സ്വന്തം ലേഖകൻ

ചെസ്റ്റർ ഹോസ്പിറ്റലിൽ പിഞ്ചുകുഞ്ഞുങ്ങളുടെ ദുരൂഹ മരണത്തിൽ കഴിഞ്ഞ ചൊവ്വാഴ്ച മൂന്നാംവട്ടം അറസ്റ്റ് ചെയ്ത നേഴ്സ് ലൂസി ലെറ്റ്‌ബിയെക്കെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു. മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. എട്ടു പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തി എന്നും ഒമ്പത് പേരെ കൊലപ്പെടുത്താൻ ശ്രമിച്ചതായും ഉള്ള കേസിലാണ് നടപടി.

ഇതിനു മുൻപേ 2018 ലും 2019 ലും ചെസ്റ്റർ ഹോസ്പിറ്റലിലെ നവജാതശിശു യൂണിറ്റിൽ നടന്ന അസ്വഭാവിക മരണങ്ങളുടെ പേരിൽ നേഴ്സ് ലൂസി ലെറ്റ്‌ബിയെ അറസ്റ്റ് ചെയ്തിരുന്നു. 2015 നും 2016 നും ഇടയിൽ നടന്ന ശിശുമരണങ്ങളിൽ പോലീസിൻറെ അന്വേഷണത്തെ തുടർന്നായിരുന്നു അറസ്റ്റ്. പക്ഷെ രണ്ടുവട്ടവും മതിയായ തെളിവുകളുടെ അഭാവത്തിൽ ലൂസിക്കെതിരെ കുറ്റപത്രം സമർപ്പിക്കാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല .

മരണമടഞ്ഞ കുഞ്ഞുങ്ങൾക്ക് എന്ത് സംഭവിച്ചു എന്ന് കണ്ടെത്തുവാൻ ശാസ്ത്രീയമായ രീതിയിലുള്ള അന്വേഷണമാണ് നടക്കുന്നത് എന്ന് അന്വേഷണ മേധാവി പോൾ ഹ്യൂസ് ലൂസിയുടെ അറസ്റ്റിനെ തുടർന്ന് പറഞ്ഞിരുന്നു. ലൂസിക്കെതിരെ പുതുതായി എന്ത് തെളിവുകളാണ് ലഭ്യമായത് എന്ന കാര്യം പോലീസ് വെളിപ്പെടുത്തിയിട്ടില്ല. പിഞ്ചുകുഞ്ഞുങ്ങളുടെ മരണത്തെകുറിച്ചുള്ള ദുരൂഹത ഉടനെ വെളിപ്പെടുമെന്നുള്ള പ്രതീക്ഷയിലാണ് മാതാപിതാക്കളും ബന്ധുക്കളും.