ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യുകെയുടെ രാഷ്ട്രീയ ചരിത്രത്തിൽ ഈ മലയാളിയും സ്ഥാനം പിടിച്ചു. കേംബ്രിഡ്ജിന്റെ ആദ്യ ഏഷ്യൻ ഡെപ്യൂട്ടി മേയറായി മലയാളിയായ ബൈജു വർക്കി തിട്ടാല തിരഞ്ഞെടുക്കപ്പെട്ടു. യുകെയിലെത്തുന്ന മലയാളി നേഴ്സുമാർക്ക് തങ്ങളുടെ തൊഴിൽ രംഗത്ത് നേരിടുന്ന വിവേചനങ്ങൾക്കെതിരെ ബൈജു വർക്കി തിട്ടാല നടത്തിയ പ്രവർത്തനങ്ങൾ ശ്രദ്ധേയമായിരുന്നു. അതുകൊണ്ടുതന്നെ കേരളത്തിൽനിന്ന് യുകെയിൽ വന്ന് കേംബ്രിഡ്ജിന്റെ ഡെപ്യൂട്ടി മേയറായ ബൈജു വർക്കി തിട്ടാലയുടെ നേട്ടം സന്തോഷത്തോടെയാണ് യുകെ മലയാളികൾ ഏറ്റെടുത്തിരിക്കുന്നത്.
സാമൂഹിക രാഷ്ട്രീയ രംഗത്തെ മികച്ച ഇടപെടലിനുള്ള 2022 -ലെ മലയാളം യുകെ ന്യൂസിൻെറ അവാർഡ് ശ്രീ. ബൈജു വർക്കി തിട്ടാലയ്ക്കാണ് നൽകിയത് . കേരളത്തിലെ ഒരു സാധാരണ കർഷക തൊഴിലാളി കുടുംബത്തിൽ ജനിച്ച് സാമ്പത്തിക പരാധീനതകളാൽ ഉന്നത വിദ്യാഭ്യാസത്തിന് അവസരം നിഷേധിക്കപ്പെടുകയും ചെയ്തിട്ടുള്ള ബൈജു വർക്കി തിട്ടാല യുകെയിലെത്തിയ ശേഷം സ്വപ്രയത്നത്തിലൂടെ ഉയർന്ന് വന്ന അപൂർവ്വ വ്യക്തിത്വമാണ്. 2013 ൽ ആംഗ്ലിയ റസ്കിൻ യൂണിവേഴ്സിറ്റിയിൽ നിന്നും എൽ എൽ ബി ബിരുദം നേടിയായിരുന്നു തുടക്കം. പിന്നീട് ഈസ്റ്റ് ആംഗ്ലിയ യൂണിവേഴ്സിറ്റിയിൽ നിന്നും എംപ്ലോയ്മെൻറ് ലോയിൽ ഉന്നത ബിരുദം നേടി. ഇക്കാലയാളവിൽ തന്നെ യുകെയിലുടനീളം സഞ്ചരിച്ച് ജോലിസ്ഥലങ്ങളിൽ തൊഴിലാളികൾ നേരിടുന്ന അവകാശ ലംഘനങ്ങൾക്കെതിരെ ബോധവത്കരണം നടത്തുകയും ചെയ്തു. തൊഴിൽ രംഗത്ത് നീതി നിഷേധിക്കപ്പെട്ട പലർക്കും ബൈജുവിന്റെ സേവനങ്ങൾ ഇക്കാലത്ത് തുണയായി മാറിയിരുന്നു.
2018 ൽ കേംബ്രിഡ്ജിലെ ഈസ്റ്റ് ചെസ്റ്റർട്ടൻ മണ്ഡലത്തിൽ നിന്നും കൗൺസിലർ ആയി തെരഞ്ഞെടുക്കപ്പെട്ട ബൈജു വർക്കി തിട്ടാല മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുകയും 2022 -ൽ വീണ്ടും തെരഞ്ഞെടുക്കപ്പെടുകയും ഉണ്ടായി. കൗൺസിലർ ആയി പ്രവർത്തിക്കുന്നതിനിടയിൽ തന്നെ 2019 ൽ സോളിസിറ്റർ ആയി മാറിയ ബൈജു തിട്ടാല ക്രിമിനൽ ഡിഫൻസ് ലോയർ ആയി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു.
യൂറോപ്യൻ യൂണിയന് വെളിയിലുള്ള നഴ്സുമാർക്ക് ഏർപ്പെടുത്തിയിട്ടുള്ള ഭാഷാപരിജ്ഞാന നിബന്ധനകൾ മൂലം മലയാളികളായ നിരവധി നഴ്സുമാർക്ക് അർഹിക്കുന്ന ജോലിയും തൊഴിൽ പരമായ ഉയർച്ചയും പലപ്പോഴും തടയപ്പെട്ടിരുന്നു. ഇതിനെതിരെ യുകെയിൽ ഉയർന്ന് വന്ന പ്രതിഷേധങ്ങളിൽ നിർണ്ണായക പങ്ക് വഹിച്ച ബൈജു വർക്കി തിട്ടാല പ്രാദേശിക എം പി മാരുടെയും മറ്റും നേതൃത്വത്തിൽ നടത്തിയ ക്യാമ്പെയിനുകളിലും നിറ സാന്നിധ്യമായിരുന്നു . ഇത്തരം പ്രവർത്തനങ്ങളുടെ ഫലമായി ഭാഷാ പ്രാവീണ്യം സംബന്ധിച്ച് ഏർപ്പെടുത്തിയിരുന്ന പല കടുത്ത നിബന്ധനകളും പിൻവലിക്കുകയുണ്ടായി.
കേംബ്രിഡ്ജിലെ ഡെപ്യൂട്ടി മേയർ പദവി ലഭിച്ചതോടെ ബ്രിട്ടന്റെ രാഷ്ട്രീയത്തിൽ തിളങ്ങി നിൽക്കുന്ന ഏഷ്യൻ വംശജരായ ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനകിന്റെയും ലണ്ടൻ മേയറായ സാദിഖ് ഖാൻ ഉൾപ്പെടെയുള്ളവരുടെയും ഗണത്തിലേയ്ക്ക് മലയാളിയായ ബൈജു വർക്കി തിട്ടാലയും എത്തിച്ചേർന്നതിന്റെ സന്തോഷത്തിലാണ് യുകെ മലയാളികൾ . സാമൂഹിക നീതിയും സമത്വവും ഉറപ്പാക്കുന്നതിൽ തന്റെ പ്രവർത്തനങ്ങൾ തുടർന്നും ഉണ്ടാവുമെന്ന് ബൈജു വർക്കി തിട്ടാല മലയാളം യുകെ ന്യൂസിനോട് പറഞ്ഞു .എല്ലാവർക്കും താങ്ങാനാവുന്ന ഭവന പദ്ധതികൾ, സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുക, വിദ്യാഭ്യാസത്തിന് കൂടുതൽ നിക്ഷേപം വകയിരുത്തുക എന്നീ മേഖലകൾക്കായി ഡെപ്യൂട്ടി മേയർ എന്ന നിലയിൽ കൂടുതൽ ശ്രദ്ധ ചെലുത്തും അദ്ദേഹം വ്യക്തമാക്കി.
Leave a Reply