ബാലഭാസ്കറിന് ഒപ്പമുണ്ടായിരുന്ന ഡ്രൈവര്‍ അര്‍ജുന്‍ അസമില്‍ ഒളിവിലെന്ന് ക്രൈംബ്രാഞ്ച്. മരണത്തിനിടയാക്കിയ യാത്രയില്‍ അര്‍ജുന്‍ വാഹനം ഓടിച്ചത് അമിതവേഗത്തിലെന്നതിന്റെ തെളിവും ക്രൈംബ്രാഞ്ചിന് ലഭിച്ചു. ആരോപണ വിധേയരായ പാലക്കാട് പൂന്തോട്ടം കുടുംബത്തിന് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ പ്രകാശന്‍ തമ്പിയും വിഷ്ണുവുമായി സാമ്പത്തിക ഇടപാടുണ്ടെന്നും കണ്ടെത്തല്‍. ഇവരുടെ മകനും നാട്ടിലില്ലെന്നാണ് അന്വേഷണത്തില്‍ സൂചന ലഭിച്ചത്.
ബാലഭാസ്കറിന്റെ മരണത്തില്‍ തുടക്കം മുതലുള്ള സംശയത്തിന്റെ പ്രധാനകാരണം വാഹനം ഓടിച്ചത് ആരാണെന്നതാണ്. തൃശൂര്‍ സ്വദേശി അര്‍ജുനെന്ന് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയും ഏതാനും സാക്ഷികളും മൊഴി നല്‍കിയെങ്കിലും ബാലഭാസ്കറാണെന്നായിരുന്നു അര്‍ജുന്റെ മൊഴി. ഇത് കളവെന്ന നിഗമനത്തില്‍ വീണ്ടും ചോദ്യം ചെയ്യാനായി ക്രൈംബ്രാഞ്ച് സംഘം തൃശൂരിലെത്തിയതോടെയാണ് അര്‍ജുന്‍ കേരളം വിട്ട് അസമിലാണെന്ന സൂചന ലഭിച്ചത്.
അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റയാള്‍ ദൂരയാത്രക്ക് പോയതില്‍ ദുരൂഹതയെന്നാണ് വിലയിരുത്തല്‍. ഇതിനൊപ്പം മരണത്തിനിടയാക്കിയത് അമിതവേഗത്തില്‍ അശ്രദ്ധമായുള്ള ഡ്രൈവിങാണെന്ന തെളിവും ഡിവൈ.എസ്.പി കെ. ഹരികൃഷ്ണന്റെ നേതൃത്വത്തിലെ സംഘം കണ്ടെടുത്തു. രാത്രി 1.8ന് ചാലക്കുടി പിന്നിട്ട സംഘം 230 കിലോമീറ്റര്‍ കടന്ന് പള്ളിപ്പുറത്തെത്തി അപകടത്തില്‍പെടാനെടുത്തത് വെറും രണ്ട് മണിക്കൂര്‍ 40 മിനിറ്റാണ്. അമിതവേഗത്തിന് ചാലക്കുടിയിലെ ക്യാമറയില്‍ കുടുങ്ങിയിട്ടുണ്ട്.
തൃശൂരില്‍ നിന്ന് യാത്ര പുറപ്പെടുമ്പോള്‍ അര്‍ജുനായിരുന്നു ഡ്രൈവറെന്ന് സാക്ഷിമൊഴികളും ലഭിച്ചു. ഇതോടെ അത്യാവശ്യങ്ങളൊന്നുമില്ലാതിരുന്നിട്ടും എന്തിനാണ് അമിതവേഗമെന്ന ചോദ്യവും അര്‍ജുനന്റെ തിരോധാനത്തോടെ ദുരൂഹത കൂട്ടുന്നു. കൂടാതെ ബാലഭാസ്കര്‍ അമിത അടുപ്പം പുലര്‍ത്തിയിരുന്ന പാലക്കാട്ടെ പൂന്തോട്ടം കുടുംബത്തിന് ബാലഭാസ്കറിനെക്കൂടാതെ സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായ പ്രകാശന്‍ തമ്പിയടക്കമുള്ളവരുമായും ലക്ഷങ്ങളുടെ ഇടപാടുണ്ടായിരുന്നു. ഇവരുടെ മകന്‍ ജിഷ്ണുവും നാട്ടിലില്ല. ഹിമാലയത്തില്‍ പോയെന്നാണ് മൊഴിയെങ്കിലും അര്‍ജുനനും ജിഷ്ണവും ഒരുമിച്ചാണോയെന്നും അന്വേഷിക്കുന്നുണ്ട്.
Leave a Reply