തൊടുപുഴയില്‍ ഏഴു വയസുകാരന് ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്യപ്പെട്ട കുട്ടിയുടെ മാതാവിനെ ജാമ്യത്തില്‍ വിട്ടു. കൊലപാതകത്തില്‍ നേരിട്ട് പങ്കില്ലെന്നു നിരീക്ഷിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. കുറ്റകൃത്യം മറച്ചു വച്ചു, കുറ്റവാളിയെ സംരക്ഷിക്കാന്‍ ശ്രമിച്ചൂ എന്നിവയക്ക് ഐപിസി 201,212 വകുപ്പുകള്‍ പ്രകാരമാണ് മാതാവിനെതിരേ കേസ് എടുത്തിരിക്കുന്നത്. ഏഴു വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണിവ.
പൊലീസ് കുട്ടിയുടെ അമ്മയെ കേസിലെ സാക്ഷിയാക്കാനായിരുന്നു ആദ്യ ആലോചിച്ചിരുന്നത്. എന്നാല്‍ അമ്മയ്ക്കെതിരേയും കേസ് എടുക്കണമെന്ന് ഇടുക്കി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി തൊടുപുഴ പൊലീസിനോട് ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു കൂത്താട്ടുകുളത്തെ കൗണ്‍സിലിംഗ് സെന്ററില്‍ നിന്നും വെള്ളിയാഴ്ച്ച ഉച്ചയോടെ കുട്ടിയുടെ മാതാവിനെ കൂട്ടിക്കൊണ്ടുപോയി അറസ്റ്റ് രേഖപ്പെടുത്തിയത്. മണിക്കൂറുകള്‍ക്കകം തന്നെ ജാമ്യം അനുവദിക്കുകയും ചെയ്തു. ജുവനൈല്‍ ജസ്റ്റീസ് ആക്ട് പ്രകാരമുള്ള കുറ്റങ്ങള്‍ മാതാവിനെതിരേ ചുമത്തിയിട്ടില്ല.
ഇപ്പോള്‍ കേസിലെ രണ്ടാം പ്രതിയാണ് യുവതി. ഇവരുടെ കാമുകനായിരുന്ന അരുണ്‍ ആനന്ദ് ആണ് ഒന്നാം പ്രതി. ഇയാള്‍ ജയിലില്‍ ആണ്. ഇയാള്‍ കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചത് തടഞ്ഞില്ല, ആശുപത്രിയില്‍ കുട്ടിയെ കൊണ്ടുപോയ സമയത്ത് പ്രതിയെ രക്ഷിക്കുന്ന തരത്തില്‍ നുണ പറഞ്ഞു എന്നിവയാണ് മാതാവിനെതിരേയുള്ള കുറ്റങ്ങള്‍. ഇക്കാര്യങ്ങളെല്ലാം ഇവര്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. പേടി കൊണ്ടാണ് തനിക്ക് അങ്ങനെയൊക്കെ ചെയ്യേണ്ടി വന്നതെന്നാണ് ഇവര്‍ പറയുന്നത്.
കുട്ടിയുടെ അമ്മൂമ്മ നല്കിയ മൊഴിയിലും യുവതിക്കെതിരേ പരാതി ഉണ്ടായിരുന്നു. അമ്മൂമ്മ ഇടുക്കി കോടതിയില്‍ കഴിഞ്ഞ ദിവസം രഹസ്യ മൊഴി നല്‍കിയിരുന്നു. യുവതിയുടെ ഇളയ കുട്ടി ഇപ്പോള്‍ ഇവരുടെ മരിച്ചു പോയ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്കൊപ്പമാണ്. രണ്ടു മാസത്തേക്കാണ് കുട്ടിയെ അച്ഛന്റെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടുകൊടുത്തിരിക്കുന്നത്. യുവതിക്ക് കുട്ടിയെ കാണാനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്.
Leave a Reply