മലയാള സിനിമയില്‍ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടൻ മേഘനാഥൻ (60) അന്തരിച്ചു. കോഴിക്കോട്ടെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയില്‍ ആയിരുന്നു. സംസ്‌കാരം ഷൊർണൂരിലെ വീട്ടില്‍ വച്ച് നടക്കും.

പഴയ കാലത്തേ പ്രശസ്ത വില്ലൻ നടൻ ബാലൻ കെ നായരുടെ മകനാണ് മേഘനാഥൻ. നിരവധി സിനിമകളിലും സീരിയലുകളിലും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനാണ്.

1980 ല്‍ പി.എൻ മേനോൻ സംവിധാനം ചെയ്‌ത ‘ അസ്‌ത്രം’ എന്ന ചിത്രത്തില്‍ ഒരു സ്‌റ്റുഡിയോബോയിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചാണ് മേഘനാഥന്‍ സിനിമ ജീവിതം ആരംഭിക്കുന്നത്.

പിന്നീട് പഞ്ചാഗ്നി, ചമയം,രാജധാനി, ഭൂമിഗീതം, ചെങ്കോല്‍, മലപ്പുറം ഹാജി മഹാനായ ജോജി,പ്രായിക്കര പാപ്പാൻ, ഉദ്യാനപാലകന്‍, ഈ പുഴയും കടന്ന്, ഉല്ലാസപ്പൂങ്കാറ്റ്, രാഷ്ട്രം, കുടമാറ്റം, വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും, വാസ്തവം എന്നിവയാണ് പ്രധാന ചിത്രങ്ങൾ. സ്‌നേഹാജ്ഞലി,മേഘജീവിതം തുടങ്ങിയവയാണ് മേഘനാഥൻ അഭിനയിച്ച ചില സീരിയലുകള്‍.