ന്യൂസ് ഡെസ്ക്, മലയാളം യുകെ
ആറ് ദിവസം പ്രായമായ കുട്ടിയുടെ മരണത്തിൽ എൻഎച്ച്എസ് ഹോസ്പിറ്റലിന്റെ ഭാഗത്തു നിന്നും ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തി. 2016-ൽ ലണ്ടനിലെ ചെൽസി ആൻഡ് വെസ്റ്റ്മിൻസ്റ്റർ ഹോസ്പിറ്റലിൽ ആറ് ദിവസം പ്രായമുള്ളപ്പോൾ ഹെയ്ഡൻ ഗുയെൻ എന്ന കുട്ടി മരിച്ച സംഭവത്തിലാണ് യുകെയിലെ ആരോഗ്യ സംവിധാനത്തിലെ പിഴവുകളിലേയ്ക്ക് വിരൽ ചൂണ്ടുന്ന കടുത്ത വിമർശനങ്ങൾ ഉയർന്നുവന്നിരിക്കുന്നത്. വേണ്ടത്ര വൈദ്യസഹായം നൽകുന്നതിൽ അവഗണനയും പരാജയവും ഒരു കുഞ്ഞിൻ്റെ തടയാവുന്ന മരണത്തിന് കാരണമായതായിയാണ് കൊറോണർ കണ്ടെത്തിയിരിക്കുന്നത്.
തങ്ങളുടെ പിഞ്ചുകുഞ്ഞിൻ്റെ മരണത്തെ തുടർന്ന് കടുത്ത നിയമ പോരാട്ടമാണ് ഹെയ്ഡൻ്റെ മാതാപിതാക്കൾ നടത്തിയത്. കുഞ്ഞിൻറെ മരണത്തിൽ നീതി ലഭിക്കാനായി അവർ ഏഴു വർഷമാണ് ചിലവഴിച്ചത്. നിയമ പോരാട്ടത്തിനായി മാതാപിതാക്കൾക്ക് 250,000 പൗണ്ടും ചിലവായി. കടുത്ത യാതനകളുടെയും മനോവേദനകളുടെയും അവസാനമാണ് ആശുപത്രികളുടെ ചികിത്സാ പിഴവുകളിലേയ്ക്ക് വിരൽ ചൂണ്ടുന്ന കണ്ടെത്തലുകൾ ഉണ്ടായിരിക്കുന്നത്. കുട്ടിയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോർട്ടിൽ നിന്ന് തങ്ങളുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായുള്ള നിർദ്ദേശങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന് ആശുപത്രി അധികൃതർ പ്രതികരിച്ചു.
2016 ഓഗസ്റ്റിൽ പടിഞ്ഞാറൻ ലണ്ടനിലെ ചെൽസി ആൻ്റ് വെസ്റ്റ്മിൻസ്റ്റർ ഹോസ്പിറ്റലിലേയ്ക്ക് ഹെയ്ഡനെ മാതാപിതാക്കൾ കൊണ്ടുപോയപ്പോൾ ഡോക്ടർമാർ ഉൾപ്പെടെയുള്ളവർക്ക് കുട്ടിക്ക് വിദഗ്ധ ചികിത്സ നൽകാൻ സാധിക്കാതിരുന്നതാണ് അവൻറെ മരണത്തിലേക്ക് നയിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ഹെയ്ഡന് നല്ല പനിയുണ്ടായിരുന്നു. പക്ഷേ കുട്ടിയുടെ അവസ്ഥ പെട്ടെന്ന് വഷളായി. ആശുപത്രിയിൽ എത്തിച്ച് 12 മണിക്കൂറിനുള്ളിൽ കുട്ടിക്ക് ഹൃദയസ്തംഭനം ഉണ്ടാവുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു. ഹെയ്ഡന് ലഭിച്ച ചികിത്സ പ്രതീക്ഷിച്ച നിലവാരത്തെക്കാൾ താഴെയായിരുന്നു എന്നാണ് സീനിയർ കൊറോണർ റിച്ചാർഡ് ട്രാവേഴ്സ് തൻ്റെ കണ്ടെത്തലുകളിൽ പറഞ്ഞു. ഉചിതവും സമയബന്ധിതവുമായ പരിചരണം ലഭിച്ചിരുന്നുവെങ്കിൽ ഒരു കുരുന്നു ജീവൻ രക്ഷിക്കാൻ സാധിക്കുമായിരുന്നു. ഹെയ്ഡൻ്റെ മരണത്തെ തുടർന്ന് ആശുപത്രി നടത്തിയ ഒരു അന്വേഷണത്തിൽ ഗുരുതരമായ എട്ട് ചികിത്സാ പിഴവുകൾ നേരത്തെ കണ്ടെത്തിയിരുന്നു. പക്ഷേ 2017 ൽ വെസ്റ്റ്മിൻസ്റ്റർ കൊറോണേഴ്സ് കോടതിയിൽ നടന്ന ഹെയ്ഡൻ്റെ മരണത്തെ കുറിച്ചുള്ള യഥാർത്ഥ ഇൻക്വസ്റ്റിൽ സ്വാഭാവിക കാരണങ്ങളാൽ കുട്ടി മരിച്ചുവെന്നാണ് രേഖപ്പെടുത്തിയത്. ഇതിനെ തുടർന്നാണ് ഹെയ്ഡൻ്റെ മാതാപിതാക്കൾ വർഷങ്ങൾ നീണ്ടുനിന്ന നിയമം പോരാട്ടത്തിന് തുടക്കം കുറിച്ചത്.
Leave a Reply