വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളിലേക്ക് സ്മാര്‍ട്ട്‌ഫോണുകള്‍ കൊണ്ടുവരുന്നത് നിരോധിക്കണമെന്ന് ഇംഗ്ലണ്ടിലെ സ്‌കൂള്‍ സ്റ്റാന്‍ഡാര്‍ഡ് മിനിസ്റ്റര്‍ നിക്ക് ഗിബ്ബ്. ഇന്റര്‍നെറ്റ് സുരക്ഷ, സോഷ്യല്‍ മീഡിയ, ഓണ്‍ലൈന്‍ ഗെയിമിഗ് തുടങ്ങിയവ സംബന്ധിച്ച് സ്‌കൂളുകള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നതിനിടെയാണ് നിക്ക് ഗിബ്ബ് ഈ പ്രസ്താവന നടത്തിയത്. കുട്ടികള്‍ ഓണ്‍ലൈനില്‍ ചെലവഴിക്കുന്ന സമയം കുറയ്ക്കണമെന്ന് സര്‍ക്കാര്‍ പുതിയ മാര്‍ഗ്ഗനിര്‍ദേശത്തില്‍ പറയുമെന്നാണ് കരുതുന്നത്. സ്മാര്‍ട്ട്‌ഫോണുകള്‍ കൊണ്ടുവരുന്നതില്‍ നിന്ന് വിദ്യാര്‍ത്ഥികളെ വിലക്കാന്‍ നിലവില്‍ സ്‌കൂളുകള്‍ക്ക് അധികാരമുണ്ട്. ഇത് തീരുമാനിക്കാനുള്ള അധികാരം ഹെഡ്ടീച്ചറുടെ വിവേചനാധികാരത്തില്‍ ഉള്‍പ്പെടുമെന്നാണ് നിലവിലുള്ള സര്‍ക്കാര്‍ നയം.

അതേസമയം ഗിബ്ബ് മുന്നോട്ടു വെക്കുന്ന പദ്ധതി പഠനത്തില്‍ മൊബൈല്‍ ഫോണുകള്‍ എത്രമാത്രം സഹായകരമാണെന്ന വസ്തുത മറക്കുകയാണെന്ന് മാഞ്ചസ്റ്ററിലെ എജ്യുക്കേഷന്‍ ആന്‍ഡ് ലീഡര്‍ഷിപ്പ് ട്രസ്റ്റിലെ എക്‌സിക്യൂട്ടീവ് ഹെഡ്ടീച്ചര്‍ പാസ്റ്റി കെയിന്‍ ചൂണ്ടിക്കാണിക്കുന്നു. സ്മാര്‍ട്ട്‌ഫോണുകള്‍ ഉത്തരവാദിത്തത്തോടെ പഠനത്തില്‍ ഉപയോഗിക്കുന്നത് തങ്ങളുടെ മള്‍ട്ടി അക്കാഡമി ട്രസ്റ്റ് പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് അവര്‍ ബിബിസി ബ്രേക്ക്ഫാസ്റ്റില്‍ പറഞ്ഞു. സ്‌കൂള്‍ ടൈമില്‍ ഫോണുകള്‍ അനാവശ്യമായി ഉപയോഗിച്ചാല്‍ അധ്യാപകര്‍ കുട്ടികളില്‍ നിന്ന് അവ വാങ്ങിവെക്കുകയാണ് ചെയ്യുന്നതെന്നും അവര്‍ വ്യക്തമാക്കി. റിവിഷനുകള്‍ക്കു വേണ്ടി ഫലപ്രദമായ ആപ്പുകളുടെ നിരതന്നെ ഇപ്പോള്‍ ഉണ്ടെന്നും അവര്‍ പറഞ്ഞു.

സ്മാര്‍ട്ട്‌ഫോണ്‍ വിലക്ക് ഏര്‍പ്പെടുത്താനുള്ള നീക്കത്തില്‍ ഹെഡ്ടീച്ചര്‍മാരുടെ സംഘടനയും ആശങ്കയറിയിച്ചു. എന്നാല്‍ ഒട്ടേറെ സ്‌കൂളുകള്‍ സ്മാര്‍ട്ട്‌ഫോണുകള്‍ നിരോധിക്കണമെന്ന് തീരുമാനിച്ചിട്ടുണ്ടെന്നാണ് ഗിബ്ബ് പറയുന്നത്. ഹെഡ്ടീച്ചര്‍മാരുടെ അധികാര പരിധിയിലുള്ള കാര്യമാണ് ഇതെങ്കിലും സ്‌കൂളുകള്‍ ഇതിന് പൂര്‍ണ്ണ വിലക്ക് കൊണ്ടുവരണമെന്നു തന്നെയാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും ഗിബ്ബ് വ്യക്തമാക്കി.