മലയാളികളുടെ വിഷു ആഘോഷത്തിനു ഭാഗമാകാൻ കേരളത്തിൽനിന്നു പുറപ്പെട്ട നേന്ത്രൻ ലണ്ടൻ തീരത്തോട് അടുക്കുന്നു. ഇന്ന് ലണ്ടനിലെ ഗേറ്റ്‌വേ തുറമുഖത്ത് പ്രവേശിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും തുറമുഖത്തെത്താൻ 3–4 ദിവസംകൂടിയെടുക്കും. പോർട്ടിലെ തിരക്കുമൂലം കപ്പൽ പുറത്തു കാത്തുകിടക്കുകയാണ്.

‌ഏതായാലും ലണ്ടൻ മലയാളികൾക്ക് വിഷുവിന് കേരളത്തിലെ തനത് രുചിയറിയാം. പഴുപ്പിച്ചും ഉപ്പേരിയുണ്ടാക്കിയും നേന്ത്രൻ കഴിക്കാം. പായ്ക്കറ്റിലെ ക്യുആർ കോഡ് സ്കാൻ ചെയ്താൽ കാണാം വാഴ നടാൻ നിലം ഒരുക്കുന്നതു മുതൽ വാഴത്തോട്ടത്തിൽ നിൽക്കുന്നതും കർഷകൻ വാഴ നനയ്ക്കുന്നതും പായ്ക്കിങും അങ്ങനെ കായ ലണ്ടനിലെത്തും വരെയുള്ള എല്ലാ ചരിത്രവും ഒപ്പം അതു വിളയിച്ച കർഷകന്റെ വിലാസവും. രാസവള കൃഷിയല്ല, ഒരു കൈക്കുഞ്ഞിനെ പരിപാലിക്കുന്ന പോലെ വളർത്തി വലുതാക്കിയ നേന്ത്രൻ.

ഈ മാസം ആദ്യവാരം ലണ്ടനിലേക്ക് പുറപ്പെട്ട കപ്പലിന് സൂയസ് കനാലിലെ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നില്ല. ഭീമൻ ചരക്കു കപ്പൽ സൂയസ് കനാലിലെ ഗതാഗതം തടപ്പെടുത്തിയതിനു മുൻപേതന്നെ കേരളത്തിൽനിന്നുള്ള നേന്ത്രനുമായി കപ്പൽ സൂയസ് കനാൽ താണ്ടിയിരുന്നു. ഒരുപക്ഷേ കനാൽ കടക്കാൻ കഴിഞ്ഞിരുന്നില്ലെങ്കിൽ ഫലം മറ്റൊന്നാകുമായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിഎഫ്പിസികെയും ട്രിച്ചിയിലെ ദേശീയ വാഴ ഗവേഷണ കേന്ദ്രവും കൃഷി വകുപ്പും ചേർന്നു പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്ന പദ്ധതിയാണ് ലണ്ടനിലേക്കുള്ള കയറ്റുമതി. പടല തിരിച്ചു കാർട്ടനിൽ പായ്ക് ചെയ്ത്, മൈനസ് 13 ഡിഗ്രി താപനിലയിൽ കണ്ടെയ്നറിൽ കയറ്റിയ 10 ടൺ പച്ച നേന്ത്രക്കായ ഈ മാസം അഞ്ചിനായിരുന്നു പുറപ്പെട്ടത്. 25 ദിവസത്തെ യാത്രയിലാണ് കപ്പൽ ഗേറ്റ് വേ തുറമുഖത്തോട് അടുത്തത്. വരും ദിവസങ്ങളിൽ തുറമുഖത്ത് പ്രവേശിക്കുന്ന കപ്പലിൽനിന്ന് കയറ്റുമതി പങ്കാളി ചരക്കു സ്വീകരിച്ചു പഴുപ്പിക്കും. തെക്കൻ ലണ്ടനിലും സ്കോട്ട്ലൻഡിലും സൂപ്പർ മാർക്കറ്റുകളിൽ നേന്ത്രപ്പഴം പരിചയപ്പെടുത്തേണ്ട ചുമതല തിരുവനന്തപുരം സ്വദേശിയായ കയറ്റുമതി പാർട്ണർക്കാണ്. സാങ്കേതിക കാര്യങ്ങൾക്ക് വാഴ ഗവേഷണ കേന്ദ്രം പ്രതിനിധികളും ഉണ്ടാകും. ഇതിനകം സമൂഹ മാധ്യമങ്ങൾ വഴി പ്രചാരണം നടത്തിയിട്ടുണ്ട്.

ഒരു വർഷം മുൻപുതന്നെ കർഷകരെ തിരഞ്ഞെടുത്തു കൃഷി രീതികളെക്കുറിച്ചു പഠിപ്പിച്ചു. 80–85% വിളഞ്ഞ കായ്കൾ ഫെബ്രുവരി 27നു വിളവെടുത്തു കറയും പാടും ചതവും ഇല്ലാതെ പടല തിരിച്ച് മൂവാറ്റുപുഴ നടുക്കര പായ്ക്ക് ഹൗസിൽ പായ്ക്ക് ചെയ്താണ് കയറ്റുമതിക്ക് തയാറാക്കിയത്.
ഇതൊരു പരീക്ഷണമാണ്. വിളവെടുത്ത കായ് 25 ദിവസം അതിശൈത്യത്തിൽ യാത്ര ചെയ്ത ശേഷം പഴുപ്പിക്കണം. പഴുത്താൽ നേന്ത്രന്റെ അതേരുചി, സ്വഭാവം, നിറം എല്ലാം കിട്ടുമോ എന്നു നോക്കണം. കിട്ടിയാൽ ലണ്ടനിലെന്നല്ല, യൂറോപ്പിൽ എവിടെക്കും നേന്ത്രക്കായ അയയ്ക്കാൻ വിഎഫ്പിസികെ തയാർ. യുഎഇയിലേക്കു കപ്പലിൽ നേന്ത്രക്കായ് അയച്ചതു വിജയമായിരുന്നു. അതിന് 12 ദിവസം മതി. വിമാനത്തിൽ കയറ്റുമതിക്ക് വലിയ ചെലവും അളവു കുറവുമാണ്. കപ്പലിൽ എത്രവേണമെങ്കിലും കയറ്റിവിടാം, ചെലവു കുറവുമാണ്.

ഇന്ത്യയില്‍ തന്നെ ആദ്യമായാണ് നേന്ത്രപ്പഴം യൂറോപ്പിലേക്ക് കയറ്റി അയയ്ക്കുന്നത്. സ്വകാര്യ കമ്പനികള്‍ പലതും വിദേശരാജ്യങ്ങളിലേക്ക് കേരളത്തില്‍നിന്ന് വാഴപ്പഴം ഉള്‍പ്പെടെ കയറ്റുമതി ചെയ്യുന്നുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ഇത്തരത്തില്‍ ഒരു പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത് ഇതാദ്യമായാണ്. കേരളത്തിന്റെ കാര്‍ഷികരംഗത്ത് വലിയ കുതിച്ചുചാട്ടത്തിന് ഇത് വഴിയൊരുക്കും. തളിര്‍ എന്ന ബ്രാന്‍ഡില്‍ കേരളത്തില്‍ നിന്നുള്ള മികച്ച ഗുണനിലവാരമുള്ള വാഴപ്പഴം യൂറോപ്യന്‍ രാജ്യങ്ങളിലെ ഊട്ടുമേശകളെ അലങ്കരിക്കും.