ടേം ടൈമില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് വകവെയ്ക്കാതെ കുട്ടികളെ ഹോളിഡേകള്‍ക്ക് കൊണ്ടുപോകുന്ന മാതാപിതാക്കളുടെ എണ്ണം വര്‍ദ്ധിക്കുന്നു. വിലക്ക് ലംഘിച്ചതിന് പിഴശിക്ഷ ലഭിക്കുന്ന മാതാപിതാക്കളുടെ എണ്ണം ഇരട്ടിയായി ഉയര്‍ന്നുവെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. ടേം ടൈമുകളില്‍ ഹോളിഡേ യാത്രകള്‍ താരതമ്യേന ചെലവു കുറഞ്ഞതായിരിക്കുമെന്നതാണ് 60 പൗണ്ട് പിഴ അവഗണിച്ച് യാത്രകള്‍ നടത്താന്‍ രക്ഷിതാക്കള്‍ തയ്യാറാകുന്നതെന്നാണ് പഠനം വ്യക്തമാക്കുന്നത്. ആയിരക്കണക്കിന് രക്ഷിതാക്കള്‍ ഈ രീതി അനുവര്‍ത്തിക്കുകയാണ്. സോമര്‍സെറ്റ് കൗണ്ടി കൗണ്‍സില്‍ 2016-17 വര്‍ഷത്തില്‍ 760 പെനാല്‍റ്റി നോട്ടീസുകള്‍ നല്‍കിയിട്ടുണ്ട്. 2017-18 വര്‍ഷത്തില്‍ ഇത് 1491 ആയി ഉയര്‍ന്നു. ലങ്കാഷയര്‍ കൗണ്ടി കൗണ്‍സില്‍ കഴിഞ്ഞ വര്‍ഷം 7575 നോട്ടീസുകളാണ് നല്‍കിയത്. മുന്‍ വര്‍ഷം ഇത് 6876 ആയിരുന്നു.

ടേം ടൈം ഹോളിഡേകള്‍ക്കായി കുട്ടികളെ കൊണ്ടുപോകുന്ന രക്ഷിതാക്കളില്‍ നിന്ന് 1000 പൗണ്ടെങ്കിലും പിഴയീടാക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് ഈ റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്. ലങ്കാഷയറിലെ ബാലാഡെന്‍ കമ്യൂണിറ്റി പ്രൈമറി പെനാല്‍റ്റി വര്‍ദ്ധിപ്പിക്കുമെന്ന് രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. അനുവാദമില്ലാതെ കുട്ടികളെ ടേം ടൈമില്‍ ഹോളിഡേകള്‍ക്ക് കൊണ്ടുപോകുന്ന രക്ഷിതാക്കള്‍ക്ക് പിഴ ശിക്ഷ നല്‍കാനും വേണമെങ്കില്‍ നിയമ നടപടികള്‍ക്ക് വിധേയരാക്കാനും നിയമം അനുവദിക്കുന്നുണ്ട്. 60 പൗണ്ട് വരെ പിഴയീടാക്കാന്‍ ലോക്കല്‍ കൗണ്‍സിലുകള്‍ക്ക് അധികാരമുണ്ട്. 21 ദിവസത്തിനുള്ളില്‍ അടച്ചില്ലെങ്കില്‍ ഇത് 120 പൗണ്ടായി ഉയരും. 28 ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ കുട്ടി ഹാജരാകാത്തതിന് നിങ്ങളെ പ്രോസിക്യൂട്ട് ചെയ്യാനും നിയമം അനുവദിക്കുന്നുണ്ടെന്ന് ഗവണ്‍മെന്റ് വെബ്‌സൈറ്റ് പറയുന്നു.

ഹെഡ്ടീച്ചറോട് നേരത്തേ അനുവാദം ചോദിക്കാന്‍ രക്ഷിതാക്കള്‍ക്ക് സാധിക്കും. ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളുണ്ടെങ്കില്‍ അവ വിശദീകരിക്കാനും സാധിക്കും. എന്നാല്‍ അവധി അനുവദിക്കുന്നത് ഹെഡ്ടീച്ചറുടെ വിവേചനാധികാരത്തില്‍ പെട്ട കാര്യമാണ്. ഗൗരവമുള്ള കാര്യങ്ങള്‍ക്ക് മാത്രമേ ഇത്തരത്തില്‍ അവധി നല്‍കാറുള്ളുവെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എഡ്യുക്കേഷന്‍ പറയുന്നു. ഫാമിലി ഹോളിഡേകള്‍ക്കായി വിദ്യാര്‍ത്ഥികള്‍ക്ക് അവധി നല്‍കാറില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. അനധികൃതമായി വിദ്യാര്‍ത്ഥികള്‍ അവധിയെടുത്തതിനെത്തുടര്‍ന്ന് കഴിഞ്ഞ അദ്ധ്യയന വര്‍ഷത്തില്‍ 40 ലക്ഷം സ്‌കൂള്‍ ദിനങ്ങള്‍ നഷ്ടമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.