വിവാഹ ശേഷം നീണ്ട 15 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ബാലഭാസ്കര്‍-ലക്ഷമി ദമ്പതികൾക്ക് ഒരു മകൾ ജനിച്ചത്. ദിവം കൊടുത്ത നിധിയെ വാഹനാപകടത്തിൽ ദൈവം തന്നെ തിരിച്ചെടുത്തത് വെന്റിലേറ്ററിൽ ഗുരുതരാവസ്ഥയിൽ തുടരുന്ന ബാലഭാസ്‌ക്കറും, ഭാര്യ ലക്ഷ്മിയും ഇതുവരെ അറിഞ്ഞിട്ടില്ല.

മകൾക്ക് വേണ്ടിയുള്ള വഴിപാടായിരുന്നു തൃശ്ശൂര്‍ വടക്കുംനാഥക്ഷേത്ര ദർശനം. ദര്‍ശനത്തിന് ശേഷം തിരികെ മടങ്ങവേ കഴക്കൂട്ടം താമരക്കുളത്ത് പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. അപകടം ഉണ്ടായ ഉടനെ തന്നെ നാട്ടുകാര്‍ കാര്‍ വെട്ടിപ്പൊളിച്ച്‌ പുറത്തെടുത്ത കുഞ്ഞ് ബോധരഹിതയായിരുന്നു. കുട്ടിയെ തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പുതന്നെ മരണം സംഭവിച്ചിരുന്നു.

ബാലഭാസ്കറിന്‍റേയും ഭാര്യയുടേയും നില അതീവ ഗുരുതരമായി തുടരുകയാണ്. അപകടമുണ്ടായ പള്ളിപ്പുറത്ത് നിന്നും ആദ്യം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിച്ച ബാലഭാസ്കറിനേയും ഭാര്യ ലക്ഷ്മിയേയും അവിടെ നിന്നും അനന്തപുരി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്ന ഇരുവരും ഇപ്പോള്‍ വെന്‍റിലേറ്ററിലാണ്. ബാലഭാസ്കറിന് തലയ്ക്കും നെട്ടെല്ലിനും മള്‍ട്ടിപ്പിള്‍ ഫ്രാക്ച്ചറുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഭാര്യ ലക്ഷമിയ്ക്കും ചിലപ്പോൾ ശസ്ത്രക്രിയ വേണ്ടി വരും എന്നാണ് ഡോക്ടർമാർ നൽകുന്ന സൂചന. വാഹനം ഓടിച്ചിരുന്ന ഡ്രൈവർ അർജുന്റെ രണ്ട് കാലുകളും അപകടത്തിൽ ഒടിഞ്ഞു തൂങ്ങിയ അവസ്ഥയിലാണ്. അദ്ദേഹത്തിന്റെ ആന്തരികാവയവങ്ങൾക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.

തൃശ്ശൂര്‍ വടക്കുംനാഥക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മടങ്ങി വരുന്നതിനിടെയാണ് തിരുവനന്തപുരത്ത് പള്ളിപ്പുറത്ത് വച്ച് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ അപകടത്തില്‍പ്പെടുന്നത്. ദേശീയപാതയില്‍ നിന്നും തെന്നിമാറിയ വാഹനം മരത്തിലിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ വാഹനത്തിന്‍റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. സംഭവസമയം അതുവഴി കടന്നു പോയ വാഹനത്തിലെ യാത്രക്കാര്‍ നൽകിയ വിവരമനുസരിച്ച് സ്ഥലത്ത് എത്തിയ ഹൈവേ പൊലീസാണ് ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തനം നടത്തിയത്.

അപകടം നടക്കുമ്പോൾ വാഹനത്തിന്റെ മുൻസീറ്റിലുണ്ടായിരുന്ന ബാലഭാസ്കറിന്റെ മടിയിൽ കിടന്നുറങ്ങുകയായിരുന്നു മകൾ തേജസ്വി ബാല. ഭാര്യ ലക്ഷമി പിറകിലെ സീറ്റിലായിരുന്നു. ഹൈവേ പൊലീസും പിന്നീട് സ്ഥലത്ത് എത്തിയ ഫയർഫോഴ്സും ചേർന്നാണ് വാഹനം വെട്ടിപ്പൊളിച്ച് നാല് പേരെയും പുറത്തെടുത്തത്. ആശുപത്രിയിലെത്തിക്കും മുന്‍പേ തന്നെ മകള്‍ മരണപ്പെട്ടുവെന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയ പൊലീസുദ്യോഗസ്ഥര്‍ പറയുന്നു.

അപകടം വിവരമറിഞ്ഞ് ബാലഭാസ്കറിന്റെ സുഹൃത്തുകളും സിനിമാരം​ഗത്തെ പ്രശസ്തരുമായ നിരവധി പേർ ആശുപത്രിയിലെത്തിയിട്ടുണ്ട്.