ലണ്ടന്‍: നീതിന്യായ വ്യവസ്ഥയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയില്ലെങ്കില്‍ വംശീയ ന്യൂനപക്ഷങ്ങളിലെ കുട്ടിക്കുറ്റവാളികള്‍ ഭാവിയിലെ ക്രിമിനലുകളായി മാറുമെന്ന് ഡേവിഡ് ലാമി എംപി. ബ്ലാക്ക്, ഏഷ്യന്‍, വംശീയ ന്യൂനപക്ഷങ്ങള്‍ എന്നീ സമൂഹങ്ങളില്‍ നിന്നുള്ളവരാണ് ജയിലുകളില്‍ കഴിയുന്നവരില്‍ 25 ശതമാനവും. ജനസംഖ്യയുടെ 14 ശതമാനം മാത്രം വരുന്ന ഈ സമൂഹമാണ് ഇത്തരത്തില്‍ കുറ്റവാൡകളായി കഴിയുന്നതെന്ന് ലേബര്‍ എംപിയായ ലാമി നടത്തിയ വിശകലനത്തില്‍ പറയുന്നു. നീതിന്യായ വ്യവസ്ഥയില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനായി 36 നിര്‍ദേശങ്ങളും ലാമി നല്‍കിയിട്ടുണ്ട്. നിര്‍ദേശങ്ങള്‍ പരിഗണിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കി.

ഇത്തരം വിഭാഗങ്ങൡല്‍ നിന്നുള്ള ചെറുപ്രായത്തിലുള്ള കുറ്റവാളികളുടെ നിരക്ക് 10 വര്‍ഷത്തിനിടെ 25 ശതമാനത്തില്‍ നിന്ന് 41 ശതമാനമായി വര്‍ദ്ധിച്ചിട്ടുണ്ട്. കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൗണ്‍ കോടതികളെ സമീപിക്കുന്ന കറുത്ത വര്‍ഗ്ഗക്കാരായവരുടെ നിരക്ക് 2006നും 2016നുമിടയില്‍ 41 ശതമാനമായിരുന്നു. വെളുത്ത വര്‍ഗ്ഗക്കാര്‍ 31 ശതമാനം പേര്‍ ഇതിനായി കോടതികളെ സമീപിച്ചിട്ടുണ്ട്. കുറ്റം ചെയ്ത് ആദ്യമായി പിടിക്കപ്പെടുന്ന വംശീയ ന്യൂനപക്ഷക്കാരുടെ നിരക്ക് 2006ല്‍ 11 ശതമാനമായിരുന്നെങ്കില്‍ 10 വര്‍ഷങ്ങള്‍ക്ക് ശേഷം ഇത് 19 ശതമാനമായി വര്‍ദ്ധിച്ചു എന്നിങ്ങനെയാണ് ലാമി വിലയിരുത്തുന്നത്.

ഈ വിഭാഗത്തില്‍പ്പെടുന്നവരെ കുറ്റവാളികളായി മാത്രം പരിഗണിക്കുന്ന സമീപനമാണ് ഇതിനു കാരണമെന്നാണ് വിലയിരുത്തല്‍. നീതിന്യായ വ്യവസ്ഥ പക്ഷപാതപരമായി പെരുമാറുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു. നീതിന്യായ വ്യവസ്ഥ വിശ്വാസം ആര്‍ജ്ജിക്കുന്ന വിധത്തില്‍ പൊളിച്ചെഴുതുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.