെയ്ക്കുന്ന കറികള്‍ കൊള്ളില്ലെന്നും ഇവളുടെ മുഖത്തുകൂടി ഒഴിക്കണമെന്ന് ഭര്‍ത്താവിന്റെ സഹോദരി പറഞ്ഞിരുന്നു. മകള്‍ നൊന്ത് പ്രസവിച്ച കുഞ്ഞാണ് വെറും രണ്ട് ദിവസം മാത്രമാണ് മകളുടെ ഭര്‍ത്താവ് കുഞ്ഞിനെ കണ്ടിരിക്കുന്നത്. കുഞ്ഞിനെ ഒന്ന് തിരിഞ്ഞ് പോലും നോക്കിയിട്ടില്ല. കുഞ്ഞിനെ കിട്ടാതിരിക്കാന്‍ മകള്‍ ഗര്‍ഭിണിയായിരിക്കെ പല വഴിയില്‍ കൂടി ഓ്ട്ടോയിലിരുത്തി ഭര്‍ത്താവ് കൊണ്ടുപോയെന്നും പ്രദീപിന്റെ ഭാര്യാ മാതാവ് പറഞ്ഞിരുന്നു.
Leave a Reply